UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതു ടോയ്‌ലറ്റുകള്‍ അനിവാര്യം; സ്ത്രീകളുടെ മനോഭാവവും മാറണം-ഡോ. കെ എസ് ജയശ്രീ

Avatar

പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന സംവാദത്തില്‍ അഴിമുഖവും പങ്കുചേരുന്നു. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസാണ് ഫേസ്ബുക്കില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളായും രംഗത്തെത്തി. സി പി ഐ എം പൊളിറ്റ്ബ്യൂറോ  അംഗം പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ത്രീചേതനയുടെ ജനറല്‍ സെക്രട്ടറി ഡോ. കെ എസ് ജയശ്രീ പ്രതികരിക്കുന്നു. (തയ്യാറാക്കിയത് ദില്‍ന മധു)

ആരോഗ്യ മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍  ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പൊതു ടോയ്‌ലറ്റ് സംവിധാനത്തിന്റെ കാര്യമെടുത്താല്‍ കേരളത്തില്‍ സാഹചര്യം വളരെ മോശമാണ്. വൃത്തിയുള്ള പൊതു ടോയ്‌ലറ്റകള്‍ ഇല്ല എന്നുതന്നെ പറയാം. അത്രയ്ക്ക് പരിതാപകരമായിട്ടുള്ള അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പൊതു സ്ഥലങ്ങളില്‍ ടോയ്‌ലറ്റ് വേണം എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. അത് വൃത്തിയായും മികച്ച രീതിയിലും പരിപാലിക്കപ്പെടുകയും വേണം. സ്ത്രീകളുടെ മാത്രമല്ല സമൂഹത്തിന്റെ ആരോഗ്യത്തിന്റെ കൂടി പ്രശ്‌നമാണ് ഇത് . അടിയന്തിരമായി പരിഗണിക്കേണ്ട വിഷയമെന്ന നിലയില്‍ പൊതു ടോയ്‌ലറ്റുകള്‍ നടപ്പിലാക്കാന്‍ പ്രദേശിക ഭരണകൂടങ്ങളും സര്‍ക്കാരും ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്.

ആധുനികമായ ലോകം മാറുന്നതിന് അനുസരിച്ച് പുതിയ ടെക്‌നോളജികള്‍ പരീക്ഷിക്കേണ്ടിവരും. പൊതു ടോയ്‌ലറ്റിന്റെ കാര്യത്തിലും നവീന സംവിധാനങ്ങള്‍ കൊണ്ടു വരുന്നത് സ്വാഗതം ചെയ്യപ്പെടണം. ഇ- ടോയ്‌ലറ്റ് ഉള്‍പ്പെടെ തള്ളിക്കളയേണ്ടതല്ല. അത് ഉപയോഗിക്കാന്‍ കത്യമായി പരിശീലിപ്പിക്കുകയാണ് വേണ്ടത്. ഈ ഉത്തരവാദിത്വം കൂടി നിര്‍മ്മാണ ചുമതലയുള്ള ഏജന്‍സികള്‍ ഏറ്റെടുക്കണം. ഇ ടോയ്‌ലറ്റിന്റെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ല. ഇതുണ്ടാകാതെ ഇവ പരാജയമാണെന്ന് പറയുന്നതില്‍ കാര്യമില്ല. സാങ്കേതിതികമായി ഇവയ്ക്ക് അപര്യാപ്തതകള്‍ ഉണ്ടാെങ്കില്‍ അത് പരിഹിരിക്കാന്‍ മറുഭാഗത്ത് നടപടി ഉണ്ടാവുകയും വേണം.  പഴയ ടോയ്‌ലറ്റുകളാണ് ശീലം, അതേ പറ്റൂ എന്ന് പറയുന്നത് ശരിയല്ല. രണ്ടും ആവശ്യമാണ്. എടിഎം കാര്‍ഡ് മുതല്‍ എന്തെല്ലാം നവീന സംവിധാനങ്ങളാണ് നാം ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതേ സമീപനം ഇക്കാര്യത്തിവും തുടരുന്നതാണ് നല്ലത്.

പൊതു ടോയ്‌ലറ്റുകളുടെ  ആവശ്യകത സംബന്ധിച്ച് 2010 മുതല്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് സ്ത്രീ ചേതന. കോഴിക്കോട് കേന്ദ്രീകരിച്ചാണ് സ്ത്രീ ചേതനയുടെ പ്രവര്‍ത്തനം. ടോയ്‌ലറ്റില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് ഈ ഒരു വിഷയത്തില്‍ സ്ത്രീ ചേതനയുടെ സജീവ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രത്യേക ശ്രമഫലമായി പൊതുതാല്പര്യ വിഷയമെന്ന നിലയില്‍ കേസുകള്‍ നടത്തിയാണ് പൊതു ടോയ്‌ലറ്റുകളുടെ കാര്യത്തില്‍ സ്ത്രീ ചേതന ഇടപെട്ടത്. കേസുകള്‍ ഇപ്പോഴും നടക്കുന്നു. പൊതു ടോയ്‌ലറ്റുകള്‍ എന്ന ആവശ്യം കൂടുതലായി ഉയര്‍ന്നു വരുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ വേഗത്തില്‍ നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. അതിനുള്ള സംവിധാനം കേരളത്തില്‍ നിലവില്‍ ഇല്ല.

ഇക്കാര്യത്തില്‍ സ്ത്രീകളുടേയും പൊതുസമൂഹത്തിന്റെയും സമീപനത്തിലും ചില മാറ്റങ്ങള്‍ വരേണ്ടതുണ്ട്. പൊതു ഇടങ്ങള്‍ സ്ത്രീ തന്റെ ഇടമായി കാണുന്നില്ല. അത് ഇപ്പോഴും ആണ്‍ ഇടമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്വന്തം ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രഥമിക കൃത്യം നിര്‍വഹിക്കാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റല്ല എന്ന് സ്ത്രീയെ തന്നെ ബോധ്യപ്പെടുത്തണം. പുറത്ത് ഇറങ്ങുകയും ഇടപെടുകയും ചെയ്യുന്ന സ്ത്രീ, അല്പസമയം കഴിഞ്ഞ് ആണെങ്കിലും വീടുപോലെ  സ്വകാര്യമായ ഇടത്ത്  എത്തിയിട്ട് ടോയ്‌ലറ്റില്‍ പോകാം എന്ന് കരുതുകയാണ് ചെയ്യുന്നത്.  ഈ ഇന്‍ഹിബിഷന്‍ മാറ്റിയെടുക്കണം. ഈ മാറ്റം ചുറ്റുപാടും  ഉണ്ടാകേണ്ടതാണ്. ഇത് കൃത്യമായ ബോധവത്കരണം കൊണ്ടേ നടക്കും. പബ്ലിക് ടോയ്‌ലറ്റുകള്‍ ഉണ്ടാക്കിയാല്‍ മാത്രം പോര , അത് ഉപയോഗിക്കാന്‍ കാമ്പയിന്‍ നടത്താത്തിടത്തോളം സിസ്റ്റം മാറില്ല. മൂത്രം ഒഴിക്കാന്‍ പോകുന്നത് മോശമായാണ് ഇപ്പോഴും പലരും കരുതുന്നത്. പൊതുടോയ്‌ലറ്റ് ആളു കാണുന്ന സ്ഥലത്താണ് എന്ന് പരാതി സ്ത്രീകള്‍ ഉയര്‍ത്താറുണ്ട്. കാണാത്ത ഇടങ്ങളിലാണ് മൂത്രം ഒഴിക്കേണ്ടത് എന്നാണ് ചിന്ത ഈ മൈന്‍ഡ് സെറ്റ് മാറണം. ഇല്ലെങ്കില്‍ പോകേണ്ടി വരിക ആശുപത്രികളിലായിരിക്കും.

സന്നദ്ധ സംഘടനകളും സ്ത്രീ കൂട്ടായ്മകളും നടത്തുന്ന കൂട്ടായ പരിശ്രമത്തില്‍ രാഷ്ട്രീയ സംവിധാനങ്ങള്‍ ഭാഗമാകുുന്നത് പോസിറ്റീവായ കാര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളെ അനുകൂലമായി തന്നെ കാണുന്നു. സ്വന്തം ഭരണ സംവിധാനം ഉണ്ടായിട്ട് 50 ഉം 60 ഉം വര്‍ഷം കഴിഞ്ഞാണ് ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുന്നത് എന്നത് പരിതാപകരമാണ്. ആരോഗ്യത്തിന് മുന്‍ഗണന നല്‍കാത്തതാണ് ഇതുവരെ ഇവയൊന്നും  മുഖ്യ ചര്‍ച്ച ആവാത്തതിന് കാരണം. ഇതുമാത്രമല്ല, പല കാര്യങ്ങളിലും ഇങ്ങനെയാണ്, കൃത്യമായ പ്ലാനിംഗ് ഇല്ല. മഴ പെയ്യുമ്പോള്‍ നമ്മുടെ തലസ്ഥാന നഗരത്തില്‍ പോലും ഇപ്പോഴും വെള്ളക്കെട്ടുണ്ടാകും. ഇതുവരെ ഇതിനൊന്നും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്വന്തം വാഹന സൗകര്യം ഇല്ലാതെ യാത്ര  ചെയ്യാന്‍ സൗകര്യം ഉണ്ടോ. എത്ര റെസ്റ്റ് റൂമുകള്‍ ഉണ്ട്. നഗരങ്ങളില്‍? മൂത്രം മണക്കുന്ന ബസ്സ്റ്റാന്റിലല്ലാതെ വയോജനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വിശ്രമിക്കാന്‍ പൊതു ഇടങ്ങളില്‍ സ്ഥമുണ്ടോ? ഇത്തരം അടിസ്ഥാന വിഷയങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണ്‌. 

കൂടുതല്‍ വായിക്കൂ.. 

ഒരു ഗർഭിണിയുടെ (മൂത്ര)വിലാപം  

കൊച്ചിയിലെ ഗ്രീന്‍ ടോയിലെറ്റുകള്‍ ‘ലാഭകരമല്ല’; മേയര്‍ സൌമിനി ജയിന്‍
പൊതു ടോയ്‌ലറ്റ്; ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരം-ഡോ. ബാബു രവീന്ദ്രന്‍

പൊതു ടോയ്‌ലറ്റ്: നിങ്ങളുടെ മാലിന്യം വാരുന്നവരും മനുഷ്യരാണ്
മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്? 
ഇ-ടോയ്‌ലറ്റുകളല്ല, വേണ്ടത് നാടിന് ചേര്‍ന്നത്; ഒപ്പം സമൂഹവും മാറണം
വൃത്തി സ്ത്രീകളുടെ മാത്രം സ്വകാര്യ ആവശ്യമല്ല-പി ഇ ഉഷ
പൊതു ടോയ്‌ലറ്റ്: പാര്‍ട്ടികളുടെ മാനിഫെസ്റ്റോയില്‍ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല- സികെ ജാനു
പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകള്‍ സാര്‍വത്രികമാക്കും-ടി എം തോമസ് ഐസക്
പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍