UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരകള്‍ക്കൊപ്പം സമൂഹമുണ്ടെങ്കില്‍ ജയന്തനും ആന്റണിയും സക്കീര്‍ ഹുസൈന്‍മാരും ശിക്ഷിക്കപ്പെടും

Avatar

 ജോസഫ് വര്‍ഗ്ഗീസ്

കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളെയും ഒരുമിപ്പിക്കുന്ന അപൂര്‍വ്വ ഘടകങ്ങളില്‍ ഒന്ന് റിയല്‍ എസ്റ്റേറ്റ് രംഗമാണ്. പ്രാദേശിക തലത്തില്‍ പോലും പാര്‍ട്ടികളെ കോര്‍ത്തിണക്കി. കുമിഞ്ഞുകൂടുന്ന പണവും നിര്‍ലോഭം നടക്കുന്ന പണമിടപാടുകളും നിലംനികത്തലുമൊക്കെ നടന്നതോടുകൂടി ഒരു പാര്‍ട്ടിക്കാരനും മറ്റൊരു പാര്‍ട്ടിക്കാരന്റെ വീഴ്ചകള്‍ മുന്നോട്ടു കൊണ്ടുവരുന്നൊരു രാഷ്ട്രീയ സാഹചര്യം കേരളത്തിലില്ലാതായിപ്പോയി. കോണ്‍ഗ്രസും സിപിഎമ്മും ബി.ജെപിയും തമ്മില്‍ അടിസ്ഥാനപരമായി തര്‍ക്കം ഉണ്ടാകാറില്ല. എന്തെങ്കിലും തര്‍ക്കം ഉണ്ടാകുന്നത് പാര്‍ട്ടികള്‍ക്കകത്തു മാത്രമായിരുന്നു. അത് അധികാരതര്‍ക്കമാണ്. ഗ്രൂപ്പുകളുടെ പേരിലോ മറ്റോ ആയിരിക്കും. ജനങ്ങളാണ് ഇവിടെ അകപ്പെട്ടുപോയിരിക്കുന്നത്. മറ്റേത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരന്‍ ഒരു പോക്രിത്തരം കാണിച്ചാല്‍ തുറന്നുകാണിക്കാന്‍ കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസുകാരന്‍ കാണിച്ചാല്‍ മാര്‍ക്‌സിസ്റ്റുകാരനും കാണും. നമ്മുടെ പ്രാദേശിക രാഷ്ട്രീയത്തില്‍ ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. കണ്ണൂരൊക്കെ ചില ഇടപെടലുകളുണ്ടെങ്കിലും. റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി ഒരു വാഹനത്തില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്ന പല പാര്‍ട്ടിക്കാര്‍ കേരളത്തില്‍ ഇന്ന് നിത്യകാഴ്ചയാണ്. പാര്‍ട്ടിക്കാരുടെ അതിക്രമങ്ങള്‍ നേരിടുന്നത് സാധാരണക്കാരാണ്. അക്കാര്യത്തില്‍ ഭയങ്കര യോജിപ്പാണ് പാര്‍ട്ടികള്‍ തമ്മില്‍. സംസാരിക്കാന്‍ ശക്തിയുള്ളവര്‍ മാത്രമാണ് പലപ്പോഴും പ്രതികരിക്കുന്നത്. സംസാരിക്കാന്‍ ശക്തിയില്ലാത്ത ധാരാളം പേര്‍ ഇവിടെ ജീവിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഞാന്‍ ഇടപെട്ട ഒരു വിഷയം ഉദാഹരണമായി പറയാം. എറണാകുളം നഗരത്തിന്റെ ഉള്‍പ്രദേശത്ത് നടന്നതാണ്. ഒരു വ്യക്തിയും അയാളുടെ ഭാര്യയും മകളും പ്രായമായ അമ്മയും താമസിക്കുന്ന വീട്ടിന് മുന്‍പില്‍ ആളുകള്‍ വന്ന് പരസ്യമായി മദ്യപിക്കുകയും കുപ്പി വീട്ടിനുള്ളിലേക്ക് എറിയുകയും ചെയ്യുന്നു. ഇവര് വലിയ സാമൂഹ്യബന്ധങ്ങളൊന്നും ഉള്ള ആളുകളല്ല. ജോലിചെയ്യുന്നു വീട്ടില്‍ വരുന്നു… സമാധാനം ആഗ്രഹിച്ച് പ്രശ്‌നത്തിനൊന്നും പോയില്ലെങ്കിലും തുടരുന്ന ശല്യം ഇവരെ മാനസികമായി വളരെയേറെ തളര്‍ത്തി. ഇങ്ങനെ ഒറ്റപ്പെട്ടുപോകുന്ന നിരവധി മനുഷ്യര്‍ കേരളത്തിലുണ്ട്. അവര്‍ക്കൊന്നും വര്‍ത്തമാനം പറയാനുള്ള പ്രാപ്തിയില്ല. പോലീസ് സ്റ്റേഷനില്‍ പോകാനുള്ള പ്രാപ്തിയില്ല. കേരളത്തിലെ തെരുവുനായ്ക്കള്‍ക്കുവേണ്ടി നടക്കുന്ന പ്രകടനങ്ങളില്‍ വരെ ആ സാന്നിധ്യമുണ്ട്. 

ജയന്തന്‍ എന്ന് പറഞ്ഞയാള്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വരുമ്പോള്‍ ഈ ഇരയായ സ്ത്രീയുടെ കുടുംബത്തിന്റെയും വികാരം നമ്മള്‍ ഒന്ന് ആലോചിച്ചു നോക്കണം. ആ തിരഞ്ഞെടുപ്പില്‍ ഇവന്‍ മത്സരിക്കുമ്പോള്‍ ഒരു നോട്ടീസ് പോലും അച്ചടിച്ചിറക്കാനുള്ള ആള്‍ബലം ഇവര്‍ക്കില്ലല്ലോ. ആരു ഞങ്ങളെ സഹായിക്കും എന്നോര്‍ത്തു ദുഃഖിക്കാനല്ലേ കഴിയൂ. ഇപ്പോള്‍ നടത്തിയ പത്രസമ്മേളനം ഗൂഢാലോചനയുടെ ഭാഗമായിരുന്നെങ്കില്‍, അവര്‍ക്ക് അതേ ബുദ്ധി ജയന്തന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അയാളുടെ എതിര്‍സ്ഥനാര്‍ത്ഥിയെ കണ്ട് വിവരങ്ങളെല്ലാം അവതരിപ്പിക്കുന്നതില്‍ കാണിക്കാമായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയന്തനെ തകര്‍ക്കുന്ന പലതും അവര്‍ക്കന്നു ചെയ്യാമായിരുന്നു.

ഒരു കാര്യം വ്യക്തമാണ്; ഇവിടെ ഒരു സാധാരണക്കാരനും സുരക്ഷിതനല്ല. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഒരു പ്രാദേശിക നേതാവ് വിചാരിച്ചാല്‍ അവന്റെ ജീവിതം തകര്‍ക്കാവുന്നതേയുള്ളൂ. ഇരുമ്പനം പോലൊരു സ്ഥലത്ത് കെ.ടി.തങ്കപ്പനെ പോലൊരു നേതാവുണ്ട്. കെ.ടി. തങ്കപ്പന്റൈ വീട്ടിലാണ് കാരായിമാര്‍ താമസിച്ചിരുന്നത്. ഇരുമ്പനത്തിനടുത്ത് കെ.ടി.തങ്കപ്പനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ നേതാവിന്റെ മക്കളും ഗുണ്ടകളും വന്ന് അടിച്ചുതകര്‍ത്തുകളയും. ഇതുപോലെ ഓരോ സ്ഥലത്തും നാട്ടുരാജാക്കന്‍മാരുണ്ട്. അവര്‍ക്ക് രാഷ്ട്രീയത്തിന്റെ തണലുണ്ട്, ഗൂണ്ടായിസത്തിന്റെ കാവലുണ്ട്. 

വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ചില ദിക്കുകളില്‍ നിന്നും വന്ന ചോദ്യങ്ങളുണ്ട്; അവര്‍ ഈ പരാതി നേരിട്ടു കോടതിയില്‍ കൊടുത്തിരുന്നെങ്കില്‍ ഇത് കേസാകില്ലായിരുന്നോ? അല്ലെങ്കില്‍ ചീഫ് ജസ്റ്റിസിന് ഒരു കത്ത് അയച്ചാല്‍ പോരായിരുന്നോ? ഈ ചോദ്യങ്ങള്‍ ഒഴിവാക്കണം. കാരണം അതിശക്തരായ മനുഷ്യര്‍ പോലും ഇത്തരം ചില പ്രശ്‌നങ്ങളുടെ പേരില്‍ അതീവ ദുര്‍ബലരായി പോകുന്നുണ്ട്. ഇവിടെ ഇന്നും പ്രശ്‌നങ്ങളുടെ മുന്നില്‍ പ്രതികരിക്കാന്‍ കഴിയാതെ പോകുന്ന നിരവധി പേരുണ്ട്, അവരെല്ലാവരും സമൂഹത്തില്‍ താഴെതട്ടില്‍ കിടക്കുന്നവരുമല്ല. പലപ്പോഴും എന്താണു സംഭവിക്കുന്നതെന്നുവച്ചാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ പുറത്തുവരാതെ പോകുന്നു, തനിക്കു നേരിട്ട ദുരന്തം രണ്ടാമതൊരാളിനോട് പറയാന്‍ ധൈര്യപ്പെടുന്നില്ല. എല്ലാം പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നപോലെ ആത്മഹത്യചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്. 

ഇവിടെ ഭരണകൂടത്തിന് എന്തു ചെയ്യാമെന്നാണു നോക്കേണ്ടത്. കഴിഞ്ഞ അഞ്ചു മാസം കൊണ്ട് ഈ സര്‍ക്കാര്‍ വലിയ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും സ്വന്തം രാഷ്ട്രീയപാര്‍ട്ടിയിലെ ശക്തനായ ഒരു പ്രാദേശിക നേതാവിനെതിരെ ഗുണ്ടാ ആക്ട് പ്രയോഗിക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ലാണ്. അതിന്റെ ഫലമാണ്, മൂന്നുവര്‍ഷം മുമ്പ് കോടികളുടെ ആസ്തിയുള്ള ഒരു മുന്‍ മന്ത്രിയുടെ വലംകൈയായിരുന്ന കോണ്‍ഗ്രസ് നേതാവ് തന്നെ നഗ്നനാക്കി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ധൈര്യപൂര്‍വം മറ്റൊരു കോണ്‍ഗ്രസ് നേതാവ് മുന്നോട്ടുവരുന്നതും. ഇത്തരം ധൈര്യം കേരളത്തിലെ ഭയപ്പെട്ടു നില്‍ക്കുന്ന ഒരു സമൂഹത്തിനുണ്ടാകുന്നെങ്കില്‍ അത് ഈ ഭരണത്തിലെ വലിയൊരു നാഴികക്കല്ലാണ്. ഭയന്നുനില്‍ക്കുന്നവന് എവിടെയൊക്കെയോ നീതികിട്ടുന്നുവെന്ന പ്രതീക്ഷ. ഇവിടെയാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി തന്റെ സ്‌പേസ് ഉപയോഗിക്കേണ്ടത്. ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു ഭരണാധികാരിയെയല്ല പിണറായിയില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്നത്. നിഷ്പക്ഷമായി കാര്യങ്ങള്‍ നോക്കിക്കാണാന്‍ പിണറായിക്കു കഴിയണം. പോലീസ് അസോസിയേഷന്റെ യോഗത്തില്‍ സ്വന്തം പാര്‍ട്ടിക്കാരനായ പോലീസ് അസോസിയേഷന്‍ നേതാവിന്റെ അധ്യക്ഷ പ്രസംഗം കഴിഞ്ഞപ്പോള്‍ താന്‍ പാര്‍ട്ടിയുണ്ടാക്കാന്‍ വരണ്ട താനും തന്റെ പോലീസുകാരും നാട്ടിലെ ജനങ്ങളെ സേവിച്ചാല്‍ മതി എന്ന് പരസ്യമായി പറയാന്‍ പിണറായി തയ്യാറായതു ചെറിയ കാര്യമല്ല.

കേരളത്തിലെ പോലീസില്‍ 20 ശതമാനത്തിനപ്പുറം നട്ടെല്ലുള്ള പോലീസിനെ നമുക്ക് കാണാന്‍ കഴിയില്ല. ഒരു ജില്ലയില്‍ ഒന്നോ രണ്ടോ എസ്.ഐ മാരും മൂന്നോ നാലോ സിഐ മാരുമല്ലാതെ ഒരു മനുഷ്യന്‍ ഒരു വിഷമം പറഞ്ഞാല്‍ ക്ഷമയോടെ അതിരുന്ന് കേള്‍ക്കുകയും അത് ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പോലീസുകാരുടെ എണ്ണം അങ്ങേയറ്റം കുറവാണ്. അങ്ങനെയുള്ള ഉദ്യോഗസ്ഥരുടെ അടുത്ത് പരാതികള്‍ എത്തുമ്പോള്‍ മാത്രമാണ് അതിനകത്ത് നടപടികളുണ്ടാകുന്നത്. അല്ലാത്തിടത്ത് മുഴുവന്‍ ഇരകള്‍ വീണ്ടും പീഡിപ്പിക്കപ്പെടുകയേ ചെയ്യുന്നുള്ളൂ. എത്രയോ അനുഭവങ്ങള്‍… 

നവമാധ്യമങ്ങള്‍ ചില മനുഷ്യരുടെ സ്വീകാര്യതകളാകുന്നത് വലിയ കാര്യമാണ്. അതാണു ഭാഗ്യലക്ഷ്മി ഉപയോഗിച്ചതും. പത്രസമ്മേളനം നടത്തുന്നതിന് മുമ്പ് ഈ വിവരം നവമാധ്യമങ്ങളിലൂടെ അവര്‍ പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയുടെ സാധ്യതയാണ് അവര്‍ ഉപയോഗിച്ചത്. അതോടൊപ്പം ചില കാര്യങ്ങള്‍ ഭാഗ്യലക്ഷ്മി നമ്മളോടെല്ലാവരോടുമായി വ്യക്തമാക്കുന്നുമുണ്ട്. താന്‍ എന്താണോ അതിനപ്പുറം ജീവിക്കുന്ന സമൂഹത്തിനോട് എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ജനമധ്യത്തില്‍ നമുക്ക് സ്വീകാര്യത ഉണ്ടെങ്കില്‍ അത് സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ഉപയോഗിക്കാം, ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാം. രാഷ്ട്രീയക്കാരോടു മാത്രമല്ല, മറ്റു മേഖലകളില്‍ സെലിബ്രിറ്റികളായവരോടും കൂടിയാണ് ഭാഗ്യലക്ഷ്മി ഇതു പറയുന്നത്. ഇവര്‍ മാത്രമല്ല, സാധാരണക്കാരനായ ഓരോ വ്യക്തിയും അതേ ധാര്‍മികത കാണിക്കണമെന്നതു കൂടിയാണ് ഭാഗ്യലക്ഷമി ഓര്‍മിപ്പിക്കുന്നത്.

ഒരാളുടെ സ്വീകാര്യ ഏതു തലത്തില്‍ നിന്നുള്ളതാകട്ടെ, അയാളുടെ വാക്കുകള്‍ ജനം വിശ്വസിക്കാന്‍ സാധ്യതയുണ്ടെങ്കില്‍, അത്തരത്തിലേക്ക് ജനവിശ്വാസം ആര്‍ജിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഭാഗ്യലക്ഷ്മിയെപോലുള്ളവരെ ഇനിയും മാതൃകയാക്കണം. തന്റെ മുന്നില്‍ വന്ന് പറയുന്ന ഒരാളുടെ വിഷമങ്ങള്‍ ഏറ്റെടുക്കേണ്ടത് പോലീസിന്റെയും പട്ടാളത്തിന്റെയും കോടതിയുടെയും പത്രക്കാരന്റെയും മാത്രം കടമയല്ല.തങ്ങളും രാഷ്ട്രത്തിന്റെ ഭാഗമാണെന്ന ബോധം ഇവിടുത്തെ എല്ലാ സെലിബ്രിറ്റികള്‍ക്കും ഉണ്ടാകണം. നിലപാടുകളെടുക്കണം. വാസ്തവമെന്നു തോന്നുന്ന ഒരു വിഷയത്തില്‍ ഇടപെടണം. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇരയ്ക്ക് നീതി നേടിക്കൊടുക്കാന്‍ സാധിക്കും. വടക്കാഞ്ചേരി സംഭവം ദേശീയ നിരയില്‍ വരെ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്തെങ്കില്‍ നവമാധ്യമങ്ങള്‍ എത്ര കരുത്തുറ്റതാണെന്ന് മനസ്സിലാക്കണം.

കാലപ്പഴക്കം ഒരു ക്രിമിനല്‍ പ്രവര്‍ത്തിയെയും ഇല്ലാതാക്കുന്നില്ല എന്ന വലിയൊരു സത്യം നമ്മുടെ മുന്നില്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് മര്‍ദിച്ച പരാതി മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. വടക്കാഞ്ചേരി സംഭവം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതും. രണ്ടിലും പ്രതികളായവര്‍ ശിക്ഷിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. ഒരു ക്രൈം നടന്നിട്ടുണ്ടെങ്കില്‍ അമ്പത് കൊല്ലം കഴിഞ്ഞാലും അതു ക്രൈം ആയി നിലനില്‍ക്കും. ഇത്രയും കാലം ഇരയെ വേട്ടയാടുന്നവരാണ് ഇവിടെയുണ്ടായിരുന്നത്. എന്തുകൊണ്ട് ഇത്രനാള്‍ പരാതി കൊടുത്തില്ല. ഇത്രകാലം നിങ്ങള്‍ എവിടെപ്പോയിരിക്കുകയായിരുന്നു എന്ന് ചോദിക്കാതെ നിങ്ങള്‍ക്ക് ഇത് സംഭവിച്ചോ എന്ന സബ്ജക്ട് മാത്രം മുന്‍നിര്‍ത്തി ചിന്തിക്കാന്‍ കഴിയുന്നത് കേരളത്തിലെ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ഉണ്ടായിരിക്കുന്ന വളര്‍ച്ചയാണ് വ്യക്തമാക്കുന്നത്.

സ്വതന്ത്ര  മാധ്യമപ്രവര്‍ത്തകനാണ്  ലേഖകന്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍