UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാക്‌സണ്‍ പോള്ളോക്ക് ഫെല്ലോഷിപ്പ് ലഭിച്ച ചിത്രകാരന്‍ പുഷ്പാകരന്‍റെ ജീവിതം

Avatar

കെ ജി ബാലു

വേലൂര്‍ എവിടാന്ന് ഒരു തൃശൂര്‍കാരനോട് ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരം കിട്ടീന്ന് വരില്ല. ഒന്നൂടൊന്ന് ചോദിച്ചാല്‍ കേച്ചേരിക്കട്ത്താ… എന്ന ഉത്തരം കിട്ടും. അതായത് തൃശൂരിന് വടക്ക്, ഗുരുവായൂരിന് തെക്ക്. 

കേച്ചേരിയെത്തിയാല്‍ അവിടുന്ന് വടക്കാഞ്ചേരി ബസ്സിന് മിനിമം പോയന്റ് ഏഴുരൂപ കൊടുത്താല്‍ വേലൂര്‍ പുതിയ പോസ്‌റ്റോഫീസ് സ്റ്റോപ്പ്. അവിടുന്ന് അല്പം നടന്നാല്‍ പുഷ്പാകരന്റെ വീട്ടിലെത്താം.

പുഷ്പാകരനെ നാട്ടുകാരും തിരിച്ചറിയുന്നത് ഇപ്പോഴാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനിപ്പോള്‍ അല്പം തിരക്കുണ്ട്. നാട്ടുകാരുടെ സ്‌നോഹാദരങ്ങള്‍ ഏറ്റുവാങ്ങണം. അനുമോദനയോഗങ്ങളില്‍ പങ്കെടുക്കണം. പലരുടെയും സന്മനസുകൊണ്ടാണ് ഇവിടെവരെയെത്തിയത്. വന്ന വഴി മറക്കാന്‍ അദ്ദേഹത്തിനാകില്ല.

ജാക്‌സണ്‍ പോള്ളോക്ക് ഫെല്ലോഷിപ്പ് നേടിത്തന്ന ഈ പ്രശസ്തിയുടെ കഥ പുഷ്പാകരന്‍ ഇങ്ങനെ തുടങ്ങി….

താഴെ വയലുകളുടെ സമൃദ്ധിയും കുന്നുകളില്‍ ഭീമാകാരമായ പാറകളുള്ള തൃശൂരിലെ ഏതൊരു നാട്ടുപ്രദേശത്തെ പോലെയാണ് വേലൂരും. അമ്പതുകളില്‍ മാറ് മറക്കാന്‍ വേണ്ടി സമരം നടത്തിയ, കാളകളിക്ക് തിരിക്കുതിരകളെ ഇറക്കുന്ന മണിമലര്‍കാവ്, കുറൂര് അമ്പലം, മാടമ്പ് മന ഇങ്ങനെ ഐതിഹ്യങ്ങളും മിത്തുകളും അവയെ പിന്തുടര്‍ന്ന് അനവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ചുറ്റിനില്‍ക്കുന്ന സ്ഥലം. കമ്മ്യൂണിസ്റ്റാശയങ്ങള്‍ക്ക് വേരോട്ടമുള്ള സ്ഥലം.

ഇവിടെയാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ചെറുപ്പത്തില്‍ ദാരിദ്രമായിരുന്നു കൂട്ട്. അച്ഛന്‍ കുമാരന് തൊഴില്‍ തെങ്ങുകയറ്റമായിരുന്നു. പ്രായാധിക്യത്താന്‍ ഇപ്പോള്‍ പണിക്കു പോകുന്നില്ല. അമ്മ സരോജിനി നാടന്‍ പണിക്കും, കെട്ടിടം പണിക്കും പോകും. പെങ്ങളൊരാളെ കെട്ടിച്ചയച്ചു. അനിയന്‍ വേലൂര് ക്വാറിത്തൊഴിലാളിയാണ്.

പണ്ട് ഞങ്ങള് ഈക്കണ്ട പാടത്തൂടെ ഓടീട്ടുണ്ട്. കുതിരയുടെ പുറകേ… പത്ത് നാല്പത് പേരുവേണം അതിനെ ചുമക്കാന്‍, ചിലപ്പോള്‍ അത് വട്ടം തിരിയും. ചിലപ്പോള്‍ തലയാട്ടും, മറ്റു ചിലപ്പോള്‍ മുട്ടുകുത്തിനില്‍ക്കും. തൃശൂരുള്ള മറ്റ് കുതിരകളില്‍ നിന്ന് സാങ്കേതികമായി ഏറെ മുന്നിലായിരുന്നു മണിമലര്‍കാവിലെ കുതിരകള്‍. അതിന്റെ നിര്‍മാണം അതിലേറെ മനോഹരമായിരുന്നു. ഉപയോഗിക്കുന്ന നിറങ്ങള്‍. പൂരക്കാലം തുടങ്ങിയാല്‍ പിന്നെ കുട്ടികള്‍ക്ക് ഇതാണ് പ്രധാന പരിപാടി.

കൃഷിയുടെ കാലമായാല്‍ ഞാന്‍ അമ്മയുടെ കൂടെ പോകും. പുഴയ്ക്കലെ കോള്‍പാടത്തൊക്കെ ഞാന്‍ അമ്മയുടെ കൂടെ ചെറുപ്പത്തില്‍ കൃഷിപ്പണിക്കായി പോയിട്ടുണ്ട്.(പുഴയ്ക്കലെ കോള്‍ പാടത്താണ് ഇപ്പോള്‍ ശോഭാ ഹൈടെക്ക് സിറ്റി വരുന്നത്) ഒരു ചാക്ക് നെല്ലൊക്കെയാകും കൂലിയായി കൊണ്ടുവരിക. അന്നതിന് നല്ല രുചിയായിരുന്നു.

ഞങ്ങള്‍ കുട്ടികളുടെ അക്കാലത്തെ മറ്റൊരു പ്രധാന മേഖല നാട്ടില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളായിരുന്നു. നിരവധി സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജോണ്‍സണ്‍ സാറിന്റെ കൂടെ ഫൈബര്‍ ശില്പങ്ങള്‍ ഉണ്ടാകാന്‍ ഞാന്‍ പോയിരുന്നു. ഇന്ന് ചിത്രകാരനും ശില്പിയും കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ശില്പകലാ അധ്യാപകനുമാണ് ജോണ്‍സണ്‍. കുട്ടിക്കാലംതൊട്ടെയുള്ള അദ്ദേഹത്തിന്റെ പ്രോത്സാഹനവും സഹായങ്ങളുമാണ് എന്നെ ചിത്രകാരനാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

പത്താംക്ലാസു കഴിഞ്ഞ് പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പിന്, താല്പര്യമില്ലാത്ത വിഷയമായതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം അതുവിട്ടു. പിന്നീട് കാലടി സംസ്‌കൃത സര്‍വകലാശാലയുടെ പെയിന്റിംഗ് ഫൗണ്ടേഷന്‍ കോഴ്‌സിനു ചേര്‍ന്നു. അതുമായി തിരുവന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ പോയി. അപ്പോഴാണ് അവിടെ ഫൗണ്ടേഷന്‍ കോഴ്‌സിന് സാധ്യതയില്ലെന്നറിയുന്നത്. തുടര്‍ന്ന് കേസ്. ഹൈക്കോടതി കോഴ്‌സ് അംഗീകരിച്ചതിനെ തുടര്‍ന്ന് അഡ്മിഷന്‍ കിട്ടിയെങ്കിലും സാമ്പത്തിക ബാധ്യത തിരിച്ച് കാലടിയില്‍ തന്നെയെത്തിച്ചു.

കാലടിയെ സംബന്ധിച്ച് പുതിയ കോഴ്‌സ്. വലിയ പാരമ്പര്യം അവകാശപ്പെടാനില്ല. ഞങ്ങള്‍ മൂന്നാമത്തെ ബാച്ചാണ്. അതുകൊണ്ടുതന്നെ മറ്റ് ഫൈന്‍ ആര്‍ട്സ് കോളേജുകള്‍ക്ക് ഞങ്ങളോട് ചെറിയൊരു അവഗണന നിലവിലുണ്ട്. ഇപ്പോഴും ഈയൊരു തരംതിരിവ് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

പഠിക്കുമ്പോള്‍ ഞാന്‍ മത്സരിച്ചത് സ്വന്തം കോളേജിലെ കുട്ടികളോടായിരുന്നില്ല, മറ്റ് കോളേജുകളിലെ കുട്ടികളോടായിരുന്നു. നിരന്തരം വരയ്ക്കുകയെന്നതായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന ഏകവഴി. വരച്ചു. മറ്റ് വിദ്യാര്‍ഥികളറിയാതെ, വില്‍ഫ്രഡ് സാര്‍ മഷിയും കാന്‍വാസും വാങ്ങിതന്നിട്ടുണ്ട്. ഡല്‍ഹിയില്‍ എച്ച്.ആര്‍.ഡി സ്‌കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍, പോകാനുള്ള പണവും വസ്ത്രങ്ങളും വാങ്ങിതന്നത് അദ്ധ്യാപകരായിരുന്നു.

2005 ല്‍ കാലടി സര്‍കലാശാലയില്‍ ‘ മിത്തോഫ് ട്രാവല്‍ ‘ എന്ന പേരില്‍ ഒരു ഇന്‍സ്റ്റലേഷന്‍ ചെയ്തു. വാല്മീകം എന്ന ഇന്ത്യന്‍ ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു. അന്ന് ഇപ്പോഴത്തെപോലെ ഇന്‍സ്റ്റലേഷന്‍ ഇന്ത്യയില്‍ പോപ്പുലര്‍ ആര്‍ട്ടായിരുന്നില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം 

മണിദാ: നിറങ്ങളില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നൊരാള്‍
നാടന്‍ ചരിത്രകാരന്മാരും തെറിച്ച പെണ്‍മക്കളും
ചിത്രം വരയ്ക്കാന്‍ 25000 രൂപ ബാങ്ക് ലോണെടുത്ത ശാന്തേടത്തി
ഡാവിഞ്ചിയുടെ വിരൂവിയന്‍ മനുഷ്യന് ഹെര്‍ണിയയുണ്ടോ?

 

പിന്നീട് അവിടെന്ന് ഒന്നാം റാങ്കില്‍ പെയിന്റിംഗില്‍ ബി.എഫ്.എ, തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്ന് 2008 ല്‍ പെയിന്റിംഗില്‍ എം.എഫ്.എ. പൂര്‍ത്തിയാക്കി.പിന്നീട് ശാന്തിനികേതനില്‍ മ്യൂറലില്‍ എം.എഫ്.എ ചെയ്യാനായി പോയി. അവിടെ പഠിക്കുകയെന്നത് വലിയൊരു ആഗ്രഹമായിരുന്നു; അതിനു കഴിഞ്ഞില്ലെങ്കിലും ഒരു വര്‍ഷത്തോളം അവിടെ നിന്നു.

പഠനം മുഴുവന്‍ പട്ടിണി കിടന്നായിരുന്നു. സുഹൃത്തുക്കളും അധ്യാപകരും പിന്നെ ഹോസ്റ്റലുകളിലെ ഫലവൃക്ഷങ്ങളുമാണ് പഠനം പൂര്‍ത്തിയാക്കാന്‍ സഹായിച്ചവര്‍.

ദക്ഷിണാഫ്രിക്കക്കാരന്‍ വില്ല്യം കെന്‍ഡ്രിഡ്ജിന്റെ ചാര്‍ക്കോള്‍ വര്‍ക്കുകള്‍ എന്നെവല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ ഡ്രോയിംഗിലേക്ക് തിരിയുന്നത്. പേപ്പറും ഇന്ത്യന്‍ ഇങ്കുമാണ് മീഡിയം.

2009ല്‍ ആര്‍.എല്‍.വിയിലെ എന്റെ ബാച്ചിന്റെ ഷോ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗാലറിയില്‍ നടന്നു. ആ ഷോയില്‍ വച്ച് സി.ഡി.ജയന്‍ സാര്‍ എന്റെ രണ്ടു വര്‍ക്കുകള്‍ വാങ്ങി. കൂടാതെ പത്ത് ഡ്രോയിംഗുകള്‍ കൂടി ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തോളം ഡ്രോയിംഗ്‌സിനായി ഞാന്‍ ചിലവഴിച്ചു. 2011 തിരുവനന്തപുരത്ത് അദ്ദേഹം തന്നെ ആ ഷോ ക്യൂറേറ്റ് ചെയ്തു. ഏതാണ്ട് രണ്ടരലക്ഷം രൂപയുടെ വര്‍ക്കുകള്‍ വിറ്റുപോയി. ഷോ തീരുന്ന അന്ന്, ലളിതകലാ അക്കാദമിയുടെ ഗവേഷക സ്‌കോളര്‍ഷിപ്പ് കിട്ടിയതായി അറിയിപ്പുവന്നു.

തുടര്‍ന്ന് ചെന്നൈയ്ക്ക്; അവിടെയായിരുന്നു സ്റ്റുഡിയോ അനുവദിച്ചിരുന്നത്. ഒരു വര്‍ഷത്തോളം അവിടെയായിരുന്നു. അവിടത്തെ ഗ്രൂപ്പ് ഷോയ്ക്ക് ശേഷം 2012 ല്‍ ബോംബയ്ക്ക് വണ്ടികേറി. രോഗബാധിതനായി തിരികെ. വീണ്ടും കുറച്ച് കാലം കമ്മീഷന്‍ വര്‍ക്കുചെയ്തു. പിന്നീടാണ് തിരുവനന്തപുരം മ്യൂസിയത്തില്‍ കെ.സി.എസ്.പണിക്കരുടെ ചിത്രങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതിയില്‍ കണ്‍സര്‍വേഷന്‍ ട്രയിനിയായി ചേര്‍ന്നത്. അവിടെ വച്ചാണ് ജാക്‌സണ്‍ പോള്ളോക്ക് ഫെല്ലോഷിപ്പിനായി അയക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചിത്രരചന നടത്തുന്നവര്‍ക്ക്, വരയ്ക്കാനാവശ്യമായ ധനസഹായം നല്‍കുന്ന ഫെല്ലോഷിപ്പാണിത്. അബ്‌സ്ട്രാക്റ്റ് ചിത്രകലയിലെ പ്രധാനിയായിരുന്ന ജാക്‌സണ്‍ പോള്ളോക്കിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ഭാര്യയും ചിത്രകാരിയുമായ ലീ ക്രാസ്‌നര്‍ സ്ഥാപിച്ച പോള്ളോക്ക് – ക്രസ്‌നര്‍ ഫൗണ്ടേഷനാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്.

അപ്രതീക്ഷിതമായി ഫെല്ലോഷിപ്പ് ലഭിച്ചു. മൂന്നൂ വര്‍ഷത്തേക്ക്. 9.12 ലക്ഷം രൂപ ലഭിക്കും. 2015 ഡിസംബറില്‍ വലിയൊരു ഷോ ചെയ്യണം. അതിനുവേണ്ടിയാണ് ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും. പുഷ്പാകരന്‍ പറഞ്ഞു നിറുത്തി.

കുടിച്ചുകൊണ്ടിരുന്ന ചായ ഗ്ലാസ് പതുക്കെ താഴെവച്ചു. പുഷ്പാകരനെ തിരിച്ചറിഞ്ഞ ഹോട്ടലുടമസ്ഥ ചായയുടെ പണം വാങ്ങാന്‍ തയ്യാറായില്ല. അവര്‍ പുഷ്പാകരന്റെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹാന്വേഷണങ്ങളിലേക്കും, ‘ അവാര്‍ഡ് ‘ കിട്ടിയതിലെ സന്തോഷത്തെ അറിയിക്കുന്നതിലേക്കും വഴുതി.

(2011ല്‍ യുവ ചിത്രകാരനുള്ള രാജാ രവിവര്‍മ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2012ല്‍ ലളിത അക്കാദമി ഗ്രാന്‍റ് ലഭിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി എക്സിബിഷനുകള്‍ നടത്തിയിട്ടുണ്ട്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍