UPDATES

സിനിമ

ഇത് കുലം മുടിയ്ക്കും; വിലക്കപ്പെട്ട കനിയുടെ സ്വാദ്

Avatar

ഷിറാസ് അലി
‘മഞ്ഞുകാലം ഉത്സവമാണെന്നും
മക്കളാണ് പുതപ്പെന്നും അമ്മ പറയുമായിരുന്നു
ഈ ശീതം നിറഞ്ഞ തള്ളവിരല്‍
കടിച്ചുമുറിക്കുമ്പോള്‍
സത്യവചസ്സിന്റെ രുചിയറിയാം…’ എ. അയ്യപ്പന്‍ (ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍)

വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്ത പുതപ്പ് എന്ന ഒന്നരമണിക്കൂര്‍നേരം ദൈര്‍ഘ്യം വരുന്ന സിനിമ ആ പേരില്‍തന്നെയുള്ള സ്വന്തം കവിതയുടെ ദൃശ്യാവിഷ്‌കാരമാണ്. ചിത്രകാരനായ യുവാവും (ഷാജഹാന്‍) ചങ്ങാതിയായ യുവതിയും (നിധി സിങ്) മാത്രമാണ് സിനിമയില്‍ ചിത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. ശരീരവും മനസ്സും സര്‍ഗസിദ്ധിയുമായി പുതുകാലത്തോടു പടവെട്ടുന്ന യുവത്വവും ഇവിടെ സന്ദര്‍ശിക്കുകയും അവന്റെ ചിത്രത്തിന് വിഷയമാവുകയും നിസ്സഹായമായ പ്രേമജല്പനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന കൂട്ടാളിയുമാണവള്‍. ആത്മനിഷ്ഠയുടെ പാരമ്യത്തില്‍ കവിയുടെ തന്നെ പ്രതിബിംബമാകുന്ന അവന്‍ മലയാളത്തില്‍ ആധുനികതയോടെ രൂപംകൊണ്ട ക്ഷുഭിതനും നിഷേധിയുമായ ആ യുവാവിന്റെ നവജന്മമായി പുതപ്പില്‍ അരങ്ങേറ്റം നടത്തുന്നു.

നോക്കൂ, ആ യുവാവ് പേര് രമേശന്‍ എന്നോ രവി എന്നോ ജോസഫ് എന്നോ ആവട്ടെ – ആ യുവാവും അവനു പിന്നിലുണ്ടായിരുന്ന നിശബ്ദയായ ആ നാടന്‍ പെണ്ണും ഇവിടെ തീരുന്ന ജനുസ്സായി കരുതിയാല്‍ നമുക്ക് സമാധാനമായി ന്യൂജെന്‍ കൊണ്ടാടുകയോ മറ്റൊരു ഡോണ്‍കിയോട്ടായെ (സെര്‍വാന്റസിന്റെ പ്രതിനായകന്‍) പ്രതീക്ഷിക്കുകയോ ചെയ്യാം. അവന്റെ വീടും സ്റ്റുഡിയോയും പാനമുറിയും ഒന്നാണ്. അവിടെ അവന്‍ ചിത്രങ്ങളോടു മാത്രമല്ല അവളോടും പ്രണയത്തിലാണ്. തികച്ചും താരപരിവേഷമില്ലാത്ത അവനും അവളും ആ വീടിന്റെ മുറികളെപ്പോലെ, ലെന്‍സില്‍ നിറയുന്ന ഫര്‍ണീച്ചര്‍, പകുതി ചെയ്ത കാന്‍വാസുകള്‍, കൂട്ടിവെച്ചിരിക്കുന്ന നിറങ്ങള്‍ എന്നിവയ്‌ക്കൊപ്പം പ്രണയവ്യാകരണം പകര്‍ന്നുകൊണ്ട്… ദേവദാരുക്കള്‍ ഇടതൂര്‍ന്ന ഏദനിലെ ജീവവൃക്ഷത്തിലെ കനിക്ക് ഇത്ര മാധുര്യമോ?

വഴിവക്കില്‍ കാണുന്ന ഏതു പെണ്‍കുട്ടിയും പൊടുന്നനെ വെള്ളവസ്ത്രങ്ങളില്‍ ഇരു കൈകളും ചിറകുപോലെ വിടര്‍ത്തി താളാത്മകമായ ചുവടുവെപ്പുകളോടെ പറന്നുപോകുന്നതായി നിങ്ങളും ഭാവന ചെയ്തിരിക്കാം. പുരുഷന് അനാദിമുതല്‍ മാംസത്തിന്റെ ഒരു  പുതപ്പായി അവന്റെ ഭ്രാന്തുകളെ ചാലുകീറി വിട്ടുകൊണ്ട് ആ പെണ്ണ്; അവള്‍ ഏതായാലും ആ പഴയ സത്യവതിയല്ല. പകരം ജീവിതത്തില്‍, സൗഹൃദത്തില്‍ തന്റെ സ്ഥാനമെന്തെന്ന് ഉറപ്പിച്ചുപറയുന്ന അവളെക്കാള്‍ നല്ല മിത്രം ആര്? ഇടയ്ക്ക് അവള്‍ പറന്നു പോകുമ്പോള്‍ ആ വീട് – ചിത്രശാല – അസ്വസ്ഥമാവുന്നു. പക്ഷെ അവള്‍ക്ക് വരാതിരിക്കാനാവില്ല. അവന്റെ ഭ്രാന്തുകളൊക്കെ കാണാന്‍ അവനെ പുതപ്പിക്കാന്‍ അവള്‍ വന്നേ മതിയാകൂ.

അവന്‍ ശയിക്കുന്ന കട്ടിലിന് തീ പിടിക്കുമ്പോള്‍ ചിത്രങ്ങളും ശില്പങ്ങളും അപൂര്‍ണമായി ഫലിക്കുന്നേരം സംഘര്‍ഷങ്ങളുടെ രുധിരഭൂമികള്‍ മുറിയിലേക്കു പ്രവേശിക്കും; പതിവുപോലെ. ഒരിക്കലും അവസാനിക്കാത്ത യുദ്ധം – കുഞ്ഞുങ്ങളുടെയും നിരപരാധികളുടെയും മരണം… നിലവിളികള്‍… രക്തം… അവന്റെ ചായപ്പാത്രത്തിലേക്ക്. ഇത് നമ്മള്‍ക്കിടയില്‍ ആരും അനുഭവിക്കുന്ന പ്രതിസന്ധിയാണ്. നന്മയുടെ ഒടുവിലെ ചെറുതിരിയും ഹൃദയത്തില്‍ കെട്ടുപോകുന്ന പ്രതീതി. അതിസംവേദനക്ഷമതയാര്‍ന്ന ഒരു മനസ്സിന് പുതപ്പില്‍ മുറിവേറ്റു വീണവരുടെ എരിനൊമ്പരങ്ങളില്‍ അവന്‍ ബ്രഷ് മാറ്റിവെച്ച് പുകഞ്ഞുകിടക്കുമ്പോള്‍ അവളാണ് ഒപ്പം; അവന്റെ പനിയുടെ മുഴുവന്‍ ചൂടും ഏറ്റുവാങ്ങിക്കൊണ്ട്. യുദ്ധത്തില്‍ നിന്നും അഭയം പ്രണയത്തിലാണ്. കൊലയെക്കാള്‍ നല്ലത് ചുംബനം തന്നെയാണ്. ഞാന്‍ നിന്റെ പ്രണയിനിയാണ്… സ്‌നേഹമാണ്… എന്നാല്‍ ശരീരമല്ല എന്ന് അവള്‍ (പെണ്‍മയുടെ) മൂര്‍ത്തമായ പെണ്മയായ് – അമ്മ, പെങ്ങള്‍, കാമുകി, മകള്‍, എല്ലാമായി ഇതള്‍വിടരുന്ന നിമിഷങ്ങള്‍ പുതപ്പില്‍ വേറെയുമുണ്ട്.

കവിതയുടെ ലോകത്തില്‍ ചെറുപ്പക്കാരനും തോഴിയും ആള്‍ക്കൂട്ടത്തെ ഭയപ്പെടുന്നില്ല. അവള്‍ പിറന്നപടി അവന്റെ മോഡലായ് കലയുടെ സാര്‍വജനീനവും സാര്‍വലൗകികവുമായ നൈസര്‍ഗികതയെ ആഘോഷിക്കുന്നു. ആകാശത്തിനു നീലനിറം ഒരു ബാധ്യതയല്ലെന്ന, കടലിന് മീന്‍ അന്യമല്ലെന്ന തിരിച്ചറിവിലാണ് എ. അയ്യപ്പന്റെ ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍ എന്ന കാവ്യത്തിലെ ചില ഭാഗങ്ങള്‍ അവര്‍ ചൊല്ലിയാടുന്നത്. കവി അന്‍വര്‍ അലി പച്ചമുളച്ചീന്തുന്ന ശബ്ദത്തില്‍ കവിത ആലപിക്കുന്നു. വേട്ടക്കാരനോ ഇരപിടിയനോ പിന്നാലെയുണ്ടെന്നുകണ്ട് കൂരമ്പിനേക്കാള്‍ വെടിയുണ്ടയേക്കാള്‍ വേഗത്തില്‍ പറക്കുന്ന പക്ഷി – ഓടുന്ന ഇളമാനായി മാറുന്ന കാലത്തിന്റെ മുഴുവന്‍ വിഹ്വലതകളും കവിതയില്‍ ഏറ്റുവാങ്ങിയ എ. അയ്യപ്പനെയാണ് ചിത്രകാരന്മാരും കവികളും ഏറെപ്പുണര്‍ന്നിട്ടുള്ളത്. തുടര്‍ന്നാണ് അവള്‍ വായിക്കുന്ന വയലിന്‍ തന്ത്രികളില്‍ തീപിടിക്കുന്നതും പരവതാനികളും തിരസ്‌കരണികളും കത്തുന്നതും. ചെറുപ്പക്കാരന്റെ ഹൃദയത്തെ തീനാമ്പുകള്‍ നക്കിത്തുടക്കുകയാണ്.

രചനയുടെ തപ്തമുഹൂര്‍ത്തങ്ങളില്‍ അവനും അവളും പലപ്പോഴും സ്വയം നിര്‍വചിക്കുന്നുണ്ട്; പരസ്പരവും. വ്യതിരിക്തമായ നില്പും ഒപ്പം അയാളില്‍/അവളില്‍ കുടികൊള്ളുന്ന നീണ്ട വംശഭാരങ്ങളും ഒക്കെക്കൂടി സങ്കീര്‍ണവും ജഡിലവുമായ ജീവിതത്തിലും സ്‌നേഹം-പരസ്പര ശ്രദ്ധ ഒന്നുകൊണ്ടുമാത്രം അവന്റെ ആത്മാവിന്റെ, പുതപ്പായി വരുന്നത്; ‘നീ മഹാനാണല്ലോ’ എന്ന പരിഹാസം കൊള്ളുന്ന അവള്‍ തന്നെ. ഞാന്‍ നിന്നോടുകൂടെയുണ്ട് എന്ന് അവള്‍ അവനെ സാന്ത്വനിപ്പിക്കുമ്പോള്‍ ക്രിസ്തുധര്‍മത്തിന്റെ നൈതിക കാന്തിയും വിപ്ലവഭാവവും കൈക്കൊണ്ട് അവന്‍ അവളുടെ കാല്‍ച്ചുവട്ടില്‍ വീണ് മാപ്പിരക്കുന്നത് മുഴുവന്‍ പുരുഷലോകത്തിനും വേണ്ടിയാകണം.

അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ തകര്‍ക്കപ്പെടുന്നതും ബാബ്‌റി മസ്ജിദ് പൊളിക്കുന്നതുമായ രണ്ടു ദൃശ്യങ്ങളിലൂടെ ചിത്രകാരന്റെ ഏറ്റവും വലിയ പ്രതിസന്ധി കൂടുതുറക്കുന്നു. മതം മനംമയക്കുന്ന കറുപ്പാണെന്ന് ആദേശിച്ചിടത്തുനിന്നും മതം മനുഷ്യകുലം മുടിക്കും എന്ന സത്യമാണ് പുതപ്പ് നമ്മിലുണര്‍ത്തുന്നത്. പുതിയ മില്ലെനിയത്തില്‍ നാം കാണുന്നത് മതങ്ങളുടെ പ്രചണ്ഡമായ ശക്തിസംഭരണവും പ്രയോഗവുമാണല്ലോ. അമേരിക്ക ശരിക്കും ജോര്‍ജ് ഓര്‍വെലിന്റെ 1984 ലെ ബിഗ് ബ്രദറായി മാറിക്കഴിഞ്ഞു. ശാസ്ത്രം ന്യൂട്രിനോയെ സംബന്ധിച്ച സമസ്യകള്‍ തിരയുമ്പോള്‍ത്തന്നെ ആള്‍ദൈവങ്ങളും ഭീകരനേതാക്കളും എല്ലാ സമൂഹങ്ങളിലും കിരീടം വെച്ചുവാഴുന്നു. നവോത്ഥാനത്തിനുശേഷം ഏറ്റവും മതേതരമായിരുന്ന യൂറോപ്യന്‍ സമൂഹങ്ങള്‍ റൈറ്റ് റാഡിക്കലുകളായി മാറിയെന്നു സമീപകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്ന യുദ്ധവും ബോംബാക്രമണങ്ങളും തുടരുകതന്നെയാണ്. അത്യാധുനികങ്ങളായ യന്ത്രങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ലോകം വാഴാന്‍ തുടങ്ങുകയാണ്. ഈ സത്യം പുതപ്പിലെ ചെറുപ്പക്കാരനെ ജാഗ്രത്താക്കുന്നുണ്ട്. എന്നാല്‍ അയാള്‍ കലാകാരനാണ്; മറ്റേതൊരുവനെയും പോലെ നിസ്സഹായന്‍. എന്നാല്‍ അയാളുടെ പക്കല്‍ വര്‍ണങ്ങളുണ്ട്. ബ്രഷുകളുണ്ട്, ക്യാന്‍വാസുകള്‍ അയാള്‍ക്കായി കാത്തിരിക്കുന്നു. ഇവിടെ അവന്റെ ഒടുങ്ങാത്ത ജീവിതാസക്തിയുമായി ഒരു രക്ഷപ്പെടലോ? ഒരിക്കല്‍ക്കൂടി അവന് ബസ് കാത്തുകിടക്കുക സാധ്യമാണോ? ലോകത്തെ അഭിമുഖീകരിക്കാതെ തന്റെ സര്‍ഗശേഷിയുമായി ആ യുവാവിന് ഒരിടത്തേക്കും രക്ഷപ്പെടാനാവില്ല. അവന്റെ ഒടുങ്ങാത്ത ജീ വിതാസക്തിതന്നെ അവനെ അതിജിവിക്കാന്‍ പഠിപ്പിക്കണം. നൈതികവും ലാവണ്യപരവുമായ അനവധി ചോദ്യങ്ങളുയര്‍ത്താന്‍ പുതപ്പ് എന്ന അഭ്രാവിഷ്‌കാരത്തിനു കഴിയുന്നു.

* ജൂണ്‍ 18 (വ്യാഴം)  2.30നു തിരൂര്‍ മലയാള സര്‍വ്വകലാശാല കാമ്പസിലും ജൂണ്‍ 19 (വെള്ളി) 11 മണിക്ക് കോഴിക്കോട് സര്‍വകലാശാല കാമ്പസിലും പുതപ്പിന്റെ പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

(പ്രമുഖ കവിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍