രാകേഷ് നായര്‍
കേരളത്തിന്റെ വികസനതലസ്ഥാനമായി വളരുന്ന കൊച്ചിയില്‍ അതിനനുസരിച്ച് വളരുന്ന ഏറ്റവും വലിയ പ്രശ്‌നം ഗതാഗതക്കുരുക്കുകളാണ്. മെട്രോ റെയിലിന്റെ യാഥാര്‍ത്ഥ്യത്തോടെ ഈ പ്രശ്‌നം വലിയൊരളവില്‍ പരിഹരിക്കപ്പെടുമെന്ന് വിലയിരുത്തപ്പെടുമ്പോഴും നിലിവില്‍ കൊച്ചി അനുഭവിക്കുന്ന ഗതാഗതപ്രശ്‌നത്തിന്റെ കാരണം അശാസ്ത്രീയമായ ഗതാഗതസംവിധാനമാണെന്ന വാസ്തവം മെട്രോ റെയിലിന്റെ പൂര്‍ത്തീകരണത്തിനുശേഷമുള്ള അവസ്ഥയും ജനങ്ങള്‍ക്ക് ഗുണകരമായ തരത്തില്‍ മാറുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് ഒരു വലിയ വിഭാഗത്തിനെ എത്തിക്കുന്നുണ്ട്.
വികസനത്തിന്റെ നാഡിഞരമ്പുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോഡുകള്‍ കൊച്ചിയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അത്ര അനുകൂലമായ സംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്നാണ് വിമര്‍ശനമുള്ളത്. യഥാര്‍ത്ഥത്തില്‍ നിലവിലെ റോഡ് സംവിധാനം കാര്യക്ഷമമായ രീതിയില്‍ വിനിയോഗിക്കാന്‍ കഴിയുമെങ്കില്‍ മെട്രോ റെയിലിന്റെ ആവശ്യംപോലും കൊച്ചിയില്‍ വേണ്ടിയിരുന്നില്ല എന്ന് വാദിക്കുന്നവരും ജില്ലയില്‍ ഉണ്ട്. തമ്മനം-പുല്ലേപ്പടി റോഡ്, ഗോശ്രീ-മാമംഗലം റോഡ്, ബണ്ട് റോഡ്, പൊന്നുരുന്നി റോഡ്, ബാനര്‍ജി റോഡ്, എസ് കെ റോഡ് എന്നിവ നാലു വരിപ്പാതയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കൊച്ചിയുടെ ഗതാഗതക്കുരുക്ക് നിഷ്പ്രയാസം അഴിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ ഇതിനായി പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുന്നതില്ലെന്നതും അതുപോലെ പല റോഡുകളിലൂടെയും പൊതുഗതാഗതസംവിധാനത്തിന് അനുമതി നല്‍കാതിരിക്കുകയും ചെയ്യുന്നത്( കലൂര്‍-തേവര റോഡ്, പുല്ലേപ്പടി-തമ്മനം റോഡ് എന്നിവയിലൂടെയൊന്നും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സേവനത്തിന് അനുമതിയില്ല) ഗതാഗതക്കുരുക്ക് കൂട്ടുകയാണെന്നും വിമര്‍ശനമുണ്ട്. അധികാരികള്‍ നടത്തുന്ന അശാസ്ത്രീയമായ രീതികളുടെ പിന്തുടരല്‍ നഗരത്തില്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണം ശീഘ്ര വേഗതയില്‍ ഉയര്‍ത്തുകയാണെന്നും ഇതുമൂലം നഗരം വിഷലിപ്തമാകാന്‍ ഇടയാവുകയാണെന്നും വിമര്‍ശനമുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
മെട്രോ റയിലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കൂടുതല്‍ തിരക്കിലേക്ക് വീണുപോയ പ്രധാന റോഡുകള്‍ക്ക് ബദലായി തെരഞ്ഞെടുത്തിരിക്കുന്ന പാതകളില്‍ അധികാരികളുടെ നിരുത്തരവാദപരമായ ഇടപെടലുകള്‍ പൊതുജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതായാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. അതിനേറ്റവും വലിയ ഉദാഹരണമായി പറയുന്നത് തമ്മനം-പുല്ലേപ്പടി പാലമാണ്. പൈപ്പ് ലൈന്‍-പാലാരിവട്ടം ഭാഗത്ത് നിന്ന് എം ജി റോഡ് ഭാഗത്തേക്ക് പോകുന്നതിന് നിലവില്‍ നേരിടേണ്ട തിരക്ക് ഒഴിവാക്കാന്‍ വേണ്ടി സമാന്തരമായി ഉപയോഗിക്കുന്ന റോഡാണ് പുല്ലേപ്പടി-തമ്മനം റോഡ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പുല്ലേപ്പടി പാലത്തില്‍ ടോള്‍ നല്‍കേണ്ടി വരുന്നൂവെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. മെട്രോ നിര്‍മാണത്തിലൂടെ ഏറ്റവും അധികം യാത്രാക്ലേശം അനുഭവിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന സഞ്ചാരപാതയില്‍ തന്നെ അവര്‍ക്ക് കാശ് മുടക്കിവേണം യാത്ര ചെയ്യാന്‍ എന്നത് നീതികേടാണ്. അതേസമയം തീര്‍ത്തും വിരോധാഭാസമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നതും ശ്രദ്ധിക്കണം.
യാത്ര സൗകര്യത്തിന് ഏറെ സഹായകമാകുമെന്ന നിലയില്‍ കരുതിയ പുല്ലേപ്പടി-തമ്മനം റോഡ് നിര്‍മാണം ആരംഭിക്കുന്നത് 2001 ഡിസംബര്‍ മാസം 18 നാണ്. ഒരു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യവുമായി 4. 61 കോടി രൂപ അടങ്കല്‍ തുകയുമായാണ് പാലം നിര്‍മാണം ആരംഭിക്കുന്നത്. റെയില്‍വേ മേല്‍പ്പാലം കൂടി നിര്‍മിക്കേണ്ടതുകൊണ്ട് റെയില്‍വേയുടെ സഹായവും ഇതിനായി സ്വീകരിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പതിവുപോലെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതോടെ പറഞ്ഞ സമയത്ത് പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സ്ഥലം ഏറ്റെടുക്കുന്നതില്‍ ഉണ്ടായ കാലതാമസവും റെയില്‍വേയുടെ ഭാഗം റെയില്‍വേ നിര്‍മ്മിക്കുന്നതിനും മറ്റുമുണ്ടായ കാലതാമസവുമാണ് പാലം നിര്‍മാണത്തിന് തടസം നേരിട്ടതെന്നാണ് അധികാരികള്‍ പറയുന്നത്.
എന്നാല്‍ നിര്‍മാണം ആരംഭിച്ച കമ്പനിയായ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ വര്‍ക് കണ്‍സ്ട്രക്ഷന്‍ പകുതിയില്‍വെച്ച് ആകെ ജോലിയുടെ 13. 6ശതമാനം മാത്രം പൂര്‍ത്തീകരിച്ച് പാലം നിര്‍മാണത്തില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. നിര്‍മാണ കാലയളവില്‍ അവര്‍ ആര്‍ബിഡിസിയില്‍( റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോപ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്) നിന്ന് 62,74,260.55 രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. പിന്നീട് റെയില്‍വേ സമീപ സ്പാനുകള്‍ ഒഴികെ ബാക്കിയുണ്ടായിരുന്ന ജോലികള്‍ സ്‌കില്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് പൂര്‍ത്തീകരിക്കുകയാണ് ഉണ്ടായത്. ഇതിലേക്കായി ഇവര്‍ക്ക് 4,81,06,172.48 രൂപ നല്‍കുകയും ഉണ്ടായി. പിന്നീട് ഇതേ കമ്പനി തന്നെ റെയില്‍വേ സ്പാനുകളുടെ മുഴുവന്‍ ജോലികളും പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതിനായി അവര്‍ വാങ്ങിയ തുക 1,38,89,525.18 രൂപയും. അങ്ങനെ പറഞ്ഞിനു ഏറെ വൈകി ഒടുവില്‍ പാലം യാഥാര്‍ത്ഥ്യമായപ്പോള്‍ ഈയൊരു റോഡിലൂടെ തങ്ങള്‍ ഇതുവരെ അനുഭവിച്ചുപോന്നിരുന്ന യാത്രാദുരിതത്തിന് ആശ്വാസം ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ജനങ്ങള്‍.
എന്നാല്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച പാലത്തിലൂടെ കടന്നുപോകണമെങ്കില്‍ ടോള്‍ അടയ്‌ക്കേണ്ട ബാധ്യതയാണ് ജനങ്ങള്‍ക്ക് പേറേണ്ടി വന്നത്. അതേസമയം ഈ ടോള്‍ പിരിവിനെതിരെ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്.
പത്തുകോടിയില്‍ താഴെ നിര്‍മാണ ചെലവ് വരുന്ന പാലങ്ങള്‍ക്ക് ടോള്‍ പിരിക്കേണ്ടതില്ലെന്നല്ലേ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്?; വിവരാവാകശ പ്രവര്‍ത്തകനായ ജോസി മാത്യുവാണ് ഇൗ കാര്യം ചോദിക്കുന്നത്. അങ്ങനെയാണെന്നിരിക്കെ 6,82,69,975 രൂപമാത്രം നിര്‍മാണത്തിന് ചെലവായ ഈ മേല്‍പ്പാലത്തിന് എന്തിനാണ് ടോള്‍ പിരിക്കുന്നത്? ഇത് ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയല്ലേ? ഈ ചോദ്യങ്ങള്‍ ഉയത്തിക്കൊണ്ട് ജോസി മാത്യു ഈ വിഷയവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്.
കേവലം 4.61 കോടി രൂപ അടങ്കല്‍ തുകയുമായി നിര്‍മാണം ആരംഭിച്ച പാലമാണ് 6,82,69,975 രൂപയില്‍ തീര്‍ക്കേണ്ടി വന്നത്. ജനങ്ങളാണോ ഇതിന് ഉത്തരവാദികള്‍? നിര്‍മാണം ഏല്‍പ്പിക്കുന്ന കരാര്‍ കമ്പനികള്‍ പകുതിയില്‍ ജോലി ഉപേക്ഷിച്ചിട്ടുപോയാല്‍ അവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങേണ്ടതാണ്. എന്നാല്‍ നാളിതുവരെ ഈ പാലത്തിന്റെ നിര്‍മാണത്തില്‍ നിന്ന് ഇടയില്‍ പിന്മാറിയ കമ്പനിക്കെതിരെ യാതൊരു വിധ നടപടികള്‍ സ്വീകരിക്കുകയോ അവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുകയോ ഉണ്ടായിട്ടില്ലെന്ന് ആര്‍ബിഡിസി വിവരാവകാശപ്രകാരം നല്‍കിയ രേഖകളില്‍ നിന്ന് വ്യക്തമാണ്. ചുരുക്കിപ്പറഞ്ഞാല്‍ കരാര്‍ കമ്പനിക്കാരാല്‍ ആര്‍ബിഡിസിക്ക് കൂടുതലായി ചെലവാക്കേണ്ടി വന്ന തുക അവരിപ്പോള്‍ പിരിച്ചെടുക്കുന്നത് ജനങ്ങളില്‍ നിന്ന്!
മേല്‍പ്പാലം റെയില്‍വേയുടെ സാമ്പത്തിക സഹകരണത്തോടെയാണ് നിര്‍മ്മിക്കാന്‍ തീരുമാനമായത്. പകുതി പണം റെയില്‍വേ തരാം എന്നതായിരുന്നു ധാരണ. അതനുസരിച്ച് റെയില്‍വേയില്‍ നിന്ന് ലഭിക്കേണ്ട വിഹിതം 3 കോടി 41 ലക്ഷം. അതില്‍ കിട്ടിയതാകട്ടെ ഒരു കോടി 14 ലക്ഷം മാത്രം. ബാക്കി കൂടി തരണം എന്നു കാണിച്ച് ഒരു അപേക്ഷ നല്‍കി ചടങ്ങ് തീര്‍ത്തു എന്നല്ലാതെ ആ പണം തിരിച്ചു കിട്ടാനായി നാളിതുവരെ ഒരു ചെറു വിരല്‍ അനക്കിയിട്ടില്ല ആരും. ഫലമോ ജനം വീണ്ടും കഴുതയാകുന്നു.
നിര്‍മാണ കാലതാമസത്തിന് വന്ന നഷ്ടം കരാര്‍ കമ്പനിയില്‍ നിന്ന് ഇടാക്കുകയും (2.21 കോടി രൂപ), റെയില്‍വേ വിഹിതം (3.41 കോടി രൂപ) ലഭ്യമാക്കുകയും ചെയ്താല്‍ മൊത്തം 5. 62 കോടി രൂപ ലഭിക്കും. കൂടാതെ ഇതുവരെ ടോള്‍ ഇനത്തില്‍ പിരിച്ചെടുത്ത 2.04 കോടി രൂപ കൂടി കണക്കാക്കിയാല്‍ നിലവില്‍ ആര്‍ബിഡിസിക്ക് 7.66 കോടി ലഭിക്കേണ്ടതാണ്. മേല്‍ത്തുക നിര്‍മ്മാണത്തിന് ചെലവായ 6.82 കോടിക്ക് മുകളിലാണ്. അങ്ങനെ വന്നാല്‍ ഈ ടോള്‍ പിരിവ് ന്യായമായും നിര്‍ത്തേണ്ടതല്ലേ? ജോസി മാത്യു ചോദിക്കുന്നു.
കരാറുകാരനില്‍ നിന്നുള്ള നഷ്ടപരിഹാരവും റെയില്‍വേയില്‍ നിന്നു കിട്ടാനുള്ള വിഹിതവും ആര്‍ബിഡിസിക്ക് വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുകയാണ് വേണ്ടത്.കാരണം ഇന്ത്യയിലെ ഏക എഞ്ചിനീയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇ. ശ്രീധരന്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങളെക്കാള്‍ ചെലവു ചുരുക്കി നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ആര്‍ബിഡിസിയെ നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും ജോസി മാത്യു പറയുന്നു.
പുല്ലേപ്പടി മേല്‍പ്പാലത്തിന് സമീപമുള്ള മേല്‍പ്പാലങ്ങളായ നോര്‍ത്ത് മേല്‍പ്പാലം 40 കോടി രൂപയ്ക്ക് പുതുക്കി നിര്‍മിച്ചതിനോ, എ എല്‍ ജേക്കബ് മേല്‍പ്പാലം (സലീം രാജന്‍ മേല്‍പ്പാലം) 37.42 കോടി രൂപയ്ക്ക് നിര്‍മ്മിച്ചതിനോ, പൊന്നുരുന്നി മേല്‍പ്പാലം 20 കോടിയ്ക്ക് നിര്‍മ്മിച്ചതിനോ, കലൂര്‍-കതൃക്കടവ് റോഡിലെ മേല്‍പ്പാലം നിര്‍മ്മിച്ചതിനോ ടോള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നിരിക്കെയാണ് വെറും 6.82 കോടി മുടക്കി നിര്‍മിച്ച പുല്ലേപ്പടി മേല്‍പ്പാലത്തില്‍ നിന്ന് ടോള്‍ പിരിവ് നടത്തുന്നത്. ഇത് ജനങ്ങള്‍ക്ക് തുല്യനീതിയിലുള്ള നിഷേധമാണെന്നും മുഖ്യമന്ത്രിയും കോര്‍പ്പറേഷന്‍ അധികാരികളും സ്ഥലം എംഎല്‍എയും നേരിട്ട് വിഷയത്തില്‍ ഇടപെട്ട് ജനങ്ങളെ ചൂഷണം ചെയ്യുന്ന പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനം ഉണ്ടാക്കണമെന്നുമാണ് ജോസി മാത്യു പറയുന്നത്.
മേല്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ നിന്നു തന്നെ പുല്ലേപ്പടി-തമ്മനം റോഡിന്റെ ശോചനീയാവസ്ഥ വ്യക്തമാകുന്നുതാണ്. സുപ്രീം കോടതി ഉത്തരവനുസരിച്ച് തകര്‍ന്നുകിടക്കുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്നാണ്. എന്നാല്‍ ഒരു വര്‍ഷത്തിനകത്തു തന്നെ പൊട്ടിപ്പൊളിഞ്ഞൊരു റോഡായി പ്രസ്തുത റോഡ് മാറിയിട്ടും അതുമൂലം ജനങ്ങളുടെ ജീവന് സുരക്ഷതിത്വം നഷ്ടപ്പെട്ട അനവസ്ഥ സംജാതമായിട്ടും അതിനൊരു പരിഹാരം കാണാതെ പണം പിരിക്കാന്‍ മാത്രം വ്യഗ്രത കാട്ടുകയാണ് ചിലര്‍.
ടോള്‍ പിരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു, തീരുമാനം എടുക്കേണ്ടത് കോര്‍പ്പറേഷന്‍
പുല്ലേപ്പടി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് അനധികൃതമായി നടക്കുന്നതാണോ എന്ന ചോദ്യത്തോട് എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ പ്രതികരിക്കുന്നത് ഇപ്രകാരമാണ്;
ടോള്‍ പിരിക്കുന്നതിനെ ശക്തിയുക്തം എതിര്‍ക്കുന്നൊരാളാണ് ഞാന്‍. ഇവിടെ നടക്കുന്ന ടോള്‍ പിരിവിനെതിരെ രണ്ടു മാസം മുമ്പ് രേഖാമൂലം കൊച്ചി മേയര്‍ക്ക് കത്ത് നല്‍കിയിരുന്നതാണ്. മേയറെ നേരില്‍ കാണുന്ന അവസരങ്ങളിലെല്ലാം ഇവിടുത്തെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടാറുമുണ്ട്. മെട്രോ നിര്‍മാണത്തിന്റെ ക്ലേശം ഏറ്റവും അധികം അനുഭവിക്കുന്നവരാണ് ഈ മേല്‍പ്പാലം ഉപയോഗിക്കുന്നതെന്നതിനാല്‍ അവരില്‍ നിന്ന് ടോള്‍ പിരിക്കുന്നതില്‍ ന്യായമില്ല. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി തന്നെ ഈ മേല്‍പ്പാലത്തിന്റെ നിര്‍മാണവും ഏറ്റെടുക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയൊരാളാണ് ഞാന്‍. സ്ഥലം എംഎല്‍എ യേക്കാള്‍ ഈക്കാര്യത്തില്‍ അവകാശത്തോടെ ഇടപെടാന്‍ സാധിക്കുന്നത് കോര്‍പ്പറേഷനാണ്. കോര്‍പ്പറേഷനെക്കൊണ്ട് ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുപ്പിക്കാന്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഏറെ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇനി കൂടുന്നത് നിലവിലെ കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ അവസാനത്തെ കൗണ്‍സില്‍ യോഗമാണ്. അതില്‍വെച്ച് ഈ പ്രശനത്തിന് പരിഹാരം കാണുന്ന എന്തെങ്കിലും തീരുമാനം കൈക്കൊള്ളാമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പ്രായോഗികതയെ കുറിച്ച് സംശയമുണ്ട്. കോര്‍പ്പറേഷന്‍ ഈ പാലം ഏറ്റെടുത്ത് ജനങ്ങളെ ടോളില്‍ നിന്ന് വിമുക്തരാക്കണം എന്നതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നൊരാള്‍ തന്നെയാണ് ഞാന്‍.
ഹൈബി ഈഡന്‍ എം എല്‍ എ യുടെ മറുപടിയോട് വിയോജിച്ചുകൊണ്ട് ജോസി മാത്യു ചോദിക്കുന്നത് മറ്റൊരു രാഷ്ട്രീയമാണ്. 20 കോടി ചെലവില്‍ നിര്‍മിച്ച പൊന്നുരുന്നിപ്പാലത്തിലെ ടോള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയെക്കൊണ്ട് സമ്മതിപ്പിക്കാന്‍ കോണ്‍ഗ്രസിലെ തന്നെ മറ്റൊരു ഗ്രൂപ്പിന്റെ പ്രതിനിധിയായ എംഎല്‍എയ്ക്ക് സാധിക്കുമ്പോള്‍ കേവലം 7 കോടിയില്‍ താഴെ നിര്‍മാണച്ചെലവ് വന്ന പുല്ലേപ്പടി പാലത്തിന്റെ ടോള്‍ ഒഴിവാക്കാന്‍ ഹൈബി ഈഡന്‍ എം എല്‍ എ യ്ക്ക് സാധിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാരം വഹിക്കേണ്ടത് ജനങ്ങളാണോ? ജോസി മാത്യൂ ചോദിക്കുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മിണിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ അസൗകര്യം മൂലം അതിന് സാധിക്കാതെ വന്നതിനാല്‍ കോര്‍പ്പറേഷന്റെ നിലപാട് എന്താണന്ന് രേഖപ്പെടുത്താന്‍ ഇവിടെ കഴിയില്ല. എന്നിരുന്നാലും ഇതില്‍ അധികാരികള്‍ക്ക് പറയാന്‍ യുക്തമായ ന്യായീകരണങ്ങള്‍ക്ക് സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. പത്തുകോടിക്ക് താഴെ ചെലവ് വരുന്ന പാലങ്ങള്‍ക്ക് ടോള്‍ വേണ്ടയെന്നത് പുതിയ ഉത്തരവാണെന്നും ഇതില്‍ പുല്ലേപ്പടി പാലം ഉള്‍പ്പെടില്ലെന്ന ഒരു ന്യായം ഉയര്‍ത്തുന്നുണ്ടെങ്കില്‍ പോലും അടങ്കല്‍ തുകയില്‍ നിന്ന് അധികമായി നിര്‍മാണം പൂര്‍ത്തിയാക്കേണ്ടി വന്നതിന് കരാര്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാത്തതിനും റെയില്‍വേയില്‍ നിന്ന് വിഹിതം വാങ്ങിയെടുക്കാത്തതിനും എന്തു ന്യായീകരമണാണ് പറയുക. ഈ തുകയും ഇതുവരെ പിരിച്ച ടോളും കണക്കാക്കിയാല്‍ തന്നെ നിര്‍മാണത്തിന് ചെലവായതിനേക്കാള്‍ കൂടുതല്‍ ആര്‍ബിഡിസിക്ക് കിട്ടിയിട്ടുണ്ടെന്ന കണക്കുകള്‍ പറയുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ ഇപ്പോളും തുടരുന്ന ടോള്‍ പിരിവ് ജനങ്ങളെ പിഴിയല്‍ തന്നെയാണ്.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക