അഴിമുഖം പ്രതിനിധി
ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണ ഷര്‍ട്ട് ധരിച്ച് പ്രശസ്തനായ പൂനൈ സ്വദേശി ദത്താത്രേയ ഫുഗേ കൊല്ലപ്പെട്ട നിലയില്‍. കൂര്‍ത്ത കല്ലുകളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഫുഗേയുടെ അനന്തരവന് അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ചിലര്‍ വീട്ടിലെത്തി ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് ഫുഗേയുടെ ഭാര്യ സീമ മാധ്യമങ്ങളോടു വ്യക്തമാക്കി. തുടര്‍ന്ന് കല്ലുകളും ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയാണ് ഉണ്ടായത് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പണം ശേഖരിച്ച് തിരിമറി നടത്തി എന്ന് ഫുഗേ നടത്തിയ ചിട്ടികമ്പനിയിലെ നിക്ഷേപകര്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. പണം ഇടപാടില്‍ തിരിമറി നടന്നതാവാം കൊലയ്ക്ക് കാരണം എന്ന് പോലീസ് അനുമാനിക്കുന്നു.
22കാരറ്റ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ചാണ് ഫുഗേ ആദ്യമായി മാധ്യമശ്രദ്ധയിലെത്തുന്നത്.മൂന്നര കിലോയോളം തൂക്കം ഉണ്ടായിരുന്ന ഷര്‍ട്ട് ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് നിര്‍മ്മിച്ചത് എന്ന് ഫുഗേ പറഞ്ഞിരുന്നു.