UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിയല്‍ എസ്റ്റേറ്റുകാര്‍ വഞ്ചിച്ചു, യുവാവ് സച്ചിന്റെ വീടിന് മുന്നില്‍ നിരാഹാരത്തിന് ഒരുങ്ങുന്നു

അഴിമുഖം പ്രതിനിധി

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമിത് എന്റര്‍പ്രൈസസ് ഭൂമി തട്ടിയെടുത്തുവെന്ന് ആരോപിച്ച് പൂനെ സ്വദേശിയായ മുപ്പത്തിമൂന്നുകാരന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുര്‍ക്കറുടെ വീട്ടിന് മുന്നില്‍ നിരാഹാര സത്യാഗ്രഹത്തിന് ഒരുങ്ങുന്നു. സച്ചിന്‍ അമിത് എന്റര്‍പ്രൈസസിന്റെ മുന്‍ ബ്രാന്‍ഡ് അംബാസിഡറാണ്. സന്ദീപ് കുര്‍ഹദെയുടെ ഭൂമി തുച്ഛമായ വിലയ്ക്ക് അമിത് എന്റര്‍പ്രൈസസ് തട്ടിയെടുത്തുവെന്നാണ് ആരോപണം. രണ്ട് കോടി രൂപ വില വരുന്ന തന്റെ പൈതൃക ഭൂമി കേവലം 20 ലക്ഷം രൂപ തനിക്ക് നല്‍കിയശേഷം അമ്മാവനായ ശിവാജി പിന്‍ജനെ സ്വാധീനിച്ച് തട്ടിയെടുത്തുവെന്നാണ് ലാബ് ടെക്‌നീഷ്യനായ സന്ദീപ് പറയുന്നത്.

എന്നാല്‍ ശിവാജിക്ക് 1.50 കോടി രൂപ നല്‍കിയെന്നാണ് കമ്പനിയുടെ വിശദീകരണം. നാലു വര്‍ഷം മുമ്പാണ് ഭൂമി കൈമാറ്റം നടന്നത്. സന്ദീപിന്റെ അമ്മ രഞ്ജന ഭൂമിയുടെ മേലുള്ള തന്റെ അവകാശം സഹോദരന്‍ ശിവാജിക്ക് കൈമാറിയെന്നും അതിന്റെ നിയമപരമായ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കമ്പനി അധികൃതര്‍ പറയുന്നു. ശിവാജിയുടെ അപേക്ഷ പ്രകാരമാണ് സന്ദീപിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. തങ്ങളുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാനാണ് ശ്രമമെന്ന് കമ്പനി ആരോപിച്ചു.

2010 മുതല്‍ 2014 വരെയാണ് സച്ചിന്‍ അമിത് എന്റര്‍പ്രൈസസിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയും സമാനമായ വിവാദത്തില്‍ കുടുങ്ങിയിരുന്നു. നോയിഡയിലെ അമ്രപാലി റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഫ്‌ളാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റുടമകള്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഒഴിയാന്‍ ധോണിയോട് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ആറു വര്‍ഷത്തോളമായി കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന അദ്ദേഹം വിവാദത്തെ തുടര്‍ന്ന് ഏപ്രില്‍ 15-ന് സ്ഥാനം ഒഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍