UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതു ടോയ്‌ലറ്റ്: പാര്‍ട്ടികളുടെ മാനിഫെസ്റ്റോയില്‍ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല- സികെ ജാനു

Avatar

പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന സംവാദത്തില്‍ അഴിമുഖവും പങ്കുചേരുന്നു. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസാണ് ഫേസ്ബുക്കില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളായും രംഗത്തെത്തി. സി പി ഐ എം പൊളിറ്റ്ബ്യൂറോ  അംഗം പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.സാമൂഹ്യപ്രവര്‍ത്തകയും ആദിവാസി ഗോത്ര മഹാ സഭ നേതാവുമായ  സി കെ ജാനു പ്രതികരിക്കുന്നു. തയാറാക്കിയത്: ദില്‍ന മധു

പൊതുസ്ഥലങ്ങളിൽ വൃത്തിയുള്ള ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകണം. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഈ  സൗകര്യം ഒരുക്കണമെന്നാണ് എന്റെ അഭിപ്രായം. അതു മാത്രമല്ല, ഉള്ള ടോയ്‌ലറ്റുകള്‍ വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലാത്തതായിരിക്കുകയും വേണം. നിലവിലുള്ള പൊതു ശൌചാലയങ്ങള്‍ക്ക് ചിലയിടങ്ങളില്‍ പണം ഈടാക്കാറുണ്ട് എങ്കിലും അവശ്യഘട്ടങ്ങളില്‍ ഇവ ഏറെ സഹായകരമാണ്. പണം നല്‍കിയാണെങ്കിലും ആളുകള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുമല്ലോ.

ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്തത് സത്യത്തില്‍ സ്ത്രീകളോടുള്ള അവഗണനയുടെ ഭാഗമായാണ്. പുരുഷന്മാ്‍ര്‍ പൊതു സ്ഥലമോ, മരത്തിന്റെ മറവോ ഇക്കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് അതിനാവില്ല. അതുകൊണ്ട് തന്നെ പൊതു ടോയ്‌ലറ്റുകൾ ഇല്ലാത്തതിൽ കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്.

മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്?

പൊതു സ്ഥലത്ത് മാത്രമല്ല വീടുകളിൽ പോലും പ്രാഥമികകൃത്യങ്ങള്‍   നിര്‍വഹിക്കാന്‍ സൗകര്യം ഇല്ലാത്ത എത്രയോ ആളുകള്‍ ഉണ്ട്. അത്തരം അനവധി ആളുകളെ എനിക്കറിയാം. സാമ്പത്തികമായി നിവൃത്തി ഇല്ലാത്തതിന്റെ പേരില്‍ വീട്ടിൽ കക്കൂസ് നിർമ്മിക്കാൻ പറ്റാത്തവരുണ്ട്. ഇത്രയും വികസിച്ചു എന്ന് പറയുന്ന സമയത്തും മനുഷ്യന് വേണ്ട  പ്രാഥമിക സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍  പലപ്പോഴും നമ്മള്‍ പരാജയപ്പെടുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോയില്‍ ഉൾപ്പെടുത്തിയതുകൊണ്ട് ഇതൊന്നും പ്രായോഗികമാകണമെന്നില്ല. സ്ത്രീകളൊക്കെ എത്രയോ വര്‍ഷമായി ഇതിനൊക്കെ വേണ്ടി സമരം ചെയ്തിട്ടുണ്ട്. കോഴിക്കോട് മിഠായി തെരുവില്‍ ബാത്ത് റൂം വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ ട്രേഡ് യൂണിയന്‍ രൂപീകരിച്ച് സമരം വരെ നടന്നു. ഇത്തരം കാര്യങ്ങള്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ പെടാത്തതല്ല പ്രശ്‌നം. സ്ത്രീകള്‍ക്ക് അങ്ങനെ ഒക്കെ മതി സ്ത്രീകള്‍ അങ്ങനെ ജീവിച്ചാല്‍ മതി എന്ന അവഗണനയാണ് പ്രശ്നം .

ഇ-ടോയ്‌ലറ്റുകളല്ല, വേണ്ടത് നാടിന് ചേര്‍ന്നത്; ഒപ്പം സമൂഹവും മാറണം

രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി അനേകം വനിതാ സംഘടനകൾ ഉണ്ട്. അതിൽ പ്രവര്‍ത്തിക്കുന്നവരൊക്കെ ആധുനിക സംവിധാനം സ്വീകരിക്കുന്നവരാണ്. താഴെ തട്ടിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരുതമൊന്നും ഇവര്‍ക്ക് മനസിലാവില്ല. പൊതുസംവിധാനങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നില്ല.വലിയ ഹോട്ടലുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. അതിൽ ഈ വിഷയങ്ങൾ ഗൗരവമായി ഉന്നയിക്കപ്പെടുന്നുമില്ല.

കോളനികളുടെ കാര്യമെടുക്കുകയാണെങ്കില്‍ പ്രശ്നങ്ങള്‍ ഏറെയാണ്.ആകെ നാല് സെന്റ്സ്ഥലത്ത് വീട് , അവിടെ പ്രാഥമിക കൃത്യങ്ങള്‍ നിർവഹിക്കാൻ നിവൃത്തിയില്ല. അതിന് സൗകര്യം ഉണ്ടാക്കാന്‍ ആവാതെ ദുരിതം പേറുന്നവരുണ്ട്. ഇതിന്റെ ഒക്കെ പേരില്‍ പല സ്ഥലങ്ങളിലും വഴക്കും പ്രശ്‌നങ്ങളും ഒക്കെ നടന്നിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യംഎനിക്ക് പലതവണ ഉണ്ടായിട്ടുമുണ്ട്. കോളനി പോലെയുള്ള ഇടങ്ങളിലെ അവഗണനയും ഇതിലൊരു ഘടകമാണ്, പ്രത്യേകിച്ച് സ്ത്രീകളോടുള്ളത്.

പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം 

ഇ-ടോയ് ലറ്റ് ഉൾപ്പെടെ ഇതിനായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ പര്യാപ്തമല്ല. ഒരാള്‍ക്ക് പോലും ഒന്ന് കയറി തിരിയാന്‍ പറ്റാത്ത സംവിധാനമാണ് പലയിടത്തും പൊതു ടോയ്‌ലറ്റിന്റെ ഭാഗമായി ചെയ്തിരിക്കുന്നത്. ആളുകള്‍ക്ക് ഉപയോഗമില്ലാത്ത ഇത്തരം പദ്ധതികളുടെ  പേരില്‍ കുറേ ഫണ്ട് അടിച്ച് എടുക്കുന്നു എന്നല്ലാതെ വേറൊന്നും നടക്കുന്നില്ല. എന്തിനാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു ചോദ്യം.

കൃത്യമായിട്ട് ആലോചനയില്ലാതെയാണ് മിക്ക പദ്ധതികളും. പൂര്‍ണ സൗകര്യത്തില്‍ ജീവിക്കുന്നവരാണ് പദ്ധതി ഉണ്ടാക്കുന്നത്. മറ്റുള്ളവരുടെ ബുദ്ധിമുട്ടിനെക്കുറിച്ച് അവര്‍ക്ക് അറിയില്ല. പദ്ധതികൾ പരാജയപ്പെടാനുള്ള പ്രധാന കാരണവും അതുതന്നെ. ഇങ്ങനെ ഉള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കേണ്ടതാണ്.

വൃത്തി സ്ത്രീകളുടെ മാത്രം സ്വകാര്യ ആവശ്യമല്ല-പി ഇ ഉഷ

ജനങ്ങൾക്ക് ദുരിതമാകുന്ന എത്ര പദ്ധതികള്‍ നാട്ടിൽ ചെയ്യുന്നു. അതു നോക്കുമ്പോള്‍ ചെറിയ പണം മതി പൊതു ടോയ്‌ലറ്റ് പദ്ധതിക്ക്. എന്തായാലും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ സംവിധാനം തന്നെ വേണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍