UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ഗർഭിണിയുടെ (മൂത്ര)വിലാപം

Avatar

മഞ്ജു എം ജോയ്

ഗർഭകാല പ്രാരാബ്ധങ്ങൾ അതിരുകടന്നപ്പോഴാണ് തലസ്ഥാന നഗരിയിൽ നിന്നും ജന്മനാടായ ആലപ്പുഴയിലേക്ക് ജോലി മാറ്റം ചോദിച്ചുവാങ്ങിയത്. പ്രസവം വരെയുള്ള  ഏതാനും മാസങ്ങൾ സ്വന്തം വീട്ടിൽ നിന്നും വിളിപ്പാടകലെയുള്ള ആലപ്പുഴ ബ്യൂറോയിൽ ജോലി ചെയ്യാമെന്ന് കരുതി. ആലപ്പുഴ നഗരഹൃദയത്തിന് നടുവിലെ വലിയ കെട്ടിടങ്ങളിലൊന്നിലാണ് ജില്ലാ ബ്യൂറോ സ്ഥിതി ചെയ്യുന്നത്. ശീതീകരിച്ച, നാലു കമ്പ്യൂട്ടറുകളുള്ള ചെറിയ മുറി. (നഗരത്തിന് തെക്കോട്ട് മാറി പ്രിന്റിംഗ് കെട്ടിടം ഉൾപ്പെടെയുള്ള വലിയ ഹെഡ് ഓഫീസ് വേറെയുണ്ട്).

പുതിയ സഹപ്രവർത്തകയെ സ്വാഗതം ചെയ്യുന്നതിനൊപ്പം ഗർഭകാലത്ത്  ധാരാളം വെള്ളം കുടിക്കണമെന്ന് ആൺ-പെൺ ഭേദമേന്യേ എല്ലാവരും എടുത്തു പറഞ്ഞു. വലിയ ദാഹമില്ലാതിരുന്നിട്ടും രണ്ടുലിറ്റർ മിനറൽ വാട്ടർ വാങ്ങി വെള്ളം കുടി തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞില്ല, അകത്തുകടന്ന വെള്ളം പുറത്തുപോകാനുള്ള ‘ശങ്ക” കാണിച്ചു. ടോയ്‌ലറ്റ് തിരക്കി ഓടുമ്പോഴാണ് പടപേടിച്ചെത്തിയത് പന്തളത്താണെന്ന് മനസിലായത്.

സ്റ്റുഡിയോ, ബിവറേജസ്, രണ്ട് പത്ര സ്ഥാപനങ്ങൾ, ഒരു പോസ്റ്റ് ഓഫീസ്, ഇൻഷുഫൻസ് കമ്പനി, ബാങ്ക് തുടങ്ങി മൂന്നു നിലകളിലായി 30 ഓളം സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ആകെയുള്ളത് മൂന്ന് ടോയ്‌ലറ്റുകൾ. അതും കെട്ടിടത്തിന്റെ പിന്നാമ്പുറത്ത് ബിയർ കുപ്പികളും ചപ്പുചവറുകളും കൂനകൂടി കിടക്കുന്നിടത്ത്. മൂക്കുപൊത്തിപിടിച്ചാണ് ടോയ്‌ലറ്റിന്‍റെ വാതിൽക്കലെത്തിയത്. അൽപ്പം വൃത്തിയുള്ള ഒന്നിന്റെ അകത്തുകയഫി വാതിലടയ്ക്കാൻ നോക്കിയപ്പോഴാണ് പണി പാളിയെന്ന് മനസിലായത്. വാതിലുണ്ട്. പക്ഷെ, അടിഭാഗം മുഴുവനും പൊളിഞ്ഞിരിക്കുന്നു. ഇന്ത്യൻ ടോയ്‌ലറ്റിൽ കുത്തിയിരിക്കുമ്പോൾ പുറത്തുള്ളയാൾക്ക് എല്ലാം കാണാവുന്നതരത്തിലാണ് വാതിലിന്റെ അവസ്ഥ. രണ്ടാമത്തെ ടോയ്‌ലറ്റാകട്ടെ, കണ്ടപ്പോൾ തന്നെ ഛർദ്ദിക്കുന്ന തരത്തിൽ വിസർജ്ജ്യം ചിതറി കിടക്കുന്നു. മൂന്നാമത്തെ ടോയ്‌ലറ്റിലാകട്ടെ, വൃത്തിയുണ്ടെങ്കിലും വാതിലിന് കൊളുത്തില്ല. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ഒരുപറ്റം ചേട്ടൻമാർ ബിവറേജിൽ നിന്ന് കുപ്പിയുമായി വരുന്നു. എന്നെ കണ്ട് ഒന്ന് മടിച്ചെങ്കിലും ടോയ്‌ലറ്റിന് പുറത്ത് സ്ഥാപിച്ച പൈപ്പിൻ ചുവട്ടിലേക്കവർ നടന്നു. ഗ്ളാസുകളിൽ വെള്ളമെടുത്ത് കുപ്പി പൊട്ടിച്ച് അടി തുടങ്ങാനാണ് ഭാവമെന്ന് കണ്ടതോടെ ഞാൻ പിൻവാങ്ങി.

കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളിലായി നിരവധി സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. അവരിലൊരാളോട് ഞാൻ ചോദിച്ചു നിങ്ങളെവിടെയാണ് മൂത്രമൊഴിക്കുന്നതെന്ന്. കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ‘ഞങ്ങളാരും മൂത്രമൊഴിക്കാറില്ല. രാവിലെ ഒമ്പതുമണിക്ക് ജോലിക്കെത്തിയാൽ പിന്നെ, വൈകിട്ട് ആറുമണിക്ക് വീട്ടിലെത്തിയ ശേഷമാണ് ടോയ്‌ലറ്റിൽ പോകുന്നത്. മൂത്രശങ്ക വരാതിരിക്കാനായി ചോറ് തൊണ്ടയിൽ കുടുങ്ങിയാൽ പോലും വെള്ളം കുടിക്കാറുമില്ല.’

അപ്പോ ഈ ടോയ്‌ലറ്റുകൾ ആരും ഉപയോഗിക്കാറില്ലേ എന്ന ചോദ്യത്തിന് ആണുങ്ങൾ ഉപയോഗിക്കും എന്നായിരുന്നു മറുപടി. അവർക്ക് വാതിലുവേണം, വെള്ളം വേണം എന്നൊന്നും നിർബന്ധമില്ലല്ലോ. അതിനാൽ കെട്ടിടത്തിലെ പുരുഷ ജോലിക്കാരും ബിവറേജിൽ മദ്യം വാങ്ങാൻ വരുന്നവരുമെല്ലാം ഈ ടോയ്‌ലറ്റുകൾ ധാരാളമായി ഉപയോഗിക്കുമത്രേ. ടോയ്‌ലറ്റ് വൃത്തിയാക്കി വാതിൽ പിടിപ്പിച്ച് തരാൻ കെട്ടിടം ഉടമയോട് പറഞ്ഞില്ലേ എന്ന ചോദ്യത്തിന് പല തവണ ടോയ്‌ലറ്റ് നന്നാക്കിയത്രേ. പക്ഷെ, പുരുഷജീവനക്കാർ കയ്യടക്കുന്നതിനാൽ സ്ത്രീകൾ അടുക്കാറില്ലെന്ന് നിസഹായതയോടെ ചിരി വരുത്തി അവർ പറഞ്ഞു. ചോറുകഴിച്ച് കൈകഴുകാൻപോലും ടോയ്‌ലറ്റിന്റെ ഭാഗത്തേക്ക് പോകാൻ പലർക്കും മടിയാണത്രേ.  ഗതികെട്ട പോസ്റ്റ് ഓഫീസിലെ വനിതാ ജീവനക്കാർ മേലാവിലേക്ക് പരാതി അയച്ചു. അതിനെ തുടർന്ന് അവർക്ക് ഓഫീസിനുള്ളിൽ ഒരാൾക്ക് നിൽക്കാവുന്നത്ര സ്ഥലത്ത് കുഞ്ഞൊരു ടോയ്‌ലറ്റ് പണിതു നൽകി.

പല സ്ത്രീകളോടും ഇക്കാര്യം സംസാരിച്ചു. മറുപടിക്ക് യാതൊരു മാറ്റവുമില്ല. ആർത്തവ സമയത്ത് സാനിട്ടറി പാഡ് മാറ്റാൻ സൗകര്യമില്ലാത്തതിനാൽ രണ്ടും മൂന്നും പാഡ് ഒരുമിച്ച് വച്ചാണ് ജോലിക്കെത്തുന്നത്. ജില്ലയിലെ പലസ്ഥാപനങ്ങളിലും ടോയ്‌ലറ്റില്ല.  നഗരത്തിൽ പൊതു ടോയ്‌ലറ്റില്ലാത്തതിനാൽ ഹോട്ടലുകളിൽ കയറി ചായകുടിക്കുന്നതിനൊപ്പം ശങ്ക തീർക്കേണ്ട അവസ്ഥയിലാണ് പലരും. കയ്യിൽ അന്നന്നത്തെ വണ്ടിക്കൂലി മാത്രമുള്ളവർക്ക് ഇതും അപ്രാപ്യം.

നഗരത്തിലെ ഹോട്ടലുകളിലും ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഒരേ ടോയ്‌ലറ്റാണ്. പലതിലും വൃത്തി ശരാശരി. ഒരിക്കൽ നഗരത്തിലെ പ്രധാന ഹോട്ടലുകളിലൊന്നിലെ ടോയ്‌ലറ്റിൽ പുരുഷജീവനക്കാരുടെ ഉപയോഗിച്ച അടിവസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത് കണ്ട് ഇറങ്ങിപ്പോന്നവരുണ്ട്. നൂറോളം സ്ത്രീകൾ ജോലി ചെയ്യുന്ന തുണികടകളിലാകട്ടെ, ഇടുങ്ങിയ വൃത്തിയില്ലാത്ത ഒരു ടോയ്‌ലറ്റേയുള്ളൂ. ധാരാളം വിദേശികൾ വരുന്ന നഗരത്തിൽ പബ്ളിക് ടോയ്‌ലറ്റുകൾ വേണമെന്ന  പലതവണ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർക്ക് ഇന്നേവരെ അതിന്റെ ആവശ്യം മനസിലായിട്ടില്ല.

വാൽകഷ്ണം-ഗർഭിണിയിപ്പോൾ വെള്ളം കുടി നന്നേ കുറച്ചതിനാൽ രാവിലെ 10 മുതൽ രാത്രി 7വരെ സമയത്തിനുള്ളിൽ രണ്ടുതവണ ശങ്ക തീർത്താൽ മതിയാകും.  ഉച്ചയ്ക്ക് ഓട്ടോ പിടിച്ച് വീട്ടിൽ പോയി കാര്യം സാധിക്കും. വൈകിട്ട് ഹോട്ടലുകളിലും.

കൂടുതല്‍ വായിക്കൂ.. 

കൊച്ചിയിലെ ഗ്രീന്‍ ടോയിലെറ്റുകള്‍ ‘ലാഭകരമല്ല’; മേയര്‍ സൌമിനി ജയിന്‍
പൊതു ടോയ്‌ലറ്റ്; ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരം-ഡോ. ബാബു രവീന്ദ്രന്‍

പൊതു ടോയ്‌ലറ്റ്: നിങ്ങളുടെ മാലിന്യം വാരുന്നവരും മനുഷ്യരാണ്
മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്? 
ഇ-ടോയ്‌ലറ്റുകളല്ല, വേണ്ടത് നാടിന് ചേര്‍ന്നത്; ഒപ്പം സമൂഹവും മാറണം
വൃത്തി സ്ത്രീകളുടെ മാത്രം സ്വകാര്യ ആവശ്യമല്ല-പി ഇ ഉഷ
പൊതു ടോയ്‌ലറ്റ്: പാര്‍ട്ടികളുടെ മാനിഫെസ്റ്റോയില്‍ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല- സികെ ജാനു
പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകള്‍ സാര്‍വത്രികമാക്കും-ടി എം തോമസ് ഐസക്
പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം

(കേരള കൌമുദിയില്‍ റിപ്പോര്‍ട്ടറാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍