UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായനശാലയിലേക്ക് പുസ്തകത്താലവുമായി ഒരച്ഛനും മകളും

Avatar

ഉണ്ണികൃഷ്ണന്‍ വി

തന്റെ കുട്ടിക്ക് ഏതു ക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കണം, പരീക്ഷ ജയിക്കാന്‍ എവിടെയൊക്കെ നേര്‍ച്ച നടത്തണം എന്നൊക്കെ ആവലാതിപ്പെട്ട് നെട്ടോട്ടമോടുന്ന അച്ഛനമ്മമാരുടെ കാലമാണിത്. ഇവര്‍ക്കിടയിലാണ് ഒരച്ഛനുമമ്മയും നാടിന് മാതൃകയാകുന്നത്. 

ചേര്‍ത്തല ചാരമംഗലം സ്വദേശി കെ കെ പ്രസന്നനും ഭാര്യ വിജി മോളും തങ്ങളുടെ മകള്‍ അക്ഷര എസ്എസ്എല്‍സ് പരീക്ഷ നല്ലരീതിയില്‍ വിജയിക്കുകയാണെങ്കില്‍ ഒരു നേര്‍ച്ച നടത്തിയേക്കാമെന്ന് പറഞ്ഞിരുന്നു. അതുപക്ഷെ ഏതെങ്കിലും ആരാധനാലയത്തിലേക്കായിരുന്നില്ല. അറിവിന്റെ ലോകത്ത് വഴിപാടുകളെക്കാള്‍ ശക്തി പുസ്തകങ്ങള്‍ക്കുണ്ടെന്ന് തിരിച്ചറിഞ്ഞ ആ മാതാപിതാക്കള്‍ തങ്ങളുടെ മകള്‍ക്കായി നേര്‍ന്നത് ഒരു പുസ്തകതാലപ്പൊലിയായിരുന്നു. അക്ഷരയെ എഴുത്തിനിരുത്തിയ സന്മാര്‍ഗ സന്ദായിനി വായനശാലയിലേക്ക് പുസ്തകങ്ങളുമായി ഒരു പുസ്തക താലപ്പൊലി.

ആ നേര്‍ച്ച ഇന്നാണ് പ്രസന്നന്‍ നടത്തുന്നത്. മാതൃകാപരമായ ഈ പ്രവര്‍ത്തിക്ക് ഒപ്പം നില്‍ക്കാന്‍ ഒരു നാടും പ്രസന്നന്റെ കൂടെയുണ്ട്. വലിയൊരാഘോഷമായി നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന പുസ്തക തൊലപ്പൊലി വൈകിട്ട് ആറരയോടെ സന്മാര്‍ഗ സന്ദായിനിയില്‍ എത്തിച്ചേരും. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വിദ്വാന്‍ കെ. രാമകൃഷ്ണനും തദ്ദേശീയരായ മറ്റു പ്രമുഖ വ്യക്തികളും ഈ അപൂര്‍വാചാരത്തിന് സാക്ഷ്യം വഹിക്കും. താലിപ്പൊലിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ചെറിയൊരു സദ്യയും വീട്ടിലൊരുക്കിയിട്ടുണ്ട് പ്രസന്നന്‍.

ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ അക്ഷര മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. മകളുടെ അക്ഷര ജീവിതത്തില്‍ ആദ്യാക്ഷരം കുറിച്ച ജ്ഞാനക്ഷേത്രത്തിനാണു ഒരു പിതാവെന്ന നിലയില്‍ താന്‍ ആദ്യം നന്ദി പറയേണ്ടതെന്ന് പ്രസന്നന്‍ തീരുമാനിച്ചത് അപ്പോഴാണ്. അങ്ങനെയാണ് വായനശാലയിലേക്ക് ദീപാരാധനസമയത്ത് ഒരു പുസ്തക താലപ്പൊലി നടത്താന്‍ തീരുമാനമെടുത്തത്. കയര്‍ ഉലപ്പന കമ്പനിയിലെ തൊഴിലാളിയായ പ്രസന്നന്‍ തന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും എണ്ണായിരം രൂപയ്ക്കടുത്തുള്ള പുസ്തകങ്ങളും വാങ്ങി.

‘എന്റെ സന്തോഷം നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കാതെ തനിക്കു ചുറ്റുമുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കണം എന്ന ചിന്താഗതിക്കാരനാണ് ഞാന്‍. പങ്കു വയ്ക്കുമ്പോഴാണ് സന്തോഷത്തിനു മധുരം കൂടുതല്‍’; തന്റെ പ്രവര്‍ത്തിക്കുള്ള കാരണത്തെ ഇങ്ങനെയാണ് പ്രസന്നന്‍ നോക്കി കാണുന്നത്. അക്ഷരയെ എഴുത്തിരുത്തിയത് വായനശാലയിലാണ്, അതായിരിക്കണം അവള്‍ക്ക് കുട്ടിക്കാലത്ത് തന്നെ അക്ഷരങ്ങളോടു പ്രണയം ഉണ്ടാവാനും കാരണം, അതിനുള്ള എല്ലാ പ്രോത്സാഹനവും നല്‍കിയാണ് അവളെ വളര്‍ത്തുന്നതും; സന്മാര്‍ഗ സന്ദായിനി വായനശാലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രസന്നന്‍ മകളെയോര്‍ത്തുള്ള അഭിമാനവും തന്റെ ഉദ്ദേശം ഫലം കണ്ടതിന്റെ സന്തോഷവും പങ്കുവച്ചുകൊണ്ടു പറഞ്ഞു.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പി.എന്‍. പണിക്കരാണ് 1952ല്‍ മുഹമ്മ കല്ലാപ്പുറത്ത് സന്മാര്‍ഗ സന്ദായിനി വായനശലയ്ക്ക് തറക്കല്ലിടുന്നത്. 1992ല്‍ ഇഎംഎസ് ആണ് വായനശാല പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. തലമുറകള്‍ക്ക് അറിവേകിക്കൊണ്ട് തെളിഞ്ഞു കത്തുന്ന ഈ വായനശാല സമൂഹനന്മയ്ക്ക് ഉതകുന്ന മറ്റു സംരംഭങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നുണ്ട്. പിഎസ്‌സി കോച്ചിംഗ് സെന്റര്‍, അക്ഷയ ഈ കേന്ദ്രം, താലൂക് റഫറന്‍സ് ലൈബ്രറി, വനിതാവേദി, ബാലവേദി, കലാകായിക സംഘടന എന്നിങ്ങനെ പലതും സന്മാര്‍ഗ സന്ദായിനിയുടെ തണലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചേര്‍ത്തല ചാരമംഗലം സംസ്‌കൃത സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അക്ഷര പഠനം തുടങ്ങിയതും ഈ വായനശാലയുടെ ഭാഗമായുള്ള മലയാളം മീഡിയം നഴ്‌സറിയിലായിരുന്നു. അച്ഛന്‍ മകളുടെ ഉള്ളില്‍ പാകിയ അക്ഷരവിത്തുകള്‍ക്ക് ആവശ്യമായ വെള്ളവും വെളിച്ചവും നല്‍കിയതു വായനശാലയായിരുന്നു. വളര്‍ച്ചയുടെ ഓരോ പടിയിലും കളിപ്പാട്ടങ്ങളെക്കാള്‍ കൂടുതല്‍ പ്രസന്നന്‍ മകള്‍ക്ക് വാങ്ങി കൊടുത്തത് പുസ്തകങ്ങളായിരുന്നു. അവളുടെ കൂട്ടുകാര്‍ യഥാര്‍ത്ഥത്തില്‍ പുസ്തകങ്ങളായിരുന്നു. പ്രൊഫസര്‍ എസ് ശിവദാസിന്റെ പുസ്തകങ്ങളൊക്കെയാണ് ആദ്യമായി ഞാനവള്‍ക്ക് വാങ്ങിക്കൊടുക്കുന്നത്. വായനശാലയുടെ നേതൃത്വത്തില്‍ നടത്തുന്ന പല മത്സരങ്ങളിലും അക്ഷര ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോള്‍ പരീക്ഷയില്‍ മോള്‍ക്ക് ഉന്നത വിജയം നേടാനായതും ഈ വായനശാലയുടെ അനുഗ്രഹം കൊണ്ടുതന്നെയാണ്; പ്രസന്നന്‍ പറയുമ്പോള്‍, അക്ഷരയും അതുശരിവയ്ക്കുകയാണ്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വായനയെ ഉപേക്ഷിച്ച് യാന്ത്രികതയുടെ ലോകത്ത് പരക്കം പായുന്നവരോടും ഈ അച്ഛന് ചിലത് പറയാനുണ്ട്. ‘പുസ്തകത്തില്‍ നിന്നും അറിവ് നേടുമ്പോഴുണ്ടാകുന്ന ലഹരി ഒരിക്കലും മറ്റൊരിടത്തു നിന്നും കിട്ടില്ല. അതാണ് ഒരിക്കല്‍ പുസ്തകത്തിന്റൈാ സ്വാദ് അറിഞ്ഞവന്‍ അതിനെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കുന്നത്. ഇന്‍സ്റ്റന്റ് അറിവു നേടാനാണ് ഇന്നെല്ലാവരുടെയും ശ്രമം. ഇന്ന് ഒരു കുട്ടി പുസ്തകത്തോട് വിമുഖത കാട്ടുന്നുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ മാതാപിതാക്കളും കൂടിയാണ്. ഇത്തരമൊരു ഉദ്യമത്തിലേക്ക് എന്നെ തിരിച്ചതും അങ്ങനെയൊരു ചിന്ത കൂടിയാണ്. എന്റെയും മകളുടെയും ജീവിതത്തില്‍ പുസ്തകങ്ങള്‍ തന്ന നേട്ടങ്ങള്‍ മറ്റുള്ളവര്‍ അറിയണം, മറ്റുള്ളവര്‍ക്ക് അതൊരു മാതൃകയായാല്‍ അതില്‍പ്പരം സന്തോഷം വേറെയെന്ത്!

കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഓര്‍ത്തു പോകയാണീ വേളയില്‍

‘വായിച്ചാലും വളരും 
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും’ 

അങ്ങനെ വായിച്ചു വളര്‍ന്ന ഒരു കുട്ടിയും വായിക്കാനവളെ പഠിപ്പിച്ച അച്ഛനും അതിന് കാരണമായി നിന്ന ഒരു വായനശാലയും പുതിയൊരു ആചാരത്തിന് തുടക്കം കുറിക്കുകയാണിന്ന്. ഇന്നവര്‍ കൊളുത്തിവയ്ക്കുന്ന പുസ്തക വിളക്കുകളില്‍ നിന്ന് ഒരിക്കലും അണയാത്ത വെളിച്ചം ഓരോരുത്തരും അവരവരുടെ ജീവിതത്തിലേക്ക് തിരികൊളുത്തിയെടുക്കട്ടെ…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍