UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

ട്രെന്‍ഡിങ്ങ്

മോദിയുടെ മോടിയില്‍ പഞ്ചാബ് അത്ര വീഴുന്നില്ല; കാറ്റ് മാറിവീശുകയാണ്-ഹരീഷ് ഖരെ എഴുതുന്നു

പത്മവിഭൂഷിതനായ ഡോ. മുരളി മനോഹര്‍ ജോഷിയും നമ്മുടെ പടിവാതില്‍ക്കലെ വ്യാളിയും

ഹരീഷ് ഖരെ

ഇനിയൊരു മൂന്നു  ദിവസം കൂടിക്കഴിഞ്ഞാല്‍ ശബ്ദകോലാഹലമൊക്കെ നില്ക്കും. ചുരുങ്ങിയത് പഞ്ചാബിലെങ്കിലും. ഏതാണ്ട് ഒരു കൊല്ലമായി ഈ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലാണ്. രാഷ്ട്രീയക്കാര്‍ക്ക് ഭരണനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയൊന്നും ഇല്ലാതിരുന്നത് ഒരു കാരണം. ഭരണവിരുദ്ധ വികാരം ഉരുണ്ടുകൂടുന്നത് തടയാനുള്ള അകാലി സര്‍ക്കാരിന്റെ ശ്രമം മറ്റൊരു കാരണം. അവസാന മൂന്നാഴ്ച്ചകള്‍ തെരഞ്ഞെടുപ്പുകാല ഗുസ്തികളും ബഹളവും കൂട്ടിയിട്ടേയുള്ളൂ.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വെള്ളിയാഴ്ച്ച ജലന്ധറില്‍ വന്നു തന്റെ മുന്നണി ധര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് സഖ്യകക്ഷിയുടെയും അതിന്റെ വയോവൃദ്ധനായ (എങ്കിലും ആരോഗ്യവാന്‍) നേതാവ് പ്രകാശ് സിങ് ബാദലിന്റെയും അപദാനങ്ങള്‍ പാടി; സ്വന്തം പാര്‍ട്ടിയായ ബിജെപിയില്‍ പ്രധാനമന്ത്രി 75 വയസെന്ന തട്ട് വെച്ചിട്ടുണ്ടെങ്കിലും. പ്രധാനമന്ത്രി പതിവുപോലെ തന്റെ വാചക്കസര്‍ത്തിലായിരുന്നു, പക്ഷേ ജനമെന്തോ അത്ര ഉത്സാഹം കാണിച്ചില്ല. മോദിയുടെ മോടിയില്‍ പഞ്ചാബത്ര വീഴുന്നില്ല.

കോണ്‍ഗ്രസ് ഒടുവില്‍ തണുപ്പന്‍ മട്ടൊക്കെ മാറ്റിവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഒരുപക്ഷേ കുറച്ചാഴ്ച്ചകള്‍ വൈകിപ്പോയി ഈ തീരുമാനം എന്നുപറയാം. ഭരണവിരുദ്ധ വികാരത്തിന്റെ സ്വാഭാവിക ഗുണഭോക്താവ് കോണ്‍ഗ്രസാണ് ആകേണ്ടത്. പക്ഷേ സ്വന്തം വലയില്‍ ഗോളടിക്കാനും ആഭ്യന്തര അട്ടിമറിക്കും കോണ്‍ഗ്രസുകാര്‍ക്ക് പ്രത്യേക സിദ്ധിയുണ്ട്. പഞ്ചാബിലെ കോണ്‍ഗ്രസും വ്യത്യസ്തമല്ല. മാത്രവുമല്ല പഞ്ചാബിലെ കോണ്‍ഗ്രസുകാര്‍ക്ക് ‘ഹൈക്കമാന്‍ഡ്’ എന്നു കേട്ടാല്‍ വലിയ പേടിയൊന്നുമില്ല താനും. തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒരു കക്ഷിക്ക് നല്ല ഭരണനിര്‍വ്വഹണത്തിന് തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ബോധ്യപ്പെടുത്താനുമാവില്ല. അതിന്റെ കാഴ്ച്ചപ്പാട് ദോഷത്തില്‍ നിന്നും കരകയറാനും കോണ്‍ഗ്രസിനായില്ല.

എല്ലാം കണക്കാണ് എന്ന പരമ്പരാഗത കക്ഷികളുടെ പ്രശ്നം ആപ്പിന് വഴി തുറന്നുകൊടുത്തു. നിരന്തരമായ പ്രചാരണവും താഴെ തട്ടിലുള്ള ചില ഇടപെടലുകളും കൊണ്ട് കഴിഞ്ഞ മൂന്നാഴ്ച്ച ആപ് അതിന്റെ നഷ്ടപ്പെട്ട തിളക്കം തിരിച്ചുപിടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗ്രാമീണമേഖലയായ മാല്‍വ മണ്ഡലങ്ങളില്‍. ഈ ഗ്രാമീണ ജനങ്ങള്‍ക്കിടയിലാണ് ബാദലിന് ഏറ്റവുമധികം ഇടിവ് സംഭവിച്ചിട്ടുള്ളത്. ഇവിടെയാണ് ആപ് ഏറ്റവുമധികം വേരോട്ടം ഉണ്ടാക്കിയിട്ടുള്ളതും.

ഏറ്റവും അപ്രവചനീയമായ-ഏറ്റവും കുറവ് പരാമാര്‍ശിക്കപ്പെടുന്നതും- ഘടകം നോട്ട് പിന്‍വലിക്കലായിരിക്കും. നഗര, ഗ്രാമ പ്രദേശങ്ങള്‍ ഒരുപോലെ അതിന്റെ ആഘാതം അനുഭവിച്ചു. ഫെബ്രുവരി 4-നു വോട്ടര്‍മാര്‍ക്ക് അതിനെക്കുറിച്ചുള്ള അഭിപ്രായം പറയാനുള്ള ആദ്യ അവസരം കിട്ടുകയാണ്. അസാധാരണം എന്നുപറയാം ‘കള്ളപ്പണം’ പഞ്ചാബിലെ നേതാക്കന്മാരുടെ സംവാദങ്ങളില്‍ നിന്നും പാടെ അപ്രത്യക്ഷമാണ്. ഏതെങ്കിലും ഒരു പാര്‍ട്ടി നേതാവിനോ പാര്‍ട്ടിക്കോ ചുറ്റുമുള്ള നിരവധി കള്ളന്‍മാര്‍ക്ക് വിശുദ്ധരായി നടിക്കേണ്ടതുണ്ട്. എന്തായാലും ധാര്‍മിക ഭാരം പഞ്ചാബ് വോട്ടര്‍മാരെ വല്ലാതെ വലയ്ക്കാനിടയില്ല.

ഇന്നത്തെ കേന്ദ്ര ബജറ്റാണ് മറ്റൊരു സംഗതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായോ പ്രഖ്യാപനങ്ങള്‍ നടത്തരുതെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും ധനമന്ത്രിക്ക് പൊതു പ്രഖ്യാപനങ്ങളും ഇളവുകളും കൊണ്ട് സ്ഥിതി മാറ്റാം. ജനപ്രിയ നടപടികളും വര്‍ത്തമാനങ്ങളും എന്തായാലും മാറ്റിവെക്കില്ല.

ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് പ്രചാരണക്കാലം താരതമ്യേന സംഘര്‍ഷ മുക്തമായിരുന്നു. ബൂത്തുപിടിത്തം അപൂര്‍വമാണ്; കളവോട്ട് വ്യാപകമാണെങ്കിലും. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ക്കുള്ള സാധ്യതകളും കൂടുതലാണ്.

പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ പഴയ കാലം തൊട്ടുള്ള നിരീക്ഷകര്‍ എന്നോടു പറഞ്ഞത് ആപ് വളരെ വേഗത്തില്‍ കോണ്‍ഗ്രസിനൊപ്പം എത്തുന്നുണ്ടെന്നാണ്. സംസ്ഥാനം ഒരു ആശയക്കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്ന് അവര്‍ പറയുന്നു. ഒരു ത്രികോണ മത്സരത്തില്‍ SAD-BJPക്കുള്ള സാധ്യത പോലും അവരില്‍ പലരും തള്ളിക്കളയുന്നില്ല. ഇതുവരെയും കൃത്യമായ വിജയികളും പരാജിതരുമില്ല. പഞ്ചാബില്‍ മുഴുവനായും ഒരു വികാരമില്ല. ‘കാറ്റ്’ ഓരോ ദിവസവും മാറി വീശുകയാണ്.

ഈ വര്‍ഷത്തെ എല്ലാ പദ്മ പുരസ്കാരങ്ങളിലും ഞാന്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കുന്നത് മുരളീ മനോഹര ജോഷിക്ക് നല്കിയ പുരസ്കാരമാണ്. അത് അദ്ദേഹം അര്‍ഹിക്കുന്നു. കാരണം വര്‍ഷങ്ങളിലൂടെ തന്റെ രാഷ്ട്രീയ കക്ഷിയുടെ സങ്കുചിതത്വത്തിനു പുറത്തേക്ക് അദ്ദേഹം ഉരുത്തിരിഞ്ഞിരിക്കുന്നു. ആദ്യം തന്നെ പറയട്ടെ കൂട്ടത്തില്‍ വേറിട്ട ഒരാളാണ് അദ്ദേഹം-അര്‍ദ്ധ സാക്ഷരരായ ഒരു കക്ഷിയില്‍ അദ്ദേഹം വിദ്യാഭ്യാസമുള്ള ഒരാളാണ്. പഴയ ആര്‍എസ്എസില്‍ പെട്ട ആളാണെങ്കിലും അറിവുള്ള ആളായാണ് അദ്ദേഹത്തോട് ഇടപെട്ടവര്‍ വിലയിരുത്തുന്നത്. അതിലും പ്രധാനമായി, എതിരഭിപ്രായങ്ങള്‍ സന്തോഷപൂര്‍വ്വം കേള്‍ക്കാന്‍ തയ്യാറാകുന്ന, ചര്‍ച്ച ചെയ്യുന്ന, ആവശ്യമെങ്കില്‍ എതിര്‍വാദമുന്നയിക്കുന്ന ഒരാളാണ്. കടുംപിടുത്തമില്ല. ക്ഷുദ്രമായ ആശങ്കകളോ ക്ഷുദ്രന്മാരായ മനുഷ്യരോ തന്നെ സ്വാധീനിക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല.

എന്‍ ഡി എ ഭരണകാലത്ത് മാനവ വിഭവശേഷി, സാംസ്കാരിക മന്ത്രി എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ അടുത്തറിയുന്നത്. പ്രധാനമന്ത്രി എന്ന നിലയില്‍ പയറ്റേണ്ട പാര്‍ട്ടിക്കുള്ളിലെ പല പോരാട്ടങ്ങളിലും അടല്‍ ബിഹാരി വാജ്പേയിയുടെ രഹസ്യ സഖ്യകക്ഷിയായിരുന്നു അദ്ദേഹം. ഒരിക്കലും സര്‍വാധികാരമുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാസമിതിയില്‍ വന്നില്ല എന്ന് പലരും ചൂണ്ടിക്കാണിക്കുമെങ്കിലും വാജ്പേയി ഡോ. ജോഷിയെ എപ്പോഴും ബഹുമാനപൂര്‍വം കേള്‍ക്കുമായിരുന്നു.

പക്ഷേ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ മികച്ച വര്‍ഷങ്ങള്‍ തുടങ്ങിയത് എന്‍‌ഡി‌എ സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷമാണ് എന്നാണ് എനിക്കു തോന്നുന്നത്. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെയും ആദരണീയനായ പാര്‍ലമെന്റേറിയന്റെയും സംസ്കാരവും വിദ്യാഭ്യാസവും സംബന്ധിച്ച പക്വമായ ശബ്ദത്തിന്റെയും രൂപത്തിലേക്ക് അദ്ദേഹം അയത്നലളിതമായി പ്രവേശിച്ചു. മറ്റുള്ളവര്‍ക്ക് മിക്കപ്പോഴും അധികാരം കൊണ്ട് കിട്ടുന്ന ശ്രദ്ധ ജോഷിക്ക് ആശയങ്ങള്‍ കൊണ്ട് കിട്ടിയിരുന്നു.

സാങ്കേതിക വിദ്യ ഭയപ്പെടുത്താത്ത അപൂര്‍വം പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം. സാങ്കേതിക വിദ്യ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. ഈയൊരറ്റ ആശയവ്യക്തമാത്രം മതി അദ്ദേഹത്തെ ഉയര്‍ന്ന പുരസ്കാരത്തിന് അര്‍ഹനാക്കാന്‍.

Dragon On Our Doorstep എന്ന പുസ്തകം ലെഫ്റ്റ്നന്‍റ്  ജനറല്‍ പനാഗ് അവലോകനം ചെയ്തിരിക്കുന്നു. ആദ്യത്തെ വാചകമാണ് എന്നെ ആകര്‍ഷിച്ചത്: “ചൈന പോകട്ടെ, പാകിസ്ഥാനുമായിപ്പോലും ഇന്ത്യക്ക് ഒരു യുദ്ധം ജയിക്കുക സാധ്യമല്ല.” വളരെ പ്രകോപനപരം, ചിന്തോദ്ദീപകം, വൈകാരിക ദോഷമില്ലാത്തതത്.

മുതിര്‍ന്ന സൈനിക വിശകലന വിദഗ്ദ്ധനായ പ്രവീണ്‍ സ്വാഹ്നിയും ചെറുപ്പക്കാരനായ സഹപ്രവര്‍ത്തകന്‍ ഗസാല വഹാബും ചേര്‍ന്നാണ് Dragon On Our Doorstep-Managing China Through Military Power എന്ന പുസ്തകം എഴുതിയത്. സാമ്പ്രദായിക, മുഖ്യധാര തന്ത്രപര വിശകലനത്തില്‍ നിന്നും വ്യത്യസ്തമാണത്. പാകിസ്ഥാനുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള വഴി കണ്ടെത്തിയില്ലെങ്കില്‍ ഒരു ഭൌമതന്ത്ര ശക്തിയാകാനുള്ള ഇന്ത്യയുടെ ആഗ്രഹം അസാധ്യമാകുമെന്ന് അത് പറയുന്നു.

എല്ലാ ദിവസവും ടെലിവിഷനില്‍ നാം പുറപ്പെടുവിക്കുന്ന ദേശീയവാദ ശബ്ദങ്ങളുടെ ബഹളത്തില്‍ മുങ്ങിപ്പോകാന്‍ സ്വാഹ്നിയും വഹാബും തയ്യാറല്ല. പകരം ഒരു ലളിതമായ ചോദ്യമാണ്: “എന്തുകൊണ്ടാണ് കേവലം 6 ലക്ഷം വരുന്ന പാക് സൈന്യം 13 ലക്ഷം വരുന്ന ഇന്ത്യന്‍ സൈന്യത്തെ ഭയപ്പെടാത്തത്?” പാകിസ്ഥാന്‍ വിരുദ്ധ വാചകമടിയില്‍ നമ്മുടെ ആഭ്യന്തര കോലാഹല വിദ്വാന്‍മാര്‍ക്ക് ആശ്വാസം കിട്ടുമായിരിക്കും, പക്ഷേ സ്വാഹ്നി വാദിക്കുന്നു “പാകിസ്ഥാന്‍ സൈനിക ശക്തി വളര്‍ത്തിയപ്പോള്‍ ഇന്ത്യ സേനാ ബലമാണ് വളര്‍ത്തിയത്”

നമ്മുടെ ദേശീയ ആഖ്യാനങ്ങളില്‍ പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തിയെന്ന ആത്മപ്രശംസ നമുക്ക് കേള്‍ക്കാം. എന്നാല്‍ ചൈനയുമായുള്ള ബന്ധം പാകിസ്ഥാന്‍ വളരെ ഒതുക്കത്തോടെ കൈകാര്യം ചെയ്യുന്നതും ഈ സഖ്യം ഇന്ത്യക്ക് പുതിയ ഭീഷണിയാകുന്നതും സ്വാഹ്നി കാണുന്നു.

ചൈനയില്‍ നിന്നുള്ള ദീര്‍ഘകാല ഭീഷണി ശരിയാകാം, അനിവാര്യം പോലുമാകാം. ഇതൊരു സമാസമം കളിയല്ല. സ്വാഹ്നിയുടെ കൃത്യമായ വാദം ഇതാണ്: “ചൈനയെ കൈകാര്യം ചെയ്യുന്നതിനുള്ള വഴി പാകിസ്ഥാനിലൂടെയാണ് എന്നത് ഇന്ത്യ മനസിലാക്കണം.”

ഇത് പാകിസ്ഥാനുമായി എല്ലാ വിഷയങ്ങളും പുതിയൊരു വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യാന്‍ വഴിയൊരുക്കും. “നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യക്ക് ഒരു മുന്‍നിര ശക്തിയാകുന്നതിനുള്ള വഴി പാകിസ്ഥാനിലൂടെയാണ്.” ഇത്തരമൊരു മാര്‍ഗം മുന്നോട്ടുവെക്കാന്‍ ഒരു നിരീക്ഷകന് എളുപ്പമാണ്, പക്ഷേ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന് എളുപ്പമല്ല.

നമ്മുടെ ആഭ്യന്തര തര്‍ക്കങ്ങളും അസഹിഷ്ണുതയുമെല്ലാം ആര്‍ക്കാണ് പാകിസ്ഥാനെ കൂടുതല്‍ ശക്തമായി നേരിടാന്‍ കഴിയുക എന്നതിലേക്കാണ് എത്തിനില്‍ക്കാറ്. സൂത്രക്കാരായ ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും സ്വയം പറ്റിക്കപ്പെടാന്‍ തയ്യാറുള്ള രാഷ്ട്രീയക്കാരെയും രാജ്യത്തെയും ധീരതയുടെ പൊള്ളവര്‍ത്തമാനങ്ങളില്‍ പറ്റിക്കുന്നു. ഇക്കാര്യത്തില്‍ ഒരു വ്യക്തതയ്ക്ക് സ്വാഹ്നിയുടെയും വഹാബിന്റെയും പുസ്തകം സഹായിക്കും.

വ്യക്തത നമ്മുടെ നാഗരികതയിലെ ഒരു ശക്തമായ സംഭവമല്ല, പക്ഷേ ഒരു കപ്പ് കാപ്പി നല്ല തെളിഞ്ഞ ബുദ്ധി നല്‍കും. വരൂ, എന്റെ കൂടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍