UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖം മൂടുന്ന പര്‍ദ ഇസ്ലാമികമല്ല- എം ഇ എസ് പ്രസിഡന്‍റ് ഡോ: ഫസല്‍ ഗഫൂര്‍

Avatar

കെ.പി.എസ്.കല്ലേരി

സത്യന്‍ അന്തിക്കാടിന്റെ  സന്ദേശം എന്ന സിനിമയില്‍ പോളണ്ടിനെതൊട്ടുകളിക്കരുതെന്ന ഡയലോഗുണ്ട്. കമ്യൂണിസം തലയില്‍ കയറിയ ശ്രീനിവാസന്റെ കഥാപാത്രത്തെ കളിയാക്കാന്‍ ജയറാമിന്റെ കോണ്‍ഗ്രസുകാരന്‍ ഇടക്കിടെ പോളണ്ടില്‍ എന്തു സംഭവിച്ചെന്ന് ചോദിക്കുമ്പോള്‍ ശ്രീനിവാസന്‍ ദേഷ്യപ്പെടുകയാണ്,  പോളണ്ടിനെ തൊട്ടുകളിക്കരുത്….ഇപ്പോഴിത് പറയാനുള്ള സന്ദര്‍ഭം ഇന്നലെ എംഇഎസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറിന്റെ പ്രസംഗമാണ്.

‘പര്‍ദ ആരോഗ്യകരമായ വസ്ത്രമല്ല, ഇസ്ലാംമതം സ്ത്രീകള്‍ പര്‍ദ ധരിക്കണമെന്ന് എവിടേയും നിഷ്‌കര്‍ഷിച്ചിട്ടില്ല. മുഖം മൂടുന്ന പര്‍ദ ഇസ്‌ലാം മതത്തിനു യോജിച്ചതുമല്ല….’ 

ഫസല്‍ ഗഫൂറിന്റെ വായില്‍ നിന്നും വീണ പുതുമൊഴികേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് മതസംഘടനകളും തീവ്രവാദ പ്രസ്ഥാനങ്ങളുമെല്ലാം. ഫസല്‍ ഗഫൂറിനുപകരം ഇക്കാര്യം പറഞ്ഞത് ഇസ്‌ലാം നാമധാരിയല്ലാത്തൊരാളായിരുന്നെങ്കില്‍ വിവരമറിയാമായിരുന്നു. ഇന്നുതന്നെ പ്രതിഷേധ പ്രകടനങ്ങളും ബദല്‍ സെമിനാറുകളുമെല്ലാം ഉണ്ടാകുമായിരുന്നു. പക്ഷെ എന്തുചെയ്യും? പറഞ്ഞത് കേരളത്തിലെ ഇസ്ലാം മതസംഘടനകളും ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളുമെല്ലാം ബഹുമാനിക്കുന്ന ഡോക്ടര്‍ ഫസല്‍ ഗഫൂറായിപ്പോയില്ലേ. പ്രത്യേകിച്ചും ഫസല്‍ ഗഫൂര്‍ നേതൃത്വം നല്‍കുന്ന എംഇഎസ് എന്ന വിദ്യാഭ്യാസ സ്ഥാപനം മുസ്‌ലീം കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ചെയ്യുന്ന സ്വാധീനം ചെറുതല്ലല്ലോ. ഫസല്‍ ഗഫൂര്‍ സിനിമയടക്കം ലോകത്തുള്ള നാനാവിധ കാര്യങ്ങളെക്കുറിച്ചും വാചാലനായി സംസാരിക്കുമ്പോള്‍  അതിനേയല്ലാം മുന്‍പിന്‍ നോക്കാതെ പിന്തുണക്കുകുയും സ്വാഗതം ചെയ്യുന്നവരുമാണല്ലോ കാന്തപുരം മുതല്‍ മഅദനിവരേയുള്ള സംഘടനാപ്രവര്‍ത്തകര്‍. അങ്ങനെ എല്ലാവരുടേയും ഇഷ്ടതോഴനായി വാണരുളുന്ന ഡോക്ടര്‍ ഇതുപോലൊരു വാവിട്ട വാക്ക് പുറത്തുവിടുമെന്ന് ആരും കരുതിയതല്ല.

കൃത്യമായി പറഞ്ഞാല്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ചമുതലാണ് കേരളത്തിലേക്ക് പര്‍ദ അടിച്ചേല്‍പിക്കാന്‍ തുടങ്ങിയത്. നല്ല സാരിയും ശരീരം കാണാത്തരീതിയില്‍ നീളം കൈകളുള്ള ബ്ലൗസും മുടി പൂര്‍ണമായും മറച്ചുകൊണ്ടുള്ള തട്ടവുമിട്ടു നടന്ന മുസ്‌ലീം സ്ത്രീകളെല്ലാം വളരെ പെട്ടന്നാണ് പര്‍ദയ്ക്കുള്ളിലേക്ക് വലിഞ്ഞുകയറിയത്. തങ്ങളാരേയും പര്‍ദ അടിച്ചേല്‍പിച്ചിട്ടില്ലെന്നും സ്ത്രീകള്‍ സ്വന്തമായി തെരഞ്ഞെടുത്തതാണ് പര്‍ദയെന്നും ഇപ്പോള്‍ മതപണ്ഡിതന്‍മാര്‍ വച്ചു കാച്ചുന്നുണ്ടെങ്കിലും സത്യം അതല്ലെന്ന് കേരളത്തിലെ ലക്ഷക്കണക്കായ മുസ്‌ലീം സ്ത്രീകളോട് ചോദിച്ചാല്‍ അറിയാം. സ്‌കൂളുകളിലേക്കും കോളജുകളിലേക്കും വരെ  പര്‍ദ നടന്നുകയറിയത് സ്വാഭാവികമായിട്ടാണെന്ന് ആര് വിശ്വസിക്കും? എന്തിന് പര്‍ദയിട്ടില്ലെങ്കില്‍ മദ്രസയില്‍ വരേണ്ടെന്നുള്ള വിലക്കുകള്‍ പോലുമുണ്ടായില്ലേ സാക്ഷര കേരളത്തില്‍. ഫുള്‍പാവാടയും ബ്ലൗസും തട്ടവുമിട്ട് കുഞ്ഞുപൂമ്പാറ്റകളെപ്പോലെ മദ്രസിയിലേക്കൊഴുകിയ പെണ്‍കുട്ടികളെല്ലാം ഇന്ന് കറുത്ത പൊട്ടുകണക്കെ പര്‍ദ്ദയുമിട്ട് വരിവരിവരിയായി പോകുന്ന കാഴ്ച ബോധപൂര്‍വം ഉണ്ടാക്കിയതല്ലെന്ന് നിങ്ങളെങ്ങനെ പറയും…?

അത്തരമൊരു സങ്കടകരമായ മാറിയ സാഹചര്യത്തിലാണ് ഡോ.ഫസല്‍ ഗഫൂര്‍ നടത്തിയ ധീരമായ പ്രസ്താവന ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ കുറേക്കാലമായി  മുസ്‌ലിംസമുദായത്തിലെ പുരോഗമന വിശ്വാസികളും സ്ത്രീകളുമെല്ലാം ആഗ്രഹിച്ചതുപോലെയാണ് ഫസല്‍ ഗഫൂറിന്റെ പ്രസ്താവന വന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫസല്‍ ഗഫൂര്‍ പര്‍ദക്കെതിരെ ആദ്യ വെടിപൊട്ടിച്ചത്. അത് ഡോക്ടറോട് അറിയാതെ പറഞ്ഞുപോയതാണെന്ന തരത്തില്‍ മതസംഘടനകള്‍ കളിയാക്കിത്തുടങ്ങിയപ്പോഴാണ് ഡോക്ടര്‍ സ്വന്തം സംഘടനയായ എംഇഎസിന്റെ പേരില്‍ സെമിനാര്‍ സംഘടിപ്പിച്ച് തന്റെ വാദത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചത്.

പര്‍ദ ആരോഗ്യകരമായ വസ്ത്രമല്ലെന്ന മുന്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്ന് പറഞ്ഞ അദ്ദേഹം തുണി കൂടിയതുകൊണ്ടുമാത്രം സംസ്‌കാരം കൂടില്ലെന്നും ഇത്തരമൊരഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആരെങ്കിലും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ ഭാഷയില്‍ ഇനിയും തിരിച്ചടിക്കുമെന്ന് പറയാനും മറന്നില്ല.

‘ശാസ്ത്രീയമായി കാര്യങ്ങള്‍ പറയുമ്പോള്‍ മതവുമായി കൂട്ടി കുഴയ്ക്കരുത്. മതപരമായും ധാര്‍മികമായും പര്‍ദയ്ക്ക് യാതൊരു പിന്‍ബലവുമില്ല. ആര്‍ക്കും സഭ്യമായി വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനെ മതവുമായി കൂട്ടിച്ചേര്‍ക്കരുത്.’

‘മതവും സംസ്‌കാരവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഓരോ മതത്തിനും ഓരോ സംസ്‌കാരമുണ്ടെന്ന ധാരണ തെറ്റാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. എന്നാല്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കരുത്. ഇന്ത്യക്കാരുടെ വസ്ത്രധാരണ സംസ്‌കാരത്തില്‍ മുസ്‌ലിംകളുടെ സംഭാവന ആര്‍ക്കും അവഗണിക്കാനാവില്ല. തുണി കൂടുന്നതും കുറയുന്നതും സംസ്‌കാരത്തിന്റെ ഭാഗമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ധരിക്കുന്ന വസ്ത്രം പോലും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സംഭാവനയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവും മുഹമ്മദലി ജിന്നയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഒരു പോലെയുള്ളതായിരുന്നു. കൂടുതല്‍ തുണി ഉപയോഗിക്കുന്നതും മുഖം മറയ്ക്കുന്നതും പുരോഗമനപരമോ ഇസ്‌ലാമികമോ ആയ വസ്ത്രമായി കണക്കാക്കാനാകില്ല.’  ഫസല്‍ ഗഫൂര്‍ തന്റെ വാദം ഇങ്ങനെ പറഞ്ഞു നിര്‍ത്തി. 

ഇതിനെതിരെ ഇന്നലെ രാത്രി മുതല്‍ തന്നെ ഇ.കെ, എ.പി വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മതപരിജ്ഞാനമില്ലാത്ത മതമെന്തെന്നറിയാത്ത ഫസല്‍ഗഫൂറിന് മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എന്തധികാരമാണെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ മതഗ്രന്ഥങ്ങളിലെവിടെയെങ്കിലും മുസ്‌ലീംസ്ത്രീകള്‍ പര്‍ദ ധരിക്കണമെന്ന് പറഞ്ഞിട്ടുണ്ടോയെന്ന ഫസലിന്റെ ചോദ്യത്തിന് ഇവരാരും മറുപടി പറഞ്ഞിട്ടില്ല.

പര്‍ദ വേണോ വേണ്ടയോ എന്നതല്ല പ്രശ്‌നം. ശരീരംമുഴുവനായി മറച്ച് മാന്യമായി നടക്കുകയാണ് പര്‍ദകൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ അടിയന്തിരമായ മുസ്‌ലീം സംഘടനകള്‍ ചെയ്യേണ്ടത് ഇപ്പോള്‍ പുറത്തിറങ്ങിന്ന പര്‍ദകളെല്ലാം നിരോധിക്കുകയും രാജ്യം മുഴുവനുമുള്ള മുസ്‌ലീം സ്ത്രീകള്‍ക്ക് ധരിക്കാനായി ശരിയത്ത് ഉദ്‌ഘോഷിക്കുന്ന പ്രകാരമൊരു പര്‍ദ പുറത്തിറക്കുകയാണ്. കാരണം പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുമ്പോള്‍ ലൈംഗികാകര്‍ഷണം ഉണ്ടാവുന്നുണ്ടെന്ന വാദമുന്നയിക്കുന്നവര്‍ അദ്യം മനസിലാക്കേണ്ടത് ഇപ്പോള്‍ പുറത്തിറങ്ങുന്ന പര്‍ദയോളം ലൈംഗികാര്‍ഷണം മറ്റൊരു വസ്തത്രത്തിനുമില്ലെന്നാണ്. അത്രമാത്രം സ്ത്രീകളെ സെക്‌സിയാക്കുന്ന രീതിയിലാണ് പല പര്‍ദകളുടേയും വരവ്. അതാണ് യുവതലമുറയിലെ ഭൂരിഭാഗം പെണ്‍കുട്ടികളും സ്ത്രീകളും ഇഷ്ചപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം. അതുകൊണ്ട്  ഫസല്‍ഗൂഫൂറിനെ മതംപഠിപ്പിക്കാന്‍ നടക്കുന്ന പണ്ഡിതന്‍മാര്‍ ആദ്യം ചെയ്യേണ്ടത് പര്‍ദ നിരോധിക്കുകയോ അല്ലെങ്കില്‍ മുകളില്‍ പറഞ്ഞതുപോലെ നബിഹിതമായൊരു പര്‍ദ വിപണിയിലിറക്കുകയോ ആണ്.

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍