UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതു ടോയ്‌ലറ്റ്; ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരം-ഡോ. ബാബു രവീന്ദ്രന്‍

Avatar

പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന സംവാദത്തില്‍ അഴിമുഖവും പങ്കുചേരുന്നു. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസാണ് ഫേസ്ബുക്കില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളായും രംഗത്തെത്തി. സി പി ഐ എം പൊളിറ്റ്ബ്യൂറോ  അംഗം പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരിയിലെ ഡോ. ബാബു രവീന്ദ്രന്‍ പ്രതികരിക്കുന്നു. (തയ്യാറാക്കിയത്: ദില്‍ന മധു)

പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.  അതുകൊണ്ട് തന്നെ വേഗത്തില്‍ ജല സ്രോതസ്സുകളില്‍ ഇവ എത്തുന്നു. ഈച്ച, കൊതുക് തുടങ്ങിയവ വഴി ഭക്ഷണ സാധനങ്ങളിലും എത്തുന്നു. ഇവയെല്ലാം പകര്‍ച്ച വ്യാധികള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികളുടെ വിസര്‍ജ്യം പോലും പറമ്പിലേക്ക് വലിച്ചെറിയുന്ന രീതി മാറ്റേണ്ടതുണ്ട്. ഫ്ലഷബിള്‍ ടോയ്‌ലറ്റ് ഉണ്ടെങ്കില്‍ 80 മുതല്‍ 90 ശതമാനം വരെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങി പല രോഗങ്ങളും ഒഴിവാക്കാം. ഇവിടെയാണ് വീടുകളിലും പൊതു ഇടങ്ങളിലും വൃത്തിയുള്ള ടോയ്‌ലറ്റ് സംവിധാനം അനിവാര്യമാകുന്നത്.

സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ ടോയ്‌ലറ്റ് ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്.മൂത്രം ഒഴിക്കാതെ പിടിച്ചു വെയ്ക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ബ്ലാഡറിന്റെ പ്രവര്‍ത്തനത്തെ ഇത് കാര്യമായി ബാധിക്കും. കാലക്രമേണ ബ്ലാഡറിന്റെ ഹോള്‍ഡിംഗ് കപ്പാസിറ്റി കുറയുക, ഇടയ്ക്കിടെ മൂത്രം ഉറ്റി ഉറ്റി പോവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. അണുബാധയ്ക്കും, കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നതിനും വരെ ഇത് കാരണമായേക്കാം.

ആര്‍ത്തവ സമയവും, ഗര്‍ഭ കാലഘട്ടവും കൂടുതല്‍ വൃത്തി പാലിക്കേണ്ട സമയമാണ്. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഉപയോഗിച്ച പാഡ് കളയാന്‍ സാഹചര്യം ഇല്ലാത്തത് പെണ്‍കുട്ടികള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കൃത്യസമയത്ത് ഇവ മാറ്റാനാകത്തത് അണുബാധ വരെ ഉണ്ടാകാന്‍ കാരണമാകുന്നു. സ്‌കൂള്‍ തലത്തിലെ പെണ്‍ കുട്ടികളെ സഹായിക്കാന്‍ കൗമാരശ്രീ എന്ന പദ്ധതിക്ക് ഐ എം എ തുടക്കം കുറിച്ചിട്ടുണ്ട്.സ്‌കൂളുകളിലെത്തി ഉപയോഗിച്ച പാഡുകള്‍ ശേഖരിച്ച് നശിപ്പിക്കാന്‍ സഹായിക്കുന്ന ഈ പദ്ധതി രാജ്യവ്യാപകമാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണം.

വൃത്തിയില്ലാത്ത ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് പൊതുടോയ്‌ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് പ്രധാനമാണ്. ഒപ്പം ഓരോ വീട്ടിലും കക്കൂസ് നിര്‍ബന്ധമാക്കണം. കോളനികളില്‍ ആണെങ്കില്‍ മൂന്നോ നാലോ വീടുകള്‍ക്ക് ഒരു ടോയ്‌ലറ്റ് എന്ന നിലയില്‍ സംവിധാനം ഒരുക്കാം. യൂസ് ആന്റേ പേ ടോയ്‌ലറ്റുകള്‍ക്ക് പൊതു ഇടങ്ങളില്‍ കൂടുതല്‍ പ്രാധാന്യം സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും നല്‍കണം. തുറസ്സായ സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്ന ശീലം പുരുഷന്മാരില്‍ കുറഞ്ഞു വരുന്നുണ്ട്. എന്നാല്‍ പൊതുടോയ്‌ലറ്റ് സൗകര്യം നല്‍കാതെ ഇത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആവില്ല. ആരോഗ്യമുള്ള സമൂഹത്തിന്, ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളുടെ പരിഹാരമാണ് ആദ്യം വേണ്ടത്.

പൊതു ടോയ്‌ലറ്റ്: നിങ്ങളുടെ മാലിന്യം വാരുന്നവരും മനുഷ്യരാണ്
മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്? 
ഇ-ടോയ്‌ലറ്റുകളല്ല, വേണ്ടത് നാടിന് ചേര്‍ന്നത്; ഒപ്പം സമൂഹവും മാറണം
വൃത്തി സ്ത്രീകളുടെ മാത്രം സ്വകാര്യ ആവശ്യമല്ല-പി ഇ ഉഷ
പൊതു ടോയ്‌ലറ്റ്: പാര്‍ട്ടികളുടെ മാനിഫെസ്റ്റോയില്‍ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല- സികെ ജാനു
പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകള്‍ സാര്‍വത്രികമാക്കും-ടി എം തോമസ് ഐസക്
പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍