UPDATES

സിനിമ

ഉഡ്ത പഞ്ചാബ്; ഒടുവില്‍ അകാലി-ബിജെപി സഖ്യം ഭയന്നത് തന്നെ സംഭവിച്ചു

സിനിമ അതേപോലെ പ്രദര്‍ശനത്തിനെത്തിയാല്‍ തങ്ങള്‍ക്കതു തിരിച്ചടി ഉണ്ടാക്കുമെന്നു ഭയന്ന പഞ്ചാബ് സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ച് തടയിടാന്‍ ശ്രമിക്കുകയായിരുന്നു

അഭിഷേക് ചൌബേ സംവിധാനം ചെയ്ത ഉഡ്ത പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിനു കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് വിലക്കുമായി നിന്നത് എന്തിനായിരുന്നോ, അതു തന്നെ ഒടുവില്‍ പഞ്ചാബില്‍ സംഭവിച്ചു. അകാലിദള്‍-ബിജെപി ഭരണം തകര്‍ന്നുവീണു.

സഘപരിവാര്‍ നോമിനിയെന്നു പലവട്ടം തെളിയിച്ച പഹ്‌ലാജ് നിഹലാനി എന്ന സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ അനുരാഗ് കശ്യപിനോട് പറഞ്ഞതു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 89 സീനുകള്‍ മുറിച്ചു മാറ്റണമെന്നായിരുന്നു. സിനിമയെ മൊത്തത്തില്‍ നശിപ്പിക്കുന്നതിനു തുല്യമായ താക്കീത്. എന്തിനായിരുന്നു ഒരു സംവിധായകന്‍ കൂടിയായ നിഹലാനി ഒരു സിനിമയെ ഈ വിധത്തില്‍ നശിപ്പിക്കാന്‍ നോക്കിയത്. രാഷ്ട്രീയം, അതുമാത്രമായിരുന്നു നിഹലാനിയുടെ തീരുമാനത്തിനു പിന്നില്‍.

അകാലിദള്‍-ബിജെപി സഖ്യത്തിന്റെ ഭരണത്തില്‍ കീഴിലായിരുന്ന പഞ്ചാബിലെ ലഹരിയില്‍ മുങ്ങിയ യുവാക്കളുടെ കഥയായിരുന്നു ഉഡ്ത പഞ്ചാബില്‍ പറയുന്നത്. ഈ സിനിമ അതേപോലെ പ്രദര്‍ശനത്തിനെത്തിയാല്‍ തങ്ങള്‍ക്കതു കൂടുതല്‍ തിരിച്ചടി ഉണ്ടാക്കുമെന്നു ഭയന്ന സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ച് തടയിടാന്‍ ശ്രമിച്ചതാണ്. ഭരണവിരുദ്ധ വികാരം അത്രമേല്‍ രൂക്ഷമായിരുന്നു പഞ്ചാബില്‍. പാക്കിസ്താന്‍ അതിര്‍ത്തി കടന്നെത്തുന്ന മയക്കുമരുന്ന് ചെറിയ കുട്ടികള്‍ക്കു പോലും സുലഭമായ അവസ്ഥയിയായിരുന്നിട്ടും പഞ്ചാബില്‍ ഇതിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ഈ സത്യങ്ങള്‍ സിനിമയിലൂടെ പുറത്തു വന്നാല്‍ അതുണ്ടാക്കുന്ന തിരിച്ചടി തെരഞ്ഞെടുപ്പില്‍ തോല്‍വിക്കു കാരണമാകുമെന്ന അകാലി-സംഘപരിവാര്‍ കണക്കുക്കൂട്ടലാണു നിഹലാനിയുടെ പ്രവര്‍ത്തിയായി മാറപ്പെട്ടത്.

എന്നിട്ടെന്തുണ്ടായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ രാഷ്ട്രീയം കത്രികവയ്ക്കാന്‍ ശ്രമിച്ചതിനെ നീതിന്യായ കോടതി എതിര്‍ത്തു. മഹാരാഷ്ട്ര ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെ തളളിക്കൊണ്ട് ഉഡ്ത പഞ്ചാബിനു റിലീസിംഗ് അനുമതി നല്‍കാന്‍ ഉത്തരവിട്ടു.
പഞ്ചാബിനെ മയക്കുമരുന്ന് പ്രചരിക്കുന്ന ഇടമായി ചിത്രീകരിച്ചെന്ന് ആരോപിച്ചും മയക്കുമരുന്നിനെ പ്രകീര്‍ത്തിക്കുന്നുവെന്ന് കാണിച്ചുമാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ കത്രിക വെച്ചത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായങ്ങള്‍. സിനിമയുടെ ടൈറ്റിലില്‍ നിന്ന് പഞ്ചാബ് എന്ന പേര് മാറ്റണമെന്നുപോലും, സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
മയക്കു മരുന്നു ഉപയോഗമുള്ള സിനിമയില്‍ ഒരിടത്തും പഞ്ചാബ് എന്ന പേര് ഉപയോഗിക്കരുത്, അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചിത്രത്തില്‍ എവിടെയും രാഷ്ട്രീയം പറയരുത്, രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ നേതാക്കളെയോ സൂചിപ്പിക്കുകപോലും ചെയ്യരുതെന്നുമൊക്കെയായിരുന്നു നിഹലാനി ഉഡ്ത പഞ്ചാബിന്റെ അണിയറക്കാരോടു പറഞ്ഞിരുന്നത്. ഇതിനെല്ലാം നിഹലാനിക്കു പറയാന്‍ ഒരു കാരണമേയുണ്ടായിരുന്നുള്ളു, സംഘപരിവാറിന്റെ രാഷ്ട്രീയം.

ആ രാഷ്ട്രീയവും അവരുടെ പ്രതിരോധവും തകര്‍ന്നു വീണിരിക്കുമ്പോള്‍ ഉഡ്ത പഞ്ചാബ് ഒരു സിനിമയ്ക്കപ്പുറം ഒരു പ്രതിഷേധ മാര്‍ഗമായി മാറിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാണിക്കപ്പെടുമ്പോഴാണ് ജനം തങ്ങളുടെ യഥാര്‍ത്ഥ അധികാരം പുറത്തെടുക്കുന്നതെന്ന് പഞ്ചാബില്‍ തെളിഞ്ഞു. ഇന്ത്യയില്‍ മുഴുവന്‍ അത്തരമൊരു അധികാരശക്തിയായി ജനങ്ങള്‍ മാറുന്നതിനായാണ് ഇനി കാത്തിരിപ്പ്. അവിടെ കലാകാരന്മാര്‍ക്കും കലാപ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍