UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൃത്തി സ്ത്രീകളുടെ മാത്രം സ്വകാര്യ ആവശ്യമല്ല-പി ഇ ഉഷ

Avatar

പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന സംവാദത്തില്‍ അഴിമുഖവും പങ്കുചേരുന്നു. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസാണ് ഫേസ്ബുക്കില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളായും രംഗത്തെത്തി. സി പി ഐ എം പൊളിറ്റ്ബ്യൂറോ  അംഗം പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.സാമൂഹ്യപ്രവര്‍ത്തകയും കേരള മഹിളാ സമഖ്യ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുമായ  പി ഇ ഉഷ പ്രതികരിക്കുന്നു. തയാറാക്കിയത്: ദില്‍ന മധു

കുറേക്കാലമായി പലതരത്തില്‍ ഉന്നയിക്കപ്പെടുന്ന വിഷയമാണ് വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ ഉറപ്പാക്കുക എന്നത്. എന്നാല്‍ അതൊന്നും അത്ര പ്രധാന വിഷയമായി പരിഗണിക്കപ്പെടുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ആണ് വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍ ഏറെ ബാധിക്കുന്നത്. സ്ത്രീകളില്‍ തന്നെ പലപ്പോഴും മധ്യവര്‍ഗത്തിനും അതിന് താഴെയും ഉള്ളവരുടെ വിഷയമാണ് ഇത്. അല്ലാത്തവര്‍ക്ക് അതിനുള്ള സൌകര്യമുണ്ട്. അവര്‍ ഹോട്ടലുകളെ ആശ്രയിക്കുന്നു. ഈ പ്രശ്‌നങ്ങളെ ഒന്നല്ലെങ്കില്‍ മറ്റ് രീതിയില്‍ മറികടക്കുന്നു.

ആവശ്യത്തിന് അനുസരിച്ചും വൃത്തി ഉള്ളതുമായ ടോയ്‌ലറ്റുകളുടെ അഭാവം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ വ്യാപ്തി യഥാര്‍ത്ഥത്തില്‍ വളരെ വലുതാണ്. ടോയ്‌ലറ്റ് സംവിധാനം നല്ലതല്ലാത്തതുകൊണ്ട് കുട്ടികളില്‍ പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്. അട്ടപ്പാടിയിലൊക്കെ വന്ധ്യതയ്ക്ക് വരെ കാരണമായേക്കാവുന്ന പ്രശ്‌നങ്ങള്‍ അതുകൊണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും ആ രീതിയില്‍ പരിഗണിക്കപ്പെടുന്നില്ല. ഒരിക്കല്‍ ഉണ്ടായിട്ടും നമ്മള്‍ അതില്‍ നിന്ന് പാഠം പഠിക്കുന്നില്ല. തിരുത്താനും ശ്രമിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നവരോടുള്ള സമീപനവും അങ്ങനെ തന്നെ. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ സുഗതകുമാരി ടീച്ചറൊക്കെ വൃത്തിയുള്ള ടോയ്‌ലറ്റ് വേണമെന്ന് പറഞ്ഞപ്പോള്‍ മൂത്രപ്പുര നോക്കലാണോ കമ്മീഷന്റെ പണി എന്ന രീതിയില്‍ പരിഹസിച്ചു. എപ്പോഴും ഇത്തരം ചര്‍ച്ച വരുമ്പോള്‍ ഇതാണ് സ്ഥിതി.

ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ എങ്ങനെ എങ്കിലും മാനേജ് ചെയ്യണം എന്നാണ് പലപ്പോഴുമുള്ള സമീപനം. നമ്മുടെ ഏത് സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡ് ഡിസ്പോസ് ചെയ്യാന്‍ സംവിധാനം ഉള്ളത്? എന്നാല്‍ ഇതൊന്നും ഒരു പ്രശ്‌നമായി കാണുന്നേ ഇല്ല. അത് എങ്ങനെ എങ്കിലും സ്ത്രീകള്‍ കൈകാര്യം ചെയ്യും എന്നല്ലാതെ മാനുഷികമായ പരിഗണന നല്‍കുന്നില്ല. ഇത് തന്ത്രപരമാണ്. കാരണം ഈ പ്രശ്‌നങ്ങള്‍ അംഗീകരിച്ചാല്‍ അത് പരിഹരിച്ചല്ലേ പറ്റൂ. സ്ത്രീകളുടേയും വിഷയമല്ല, പുരുഷന്മാരുടേയും വിഷയമല്ല എന്ന മട്ടിലാണ് കാര്യങ്ങള്‍.

വികസനത്തെ കുറിച്ചുള്ള സ്ത്രീകളുടെ സങ്കല്‍പ്പം പുരുഷന്മാരില്‍ നിന്ന് വലിയ വ്യത്യാസമായിട്ടൊന്നും വരുന്നില്ല. ആണ്‍ അധികാരത്തിന്റെ ഒരു വികസന സങ്കല്പമാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. അത് അതേവിധം അനുകരിക്കാനാണ് സ്ത്രീകള്‍ വന്നാലും ശ്രമിക്കുന്നത്. വളരെ വ്യത്യസ്തമായ സ്ത്രീ പക്ഷ കാഴ്ചപ്പാടോടെ കേരളത്തില്‍ എവിടെയാണ് വികസനം നടപ്പാക്കാന്‍ പറ്റുക?

ഓരോരോ തലത്തില്‍ പ്രായോഗികമായി ബുദ്ധിമുട്ടുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ചൂണ്ടിക്കാട്ടുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും പരിഹരിപ്പിച്ച് എടുക്കുകയുമാണ് ചെയ്യേണ്ടത്. അതിനുള്ള ശ്രമം വളരെ ആത്മാര്‍ത്ഥമായി കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ കൊടുക്കുന്നത് 2000 രൂപയും 3000 രൂപയും ഒക്കെ ആണ്. കേരളം പോലെ വിസ്തൃതി കുറഞ്ഞ ഒരു സംസ്ഥാനത്ത് കുടിവെള്ള സ്രോതസ്സും കക്കൂസ് ടാങ്കുമെല്ലാം അടുത്തടുത്ത് വരുന്ന സാഹചര്യം ഉണ്ട്. അതിനാല്‍ മികച്ച രീതിയിലുള്ള സെപ്റ്റിക് ടാങ്കുകള്‍ തന്നെ നിര്‍മ്മിക്കണം. അപ്പോള്‍ അതൊന്നും പരിഗണിക്കാതെയാണ് ഈ ചെറിയ തുക നല്‍കുന്നത്. അതുപോലെ തന്നെ ഇ -ടോയ്‌ലറ്റ് അത്ര പ്രായോഗികമായില്ല. അതിന്റെ സംവിധാനങ്ങളൊന്നും അത്ര ഫലം കണ്ടില്ല.

ഈ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരൊറ്റ വഴിയല്ല സ്വീകരിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. പല വഴികളുണ്ട്. പ്രാദേശികമായിഎറ്റവും സ്വീകാര്യമായതും പെണ്‍കുട്ടികള്‍ക്ക് സൌകര്യപ്രദവുമായ സംവിധാനം പ്രാദേശികമായി ഒരുക്കണം. ഒപ്പം പൊതുസ്ഥലത്ത് നിലവാരം ഉള്ള കക്കൂസ് സംവിധാനവും വേണം. നമ്മുടെ വിമാനത്താവളങ്ങളില്‍ നല്ല ടോയ്‌ലറ്റുകള്‍ ഉണ്ട്. റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒരു വിധം ഭേദമാണ് സംവിധാനങ്ങള്‍ എന്ന് പറയാം. നന്നായി നടത്തിക്കാന്‍ പറ്റുമെന്ന കാര്യം ഉറപ്പാണ്. സ്റ്റേറ്റ് അതിനകത്ത് വലിയ ആത്മാര്‍ത്ഥത കാണിക്കണം. പ്രദേശിക ഭരണകൂടം ഉള്‍പ്പെടെ അതിനകത്ത് വലിയ പങ്ക് വഹിക്കണം. അട്ടപ്പാടിയിലൊക്കെ സ്റ്റേറ്റിന്റെ വീഴ്ചയുണ്ട്. അവകാശം നേടാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. ഇതൊക്കെ നമ്മള്‍ പറയണമോ എന്ന സമീപനം മാറണം.

ടോയ്‌ലറ്റുകള്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് വോട്ട് നിര്‍ണയിക്കുന്ന ഘടകമേ അല്ല. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയാലും അത് നടപ്പിലാക്കും എന്ന് ഉറപ്പ് വരുത്തുന്ന സംവിധാനങ്ങള്‍ നമുക്ക് ഇല്ലല്ലോ. ഇത് പാലിച്ചില്ല എന്നത് വലിയ കുറ്റമായും കണക്കാക്കപ്പെടില്ല. എങ്കിലും ചിലര്‍ ഇപ്പോള്‍ അതിന് തയ്യാറായി എന്നത് സന്തോഷമുള്ള കാര്യമാണ്. പ്രാഥമികമായി സ്ത്രീകളെ പ്രധാനമായും ബാധിക്കുന്ന വിഷയമാകുമ്പോഴും ഇതൊന്നും സ്ത്രീകളുടെ മാത്രം പശ്‌നമല്ല. സ്ത്രീകള്‍ മാത്രം ഉന്നയിക്കേണ്ട വിഷയവുമല്ല. എയര്‍പോര്‍ട്ടില്‍ മികച്ച ടോയ്‌ലറ്റുകള്‍ ഉണ്ടാക്കിയത് സ്ത്രീകള്‍ പറഞ്ഞിട്ടല്ലല്ലോ? വൃത്തി ഒരു സമൂഹത്തിന്റെ ആവശ്യമാണ്. സ്ത്രീകളുടെ സ്വകാര്യ ആവശ്യമല്ല അതുകൊണ്ടുതന്നെ ഇത് സാമൂഹിക ഉത്തരവാദിത്വമാണ്. ഇത് കണ്ടില്ല എന്ന് വെയ്ക്കുന്നത് സമൂഹത്തിന്റെ അനാരോഗ്യമാണ്.

ചര്‍ച്ചയിലെ മുന്‍കുറിപ്പുകള്‍ ഇവിടെ വായിക്കാം

ഇ-ടോയ്‌ലറ്റുകളല്ല, വേണ്ടത് നാടിന് ചേര്‍ന്നത്; ഒപ്പം സമൂഹവും മാറണം
പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകള്‍ സാര്‍വത്രികമാക്കും-ടി എം തോമസ് ഐസക് 
പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം 
മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്?

 

(സാമൂഹ്യ പ്രവര്‍ത്തകയും കേരള മഹിളാ സമഖ്യ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുമാണ് പി ഇ ഉഷ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍