UPDATES

രാകേഷ് സനല്‍

കാഴ്ചപ്പാട്

രാകേഷ് സനല്‍

ന്യൂസ് അപ്ഡേറ്റ്സ്

ശാസ്ത്രീയനൃത്തം ശരീരത്തെ തുറന്നു വിടുമ്പോള്‍

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ വികസനത്തിന്റെയും ആഗോളവത്ക്കരണത്തിന്റെയും പേരില്‍ ഇന്ത്യയിലെ സാമൂഹ്യ ജീവിതം നിരവധി പരിണാമങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ജീവിതത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടരുകയും നമ്മുടെ സാംസ്കാരിക അവസ്ഥയെ തന്നെ സാരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. നവ ഭൌതികവാദത്തിന്റെ കുത്തൊഴുക്ക് സാരമായി ബാധിച്ചിരിക്കുന്നത് ശാസ്ത്രീയനൃത്തത്തെയാണ്. മാറുന്ന സാമൂഹികസാഹചര്യങ്ങളില്‍ സ്വന്തം ഇടം നിലനിറുത്താന്‍ ശാസ്ത്രീയനൃത്തം ക്ലേശിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. ഭൂരിപക്ഷം ആളുകളും ശാസ്ത്രീയനൃത്തത്തെ ‘പുരാവസ്തു’വെന്നും ബോറടിപ്പി’ക്കുന്നതും ‘മനസിലാക്കാന്‍ പറ്റാത്ത’തും എന്നും ആഢ്യ’മെന്നും ഒക്കെ ആക്ഷേപിക്കാറുണ്ട്. എന്നാല്‍ രാജ്യത്തിന്‍റെ സാംസ്കാരികസ്വത്വം രൂപീകരിക്കുന്നതില്‍ ഈ നൃത്തരൂപങ്ങള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌ എന്നതാണ് സത്യം. ഇതിനെ സംരക്ഷിക്കാനും മനസിലാക്കാനും നാം ശ്രമിച്ചില്ലെങ്കില്‍ ലോകം ഇന്ത്യയില്‍ ആവേശത്തോടെ തിരയുന്ന സ്വത്വം തന്നെയാണ് നമുക്ക് നഷ്ടമാകുക.

ശാസ്ത്രീയനൃത്തവും പ്രകൃതിയും
ശാസ്ത്രീയനൃത്തരൂപങ്ങള്‍ക്ക് പ്രകൃതിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. നമ്മുടെ ദൈനംദിനജീവിതത്തിന്റെ സമയചക്രങ്ങള്‍ നിരീക്ഷിച്ചു പഠിച്ചതിനുശേഷമാണ് ശാസ്ത്രീയനൃത്തത്തിന്റെ താളചക്രങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു നൃത്തത്തെ അകമ്പടിചെയ്യുന്ന വാദ്യങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് പല തരം ചെടികളും മൃഗങ്ങളുടെ തോലുമൊക്കെ ഉപയോഗിച്ചാണ്. സംസ്കാരത്തിന്റെ തുടക്കകാലത്ത് മനുഷ്യര്‍ പ്രകൃതിയില്‍ നിന്ന് കണ്ടെത്തുന്ന ശബ്ദങ്ങള്‍ പുന:സൃഷ്ടിക്കുന്നതിനായി വാദ്യങ്ങള്‍ നിര്‍മ്മിച്ചു എന്നത് കൌതുകകരമായ ഒരു കാര്യമാണ്. അവയിലൂടെ ഉണ്ടാകുന്ന സംഗീതം വെറും ശബ്ദങ്ങള്‍ മാത്രമല്ല. മനുഷ്യപ്രകൃതിയെ തന്നെ അവ പ്രത്യേകരീതിയില്‍ ബാധിക്കുന്നുണ്ട്. മൃഗങ്ങളുടെ ചലനങ്ങളും പഞ്ചഭൂതങ്ങളോട് ചെടികള്‍ പ്രതികരിക്കുന്ന രീതികളും പഠിച്ചശേഷമാണ് നൃത്തരൂപങ്ങളിലെ ചലനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുദ്രകളിലൂടെ അര്‍ഥം സംവേദിക്കുന്ന ഇന്ത്യന്‍ നൃത്തരീതി സൂക്ഷ്മമായ പ്രകൃതിപഠനത്തിന്റെ സൃഷ്ടിയാണ്. ജീവിതം എത്ര പുരോഗമിച്ചാലും സങ്കീര്‍ണ്ണമായാലും സ്വന്തം ശരീരവുമായി പ്രകൃതിയോടു ബന്ധപ്പെടാനുള്ള ത്വര മനുഷ്യരില്‍ സദാ ഉണ്ടാകും. ഈ ആഗ്രഹത്തിന്റെ പ്രകടനമാണ് ശാസ്ത്രീയനൃത്തരൂപങ്ങളില്‍ കാണുന്നത്.

മനുഷ്യശരീരത്തിന്റെ പ്രകാശനം
ഒരു ജനതയുടെ ആത്മാര്‍ഥമായ ആവിഷ്കാരം അവരുടെ നൃത്തത്തിലും സംഗീതത്തിലുമാണ് കാണാനാവുക. ശരീരങ്ങള്‍ ഒരിക്കലും നുണ പറയില്ല.ആഗ്നസ് ഡി മില്‍

മനുഷ്യാവിഷ്ക്കാരത്തിന്റെ ഒരു പ്രാഥമിക മാധ്യമമാണ് നൃത്തം. ഒരു കൊച്ചുകുട്ടി പോലും പാട്ടിന്റെ ഈണത്തോടും താളത്തോടും പ്രതികരിക്കും. സംഗീതമാസ്വദിക്കുകയും പ്രതികരിക്കുകയും ചെയ്യുക എന്നത് എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള ജൈവികസ്വഭാവമാണ്. മനുഷ്യശരീരം അടിസ്ഥാന ചോദനകളോട്  പ്രതികരിക്കുന്നതിന് ഒരു ഭാഷയും വ്യാകരണവും തീര്‍ക്കുക എന്നതാണ് ശാസ്ത്രീയനൃത്തരൂപങ്ങള്‍ ചെയ്യുന്നത്. ഏതുപാട്ടിനും ചേരുന്ന തരത്തില്‍ നൃത്തം ചെയ്യുക സാധ്യമാണ്. എന്നാല്‍ ചലനങ്ങള്‍ വെറും ശരീരം അനക്കല്‍ എന്നതിനുമപ്പുറം മനുഷ്യശരീരത്തെ സര്‍ഗ്ഗാത്മകതയുടെ വേറിട്ട ഒരു തലത്തിലെത്തിക്കുകയാണ് ശാസ്ത്രീയനൃത്തങ്ങള്‍ ചെയ്യുന്നത്. അവനവനെത്തന്നെ മനസിലാക്കാനുള്ള ഒരു മാധ്യമമായി ശാസ്ത്രീയനൃത്തം മാറുന്നു. ഓരോരുത്തരുടെയും വ്യക്തിപ്രകൃതി ചലനങ്ങളെയും ഭാവങ്ങളെയും പുനസൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഒരേ നൃത്തം രണ്ടുപേര്‍ അവതരിപ്പിച്ചാല്‍ അത് ഏറെ വ്യത്യസ്തമായിരിക്കും. ഒരേ നൃത്തം തന്നെ ഒരേ വ്യക്തി ജീവിതത്തിന്റെ പല ഘട്ടത്തില്‍ അവതരിപ്പിച്ചാലും അവ വ്യത്യസ്തമായിരിക്കും.

സാഹിത്യവും നൃത്തവും
ശരീരത്തിലൂടെയും ചലനങ്ങളിലൂടെയും സാഹിത്യത്തെ പല അര്‍ത്ഥങ്ങളില്‍ വിവര്‍ത്തനം ചെയ്യുകയാണ് ശാസ്ത്രീയനൃത്തം ചെയ്യുന്നത്. നൃത്തത്തിന്റെ ഭാഷയോട് സംഗീതത്തിന്റെ മാന്ത്രികത കൂടി ചേരുമ്പോള്‍ വാക്കുകള്‍ക്ക് മറ്റൊരു തലമാണ് ലഭിക്കുന്നത്. ഇതിനെ മെറ്റാ-പോയട്രി എന്ന് വിളിക്കാം. ഒരു ഗാനത്തിലെ ധ്വനികളും നാനാര്‍ത്ഥങ്ങളും നര്‍ത്തകി/നര്‍ത്തകന്‍ പുറത്തുകൊണ്ടുവരുന്നു. അതിലൂടെ ആസ്വാദകന് വാക്കുകള്‍ കൊണ്ട് പറയുന്നതിലും അപ്പുറം കാണാന്‍ സാധിക്കുന്നു. അമൂര്‍ത്തമായ ഒരു ലോകത്തിലേക്കാണ് നര്‍ത്തകി തന്റെ കാണികളെ കൊണ്ടുപോകുന്നത്. അവിടെ വാക്കുകള്‍ക്ക് വേറിട്ടൊരു അര്‍ഥം കൈവരുന്നു. അതിലൂടെ കാണികളുടെ മനസിലാക്കാനുള്ള ശേഷിയെ വികസിപ്പിക്കുകയാണ് നര്‍ത്തകി/നര്‍ത്തകന്‍ ചെയ്യുന്നത്.

ഇലക്ട്രോണിക് മീഡിയയിലൂടെ പല തരം ചിത്രങ്ങളും ശബ്ദങ്ങളും അറിവുകളും ആളുകളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഈ കാലത്ത് ഭാവനയുടെ ലോകത്ത് സഞ്ചരിക്കാന്‍ ശാസ്ത്രീയനൃത്തങ്ങള്‍ നല്‍കുന്ന അവസരം ആശ്വാസം മാത്രമല്ല ഒരു തെറാപ്പി ആയും മാറാറുണ്ട്.

മതവും നൃത്തവും
ഇന്ത്യന്‍ സംസ്കാരത്തില്‍ ജീവിതപാഠങ്ങള്‍ വാമൊഴിയായാണ് തലമുറകള്‍ തോറും കൈമാറിവന്നിട്ടുള്ളത്. ഇതിനു പുരാണകഥകളും മിത്തുകളുമാണ് ഉപയോഗപ്പെടുത്തപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തികമാറ്റങ്ങളിലൂടെയും  ആളുകളുടെ ജീവിതം അണുകുടുംബങ്ങളിലായതിലൂടെയും ഇന്നത്തെ മാതാപിതാക്കള്‍ക്ക് കുട്ടികളെ മൂല്യബോധത്തില്‍ വളര്‍ത്താനും വേരുകളുമായി ബന്ധപ്പെടുത്താനും ബുദ്ധിമുട്ടായി വരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ മൂല്യവ്യവസ്ഥയുമായി ബന്ധപ്പെടാന്‍ പറ്റുന്ന ശക്തമായ ഒരു മാധ്യമമായി ശാസ്ത്രീയനൃത്തം മാറുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ദേവദാസികള്‍ – മൂല്യശോഷിപ്പിന്റെ ഇരട്ടത്താപ്പുകൾ
ഇത്തരം സംഗീതനിരൂപകരെ ഈ പ്രദേശത്ത് കണ്ടുപോകരുത്
പാട്ടിലെ ഭൂതകാലങ്ങൾ
വരികളും സംഗീതവും
ശങ്കരാഭരണത്തിന്റെ പേടികള്‍

ഇന്ത്യന്‍ സംസ്കാരത്തിന്റെ നട്ടെല്ലായ ആധ്യാത്മികആശയങ്ങള്‍ രൂപപ്പെടുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്. പല കവികളും എഴുത്തുകാരും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി ഈ ആശയങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകള്‍ പോലും ഭേദിച്ച് വലിയ ഒരു കൂട്ടം ആസ്വാദകരിലേയ്ക്ക് ഈ കൃതികള്‍ എത്തിച്ചേരുന്നതിനു നൃത്തം സഹായിച്ചിട്ടുണ്ട്. പുരാണങ്ങളിലും ആധ്യാത്മികതയിലും അധിഷ്ടിതമായ കൃതികളെയും കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിലൂടെ നര്‍ത്തകര്‍ ആളുകളുടെ ഉള്ളില്‍ ഒരു യഥാര്‍ത്ഥ അനുഭവലോകം സൃഷ്ടിക്കുന്നു. പുരാണങ്ങളും കാണികളും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ സഹായിക്കുന്നത് ഇതാണ്.  

നൃത്തവും സൌന്ദര്യശാസ്ത്രവും
ശാസ്ത്രീയനൃത്തങ്ങള്‍ ആളുകളോട് സംവദിക്കുക മാത്രമല്ല അവരെ സൌന്ദര്യശാസ്ത്രപരമായി രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. വേഷവും ആഭരണങ്ങളും ചമയങ്ങളും ഒരു വ്യക്തിയെ ഒരു സമ്പ്രദായത്തെ ജീവിപ്പിക്കുന്ന കലാകാരന്‍/കലാകാരിയായി രൂപാന്തരപ്പെടുത്തുന്നു. പലതരം ക്രിയാത്മകതകളുടെ സങ്കലനമാണ് നൃത്തത്തില്‍ സംഭവിക്കുന്നത്.സമയത്തിന്റെയും ഇടത്തിന്റെയുംവ്യത്യസ്ഥ മേഖലകളെ അതിലംഘിച്ച് നര്‍ത്തകി വര്‍ത്തമാനലോകത്തില്‍ നിന്നും ഭാവനാലോകത്തിലേയ്ക്ക് സഞ്ചരിക്കുന്നു. ശാസ്ത്രീയനൃത്തത്തിന്റെ ഈ ദിവ്യവും ദുര്‍ഗ്രഹവുമായ സ്വഭാവമാണ് ഓരോ വ്യക്തിയേയും അവരുടെ ദൈനംദിന യാഥാര്‍ത്യങ്ങളുടെ ലോകത്തിനുമേലെ എത്താന്‍ സഹായിക്കുന്നത്.

ശാസ്ത്രീയനൃത്തം സമൂഹത്തിന്റെ ആവശ്യം
നമ്മുടെ സമൂഹം എത്രത്തോളം തിരക്കുള്ളതായാലും ടെക്നോ-സാവി ആയാലും എക്കാലവും ശാസ്ത്രീയനൃത്തം ആസ്വദിക്കാനുള്ള ബൌദ്ധികവും സൌന്ദര്യശാസ്ത്രപരവും വൈകാരികവുമായ ആഗ്രഹങ്ങളുള്ളവരുണ്ടാകും. സാഹിത്യത്തെയും സംഗീതത്തെയും താളത്തെയും പ്രത്യേകരീതിയില്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍. നൃത്തത്തിന്റെ ജനപ്രിയമായ, ഗ്ലാമറസായ രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ അനുഭവം. ദൂരദര്‍ശന്‍ ഒഴികെയുള്ള മാധ്യമങ്ങള്‍ ശാസ്ത്രീയനൃത്തത്തിന് ഇടം നല്‍കാറില്ല. അത്തരം പരിപാടികള്‍ക്ക് കാണികളില്ലെന്ന വിശദീകരണമാണ് പലപ്പോഴും ലഭിക്കാറുള്ളത്. എന്നാല്‍ ആളുകള്‍ക്ക് ഇത്തരം പരിപാടികള്‍ കാണാനുള്ള അവസരം നല്‍കുക പോലും ചെയ്തില്ലെങ്കില്‍ അത് ആസ്വദിക്കാനുള്ള താല്‍പ്പര്യം എങ്ങനെ ജനിക്കും. നമ്മുടെ സംസ്കാരത്തെ അടിച്ചമര്‍ത്താനും ഭൌതികതയില്‍ മാത്രം പ്രാധാന്യം കാണുന്ന ഒരു സംസ്കാരത്തിന് പിന്തുണ നല്‍കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതിന് ഭരണവര്‍ഗ്ഗത്തിന്റെ പിന്തുണയും ലഭിക്കാറുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ശാസ്ത്രീയനൃത്തരൂപങ്ങളെ സംരക്ഷിക്കുന്നതും പരിപോഷിപ്പിക്കുന്നതും നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍