UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇ-ദേശപോഷിണി വായനശാല

Avatar

കെ.പി.എസ്.കല്ലേരി

ദേശപോഷിണിയെന്നാല്‍ കോഴിക്കോടിന്റെ ആത്മാവാണ്. കോഴിക്കോടന്‍ കലയുടേയും സാഹിത്യത്തിന്റേയും ചെറുചലനങ്ങളും സ്പന്ദനങ്ങളും നെഞ്ചിലേറ്റിയ ദേശപോഷിണി. നഗരത്തില്‍ നിന്നും രണ്ടുകിലോമീറ്റര്‍ മാറി സാമൂതിരിയുടെ പഴയ കുതിരാലയമായിരുന്ന കുതിരവട്ടത്ത് സ്ഥിതിചെയ്യുന്ന ദേശപോഷിണി വായനശാലയുടെ നാലുചുമരുകള്‍ക്കുള്ളിലെത്തിയാല്‍ കേരളത്തിന്റേയും വിശേഷിച്ച് കോഴിക്കോടിന്റേയും കലാ-സാഹിത്യ, സാംസ്‌കാരിക ചരിത്രത്തെ കൈവെള്ളയിലെഴുതിയതുപോലെ വായിച്ചെടുക്കാം.

ദേശത്തിന്റെ കഥപറഞ്ഞ എസ്.കെ, തിക്കോടിയന്‍, കെ.ടി, ഉറൂബ്, കുതിരവട്ടം പപ്പു, ബാലന്‍ കെ.നായര്‍, കുഞ്ഞാണ്ടി, വാസു പ്രദീപ്, നെല്ലിക്കോട് ഭാസ്‌കരന്‍, നെല്ലിക്കോട് കോമളം, ശാന്താദേവി, കുട്ട്യേടത്തി വിലാസിനി, മച്ചാട് വാസന്തി, മാമൂക്കോയ, ടി.ദാമോദരന്‍…ഈ പട്ടിക ഇങ്ങനെ നീളുമ്പോള്‍ ദേശപോഷിണിയെന്ന കോഴിക്കോടിന്റെ സാംസ്‌കാരിക-സാഹിത്യ പരീക്ഷണശാല പുതിയ പരീക്ഷണങ്ങള്‍ തേടുകയാണ്. 

1937ല്‍ പ്രദേശത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തിരികൊളുത്തിയ ദേശപോഷിണി പ്രസ്ഥാനം പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുമ്പോള്‍ പഴമയുടേയും പാരമ്പര്യത്തിന്റേയും തൂണിലുറച്ച് നിന്നു കൊണ്ടാണ് പുതിയ ഗാഥ രചിക്കുന്നത്. രാജ്യത്ത് ഇന്നേവരെ ഒരു പബ്ലിക് ലൈബ്രറിയും പരീക്ഷിച്ചിട്ടില്ലാത്ത ഇ-ബുക്ക്‌റീഡറിലൂടെ വായനയുടെ വേറിട്ട നടത്തമാണ് ദേശപോഷിണി ഇപ്പോള്‍ നടത്തുന്നത്. മൂക്കാല്‍ നൂറ്റാണ്ടായി കോഴിക്കോടിന്റെ വായനയില്‍ നിര്‍ണായക സാന്നിദ്ധ്യമായി അരലക്ഷത്തോളം പുസ്തക ശേഖരമുള്ള ദേശപോഷിണി 20 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുള്ള ഇ-ബുക്ക് റീഡറിലൂടെ പബ്ലിക് ലൈബ്രറികളുടെ വായനാ ചരിത്രത്തെ തന്നെ മാറ്റിയെഴുതുകയാണ്. 

ഓസ്‌ട്രേലിയയില്‍ നിന്നാണ് ദേശപോഷിണിയിലേക്കുള്ള ഇ-ബുക്ക് റീഡറുടെ വരവ്. ദേശപോഷിണിയുടെ സ്ഥാപക നേതാക്കളിലൊരാളായ എ.പി.ബാലകൃഷ്ണപിള്ളയുടെ പേരമകനും ഇപ്പോഴത്തെ പ്രസിഡന്റ് എ.പി.കൃഷ്ണകുമാറിന്റെ മകനുമായ എ.പി.കാര്‍ത്തിക്കാണ് വായനശാലയ്ക്കുള്ള ഇ-റീഡര്‍ സംഭാവന ചെയ്തത്. ഓസ്‌ട്രേലിയയില്‍ സര്‍വ സാധാരണമായി ആളുകള്‍ വായനയ്ക്കായി ഉപയോഗിക്കുന്ന ഇ-റീഡര്‍ രാജ്യത്ത് ആദ്യമായി തന്റെ ദേശപോഷിണിയിലേക്ക് കൊണ്ടുവരികയായിരുന്നു അവിടെ ഐടി രംഗത്ത് ജോലിചെയ്യുന്ന കാര്‍ത്തികിന്റെ ഉദ്ദേശം. ഇന്ത്യന്‍ വിപണിയില്‍ ഏഴായിരം രൂപ വിലവരുന്ന അഞ്ച് ഇ-റീഡറാണ് കാര്‍ത്തിക് ദേശപോഷിണിക്കുവേണ്ടി വാങ്ങിയത്. ഒരേസമയം മൂവായിരം പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ആഗോള കമ്പനിയായ ആമസോണിന്‍റെ കിന്‍ഡില്‍ ഇ-റീഡറാണ് ഇത്. നിലവില്‍ ഡൗണ്‍ലോഡ് ചെയ്തുവെച്ച പുസ്തകങ്ങള്‍ക്കു പുറമേ കംപ്യൂട്ടരില്‍ നിന്ന് നേരിട്ട് പുസ്തങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും പത്രങ്ങള്‍ വായിക്കാനുമൊക്കെയുള്ള സൗകര്യമുണ്ട് ഇ-റീഡറിന്. യാത്രകളിലൊക്കെ പോക്കറ്റില്‍ കൊണ്ടുനടന്ന് ഇഷ്ടംപോലെ വാര്‍ത്തകളും പുസ്തകങ്ങളും വായിക്കാം. പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയും ഉപയോഗിക്കാവുന്ന ഇ-റീഡര്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നപോലെ ചാര്‍ജ് ചെയ്യാനാവും. ഒരു തവണ ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്താല്‍ ദിവസം എട്ടുമണിക്കൂര്‍ ഉപയോഗിച്ചാലും മുപ്പത് ദിവസത്തോളം നില്‍ക്കുമെന്നാണ് അനുഭവമെന്ന് പ്രസിഡന്റ് കൃഷ്ണകുമാര്‍ പറഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം 

നെഹ്രു ആയിരുന്നെങ്കില്‍ മണിലാലിന് ഭാരതരത്ന കൊടുത്തേനെ
പുസ്തകത്തിന്‍റെ നിറം വെച്ച് ബുക്ക്ഷെല്‍ഫ് അടുക്കുന്നത് പൊങ്ങച്ചമോ?
കോഴിക്കോട്ടുകാരുടെ മുഹമ്മദ് റഫി; അഹമ്മദ്ബായിയുടെയും
ചരിത്രം സൃഷ്ടിച്ച മാസികക്കവറുകള്‍
ഉത്പത്തിവാദം മനുഷ്യത്വരഹിതമാവുമ്പോള്‍

എണ്ണായിരത്തോളം അംഗങ്ങളും അമ്പതിനായിരത്തിനുമുകളില്‍ പുസ്തകങ്ങളുമുള്ള ദേശപോഷിണിയില്‍ ഇ-റീഡര്‍ ആളുകള്‍ക്ക് ഏറ്റവും ഗുണകരമായ രീതിയില്‍ ഉപയോഗിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. തുടക്കത്തില്‍ വായനശാലയില്‍ എത്തുന്നവര്‍ക്ക് അവിടെ വെച്ചുതന്നെ ഇ-റീഡര്‍ ഉപയോഗിക്കാന്‍ നല്‍കും. കൃത്യമായി ഇ-റീഡര്‍ ഉപയോഗിക്കാന്‍ പഠിച്ചാല്‍ ആജീവനാന്ത മെമ്പര്‍മാര്‍ക്ക് വീടുകളില്‍ കൊണ്ടുപോകാം. ഇരുപത് ദിവസം ഒരാള്‍ക്ക് ഇ-റീഡര്‍ സൂക്ഷിക്കാന്‍ നല്‍കും. ഇ-റീഡര്‍ ഉപയോഗം ഫലപ്രദമാവുകയാണെങ്കില്‍ കൂടുതല്‍ റീഡറുകള്‍ വരുത്തും. ഇതിനായി ഇന്ന് കേരളത്തില്‍ ലഭ്യമാവുന്ന മലയാളം പുസ്തകങ്ങളടക്കം ഇ-റീഡര്‍ ആവശ്യത്തിനായി ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇപ്പോഴുള്ള റീഡറില്‍ വിദേശ ക്ലാസിക്കുകള്‍ക്ക് പുറമേ രാമായണം, മഹാഭാരതം, ജ്ഞാനപ്പാന, ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ എന്നിവ ലഭ്യമാണ്.

എഴുത്തും വായനയും അറിയാത്തവര്‍ക്ക് പുസ്തകങ്ങളും പത്രങ്ങളും വായിച്ചുകേള്‍പിച്ച 1937ലെ ചരിത്രത്തില്‍ നിന്നാണ് ഏറ്റവും നൂതനമായ ഇ-ബുക്ക് റീഡറിലേക്കുള്ള ദേശപോഷിണിയുടെ യാത്ര. രാജ്യം സ്വാതന്ത്ര്യ ദാഹവുമായി പോരാട്ടത്തിനിറങ്ങുമ്പോള്‍ ദേശീയപ്രക്ഷോഭത്തിന് സാമൂഹിക-സാംസ്‌കാരിക അടിത്തറ പാകുകയെന്ന ലക്ഷ്യവുമായാണ് ദേശപോഷിണിയുടെ വരവ്. 1928ല്‍ അന്നത്തെ കെപിസിസിയുടെ ആഹ്വാനമായിരുന്നു പ്രചോദനം. വയോജന വിദ്യാഭ്യാസം, നിശാ പാഠശാല, ഹിന്ദിപഠനം തുടങ്ങിയവ സാര്‍വത്രികമാക്കാന്‍ നഗരങ്ങളും ഗ്രാമങ്ങളും വായനശാലകളുമായി രംഗത്തുവരണമെന്നായിരുന്നു കെപിസിസി ആഹ്വാനം. അത് ശിരസ്സാവഹിച്ച് കോഴിക്കോട്ട് ദേശീയ പ്രക്ഷോഭസമരത്തിന്റെ ഭാഗമായി നിലയുറപ്പിച്ച ഒ.ചോയിക്കുട്ടി, സി.ഗോപാലന്‍, വി.കൃഷ്ണന്‍ എന്നിവരടങ്ങുന്ന മൂന്നംഗം സംഘം ദേശപോഷിണിക്ക് കുതിരവട്ടത്ത് വിത്തിട്ടു. 1937 ഫെബ്രുവരി 28ന് റാവു ബഹദൂര്‍ എം.പി.ചിരുകണ്ടന്‍ തറക്കല്ലിട്ടു. നംവബര്‍ 28ന് വായനശാല സ്വന്തം കെട്ടിടത്തില്‍ യാഥാര്‍ഥ്യമായി. സേഠ്‌നാഗ്ജി അമര്‍സിയായിരുന്നു ഉദ്ഘാടകന്‍. അന്ന് അദ്ദേഹം വര്‍ഷത്തില്‍ 25രൂപ വീതം വായനശാലയ്ക്ക് മുടങ്ങാതെ സംഭാവനയായി നല്‍കും എന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിച്ചു. 37ല്‍ തുടങ്ങിയ സംഭാവന ഇപ്പഴും തുടരുന്നു. ബന്ധുക്കള്‍ പിന്നീടത് ആയിരമാക്കി ഉയര്‍ത്തി. 

വായനശാലയുടെ സുവര്‍ണകാലം എന്ന് അധികൃതര്‍ അവകാശപ്പെടുന്നത് 50മുതല്‍ ഇങ്ങോട്ടുള്ള എസ്.കെ, തിക്കോടിയന്‍, കെ.ടി, ഉറൂബ്, കുതിരവട്ടം പപ്പു, ബാലന്‍ കെ.നായര്‍, കുഞ്ഞാണ്ടി, വാസുപ്രദീപ്, നെല്ലിക്കോട് ഭാസ്‌കരന്‍, നെല്ലിക്കോട് കേമളം, ശാന്താദേവി, കുട്ട്യേടത്തി വിലാസിനി, മച്ചാട് വാസന്തി, മാമൂക്കോയ, ടി.ദാമോദരന്‍…തുടങ്ങിയ പ്രതിഭകളുടെ കാലമാണ്. ദേശപോഷിണി നാടകത്തിലേക്ക് തിരിഞ്ഞതും മുകളിലുള്ളവരെല്ലാം നാടകക്കാരും സിനിമാക്കാരുമായതും പരസ്പര പൂരകങ്ങളായി കിടക്കുന്നു. 40മുതല്‍ ദേശപോഷിണി നാടകങ്ങള്‍ അവതരിപ്പിച്ചെങ്കിലും 52ല്‍ തിക്കോടിയന്റെ നേതൃത്വത്തില്‍ ദേശപോഷിണിക്കുള്ളില്‍ കലാസമിതി രൂപീകരിച്ചതോടെയാണ് അതിന്റെ ജൈത്രയാത്ര തുടങ്ങിയത്. തിക്കോടിയന്‍ ആദ്യമായി നാടകം എഴുതിയത് (1952-പഴയബന്ധം) ദേശപോഷിണിക്കുവേണ്ടിയാണ്. പഴയബന്ധത്തിന്റെ പുതുമ തിക്കോടിയന്റെ ആദ്യ നാടകം എന്നുമാത്രമല്ല നെല്ലിക്കോട് കോമളമെന്ന നടിയുണ്ടായതും അതിലൂടെയാണ്. കുതിരവട്ടം പപ്പുവെന്ന നടന്‍ കര്‍ട്ടന്‍ വലിച്ചുകൊണ്ട് കര്‍ട്ടന് മുമ്പിലേക്ക് വരാനും ഈ നാടകം നിമിത്തമായി. പിന്നീട് തിക്കോടിയനും ഉറൂബും, കെ.ടിയും എസ്‌കെയുമെല്ലാം ദേശപോഷിണിക്കുവേണ്ടി മത്സരിച്ച് നാടകം എഴുതി.അതിലൂടെ നെല്ലിക്കോട് ഭാസ്‌കരന്‍, കുഞ്ഞാണ്ടി, ബാലന്‍ കെ.നായര്‍, പപ്പു, ശാന്താദേവി, മാമൂക്കോയ, കുട്ട്യേടത്തി വിലാസിനി തുടങ്ങിയ നടീനടന്‍മാരും  കേരളത്തിലുണ്ടായി.

1937ല്‍ തുടക്കമിട്ട് 76വര്‍ഷം പിന്നിടുന്ന ദേശപോഷിണി പഴയ പാരമ്പര്യത്തിന്റെ പാതയിലൂടെ പുതിയ പീരീക്ഷണങ്ങളുമായി മുന്നോട്ടുപോവുമ്പോള്‍ കോഴിക്കോട് നഗരം മുഴുവന്‍ ഒപ്പം കൂടുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍