UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതു ടോയ്‌ലറ്റ്: നിങ്ങളുടെ മാലിന്യം വാരുന്നവരും മനുഷ്യരാണ്

Avatar

പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന സംവാദത്തില്‍ അഴിമുഖവും പങ്കുചേരുന്നു. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസാണ് ഫേസ്ബുക്കില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളായും രംഗത്തെത്തി. സി പി ഐ എം പൊളിറ്റ്ബ്യൂറോ  അംഗം പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. ടാന്‍സാനിയയില്‍ ജീവിക്കുന്ന സോമി സോളമന്‍ പ്രതികരിക്കുന്നു

 

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഒരു ടോയ്‌ലറ്റില്‍ നിന്നുള്ള ഒരു കാഴ്ചയാണ് താഴെക്കൊടുത്തിരിക്കുന്ന ചിത്രം. ശുചീകരണ തൊഴിലാളി സ്ത്രീ ആയിരിക്കുമെന്നും അവര്‍ സ്വന്തം കൈകള്‍ കൊണ്ടായിരിക്കും ഇത് എടുക്കേണ്ടി വരുന്നതെന്നും ബോധ്യമുള്ള ഉന്നത വിദ്യാഭ്യാസമുള്ള മറ്റൊരു സ്ത്രീ രക്തക്കറ പുരണ്ട സാനിട്ടറി പാഡുകള്‍ ഒരു കടലാസ് തുണ്ടില്‍ പോലും പൊതിയാതെ ഇടുമ്പോള്‍, നമ്മുടെ വൃത്തിഹീനമായ പൊതുമൂത്രപ്പുരകളെക്കുറിച്ച് കൂടിയാണ് കറപുരണ്ട സാനിട്ടറി പാടുകള്‍ സംസാരിക്കുന്നത്. പൊതുമൂത്രപ്പുരകള്‍ എങ്ങനെ വൃത്തിയില്ലാത്തതായി മാറുന്നുവെന്നും വൃത്തികേടാക്കുന്ന പൊതുബോധങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും കൂടിയാണ് അവ സംസാരിക്കുന്നത്.

 

 

ഒരു വര്‍ഷം മുന്‍പ് ബംഗ്ലൂരിലെ മാളില്‍ നടന്ന സംഭവം ഒരു സുഹൃത്ത് എഴുതിയത് ഓര്‍ക്കുന്ന. മാളിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ വളരെ തിരക്കായിരുന്നു. വളരെയധികം മനുഷ്യര്‍ വരിവരിയായി നിന്ന് മൂത്രപ്പുര ഉപയോഗിക്കുന്നു. തിരക്കു മൂലം ശുചീകരണ തൊഴിലാളികള്‍ വളരെ വേഗം തന്നെ വൃത്തിയാക്കുകയും ചെറിയ നനവ് പോലും തുടച്ച് കാത്തു നില്‍ക്കുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനുവേണ്ടി മാറി മാറി പണികള്‍ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ മുത്രപ്പുര ഉപയോഗിച്ചിറങ്ങിയ ഒരു സ്ത്രീയോട് ഒന്ന് ഫ്ലെഷ് ചെയ്യാമായിരുന്നില്ലേ എന്ന് ശുചീകരണ തൊഴിലാളി വളരെ വിഷമത്തോടെ ചോദിച്ചപ്പോള്‍ അവരുടെ മറുപടി ആദ്യം കുറെ അസഭ്യവും പിന്നെ നിന്റെയൊക്കെ ജോലിയാടീ അതൊക്കെ’ എന്നുമായിരുന്നു. അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പോലും ഇടപെടുകയോ ഇതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തില്ല.

 

മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്? – സുനിത ദേവദാസ്

 

മനുഷ്യ മാലിന്യങ്ങള്‍ സ്വന്തം കൈകള്‍ കൊണ്ട് വാരേണ്ടി വരുന്ന, യാതൊരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെ അഴുക്കുകള്‍ വാരാന്‍ ഓടകളിലേക്ക് ഇറങ്ങുന്ന, ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്ന മനുഷ്യ ജീവിതങ്ങളുടെ മുമ്പില്‍ നിന്നുകൂടിയാണ് നമ്മള്‍ മൂത്രപ്പുരകളെക്കുറിച്ച് സംസാരിക്കുന്നത്.

 

ഇ-ടോയ്‌ലറ്റുകളല്ല, വേണ്ടത് നാടിന് ചേര്‍ന്നത്; ഒപ്പം സമൂഹവും മാറണം– ജ്യോതി നാരായണന്‍

 

ഞാന്‍ പഠിച്ച കൊല്ലം സെന്റ് ജോസഫ്സ് കോണ്‍വെന്‍റിലും കൊല്ലം വനിതാ കോളേജിലും അഴുക്കുനിറഞ്ഞ, ഉപയോഗിക്കാന്‍ കഴിയാത്ത മൂത്രപ്പുരകളായിരുന്നു ഉണ്ടായിരുന്നത്. രാവിലെ മുതല്‍ വൈകിട്ട് വീട്ടില്‍ തിരികെ എത്തുന്നതുവരെ വെള്ളം കുടിക്കാതെ, മൂത്രം ഒഴിക്കാതെ പിടിച്ചു നിര്‍ത്താന്‍ ശീലിച്ചിരുന്നു. അതിന്റെ പരിണിതഫലം ഒഴിഞ്ഞുമാറാത്ത അണുബാധയായി ഒപ്പം കൂടിയിട്ടുണ്ട്. ഇത് എന്റെ മാത്രം അനുഭവമല്ല. വിദ്യാര്‍ഥികളുടെ, ദിവസേന ജോലിക്ക് പോകുന്ന സ്ത്രീകളുടെ ഒക്കെ അവസ്ഥയാണ്. ഇപ്പോഴും ഞാന്‍ പഠിച്ച ഇടങ്ങളില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല.

 

മാറ്റങ്ങള്‍ വന്നിട്ടില്ല എങ്കില്‍ ഇനിയെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകണം. വൃത്തിയുള്ള മൂത്രപ്പുരകള്‍ ഉണ്ടാകണം. അവ വൃത്തിയായി സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന ബോധം ഉണ്ടാകണം. സാനിട്ടറി പാഡുകള്‍ വൃത്തിയായി, സുരക്ഷിതമായി ഉപേക്ഷിക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടാകണം. അത് കക്കൂസ് അറകള്‍ ബ്ലോക്കാക്കുന്ന രീതിയില്‍ ഉപേക്ഷിക്കുന്നത് മാറണം. ഉപയോഗിച്ച സാനിട്ടറി പാഡുകള്‍ സംസ്‌കരിക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടാകണം.

 

പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം 

 

ശുചീകരണ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഒരു പ്രത്യേക ജാതിയോ , പ്രത്യേക വിഭാഗമോ ശുചീകരണ തൊഴിലാളികളായി നിയോഗിക്കപ്പെടരുത്. ഇക്കാര്യത്തില്‍ വിവേചനം ഉണ്ടാകരുത്. ശുചീകരണത്തിനാവശ്യമായ കയ്യുറകള്‍, മറ്റു രാസവസ്തുക്കള്‍, ഉപകരണങ്ങള്‍ എല്ലാം കൃത്യമായും സ്ഥിരമായും ലഭ്യമാക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാകണം.
ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ പരിചരണത്തിന് മാര്‍ഗങ്ങള്‍ ഉണ്ടാകണം. മൂത്രപ്പുരകള്‍ ഉപയോഗിക്കുന്ന പൊതുസമൂഹം പൌരബോധത്തോടെ പെരുമാറുകയും വേണം.

 

വൃത്തി സ്ത്രീകളുടെ മാത്രം സ്വകാര്യ ആവശ്യമല്ല-പി ഇ ഉഷ

 

തെരഞ്ഞെടുപ്പ് വേളയില്‍ മനുഷ്യന്റെ പ്രാഥമിക ആവശ്യമായ മൂത്രപ്പുരകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അവ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അതിനൊപ്പം മൂത്രപ്പുരകള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കപ്പെടുന്ന മനുഷ്യ ജീവിതങ്ങളുടെ അവകാശങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയും അവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. 

 

പൊതു ടോയ്ലറ്റ്: പാര്‍ട്ടിക്കളുടെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല- സി.കെ ജാനു

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍