UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുവിടങ്ങളില്ലാത്ത ഇന്ത്യന്‍ സ്ത്രീ

Avatar

അഴിമുഖം പ്രതിനിധി

അഞ്ചില്‍ നാല് ഇന്ത്യന്‍ സ്ത്രീകളും പൊതുസ്ഥലങ്ങളില്‍ പീഡിപ്പിക്കപ്പെട്ടവരാണ് എന്നു യു.കെ ആസ്ഥാനമായ ആക്ഷന്‍ എയ്ഡ് സര്‍വേ പറയുന്നു.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായി 500-ലേറെ സ്ത്രീകളോട് സംസാരിച്ചതില്‍ പൊതുസ്ഥലങ്ങളില്‍ പീഡനത്തിനിരകളായവരില്‍ 84 ശതമാനവും 25-നും 35-നും ഇടയ്ക്കു പ്രായമുള്ളവരും വിദ്യാര്‍ഥിനികളോ തൊഴിലെടുക്കുന്നവരോ  ആണ്.

“ഇന്ത്യയിലുള്ള നമുക്ക് ഈ കണക്കുകള്‍ വലിയ വാര്‍ത്തയല്ല. ഇന്ത്യയില്‍ 500-ഓളം സ്ത്രീകള്‍ ഇത്തരമൊരു സര്‍വേയില്‍ പീഡനവും അതിക്രമവും തുറന്നുപറയാണ്‍ തയ്യാറായി എന്നത് വലിയ കാര്യമാണ്,” ആക്ഷന്‍ എയ്ഡ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് ചാച്ര തിങ്കളാഴ്ച്ച പറഞ്ഞു.

“സമൂഹം സ്ത്രീകളോട് പറയുന്നതു പൊതുവിടങ്ങള്‍ നിങ്ങളുടേതല്ല എന്നാണ്. ശ്രദ്ധേയമായ കാര്യം സ്ത്രീകള്‍ ഈ ഇടങ്ങള്‍ക്കായുള്ള അവകാശം ഉന്നയിക്കുന്നു എന്നതുമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്ങനെയാണ് ഇന്ത്യ തങ്ങളുടെ സ്ത്രീകളെ സുരക്ഷിതരാക്കുന്നത്? തീര്‍ച്ചയായും അടച്ചിട്ടു തന്നെ. ബാലവിവാഹം തൊട്ട് സ്ത്രീധന കൊലപാതകങ്ങളും, മനുഷ്യക്കടത്തും, ബലാത്സംഗവും, ഗാര്‍ഹിക പീഡനവും അടക്കമുള്ള നിരവധി അതിക്രമങ്ങളാണ് ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്നത്. പുരുഷന്മാരെക്കാള്‍ താഴ്ന്ന മനുഷ്യരായി സ്ത്രീകളെ കാണുന്ന ആഴത്തില്‍ വേരോടിയ ധാരണകളാണ് ഇതിന്റെ പ്രധാന കാരണം.

ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, ഭര്‍ത്താക്കന്മാരുടെ ക്രൂരത എന്നിങ്ങനെയായി 2014-ല്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ  3,37,922 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ കുറ്റകൃത്യ രേഖകളുടെ ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9% കൂടുതല്‍.

കഴിഞ്ഞയാഴ്ച്ചയാണ് ഈ സര്‍വെ ഫലം പ്രസിദ്ധീകരിച്ചത്. ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്നടക്കം രാജ്യത്താകെയായി 502 സ്ത്രീകളോടാണ് ഇവര്‍ പ്രതികരണം ആരാഞ്ഞത്.

സ്ത്രീകള്‍ പല സ്ഥലങ്ങളില്‍ പീഡനം ഏല്‍ക്കുന്നതായി ഇവര്‍ പറയുന്നു-തെരുവ്, പാര്‍ക്ക്, പൊതുപരിപാടികള്‍, കോളേജ് വളപ്പ്, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.

പീഡനത്തിന്റെ സംസ്കാരം

സര്‍വേയില്‍ പങ്കെടുത്ത മുക്കാല്‍ പങ്ക് സ്ത്രീകളും പറഞ്ഞത് അവരെ  പൊതുസ്ഥലത്ത് ശാരീരികമായി കയറിപ്പിടിക്കുകയും അല്ലെങ്കില്‍ പുരുഷന്മാര്‍ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കാണേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നാണ്. പകുതിയോളം പേരെയും പലപ്പോഴും ആരെങ്കിലും പിന്തുടര്‍ന്നിട്ടുണ്ട്.

46% പേരെ പൊതുസ്ഥലത്ത് അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. 44 പേരെ ചൂളമടിച്ചു കളിയാക്കി. 16 പേര്‍ മയക്കുമരുന്നുകള്‍ നല്‍കപ്പെട്ടവരാണ്. 9% ബലാത്സംഗത്തിനിരയായി.

ഡിസംബര്‍ 2012-ല്‍ ഡല്‍ഹിയിലെ ഒരു ബസില്‍ വെച്ചു നടന്ന ക്രൂരമായ ബലാത്സംഗ കൊലപാതകത്തിനുശേഷം ഉയര്‍ന്ന വലിയ പ്രതിഷേധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കുന്ന നിയമം ഉണ്ടാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

തുടര്‍ച്ചയായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ, ഒളിഞ്ഞുനോട്ടവും പിന്തുടര്‍ന്ന് ശല്യപ്പെടുത്തലും കുറ്റകരമാക്കല്‍, ആസിഡ് ആക്രമണവും മനുഷ്യക്കടത്തും പ്രത്യേക കുറ്റങ്ങളാക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടും.

അതിനുശേഷം ഇതരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ കൂടിയതും സര്‍ക്കാരിന്റെ ബോധവത്കരണ പരിപാടികളും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പൌരാസമൂഹത്തിന്റെ ഇടപെടലുകളും ഇരകള്‍ക്ക് പീഡനത്തെക്കുറിച്ച് പരാതി നല്കാന്‍ കൂടുതല്‍ ദ്വയാര്‍ത്ഥം നല്കിയിട്ടുണ്ട്.


ഹരിയാനയിലെ റോത്തക്കില്‍ ബസില്‍ തങ്ങളെ ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്യുന്നു (2014)
 
പക്ഷേ ഈ കണക്കുകള്‍ ഇപ്പൊഴും സംഭവത്തിന്റെ ഗൌരവത്തെ കുറച്ചു കാണിക്കുന്നതാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇപ്പോഴും കുടുംബവും സമൂഹവും തങ്ങളെ ഒറ്റപ്പെടുത്തുമെന്ന ഭീതിയില്‍ ഇരകള്‍ പരാതി നല്‍കാന്‍ മടിക്കുന്നുണ്ട്.

ഈ പീഡനത്തിന്റെ സംസ്കാരത്തിന് കാരണമായ പുരുഷാധിപത്യ മനോനിലയും ലിംഗവിവേചന നിലപാടും മാറ്റാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്ന് ആക്ഷന്‍ എയ്ഡ് ആവശ്യപ്പെടുന്നു.

“തെരുവിലും വീട്ടിലും തൊഴിലിടത്തും പ്രകടമാക്കപ്പെടുന്ന പുരുഷാധിപത്യ മനോനിലയാണ് സ്ത്രീസുരക്ഷ നേരിടുന്ന പ്രശ്നം,” ആക്ഷന്‍ എയ്ഡ് പ്രോഗ്രാം ഡയറക്ടര്‍ സെഹ്ജോ സിങ് പറയുന്നു.

“പീഡനത്തെക്കുറിച്ചുള്ള, അതിക്രമത്തെക്കുറിച്ചുള്ള  ഭയം സ്ത്രീകളുടെ ശേഷികളെയും സാധ്യതകളെയും ഞെരുക്കി നശിപ്പിക്കുന്നു. ഇതുതന്നെ സ്ത്രീകളുടെ അവകാശത്തിനുമേലുള്ള ആക്രമണമാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍