UPDATES

കായികം

പൂനെയും രാജ്‌കോട്ടും ഐപിഎല്‍ പുതിയ ടീമുകള്‍

അഴിമുഖം പ്രതിനിധി

ഐപിഎല്ലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരം പൂനെയും രാജ്‌കോട്ടും ടൂര്‍ണമെന്റില്‍ ഇടം പിടിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഈ ടീമുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ന്യൂദല്‍ഹിയില്‍ നടന്ന ലേലത്തില്‍ പൂനെയിലെ ന്യൂ റൈസിംഗും രാജ്‌കോട്ടിലെ ഇന്റെക്‌സും പണക്കൊഴുപ്പിന്റെ മേളയായ ഐപിഎല്ലില്‍ മാറ്റുരയ്ക്കാന്‍ ഇടംനേടി. പൂനെ ടീമിനെ സഞ്ജീവ് ഗോയങ്ക പതിനാറ് കോടി രൂപയ്ക്കും രാജ് കോട്ട് ടീമിനെ ഇന്റക്‌സ് മൊബൈല്‍ പത്ത് കോടി രൂപയ്ക്കുമാണ് ലേലം കൊണ്ടത്.

2013-ലെ ഐപിഎല്‍ സീസണില്‍ ചെന്നൈയുടെ ഉടമയായ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്റെ ഉടമയായ രാജ് കുന്ദ്രയും വാതുവയ്പ്പ് നടത്തിയെന്നും വാതുവയ്പ്പുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും തെളിയിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് ടീമുകളേയും രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയാണ് ഈ നടപടി സ്വീകരിച്ചത്.

20 കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ വാങ്ങിയിരുന്നുവെങ്കിലും അഞ്ച് കമ്പനികള്‍ മാത്രമാണ് രേഖകള്‍ സമര്‍പ്പിച്ചത്. രണ്ട് കൊല്ലത്തേക്ക് മാത്രമാണ് ടീമുകള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അനുവാദം ലഭിച്ചിരിക്കുന്നത് എങ്കിലും, അത് കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം എന്ന് ഇന്റെക്‌സിന്റെ കേശവ് ബന്‍സല്‍ പറഞ്ഞു.

ലേലത്തില്‍ പങ്കെടുത്തവരില്‍ ഒന്ന് ബിസിസിഐ മുന്‍ പ്രസിഡന്റ് എസി മുത്തയ്യയുടെ ചെന്നൈയിലെ ചെട്ടിനാട് സിമെന്റ്‌സ് ആണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമകള്‍ ഇന്ത്യാസിമെന്റ്‌സ് ആയിരുന്നു. അതിന്റെ മാനേജിംഗ് ഡയറക്ടര്‍ മുന്‍ ബിസിസിഐ പ്രസിഡന്റായ വിവാദ നായകനായ എന്‍ ശ്രീനിവാസനുമാണ്. ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍. കളിക്കാരെ വീതം വയ്ക്കുന്നത് ഡിസംബര്‍ 15-നാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റേയും രാജസ്ഥാന്‍ റോയല്‍സിന്റേയും അഞ്ചുവീതം കളിക്കാരെ പുതിയ ടീമുകള്‍ക്ക് ലേലം വിളിച്ചെടുക്കാം. ഇരുടീമുകള്‍ക്കും കളിക്കാരെ വാങ്ങുന്നതിന് പരമാവധി 66 കോടി രൂപയും കുറഞ്ഞത് 40 കോടി രൂപയും ചെലവഴിക്കാവുന്നതാണ്. കൂടാതെ അന്ന് തന്നെയാണ് ഐപിഎല്ലിലെ മറ്റു ടീമുകളിലേക്കുള്ള താരങ്ങളുടേയും ലേലം നടക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍