UPDATES

‘കാക്കാമുട്ടൈ’കള്‍ വിരിയുന്ന തമിഴ് സിനിമയില്‍ ഇത്തരം’പുലി’കളെ ഇറക്കരുത്

Avatar

ഷഫീദ് ഷെറീഫ്

കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തിറങ്ങുന്ന തമിഴ് സിനിമകള്‍ മലയാളിയുടെ കലാബോധത്തെ വെല്ലുവിളിക്കുകയാണ്. അടിമുടി മാറ്റവുമായി അവിടെ ഇറങ്ങിയ പല ചിത്രങ്ങളും തമിഴകം മാത്രമല്ല കീഴടക്കിയത്, ഭാഷയുടെയും സംസ്‌കാരത്തിന്റെ വരമ്പുകള്‍ ഭേദിച്ചു മുന്നേറാന്‍ അത്തരം സിനിമകള്‍ക്ക് കഴിഞ്ഞു. തമിഴന്റെ സിനിമാബോധം കണ്ടുപഠിക്കണമെന്ന ആഹ്വാനംവരെയുണ്ടായി. വിദേശ മേളകളില്‍ ചെറിയ മുതല്‍ മുടക്കില്‍ താരനിരയില്ലാത്ത, കഴമ്പുള്ള കഥകളുമായെത്തിയ സിനിമകള്‍ അതു വരെ കിട്ടാത്ത ഇടങ്ങള്‍ കണ്ടെത്തി. അപ്പോഴും മൂല്യമുള്ള സിനിമകള്‍ക്ക് ദുഷ്‌പേരു കേള്‍പ്പിക്കാന്‍ വാണിജ്യ ഫോര്‍മുലകള്‍ മാത്രം നിറച്ച് അത്തരം പ്രേക്ഷകരെ മാത്രം സംതൃപ്തിപ്പെടുത്തുന്ന സിനിമകള്‍ പുറത്തിറങ്ങുകയും കൂക്കു വിളികള്‍ കേള്‍പ്പിക്കുകയും ചെയ്തു. ‘പുലി’ എന്ന വിജയ് സിനിമ ഈ വര്‍ഗത്തില്‍പ്പെടുത്താവുന്ന ഒന്നാണ് (സംവിധായകന്റെ സിനിമ അല്ലാത്തതു കൊണ്ടാണ് ചിത്രത്തെ ‘വിജയ് സിനിമ’ എന്നു വിശേഷിപ്പിച്ചത്. അതാണ് തമിഴിലെ കീഴ്‌വഴക്കവും). 

പുലിയിലേക്കു കടക്കുന്നതിനു മുന്‍പ് ഇതിലെ നായകനായ വിജയ് എന്ന അതിമാനുഷികനായ, പ്രേക്ഷകന്റെ യുക്തിയെ പരിഹസിക്കുന്ന അഭിനേതാവിനെ കുറിച്ച് പറയേണ്ടതുണ്ട്. ഒരു കാലത്തു മലയാള സിനിമയില്‍ സംഭവിച്ചു കൊണ്ടിരുന്ന സൂപ്പര്‍സ്റ്റാര്‍ സിംബോളിസമാണ് വിജയ് ഇപ്പോഴും പിന്തുടരുന്നത്. അതിനാലാവാം വൈകാരിക പ്രകടനങ്ങളിലും കഥാമികവിന്റെ സാന്നിധ്യത്തിലും ഈ നടന് കൈപൊള്ളുന്നത്. എല്ലാ സിനിമകളിലും രൂപങ്ങളില്‍ വലിയ മാറ്റമൊന്നും കാണില്ല, അഭിനയ പ്രകടനത്തിന്റെ കാര്യത്തില്‍ സാഹചര്യങ്ങള്‍ മാറുന്നുവെന്ന വ്യത്യാസം മാത്രം. ഇതിനെല്ലാമുപരി പൊടി പാറുന്ന ഇടിയും, മുഴു നീളന്‍ സംഭാഷണവും; ഇതാണു ശരാശരി വിജയ് സിനിമ. അഭിനയിത്തിന്റെ പഴകിയ വഴിയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ആഗ്രഹം കാണിക്കാത്ത നടനെന്ന ആക്ഷേപവും കൂടെയുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ തകര്‍ത്താടിയ ക്ലീഷേ പ്രണയ സിനിമകളിലെ വിരഹ നായകനിലൂടെ കുറച്ചധികം ആരാധകരെ തന്റെ വഴിയിലാക്കി എന്നല്ലാതെ അവകാശപ്പെടാന്‍ കാര്യമായിട്ടൊന്നുമില്ല വിജയ് എന്ന നടന്. എന്നിരുന്നാലും ആണ്ടു നേര്‍ച്ച പോലെ ആരാധകര്‍ക്കു വേണ്ടി പുറത്തിറക്കുന്ന സിനിമകളില്‍ വത്യസ്തമായൊരു ഭാവംപോലും ആ മുഖത്ത് ഉണ്ടാകുന്നില്ലെന്നത് എന്തു കഷ്ടമാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി പുറത്തിറങ്ങിയ തലൈവ, തുപ്പാക്കി, ജില്ല, കത്തി തുടങ്ങിയ സിനിമകള്‍ അരാഷ്ട്രീയ ചേരുവകളാല്‍ സമ്പന്നമായിരുന്നു. പക്ഷെ സാമ്പത്തിക വിജയത്തിന്റെ കാര്യത്തില്‍ നേട്ടം കൊയ്തു. വിജയ് ചിത്രങ്ങളുടെ സംവിധായകരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ആ നടന് വിധേയനായാണ് തങ്ങളുടെ ജോലി ചെയ്യുന്നത്. ഇല്ലാതാകുന്ന സംവിധായക സ്വാതന്ത്ര്യത്തില്‍ സിനിമ പരാജയം നേരിടുന്നു. വിജയ് സേതുപതി, ബോബി സിംഹ തുടങ്ങിയ തമിഴിലെ പുതുതാരങ്ങള്‍ അഭിനയ മികവാലും കഥാപാത്ര വൈചിത്ര്യത്താലും അമ്പരപ്പിക്കുമ്പോള്‍ വിജയ്‌യെ പോലെയുള്ള സൂപ്പര്‍ താരങ്ങള്‍ പുനര്‍വിചിന്തനത്തിനുപോലും തയ്യാറാകുന്നില്ലെന്നത് അവരുടെ പരാജയത്തെ ക്ഷണിച്ചു വരുത്തലാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ അതിനൊന്നു കൂടി അടിവരയിട്ടിട്ടുമുണ്ട് അദ്ദേഹം.

മാസങ്ങളായി പട്ടിണി കിടന്ന പുലിയുടെ കൂട്ടിലെത്തപ്പെട്ടവന്റെ അവസ്ഥയാണ് തിയേറ്ററില്‍ കയറിയ പ്രേക്ഷനുണ്ടായത്. കടിച്ചു കീറിന്നതിനിടയില്‍ ഇറങ്ങിയോടാന്‍ പല തവണ തോന്നി. വിജയ് ആരാധകര്‍ക്ക് പാലൊഴുക്കാന്‍ തോന്നുമായിരിക്കും. എന്നാല്‍ സഹനശേഷി കുറവുള്ള ആരാധകന് കണ്ണീരൊഴുക്കാനെ തോന്നൂ. ചിമ്പു ദേവനെന്ന സംവിധായകന്റെ ഏറ്റവും മോശം പടമെന്നും പുലിയെ അടയാളപ്പെടുത്താം. 

വേതാള കോട്ടൈ എന്ന ബൃഹത്തും സമ്പന്നവുമായ രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ സംഭവിക്കുന്നത്. യവനറാണി (ശ്രീദേവി) ആണ് വേതാള കോട്ടൈ ഭരിക്കുന്നത്. സമീപ ഗ്രാമങ്ങളില്‍ കൊള്ളയും കൊള്ളിവയ്പും നടത്തിയാണ് വേതാള കോട്ടൈക്കാര്‍ വാഴുന്നത്. ഇവരില്‍ നിന്ന് ഗ്രാമീണരെ സംരക്ഷിക്കുകയെന്ന ദൗത്യമേറ്റെടുത്ത് മറുധീരന്‍ (വിജയ്) എത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ശേഷം. സിനിമ തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെയെത്തുന്ന ആക്ഷന്‍ രംഗങ്ങളിലെ വിയോജിപ്പ് പ്രേക്ഷകര്‍ നേരിടാന്‍ പോകുന്ന നിരാശയുടെ തുടക്കമാണ്. പിന്നീടങ്ങോട്ട് കടുത്ത വിജയ് ആരാധകരെ പോലും ഭ്രാന്താക്കുന്നതരത്തില്‍ എന്തൊക്കെയോ നടക്കുന്നു. പതിവു വിജയ് സിനിമകളിലെ പോലെ നായികയുടെ വരവും, പ്രണയവും, അതിനു വേണ്ടിയുള്ള ത്യാഗങ്ങളും എല്ലാമുണ്ട്. മുന്‍കാല ചിത്രങ്ങളില്‍ നിന്ന് പശ്ചാത്തല ഭൂമികയ്ക്ക് വ്യത്യാസമുണ്ടെങ്കിലും, പ്രേക്ഷകനെ പിടിച്ചിരുത്താന്‍ അതിനൊന്നും സാധിക്കുന്നില്ല. പ്രമേയാവതരണത്തിലെ പാളിച്ചയും, കഥാവൈകല്യവും പുലിയുടെ മുന്നോട്ടുള്ള പോക്കിനു വെല്ലുവിളിയാകുന്നുണ്ട്. ഇടവേളയ്ക്കപ്പുറം, നായികയെ തേടിപ്പോകുന്ന നായകന്‍, പ്രതികാരദാഹിയായ നായകന്‍ തുടങ്ങിയ വെറുപ്പിക്കുന്ന പതിവു പല്ലവികള്‍ ആവര്‍ത്തിച്ചു പ്രേക്ഷകനെ തിയേറ്ററില്‍ നിന്ന് ആട്ടിയകറ്റുന്നു.

സംസാരിക്കുന്ന പക്ഷിയും, ആമയും, രാക്ഷസനുമൊക്കെ സിനിമയിലെ കഥാപാത്രങ്ങളാണ്. ഫാന്റസി ചിത്രമെന്ന് അണിയര്‍ക്കാര്‍ മുന്‍കൂര്‍ പറഞ്ഞതു കൊണ്ടു ക്ഷമിക്കാം(സിനിമയിലെ മറ്റു കഥാപാത്രങ്ങളെക്കാള്‍ നല്ലത് ഇവരാണെന്നു തോന്നിപ്പോകും). 154 മിനിട്ടാണ് സിനിമയുടെ ദൈര്‍ഘ്യം. അതിലേറെയും വലിച്ചു നീട്ടലാണ്. അനാവശ്യ രംഗങ്ങള്‍ കൊണ്ട് ആഘോഷമാക്കിയിട്ടുണ്ട്. 120 കോടിയോളം മുതല്‍ മുടക്കിലാണ് പുലി ചിത്രീകരിച്ചത്. ഗ്രാഫിക്‌സുകളുടെ അമിതമായ ഉപയോഗം വേറൊരു തരത്തില്‍ പ്രേക്ഷകനെ കളിയാക്കും. കാര്‍ട്ടൂണ്‍ ചാനലുകളുടെ നിലവാരത്തിലുള്ള പല രംഗങ്ങളും സിനിമയെ പ്രതികൂലമായി ബാധിച്ചു. 

കഴിവില്ലാത്ത സംവിധായകനല്ല ചിമ്പു ദേവന്‍. സ്വതന്ത്ര ശൈലിയിലൂടെ തമിഴകത്തിനു മാറ്റം കുറിക്കാന്‍ ചിമ്പു ദേവന്റെ മുന്‍കാല സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇസൈ അരശന്‍ പുലികേശി, ഇരുമ്പുകോട്ടൈ മുരട്ടുസിങ്കം എന്നീ ഫാന്റസി കോമഡി ഗണത്തില്‍പ്പെട്ട ചിത്രങ്ങള്‍ നിരൂപക ശ്രദ്ധ നേടിയവയാണ്. എന്നാല്‍ സൂപ്പര്‍സ്റ്റാറിസം ചിമ്പു ദേവനെ ചരിത്രത്തിലെ മോശം സിനിമയുടെ സംവിധായകനാക്കിയും അടയാളപ്പെടുത്തുന്നത്. 

വിജയ് എന്ന നടനെ സിനിമയുടെ പ്രമോഷന് കാര്യമായി ഉപയോഗിച്ച സംവിധായകന് ചിത്രത്തില്‍ അതിനു സാധിച്ചില്ല. പഴയ വിജയ് സിനിമകളുടെ ആവര്‍ത്തനമായി തന്നെ അവശേഷിക്കുന്നു. വാള്‍പ്പയറ്റിലും നൃത്തരംഗങ്ങളിലുമൊക്കെ വിജയ് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്. വേതാള കോട്ടൈയിലെ സൈന്യാധിപന്റെ വേഷത്തിലെത്തുന്ന സുദീപ് ഒന്നാന്തരം അഭിനയമാണ് കാഴ്ച്ചവയ്ക്കുന്നത്. ഈച്ചയിലെ അഭിനയ മികവിലൂടെ പ്രേക്ഷക മനസ്സുകളെ അത്ഭുതപ്പെടുത്തിയ പ്രകടനം ഇവിടെയും കാണാം. 

ശ്രുതി ഹാസനും ഹന്‍സികയുമാണ് ചിത്രത്തിലെ നായികമാര്‍. കാര്യമായി ഒന്നും ചെയ്യാനില്ലെന്നുമാത്രം. മേനി പ്രദര്‍ശനത്തിലൂടെയാണ് രണ്ടുപേരും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. അക്കാര്യത്തില്‍ ശ്രുതിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഹന്‍സികയും തന്നാലാവുംവിധം പ്രേക്ഷകര്‍ക്ക് നയനസുഖം പകരുന്നുണ്ട്. ഈ രണ്ടു നായികമാരെ വിന്യസിക്കുന്ന കാര്യത്തില്‍(മസാല ചേരുവകളില്‍) സംവിധായകനും കഴിവു തെളിയിച്ചു. 

ജിഗര്‍തണ്ട, കാക്കാമുട്ടൈ തുടങ്ങിയ സിനിമകള്‍ തിയേറ്ററില്‍ പ്രേക്ഷകനെ ആവേശത്തിലാക്കുന്ന തമിഴ് സിനിമയുടെ സുവര്‍ണ കാലത്താണ്, പുലി പോലെയുള്ള മസാലപ്പടങ്ങള്‍ പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യുന്നത്. ഉള്‍പ്പെടുന്ന സമൂഹത്തെയും, വ്യവസ്ഥിതിയെയും കാര്യമായി ചോദ്യം ചെയ്തും പ്രവചിക്കാന്‍ കഴിയാത്ത കഥാമുഹൂര്‍ത്തങ്ങള്‍ ഒരുക്കിയും അമ്പരപ്പിക്കുകയായിരുന്നു തമിഴിലെ മധ്യവര്‍ഗ സിനിമകള്‍. മലയാളത്തില്‍ ബുദ്ധിജീവി സിനിമകളെന്ന് ചാപ്പ കുത്തിയ സിനിമകളിലെ ഗൗരവ പ്രമേയങ്ങളെ സാംസ്‌കാരികമായി പരിവര്‍ത്തനം ചെയ്തു ലളിതമായി പുനരവതരിപ്പിച്ചു വ്യത്യസ്ത വഴിയൊരുക്കാന്‍ തമിഴിലെ ഒരുകൂട്ടം പുതിയ തലമുറയ്ക്ക് കഴിഞ്ഞു. ചെറിയ ചെലവില്‍ അവരൊരുക്കിയ വലിയ സിനിമകള്‍ ലോകം മുഴുവന്‍ അംഗീകരിക്കുകയും പഠിക്കുകയും ചെയ്തു. അങ്ങനെയുള്ളൊരു മുന്നേറ്റ ശ്രമത്തിനു തീര്‍ച്ചയായും വിഘാതമായി തീരുകയാണ് പുലി പോലുള്ള സിനിമകള്‍. വേണ്ടതു പ്രേക്ഷകന്‍ കടിച്ചു കുടയുന്ന സിനിമകളല്ല മറിച്ചു ഹൃദയത്തില്‍ ചേര്‍ക്കാവുന്ന സിനിമകളാണ്…..

(മാധ്യമ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍