UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

പുലിമുരുകന്‍; ആ വിശ്വവിഖ്യാതമായ തുടയും മീശയും ഒരിക്കല്‍ കൂടി

അപര്‍ണ്ണ

ഫാന്‍സ് ബഹളങ്ങള്‍ക്കും ആരവങ്ങള്‍ക്കും ഇടയില്‍ ഒടുവില്‍ പുലിമുരുകന്‍ റിലീസ് ആയി…ആദ്യ ടീസറും ട്രോളുകളും മുതല്‍മുടക്കിനെ സംബന്ധിച്ച ആശയ കുഴപ്പങ്ങളും പലകുറി മാറ്റി വച്ച റിലീസിംഗ് തീയതികളും കടന്നാണ് പുലിമുരുകന്‍ തീയറ്ററില്‍ എത്തിയത്. വൈശാഖിന്റെ സംവിധാനവും ഉദയ കൃഷ്ണയുടെ തിരക്കഥയും എല്ലാം ഒരു വിഭാഗം കാണികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ആണ്. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ കൂടി മുരുകനൊപ്പം തിയേറ്ററുകളില്‍ എത്തിയതോടെ ‘താര യുദ്ധം’ ‘സൂപ്പര്‍സ്റ്റാര്‍ പോരാട്ടം’ എന്നിങ്ങനെയും രംഗം കൊഴുക്കുകയാണ്.

മുരുകന്‍ എന്ന പുലിവേട്ടക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. ഏകാശ്രയമായ അച്ഛനെ പുലി കൊന്നതോടെ കൈക്കുഞ്ഞായ അനുജനുമായി മുരുകന്‍ തനിച്ചാവുന്നു. അവന്റെയുള്ളില്‍ തന്റെ നഷ്ടത്തിനു കാരണക്കാരനായ പുലിയോടുള്ള പക നിറയുന്നു. കുട്ടിമുരുകന്‍ തന്റെ അച്ഛനെ കൊന്ന പുലിയെ വേട്ടയാടി കൊല്ലുന്നു. പിന്നീടയാള്‍ പുലിയാക്രമണത്തിന്റെ ഭീതിയില്‍ കഴിയുന്ന ആ ഗ്രാമത്തിന്റെ രക്ഷകനായി മാറുന്നു. ഭാര്യ മൈനയും (കമാലിനി മുഖര്‍ജി)മകളും അടങ്ങുന്ന സന്തുഷ്ട കുടുംബം അയാള്‍ക്കുണ്ട്. അനുജന്‍ മണിക്കുട്ടനുമായി (വിനു മോഹന്‍) ബന്ധപ്പെട്ടു കിടക്കുന്ന മംഗലാപുരത്തെ ബിസിനസ് മാഗ്‌നെറ്റ് ആയ ഡാഡി ഗിരിജ (ജഗപതി റാണ)യുടെ അടുത്തേക്കു യാദൃശ്ചികമായി മുരുകനും കുടുംബത്തിനും ചെല്ലേണ്ടി വരുന്നു. മുരുകന്റെ ബുദ്ധിയിലും ശക്തിയിലും ഗിരിജ ആകൃഷ്ടനാകുന്നു. മുരുകന്റെ അനുജനെ തന്റെ ആയുര്‍വേദ മരുന്ന് നിര്‍മാണശാലയുടെ മാനേജര്‍ ആക്കുന്നു. പിന്നീട് അവര്‍ക്ക് അവിടെ നിന്ന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും ദുരന്തങ്ങളും ഒക്കെയാണ് പുലിമുരുകനെ മുന്നോട്ട് നയിക്കുന്നത്.

കാട്, വന്യജീവിതം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം, സഹവര്‍ത്തിത്വം, യുദ്ധങ്ങള്‍ തുടങ്ങിയവ ലോക സിനിമയില്‍ നിരവധി തവണ പ്രമേയമാക്കിയിട്ടുണ്ട്. ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീയും മോബിഡിക്കും പോലുള്ള കൃതികള്‍ സിനിമയായിട്ടുണ്ട്. ദി എഡ്ജും ജംഗിള്‍ ബുക്കും ഔട്ട് ഓഫ് ആഫ്രിക്കയും എല്ലാം വ്യത്യസ്ത തലങ്ങളില്‍ വന്യ ജീവിതത്തെ ഉള്‍കൊണ്ട സിനിമകളില്‍ ചിലതാണ്. ഇന്ത്യന്‍ സിനിമ അതീന്ദ്രിയ ശേഷിയെ പറ്റി പറയാന്‍ ആണ് കാര്യമായി അത്തരം ഒരു ഗണത്തെ ഉപയോഗിച്ചത്. മലയാള സിനിമയില്‍ ഓളവും തീരവും അത്തരമൊരു അവസ്ഥയെ സ്പര്‍ശിച്ചു പോയിട്ടുണ്ട്. വനം, മൃഗയ, മൈ ഡിയര്‍ കരടി, നേരം, ഏഴാമത്തെ വരവ് തുടങ്ങി ശ്രദ്ധിക്കപ്പെട്ടതും അല്ലാത്തതുമായ നിരവധി സിനിമകള്‍ വിവിധ ഭാവുകത്വങ്ങളില്‍ നിന്ന് മനുഷ്യനും മൃഗവും തമ്മില്ലുള്ള ബന്ധവും മനുഷ്യന്റെ വന്യ ജീവിതവും ആവിഷ്‌കരിക്കുന്നു. ചില സിനിമകളുടെ പ്രധാന പ്രമേയം അതാവുമ്പോള്‍ ചിലതില്‍ അതൊരു പരാമര്‍ശ വിഷയം മാത്രമാകുന്നു. കാലം സാങ്കേതിക വിദ്യയുടെ പരിണാമം തുടങ്ങീ നിരവധി കാര്യങ്ങള്‍ ഈ ഗണത്തില്‍ പെട്ട സിനിമകളുടെ പൂര്‍ണത കൂടുതലായി നിശ്ചയിക്കുന്നു.

25 കോടിയില്‍ അധികം ചെലവിട്ട് മലയാള സിനിമക്ക് അത്രയൊന്നും പരിചതമല്ലാത്ത സാങ്കേതിക പൂര്‍ണതയോടെ നിര്‍മിച്ച ഒരു സിനിമയാണ് പുലിമുരുകന്‍. ഇത്തരം വന്‍കിട സാങ്കേതിക പരീക്ഷണങ്ങള്‍ മോളിവുഡില്‍ പരിചിതമല്ല. ഗ്രാഫിക്‌സും മിക്‌സിങ്ങും എല്ലാം സൂക്ഷ്മതയോടെ ചെയ്തിട്ടുണ്ട്. ഷാജി കുമാറിന്റെ ക്യാമറ എടുത്തു പറയേണ്ടതാണ്. മോഹന്‍ലാല്‍ എന്ന താരത്തിന്റെ സിനിമ ആണെങ്കിലും നടനശരീരത്തെ വളരെ മനോഹരമായി അദ്ദേഹം എത്രയോ കാലങ്ങള്‍ക്കു ശേഷം ഉപയോഗിച്ച സിനിമ കൂടി ആണ് ഇത്.

എത്ര സാങ്കേതികമായി മുന്നോട്ടു പോയാലും എത്ര ലാന്‍ഡ്‌സ്‌കേപ്പ് മാറി പരീക്ഷിച്ചാലും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പടം എന്ന വണ്‍ ലൈനില്‍ ഒതുക്കാവുന്ന ദുര്‍ബലമായ കഥാഗതിയും സംഭവങ്ങളും ഒക്കെയാണ് സിനിമയില്‍ നടക്കുന്നത്. 2010 നു ശേഷം ഇറങ്ങിയ ഒട്ടുമിക്ക ജനകീയ മോഹന്‍ലാല്‍ കഥകളുടെയും ചേരുവ തന്നെയാണ് പുലിമുരുകന്റെയും. മുരുകന്റെ പ്രകീര്‍ത്തനങ്ങളിലും കുട്ടികാലം മുതലുള്ള ധീരതകളിലും തുടങ്ങി, മോഹന്‍ലാലിന്റെ വിശ്വവിഖ്യാതമായ തുടയിലും മീശയിലും കുരുങ്ങിയ ഇന്‍ട്രോയിലൂടെ വികസിച്ചു കമാലിനി മുഖര്‍ജിയുടെ ഒതുങ്ങിയതും നമിതയുടെ വിശാലമായതുമായ അരകെട്ടുകളിലൂടെ ഇടക്ക് യാത്ര ചെയ്ത് അവസാനം വമ്പന്‍ രംഗങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതകളിലേക്ക് തുറന്നു വെച്ച പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്ന്. മോഹന്‍ലാല്‍ തല്ലുന്നു, മോഹന്‍ലാല്‍ ഇല്ലാത്ത രംഗങ്ങളില്‍ പ്രകീര്‍ത്തിക്കുക, സമയാസമയം മുണ്ടു മടക്കി കുത്തുന്നു, പത്തിലധികം പേരെ ഒറ്റക്ക് തല്ലി തോല്പിക്കുന്നു, അസാധാരണ ഘ്രാണ കേള്‍വി ശക്തികള്‍ ഉണ്ട്. ബുദ്ധിശക്തി കൊണ്ട് ഞെട്ടിക്കുന്നുണ്ട്. കൊന്നു കഴിഞ്ഞു കുളി വരെ ഉണ്ട്. മറ്റൊരു തമാശയും പറയാന്‍ ഇല്ലാത്തതു കൊണ്ട് തമാശക്കാരനെ വീണ്ടും വീണ്ടും പഴത്തൊലി ചവിട്ടി താഴെയിടുന്ന, ചാണകക്കുഴിയില്‍ തള്ളിയിടുന്ന അതേ ദാരിദ്ര്യം ഇത്തരം സീക്വന്‍സുകള്‍ കണ്ടാലും ചിലര്‍ക്കെങ്കിലും തോന്നാം. ഇപ്പോള്‍ ബാലെകളില്‍ പോലും കേള്‍ക്കാത്തത്രയും അതിഭാവുകത്വം നിറഞ്ഞതാണ് സിനിമയിലെ മുരുക വര്‍ണ്ണനകള്‍. ഗോപകുമാര്‍ പറഞ്ഞതിനോട് സാമ്യം ഉള്ള ഡയലോഗുകള്‍ ഇപ്പോള്‍ തെലുങ്ക് സിനിമ ഡബ്ബ് ചെയ്യുമ്പോള്‍ മാത്രമേ കേള്‍ക്കാറുള്ളു. മുരുകന്‍ ശൂലം ആയുധമാക്കുന്നതും ശൂലത്തോടൊപ്പമുള്ള കുറെ കഥകളും പിന്നെ തട്ടിക്കൂട്ടി ഉണ്ടാക്കിയ മുരുകന്റെ മിത്തും എല്ലാം ചില സമയത് നരന്‍ എന്ന സിനിമയെ ഓര്‍മിപ്പിക്കും. രണ്ടിന്റെയും രത്‌ന ചുരുക്കം ”വേല്‍ മുരുകാ ഹരോ ഹരാ വേലായുധ ഹരോ ഹരാ എന്നാണല്ലോ..’ ചില ലാന്‍ഡ്‌സ്‌കേപ്പുകള്‍ ശിക്കാറിനെയും ഓര്‍മിപ്പിച്ചു.

ക്ലൈമാക്‌സ് രംഗങ്ങള്‍ ഉണ്ടാക്കിയ ആവേശങ്ങളെ പറ്റി വലിയ സംസാരങ്ങള്‍ നടക്കുന്നുണ്ട്. തീര്‍ച്ചയായും കുറെ പണം പൊടിച്ചു ആധുനിക സാങ്കേതിക വിദ്യയെ പൂര്‍ണമായും ഉപയോഗിച്ചു എടുത്ത സീക്വന്‍സ് ആണ് അത്. മലയാള സിനിമയെ സംബന്ധിച്ചാണെങ്കില്‍ വളരെയധികം പുതുമ ഉള്ള ഒന്ന്. ഇത്രയധികം ആയുധങ്ങള്‍ പക്ഷെ ഇതിനു മുന്നേ മോഹന്‍ലാല്‍ കഥാപാത്രം ഒറ്റക്കു നേരിട്ടിരിക്കുക പവനായിയുടെ മലപ്പുറം കത്തി മുതല്‍ മെഷിന്‍ ഗണ്‍ വരെ ഉള്ളവ ആവും. ഇതൊക്കെ നിരത്തി ഒളിഞ്ഞും തെളിഞ്ഞും പല ഭീമാകാരന്മാരും ഒറ്റക്കും കൂട്ടായും പ്രയോഗിക്കുമ്പോഴും മുരുകന്റെ മേല്‍ കാര്യമായി ചളി പോലും ഏല്‍ക്കുന്നില്ല. കൂട്ടത്തില്‍ പുലി കൂടി ഇറങ്ങുന്നു. കഥയില്‍ ചോദ്യമില്ലെന്നതു പോലെ യുക്തിയും പാടില്ലാത്തത് കൊണ്ട് അതിനെ കണ്ടില്ലെന്നു നടിക്കല്‍ മാത്രമേ രക്ഷയുള്ളൂ.

മകരന്ദ് ദേശ്പാണ്ടേക്കും ജഗപതി റാണക്കും ഒന്നും കാര്യമായി ഒന്നും ചെയ്യാനില്ല. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ലാലിന് മാത്രമാണ് ഇത്തിരിയെങ്കിലും സ്‌ക്രീന്‍സ്‌പേസ് കിട്ടുന്നത്. നമിതയെ എന്തിനാണ് അങ്ങനെ ഒരു റോള്‍ കൊടുത്തു അഭിനയിപ്പിച്ചതെന്നോ അവരുമായി യാതൊരു ബന്ധവും ഇല്ലാത്ത ‘കട്ടി പുടി കട്ടി പുടി ഡാ’ എന്ന പാട്ടിന്റെ പശ്ചാത്തലം അവരെ കാണിക്കുന്ന ഓരോ ദൃശ്യത്തിലെ എന്തിനാണ് കുത്തി നിറച്ചത് എന്നും മനസിലാവുന്നില്ല. തെലുങ്ക് മാസ്സ് പടത്തിലൊക്കെ അങ്ങനെ ആണല്ലോ എന്നതാവും മിക്കവാറും ഉത്തരം. പശ്ചാത്തല സംഗീതവും തീം മ്യൂസിക്കും ഓളം ഉണ്ടാക്കുന്നുണ്ട്.

മോഹന്‍ലാല്‍ ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്ന തിരക്കഥക്ക് കോടികളുടെ സാധ്യതകളും സങ്കേതങ്ങളും ഉപയോഗിച്ചു മാസ്സ് എഫ്ഫക്റ്റ് ഉണ്ടാക്കുകയാണ് പുലിമുരുകന്‍ ചെയ്തത്. അത്തരം കാഴ്ചകള്‍ ആണ് സിനിമ ഇന്ന് വിശ്വസിക്കുന്നുവെങ്കില്‍ പുലിമുരുകന്‍ ആസ്വാദ്യമായേക്കാം. മുതല്‍ മുടക്കിന്റെ കണക്ക് ആണ് മലയാള സിനിമയുടെ കീര്‍ത്തി കൂട്ടുന്നതെന്നു കരുതുന്നവര്‍ക്ക് അഭിമാനവും ആയേക്കാം. അല്ലാത്തവര്‍ക്ക് മൂന്നു മണിക്കൂറോളം നീളമുള്ള കുറെയധികം സാങ്കേതിക പൂര്‍ണതയുള്ള ഒരു സാധാരണ സൂപ്പര്‍സ്റ്റാര്‍ പടം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍