സുനിത ദേവദാസ്
‘‘ഞാന്‍ രണ്ടു മണിക്കൂറായി കോട്ടയം ബസ് സ്റ്റാന്റിനടുത്ത് ഒരു സഹായത്തിനായി കാത്തിരിക്കുന്നു. ഒരു പെണ്‍കുട്ടി (23 വയസ്സ്) ഈ പട്ടണത്തില്‍ സെക്സ് റാക്കറ്റിനുള്ളില്‍ പെട്ടിരിക്കുന്നു. അവളുമായി സംസാരിച്ചു. പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ആരുമില്ല സഹായിക്കാന്‍ . പറ്റുമെങ്കില്‍ ആരെങ്കിലും ഇപ്പോള്‍ എന്നെ വിളിക്കു ” എന്ന സജി മാര്‍ക്കോസിന്റെ പോസ്റ്റ് ഇന്നലെ പാതിരാത്രിയില്‍ ഒരു സുഹൃത്താണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ വിഷയത്തില്‍ എന്തു ചെയ്യാനാവുമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ പലരും അതില്‍ കമന്റു ചെയ്യുന്നുണ്ടായിരുന്നു. മിനിറ്റുകള്‍ക്കകം പൊലീസ് എത്തി എന്ന കമന്റും കണ്ടു.
സോഷ്യല്‍ മീഡിയ മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ എത്രമാത്രം പ്രയോജനപ്രദമായും അവഗണിക്കാന്‍ വയ്യാത്തതായും മാറി എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. ധാരാളം വ്യക്തികള്‍ ഇന്ന് സോഷ്യല്‍ മീഡിയയെ വളരെ ഗൗരവത്തോടെ ഉപയോഗിക്കുന്നതായി കാണുന്നു. ഏഷ്യാനെറ്റിലെ വാര്ത്താവതാരകന് വിനു വി ജോണ്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അനധികൃത മദ്യശാല സങ്കേതത്തിനെതിരെ ഇട്ട പോസ്റ്റും ഫലം കണ്ടു. സങ്കേതം താല്‍ക്കാലികമായെങ്കിലും അടച്ചു പൂട്ടി. എറണാകുളത്ത് ട്രാന്സ്ജെന്ഡേഴ്സിനെ പൊലീസ് മര്‍ദ്ദിച്ചപ്പോഴും സോഷ്യല്‍ ആക്റ്റിവിസ്റ്റായ ശീതള്‍ ശ്യം സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റിലൂടെയാണ് വിവരം പാതിരാത്രിയില്‍ തന്നെ പുറത്തറിഞ്ഞത്. അതത്തേുടര്‍ന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടതും.
കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ സ്ത്രീകള്‍ പൊതുമൂത്രപ്പുരകള്‍ ആവശ്യപ്പെട്ടു നടത്തിയ സോഷ്യല്‍ മീഡിയ കാമ്പയിനോട് പിണറായി വിജയനും ഡോ തോമസ് ഐസക്കും പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ബജറ്റില്‍ അതിനായി തുകയും നീക്കി വച്ചിരിക്കുന്നു. സാധാരണജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സുതാര്യമായ ഒരു ഭരണമാതൃകയാണ് ഇത്. പൗരന്റെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് ചെവികൊടുക്കുന്ന ഭരണാധികാരികള്‍ തിരിച്ചത്തെുന്നുവെന്ന സൂചന കൂടിയാണിത്. ലിംഗസമത്വം എന്നത് പ്രസംഗങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ആദ്യപടിയായി സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക വകുപ്പും അതുവഴിയുള്ള പ്രവര്‍ത്തനങ്ങളും നല്കുന്ന സന്തോഷവും ആശ്വാസവും വലുതാണ്.
പൊതുമൂത്രപ്പുരകള്‍ പണിയുമ്പോള്‍ അതിനോടൊപ്പം അഡ്രസ് ചെയ്യപ്പെടേണ്ട മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ് ആര്‍ത്തവവും സാനിറ്ററി പാഡുകളുടെ ഡിസ്പോസലും. എല്ലാ പൊതു മൂത്രപ്പുരകളിലും സാനിറ്ററി പാഡുകള്‍ ഡിസ്പോസ് ചെയ്യാനും അവ പരിസ്ഥിതി മലിനീകരണമില്ലാതെ നശിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ കൂടി വേണം. പരീക്ഷണാടിസ്ഥാനത്തില്‍ ഏതെങ്കിലും ജില്ലയില്‍ പത്തെണ്ണം ഉണ്ടാക്കി നോക്കാവുന്നതാണ്.
സ്കൂളില്‍ പോവുന്ന ഋതുമതിയായ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അമ്മമാരല്ലാത്ത ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ, വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ, പരിഹാരങ്ങള്‍ കണ്ടുപിടിക്കുന്നുണ്ടോ എന്ന് സംശയമാണ്. മാറിയ ഭക്ഷണശീലവും ജീവിത രീതിയും നമ്മുടെ പെണ്‍കുട്ടികളെ ബാല്യം വിടുന്നതിനു മുമ്പു തന്നെ ഋതുമതിയാക്കുന്നുണ്ട്. ഒമ്പതും പത്തും വയസില്‍ ആര്ത്തവമാരംഭിക്കുന്ന കുട്ടികള്‍ സ്കൂളില്‍ നേരിടുന്നത് കടുത്ത പ്രശ്നങ്ങളാണ്. വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിനു പുറമെ സാനിറ്ററി പാഡുകള്‍ മാറ്റാനും മാറ്റിയത് എവിടെ കളയുമെന്നതും കളഞ്ഞവ എങ്ങനെ നശിപ്പിക്കുമെന്നുള്ളതും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാന്‍ കിട്ടാത്ത ഇന്നും തുണിയെ തന്നെ ശരണം പ്രാപിക്കേണ്ടി വരുന്നവരും നമ്മുടെ സമൂഹത്തില്‍ ഇന്നുമുണ്ട്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ സാനിറ്ററി പാഡുകളെ പിന്തള്ളി പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും രംഗത്തത്തെി കഴിഞ്ഞു. സാനിറ്ററി പാഡുകള്‍ എങ്ങനെ പരിസ്ഥിതി നാശമില്ലാതെ ഡിസ്പോസ് ചെയ്യുമെന്ന ചോദ്യത്തിനുത്തരമാണ് അത്ര പുതിയതല്ലാത്ത ഈ കണ്ടുപിടുത്തങ്ങള്‍.
മെന്സ്റ്റുറല് കപ്പുകളും ടാംപണ്സും ഇന്ന് പ്രചാരത്തിലായി കഴിഞ്ഞു. സ്ത്രീകളും പെണ്‍കുട്ടികളും ഇന്ന് എല്ലാത്തരം ജോലികളിലും ആര്‍ത്തവസമയത്തും ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഇത്തരം ഉപകരണങ്ങള്‍ പ്രചാരത്തിലായത്. മെന്സ്റ്റുറല് കപ്പുകള്‍ തുടര്‍ച്ചയായി പന്ത്രണ്ടു മണിക്കുര്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. ടാംപണ്സിനെ അപേക്ഷിച്ച് കപ്പുകള്‍ കൂടുതല്‍ ഉപയോഗസൗകര്യങ്ങളുള്ളവയാണ്. ഇവ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ , അവയെങ്ങനെ ഡിസ്പോസ് ചെയ്യുമെന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിനുള്ള ഉത്തരം കപ്പുകള്‍ നല്‍കും.
പുതിയ ബജറ്റില്‍ പെണ്‍കുട്ടികള്‍ക്കായി ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകള് എന്നൊരു പ്രഖ്യാപനമുണ്ട്. കേരളത്തിലെ എല്ലാ സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് ലേഡീസ് റൂമും അതിനോടനുബന്ധിച്ച് ഒരു ടോയ്ലറ്റും അത്യാവശ്യമാണ്. ആര്‍ത്തവ സമയങ്ങളില്‍ ആവശ്യത്തിനു മൂത്രമൊഴിക്കാനും റെസ്റ്റെടുക്കാനും പാഡുകള്‍ സമയാസമയങ്ങളില്‍ മാറ്റാനും ഈ സൗകര്യം അത്യന്താപേക്ഷിതമാണ്. ആര്‍ത്തവ സമയങ്ങളില്‍ ശുചിത്വം പാലിക്കാന്‍ കഴിയാത്തുകൊണ്ടും സമയത്ത് പാഡുകള്‍ മാറ്റാന്‍ കഴിയാത്തതു കൊണ്ടും വിളിച്ചു വരുത്തുന്ന രോഗങ്ങള്‍ നിരവധിയാണ്. ആര്‍ത്തവസമയത്തെ സമാധാനത്തോടും സൗകര്യത്തോടും കൂടി നേരിടാന്‍ കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഒരിക്കലും ആര്‍ത്തവത്തെ വെറുക്കില്ല, പേടിക്കില്ല… അതിനെ ദുരിതമായി കാണില്ല.
ബജറ്റില്‍ പ്രഖ്യാപിച്ച ഗേള്‍സ് ഫ്രണ്ട്ലി ശുചിമുറികള്‍ പൊതുജന പങ്കാളിത്തത്തോടെ നമുക്ക് ഓരോ സ്കൂളിലും ലേഡീസ് റൂമും അറ്റാച്ച്ഡ് ടോയ്ലറ്റുകളും എന്ന അത്യാവശ്യ കാര്യം നടപ്പാക്കാന്‍ ഒരുമിച്ചു നില്ക്കാം. അതിനോടൊപ്പം പിന്നാക്കമേഖകളിലെ കുട്ടികള്‍ക്ക് ആവശ്യത്തിനു പാഡുകള്‍ എത്തിക്കാനും നമുക്ക് സര്‍ക്കാരിനൊപ്പം നില്ക്കാം.
മാനം മുട്ടുന്ന കെട്ടിടങ്ങളും പാലങ്ങളും എകസ്പ്രസ് ഹൈവേകളും മാത്രമാണ് വികസനം എന്ന യാഥാസ്തിക സങ്കല്‍പ്പം പൊളിച്ചെഴുതിയ സാധാരണക്കാരനൊപ്പവും സ്ത്രീകള്‍ക്കൊപ്പവും നിന്ന ബജറ്റാണ് ഇത്തവണത്തേത്. സ്ത്രീപക്ഷം എന്നതിനേക്കാള്‍ ഈ ബജറ്റിനെ ജനപക്ഷ ബജറ്റ് എന്നു വിലയിരുത്തുന്നു. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ കാണുന്ന ധനമന്ത്രിയെയും ഭരണകൂടത്തേയും രാഷ്ട്രീയത്തിനപ്പുറം നെഞ്ചോടു ചേര്‍ത്തു നിര്‍ത്താന്‍ സാധാരണക്കാരന് ഈ ബജറ്റിലെ സാധാരണ ചില പ്രഖ്യാപനങ്ങള്‍ മാത്രം നടപ്പായാല്‍ മതി.
സോഷ്യല്‍ മീഡിയയെ ഗൗരവമായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടേയും ഭരണാധികാരികളുടേയും എണ്ണവും കൂടി വരികയാണ്. ജനങ്ങള്‍ എന്തു ചിന്തിക്കുന്നുവെന്നറിയാനും ഓരോ വിഷയത്തിലും എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാനും സോഷ്യല്‍ മീഡിയയോളം നല്ല മറ്റൊരു മാര്‍ഗമില്ല എന്നതാണ് സത്യം. മുമ്പായിരുന്നെങ്കില്‍ ഭരണാധികാരികള്‍ സാധാരണക്കാര്‍ക്ക് അസ്പൃശ്യരായിരുന്നു. ഏതെങ്കിലും വിഷയത്തില്‍ പരാതി നല്‍കാനോ പ്രതികരണം അറിയിക്കാനോ കത്തെഴുതുകയോ ഇ മെയില്‍ അയക്കുകയോ ചെയ്യണമായിരുന്നു. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയില്‍ സജീവമാണ്. അവര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കാന്‍ സാധാരണക്കാരനും കഴിയുന്നു. ധനമന്ത്രി തോമസ് ഐസക്കിനെ പോലെ സോഷ്യല്‍ മീഡിയിലൂടെ തന്നെ തീരുമാനങ്ങളെടുക്കുകയും മറുപടി നല്‍കുകയും ചെയ്യുന്ന ഭരണാധികാരികള്‍ നല്‍കുന്നത് വലിയ ശുഭപ്രതീക്ഷയാണ്. സുതാര്യത കൈവരിക്കാന്‍ ഇത്തരം ഇടപെടലുകള്‍ വളരെയേറെ ഉപകരിക്കുന്നുണ്ട് എന്നതാണ് സത്യം. ജനപ്രതിനിധികളേയോ ഭരണാധികാരികളേയോ ജനകീയ വിചാരണ നടത്താന്‍ വരെ ഉപകരിക്കുന്ന രീതിയിലേക്ക് സോഷ്യല്‍ മീഡിയ വളര്‍ന്നിരിക്കുന്നു.
എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇന്ത്യ പോലൊരു വികസ്വര രാജ്യത്തിലെ ഭരണകൂടത്തിന് കഴിയണമെന്നില്ല. എന്നാല്‍ നാം കൂടെ നിന്നാല്‍ ,ഒരു കൈ സഹായം നല്കിയാല് ഒരു ജനകീയ സര്‍ക്കാരിന് ഏറെ മുന്നോട്ടു പോകാനാവും. സമാന്തര ഭരണകൂടമാവാതെ സര്‍ക്കാരിനൊപ്പം നിന്ന് സോഷ്യല്‍ മീഡിയക്കും അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളികളാവാം.
മുഖ്യധാരാ മാധ്യമങ്ങള്‍ മാത്രം അരങ്ങു വാണിരുന്ന കാലത്ത് സാധാരണക്കാരന്റെ ആവശ്യങ്ങളോ ഒറ്റപ്പെട്ട ശബ്ദങ്ങളോ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ നിലവിളിയോ പുറത്തു വന്നിരുന്നില്ല. മുഖ്യധാര മാധ്യമങ്ങള്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വേണ്ടി മാത്രം മാധ്യമപ്രവര്‍ത്തനവും നടത്തി വന്നു. എന്നാല്‍ കാലം മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഉള്ള എല്ലാവരും ഇന്ന് പത്രമുടമകളാണ്. എല്ലാവരും അവനവന്റെ വാളിന്റെ എഡിറ്റര്‍മാരാണ്. ആരും നല്‍കാത്ത വാര്‍ത്തകളും മനുഷ്യാവകാശധ്വംസനങ്ങളും അവനവനേയും ചുറ്റുമുള്ളവരേയും അലട്ടുന്ന എല്ലാം സത്യസന്ധമായി എഡിറ്ററുടെ കത്രികയോ രാഷ്ട്രീയമോ നോക്കാതെ സമൂഹമധ്യത്തില്‍ എത്തിക്കാന്‍ കഴിയുന്നു.
വലിയൊരു സാമൂഹിക മാറ്റത്തിനാണ് ഇന്ന് സോഷ്യല്‍ മീഡിയ വേദിയാവുന്നത്. അതോടൊപ്പം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തവും കൂടുകയാണ്. അവനവനോടും വായനക്കാരനോടും നീതി പുലര്‍ത്താനും സത്യസന്ധമായി വിഷയങ്ങളെ അവതരിപ്പിക്കാനും ഓരോരുത്തരും ഇന്ന് ബാധ്യസ്ഥരാണ്. സോഷ്യല്‍ മീഡിയ വെറും സെല്ഫിയിടാനും പ്രണയവും നൊസ്റ്റാള്‍ജിയയും എഴുതാനുമുള്ള ഇടമായി ചുരുക്കാതെ നമുക്ക് വാര്ത്താവിസ്ഫോടനങ്ങള് സൃഷ്ടിക്കാനും മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും ദൈനംദിനാവശ്യങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും ഉള്ള ഇടം കൂടിയാക്കാം.
നമുക്കോരോരുത്തര്‍ക്കും വിത്തുകളാകാം. കുഴിച്ചു മൂടുമ്പോള്‍ പൊട്ടിമുളച്ച് വന്‍ വൃക്ഷമാവാന്‍ ശേഷിയുള്ള വന്യശക്തിയുള്ള വിത്തുകള്‍.
(മാധ്യമപ്രവര്‍ത്തകയായ സുനിത ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്നു)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)