UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

പുതിയ നിയമം: സസ്‌പെന്‍സും ത്രില്ലറുമൊക്കെ പേരിലേയുള്ളൂ

അപര്‍ണ്ണ

എ കെ സാജന്‍-മമ്മൂട്ടി കൂട്ടുകെട്ടിലുള്ള ത്രില്ലര്‍ എന്നതായിരുന്നു ‘പുതിയ നിയമ’ത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. എക്കാലത്തെയും ഹിറ്റ് ആയ തിരക്കഥകളുടെ സൃഷ്ടാവ് എന്നത് എ കെ സാജനെ എന്നും പ്രതീക്ഷയുടെ ഭാരമുള്ള സിനിമാക്കാരനാക്കുന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം എത്തുന്ന മമ്മൂട്ടി ത്രില്ലര്‍, നയന്‍താരയുടെ മേക് ഓവര്‍ ഒക്കെയായിരുന്നു സിനിമ ഇറങ്ങും മുന്നേ ചര്‍ച്ചയായത്. മോഹന്‍ ലാല്‍ ചിത്രമായ ദൃശ്യവുമായി സാമ്യം ഉണ്ടെന്ന അഭ്യൂഹവും പരന്നിരുന്നു. കോമഡിയും സസ്‌പെന്‍സും സമം ചേര്‍ത്ത ട്രെയിലര്‍ പ്രേക്ഷകര്‍ സ്വീകരിച്ചു.

ലൂയിസ് പോത്തന്‍ എന്ന മമ്മൂട്ടി കഥാപാത്രം വക്കീലും ശില്പിയും സിനിമ നിരൂപകനും ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം ക്ഷണിതാവും ഒക്കെയാണ്. വിവാഹമോചന കേസുകളിലൂടെ ജനപ്രീതി നേടിയ ആളാണ് ഇദ്ദേഹം. കഥകളി പെര്‍ഫോര്‍മറായ വാസുകി അയ്യര്‍ (നയന്‍താര) ആണ് ലൂയിസിന്റെ ഭാര്യ. രാവണവേഷം പോലും വാസുകിക്ക് വഴങ്ങും. മിശ്രവിവാഹത്തെ തുടര്‍ന്ന് ബന്ധുക്കളുമായി അകല്‍ച്ചയിലാണെങ്കിലും സുന്ദരമായ ജീവിതമാണ് ലൂയിസും വാസുകിയും മകള്‍ ചിന്തയും നയിക്കുന്നത്. വാസുകിയുടെ പെരുമാറ്റത്തില്‍ പെട്ടന്ന് സംഭവിക്കുന്ന ദുരൂഹതകളും അതിനു പിന്നില്‍ നടക്കുന്ന ദുരന്തങ്ങളുടെ ചുരുഴളിയുന്നതും ഒക്കെയാണ് പുതിയ നിയമത്തില്‍ സംഭവിക്കുന്നത്.  
1983-ല്‍ ‘ആ രാത്രി’ എന്നൊരു ജോഷി സിനിമ ഇറങ്ങിയിരുന്നു. മമ്മൂട്ടി തന്നെ നായകനായ ആ സിനിമയുമായി പ്രകടമായ സാമ്യങ്ങള്‍ ഉണ്ട് പുതിയ നിയമത്തിന്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കാവുന്ന കുറെ പുരോഗതികള്‍ കഥാഗതിയിലും മേക്കിങ്ങിലും അവകാശപെടാമെങ്കിലും ‘ആ രാത്രി’ ഓര്‍മയുള്ള ഒരു തലമുറ ഇവിടെയുണ്ട്. ലൂയിസ് പോത്തനെക്കള്‍ അധികം രംഗങ്ങളില്‍ വാസുകി അയ്യരാണുള്ളത്. പക്ഷെ അവസാനം എല്ലാം അറിയുന്ന, എവിടെയും രക്ഷകനായി എത്തുന്ന പതിവ് നായകനായി മമ്മൂട്ടി. കഥയുടെ സസ്‌പെന്‍സ് നശിപ്പിച്ചത് മമ്മൂട്ടിയുടെ താരപരിവേഷം ആണെന്നു പറയാം. നയന്‍താരയുടെ ഒരു പതിറ്റാണ്ടിലേറെയായി നീണ്ടുനില്‍ക്കുന്ന അഭിനയജീവിതത്തില്‍ വാസുകി മികച്ച ഒരു കഥാപാത്രമാണ്. ലൂയിസ് പോത്തന്‍ മമ്മൂട്ടിക്ക് ഒരു തരത്തിലും വെല്ലുവിളി ആവുന്നില്ല. എസ് എന്‍ സ്വാമിയും ഷീലു അബ്രഹാമും രചനാ നാരായണന്‍കുട്ടിയും എല്ലാം മടുപ്പിക്കുന്ന രീതിയിലാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

റേപ്പ് എന്നാല്‍ ശരീരത്തിന്റെ പരിശുദ്ധി നഷ്ടപ്പെടലല്ല, ശാരിരികമായി ഒരു വ്യക്ത്തിയെ ആക്രമിക്കുന്നതാണ് എന്ന് പുതിയ നിയമം പറയുന്നുണ്ട്. അത് മലയാള മുഖ്യധാരാ സിനിമ അധികമൊന്നും ആര്‍ജിക്കാത്ത പക്വത തന്നെയാണ്. റേപ്, സെക്‌സ് ഇവ രണ്ടും രണ്ടാണ് എന്ന് സിനിമ ചിലയിടങ്ങളിലെങ്കിലും പറയാന്നുണ്ട്. പക്ഷെ മറ്റിടങ്ങളില്‍ അശ്ലീലം പറഞ്ഞും സാരോപദേശ ക്ലാസ്സ് നടത്തിയും സിനിമ തന്നെ ഈ പക്വതയെ നശിപ്പിക്കുന്നുണ്ട്. ത്രില്ലര്‍ എന്ന രീതിയില്‍ ശരാശരിയിലും താണ രീതിയിലാണ് സിനിമ മുന്നോട്ടു പോകുന്നത്. ഇഴഞ്ഞു നീങ്ങുന്ന ഒന്നാം പകുതിയും കുറെയൊക്കെ ഊഹിക്കാവുന്ന രണ്ടാം പകുതിയും പ്രേക്ഷകരുടെ ആകാംക്ഷകളെ ചൂഷണം ചെയ്യുന്നതായി തോന്നുന്നില്ല. ചിലയിടങ്ങളില്‍ നയന്‍താരയുടെ ഫോട്ടോ ഷൂട്ടായി ചുരുങ്ങിപ്പോയി സിനിമ. എല്ലാം അറിഞ്ഞിട്ടും നിഷ്‌കളങ്ക സാന്നിധ്യമായി നില്‍ക്കുന്ന നായകന്‍ ക്ലീഷേ എന്ന വാക്കില്‍ ഒതുങ്ങാത്ത ക്ലീഷേ ആയി. കഥാപാത്രം ആവശ്യപ്പെടുന്ന മിസ്റ്റിക് ഭാവത്തില്‍ നിന്നും എസ് എന്‍ സ്വാമി മിക്കപ്പോഴും വഴുതിപ്പോയി. ചില സാഹചര്യങ്ങളെ കൂട്ടി ഇണക്കാന്‍ സംവിധായകന്‍ നന്നായി വിയര്‍ക്കുംപോലെയും തോന്നി. 

കഥാഗതിയും മേക്കിങ്ങും ചേര്‍ന്ന് നിലപാടുകളില്‍ ഒരു പുരോഗതിയൊക്കെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിനെ മുഴുവനായി ഇല്ലാതാക്കി എന്ന അനുഭവമായിരിക്കും പുതിയ നിയമം കണ്ടിറങ്ങുമ്പോള്‍ തോന്നുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍