UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ശ്വവല്‍ക്കരണമില്ലാത്ത വികസനം; ഒരു പുതുക്കാടനുഭവം

ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെയാണ് അധികാരവികേന്ദ്രീകരണം നടപ്പിലാക്കുവാനുള്ള അവസരമുണ്ടായത്. ഇത് നടപ്പിലാക്കുവാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കടമയുണ്ട്. അധികാരവികേന്ദ്രീകരണത്തില്‍ നവീന ആശയങ്ങള്‍ ചേര്‍ത്തുകൊണ്ട് മാതൃകയായ സംസ്ഥാനം കേരളമാണ്. ഇവിടെ മാത്രമാണ് പഞ്ചായത്തുകളെ ഭരണകൂടങ്ങളാക്കി മാറ്റിയത്. പണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പൗരധര്‍മ്മം മാത്രം നിറവേറ്റിയിരുന്ന സ്ഥാപനങ്ങള്‍ മാത്രമായിരുന്നു. പൗരധര്‍മ്മം നിറവേറ്റിയിരുന്ന സ്ഥാപനത്തെ ഭരണകൂടങ്ങളാക്കി മാറ്റുക എന്നതിലൂടെ പ്രാദേശിക വികസനത്തിന് കളമൊരുക്കുക എന്നതാണ് കേരളത്തില്‍ ജനകീയാസൂത്രണത്തിലൂടെ ചെയ്തത്.

ഇതോടെ ജനങ്ങള്‍ നല്‍കിയ അധികാരമുള്ള സ്ഥാപനങ്ങളായി തദ്ദേശ സ്ഥാപനങ്ങള്‍ മാറി. ഈ മാറ്റം കേരളത്തില്‍ ഉണ്ടായത് കേരളത്തിന്റെ മാത്രം തനിമയായ ജനകീയാസൂത്രണത്തിലൂടെയാണ്. 73,74 ഭരണഘടനാ ഭേദഗതിയിലൂടെ രാഷ്ട്രീയാധികാര വികേന്ദ്രീകരണം മാത്രമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ മാത്രം പഞ്ചായത്തുകളെ ഭരണകൂടങ്ങളാക്കി മാറ്റുവാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത് കേരളമാണ്. അതുകൊണ്ട് അധികാരവികേന്ദ്രീകരണത്തിന്റെ കൂടെ മൂന്ന് ആശയങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കണമെന്ന് കേരളം തീരുമാനിച്ചു. (1) ആസൂത്രണ വികേന്ദ്രീകരണം, (2) ധനവികേന്ദ്രീകരണം, (3) ഭരണപരമായ വികേന്ദ്രീകരണം. ഇതോടെ ഗ്രാമപഞ്ചായത്തുകള്‍ ഭരണകൂടങ്ങളായി മാറി എന്ന് മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടങ്ങളായി തീര്‍ന്നു. പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും മോണിറ്ററിംഗിലും ജനപങ്കാളിത്തത്തിന് സാധ്യതയായി. ഇങ്ങനെയാണ് ജനകീയാസൂത്രണം ഇന്ത്യയ്ക്ക് തന്നെ മാതൃകയായത്.

പഞ്ചായത്തുകളെ ഭരണകൂടമാക്കുന്നതിന് മറ്റൊരു ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. ഡബ്ല്യു.ടി.ഒ. കരാര്‍ അനുസരിച്ച് ഇന്ത്യയിലെ ഭരണകൂടങ്ങള്‍ (കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍) പൊതു ഇടപെടലുകളില്‍ നിന്ന് പിന്‍വലിയണം. ധനക്കമ്മി കുറയ്ക്കണം എന്ന ആശയത്തിലൂടെ ഭരണകൂടത്തെ പിന്‍വലിക്കുക എന്നതാണ് നവലിബറല്‍ ലക്ഷ്യം. അപ്പോള്‍ പൊതുവിദ്യാഭ്യാസവും പൊതുആരോഗ്യവും പൊതുവിതരണവും എല്ലാം ഇല്ലാതാകും. പകരം സ്വതന്ത്ര വിപണികള്‍ ഉണരും. പക്ഷെ ഈ കരാറിന്റെ പരിധിയില്‍ മൂന്നാം തട്ടിലെ ഭരണകൂടം ഉള്‍പ്പെടുന്നില്ല. അതുകൊണ്ട് തന്നെ പഞ്ചായത്തുകളെ ഭരണകൂടങ്ങളാക്കിയാല്‍ അവര്‍ക്ക് പൊതുരംഗത്ത് ഇടപെടുവാന്‍ കഴിയും. അവര്‍ക്ക് പൊതുവിദ്യാഭ്യാസ, ആരോഗ്യ, പൊതുവിതരണ രംഗങ്ങളില്‍ തടസ്സമില്ലാതെ ഇടപെടുവാന്‍ കഴിയും എന്നര്‍ത്ഥം. അതുകൊണ്ടാണ് ജനകീയാസൂത്രണത്തിലൂടെ താഴെതട്ടില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ ലക്ഷ്യമിട്ടത്. മാത്രമല്ല അത് ഒരു ബദല്‍ കൂടിയാണ്. സര്‍ക്കാര്‍ പിന്‍വലിയണം എന്നു പറയുന്ന വ്യവസ്ഥയ്ക്കകത്ത് ഇടപെടാവുന്ന സര്‍ക്കാരിനെ സൃഷ്ടിക്കുന്നതായതിനാലാണ് ബദല്‍ എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ അതൊരു സമരവും ആണ്.

എന്താണ് സുസ്ഥിര പദ്ധതി
അധികാരവികേന്ദ്രീകരണം കൂടുതല്‍ ശക്തിയോടുകൂടി മുന്നോട്ടു കൊണ്ടുപോകുവാന്‍ ശ്രമം നടക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ബദല്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തില്‍ ജനകീയാസൂത്രണത്തിന്റെ തുടര്‍ച്ച എന്ന രീതിയില്‍ പഴയ കൊടകര മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ‘സുസ്ഥിര കൊടകര വികസന പദ്ധതി’. കൊടകര മണ്ഡലം പുതുക്കാട് മണ്ഡലമായപ്പോള്‍ സുസ്ഥിര പുതുക്കാട് പദ്ധതിയായി മാറി. ഈ പദ്ധതി കൂടുതല്‍ വിപുലമാക്കാവുന്നതേയുള്ളു എന്നതും മുതലാളിത്ത വികസനത്തിന് ഒരു താല്‍ക്കാലിക ബദല്‍ രൂപീകരിക്കുവാന്‍ കഴിയും എന്നതുമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ അനുഭവം. ഈ വികസന രീതി കേരളത്തില്‍ വ്യാപിപ്പിക്കേണ്ടതായിട്ടുണ്ട് എന്നതാണ് അനുഭവം.

ജനകീയാസൂത്രണത്തിന്റെ നാല് പ്രധാന സങ്കല്‍പ്പങ്ങളോടൊപ്പം രണ്ട് ആശയങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് സുസ്ഥിരതയുടെ ആശയം. കഴിഞ്ഞ എട്ട് വര്‍ഷക്കാലത്തെ ജനകീയാസൂത്രണത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പുതിയ രണ്ട് സങ്കല്‍പ്പങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.

(1) വിഭവങ്ങളുടെ ഉദ്ഗ്രഥനം.

(2) വകുപ്പുകളുടെ ഉദ്ഗ്രഥനം.

ഇതോടെ പ്രാദേശിക ബദല്‍ കൂടുതല്‍ ശക്തമാക്കിത്തീര്‍ക്കുവാന്‍ ആറ് പ്രധാന പരിപാടികള്‍ വേണമെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സുസ്ഥിര പദ്ധതി ജനകീയാസൂത്രണത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാണെന്ന് തിരിച്ചറിയാം.

വിഭവങ്ങളുടെ ഉദ്ഗ്രഥനം
നവലിബറല്‍ വികസനമാതൃകയ്ക്ക് ബദലായി വികസിപ്പിക്കുന്ന പ്രാദേശിക മാതൃകയ്ക്ക് ഏറ്റവും ആവശ്യമായത് മൂലധനമാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു ഗ്രാമപഞ്ചായത്തിന് നല്‍കുന്ന വിഹിതം മാത്രമുപയോഗിച്ചുകൊണ്ട് ആ ഗ്രാമപഞ്ചായത്തിന് സ്വാശ്രയത്തിലെത്തുവാന്‍ ബുദ്ധിമുട്ടാണ്. തനതു വരുമാനം കുറഞ്ഞ പഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷം കൊണ്ട് പരമാവധി 10 കോടി രൂപ മാത്രമാണ് ലഭിക്കുക. ഈ തുക അപര്യാപ്തമായതിനാല്‍ പ്രാദേശിക ആസൂത്രണം എന്ന സങ്കല്‍പ്പം പരാജയമാണെന്ന് വിമര്‍ശകര്‍ക്ക് പറയുവാന്‍ കഴിയും. അതേ സമയം അതേ ഗ്രാമപഞ്ചായത്തില്‍ സമാന്തരമായി നിരവധി പണം എത്തുന്നുണ്ട്. അവയൊന്നും പരസ്പരപൂരകമല്ല. അതുകൊണ്ട് ഒരു പഞ്ചായത്തിലേക്ക് എത്തിച്ചേരുന്ന വിവിധ സാമ്പത്തിക സ്രോതസ്സുകളെ ഉദ്ഗ്രഥിച്ചാല്‍ പരസ്പരപൂരകമായതുകൊണ്ട് നിക്ഷേപിക്കാവുന്ന വിഭവത്തിന്റെ അളവ് കൂടും. ഉദാ: ഗ്രാമ, ജില്ല പഞ്ചായത്തുകളുടെ വിഹിതം എം.എല്‍.എ., എം.പി. ഫണ്ടുകള്‍ സംസ്ഥാന കേന്ദ്രാവിഷ്‌കൃത ഫണ്ടുകള്‍ എന്നിവയെല്ലാം ഉദ്ഗ്രഥിച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് 10 കോടി ലഭിക്കുന്ന പഞ്ചായത്തിന് ചുരുങ്ങിയത് 400 കോടി രൂപയെങ്കിലും പരസ്പരപൂരകമായി നിക്ഷേപിക്കാം. ഇങ്ങനെയാണ് പ്രാദേശിക മൂലധനം ഉദ്ഗ്രഥിതമായി വര്‍ദ്ധിപ്പിക്കുക.

വകുപ്പുകളുടെ ഉദ്ഗ്രഥനം
മേല്‍പ്പറഞ്ഞ രീതിയില്‍ ഫണ്ടുകള്‍ ഉദ്ഗ്രഥിക്കുമ്പോള്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വകുപ്പുകളുടെ ഉദ്ഗ്രഥനമാണ് ഏറ്റവും ആവശ്യം. ഭരണപരമായ വികേന്ദ്രീകരണം പൂര്‍ത്തിയായാല്‍ മാത്രമേ വകുപ്പുകളുടെ ഉദ്ഗ്രഥനം പൂര്‍ണ്ണമാക്കൂ എന്നത് യാഥാര്‍ത്ഥ്യം തന്നെ. എങ്കിലും നിലവിലുള്ള ഭരണവികേന്ദ്രീകരണത്തെ തന്നെ പരമാവധി ഉപയോഗിക്കാം. ആവര്‍ത്തനത്തിലൂടെ നഷ്ടമാകുന്ന തുക സംരക്ഷിച്ചാല്‍ തന്നെ നല്ലൊരു ശതമാനം മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. ഉദാ: ടാറിംഗിനുശേഷം റോഡുകള്‍ പൈപ്പ് ലൈനിനും കേബിളിനും വേണ്ടി വെട്ടിപ്പൊളിക്കല്‍. വകുപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഗ്രഥനമുണ്ടെങ്കില്‍ മൂന്ന് പ്രവര്‍ത്തനങ്ങളും പരസ്പര പൂരകമാക്കാം. സമ്പത്ത് അതുവഴി ലാഭിക്കാം.

ഉദ്ഗ്രഥനം എങ്ങനെ?
വിഭവങ്ങളുടെയും വകുപ്പുകളുടെയും ഉദ്ഗ്രഥനത്തിലൂടെ മൂലധനനിക്ഷേപം നിരവധി മടങ്ങ് കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കാമെന്ന് ബോധ്യമായി. ഇത് നടപ്പിലാക്കുവാന്‍ കാര്യക്ഷമമായ ഒരു ഉപകരണം വേണം. അതാണ് മാസ്റ്റര്‍ പ്ലാന്‍. ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ മേഖലയ്ക്കും ദീര്‍ഘവീക്ഷണവും പരിപ്രേക്ഷ്യവുമുള്ള മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാകണം. ഉദാ: എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ രൂപീകരിച്ചാല്‍ പാര്‍പ്പിട നിര്‍മ്മാണത്തിനുള്ള എല്ലാ ഏജന്‍സികളേയും ധനകാര്യസ്ഥാപനങ്ങളേയും ഉദ്ഗ്രഥിച്ചുകൊണ്ട് 10 വര്‍ഷം കൊണ്ട് മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരിക്കാം.

എല്ലാവര്‍ക്കും വെള്ളം: ജലസ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ജലസേചന, കുടിവെള്ള പദ്ധതികള്‍ കൂട്ടിയിണക്കിക്കൊണ്ടുള്ളതാകുന്നു ഈ മാസ്റ്റര്‍ പ്ലാന്‍. ഇതിനാവശ്യമായ മൊത്തം തുക ഒരു ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കുവാന്‍ ഒരിക്കലും കഴിയില്ല. പക്ഷേ മേല്‍പ്പറഞ്ഞ സ്രോതസ്സുകള്‍ കൃത്യമായി ഉദ്ഗ്രഥിച്ചാല്‍ നിശ്ചയമായും ആവശ്യത്തിന് മൂലധനം ലഭ്യമാകും. ഓരോ ഭരണകൂടത്തിനും ജനപ്രതിനിധികള്‍ക്കും അവരവരുടെ പേര് നിലനിര്‍ത്താന്‍ വേണ്ടി പരസ്പരപൂരകമല്ലാത്ത പദ്ധതികള്‍ ഏറ്റെടുക്കുകയും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല അപാകത ഇതിലൂടെ പരിഹരിക്കാന്‍ കഴിയും എന്ന്‌ മാത്രമല്ല പല പ്രധാന ലക്ഷ്യങ്ങളും കൈവരിക്കുകയും ചെയ്യാം. മാസ്റ്റര്‍ പ്ലാനിന്റെ രൂപീകരണത്തിലും നിര്‍വ്വഹണത്തിലും ഭരണകൂടം ശ്രദ്ധയോടെ ഇടപെട്ടാല്‍ വകുപ്പുകള്‍ തമ്മിലുള്ള ഉദ്ഗ്രഥനവും സാധ്യമാകും. മാസ്റ്റര്‍ പ്ലാനിന്റെ പൂര്‍ത്തീകരണത്തോടെ വകുപ്പുകള്‍ക്ക് ഉദ്ഗ്രഥിക്കപ്പെടാതിരിക്കുവാന്‍ കഴിയില്ല.

പുതുക്കാടിന്റെ അനുഭവം
സുസ്ഥിര പദ്ധതി ആരംഭിക്കുവാന്‍ ആദ്യ 10 വര്‍ഷത്തേക്ക് സുപ്രധാനമായ ചില ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ചു. ആ ലക്ഷ്യങ്ങളെല്ലാം മുതലാളിത്ത വികസനത്തിന്റെ അപാകതകളെ തുറന്നുകാണിക്കുകയും ബദല്‍ നിര്‍മ്മിക്കുതുമായിരുന്നു. മുതലാളിത്ത വികസനത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം പാര്‍ശ്വവല്‍ക്കരണമാണ്. സമ്പത്ത് ധ്രുവീകരിക്കുന്നതിനാലാണ് പാര്‍ശ്വവല്‍ക്കരണം നടക്കുന്നത്. അതുകൊണ്ട് തന്നെ വീടില്ലാത്തവരും വെള്ളവും വെളിച്ചവും ലഭിക്കാത്തവരും ഇന്നും ഉണ്ട്. എന്നിട്ടും ഭരണകൂടം പിന്‍വലിയുന്ന അജണ്ട നടപ്പിലാക്കുന്നു. അതുകൊണ്ട് പാര്‍ശ്വവല്‍ക്കരണമില്ലാത്ത ഒരു ജനതയെ സൃഷ്ടിക്കുക എതാണ് ബദല്‍ വികസന പ്രക്രിയയുടെ മുഖ്യലക്ഷ്യം. അതിനായി താഴെപറയുന്ന ലക്ഷ്യത്തിലാണ് പുതുക്കാട് മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയത്.

1. എല്ലാവര്‍ക്കും വീട്

2. എല്ലാവര്‍ക്കും വെളിച്ചം 

3. എല്ലാവര്‍ക്കും വെള്ളം 

4. എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം 

5. എല്ലാവര്‍ക്കും തൊഴില്‍

6. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തല്‍

7. സമഗ്രമായ പശ്ചാത്തലം

ഒമ്പത് വര്‍ഷത്തെ സുസ്ഥിരയുടെ പ്രവര്‍ത്തനത്തിലൂടെ മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ പലതും നേടി എന്നു മാത്രമല്ല ചിലത് നേടുന്ന വഴിയിലൂടെയാണ് നീങ്ങുന്നത്. 

2010 ല്‍ തന്നെ എല്ലാവര്‍ക്കും വീട് ലഭിച്ച മണ്ഡലമായി പ്രഖ്യാപിച്ചു. ഇ.എം.എസ്. പാര്‍പ്പിട പദ്ധതിയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. എല്ലാവര്‍ക്കും വെളിച്ചം എന്ന ലക്ഷ്യം സമ്പൂര്‍ണ്ണമായും നേടി എന്ന് മാത്രമല്ല വോള്‍ട്ടേജ് ക്ഷാമം ഒട്ടും തന്നെയില്ലാത്ത അവസ്ഥ സൃഷ്ടിച്ചു. 13000 കണക്ഷനുകള്‍ നല്‍കി. 84 ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചു. 66 കെ.വി. സബ് സ്റ്റേഷന്‍ 110 കെ.വി. ആയി ഉയര്‍ത്തി. 2.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന യൂണിറ്റ് ചിമ്മിനി ഡാമില്‍ കമ്മീഷന്‍ ചെയ്തു. എല്ലാ തെരുവുകളിലും എല്‍.ഇ.ഡി. വിളക്കുകള്‍ സ്ഥാപിച്ചു വരുന്ന പദ്ധതി നടന്നുവരുന്നു. ഈ രംഗത്ത് ഒരു നിശബ്ദ വിപ്ലവം തന്നെ പുതുക്കാട് നടക്കുന്നു.

എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ 79 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹൈടെക്ക് സ്‌കൂളുകളാക്കി മാറ്റിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഹൈടെക്ക് മണ്ഡലമാക്കി മാറ്റി പൊതു വിദ്യാലയങ്ങളെ ശക്തമാക്കിക്കൊണ്ട് സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനും വര്‍ഗ്ഗീയവത്ക്കരണത്തിനും അതിലൂടെ സംഭവിക്കുന്ന പാര്‍ശ്വവല്‍ക്കരണത്തിനും മറുപടി എന്ന രീതിയിലാണ് സുസ്ഥിരയുടെ പദ്ധതി നടപ്പിലാക്കിയത്. 10-ാം തരം, +1, +2 വിന്റെ ക്ലാസ് മുറികള്‍ കമ്പ്യൂട്ടറും, എല്‍.സി.ഡി.യും നെറ്റ് കണക്ഷനുമുള്ള ഹൈടെക്ക് മുറികളാണ്. എല്‍.പി. അടക്കം എല്ലാ സ്‌കൂളുകളും ഹൈടെക്കാണ്. ഇവയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന സ്റ്റാറ്റിക്ക് ഐ.പി.യും സ്ഥാപിച്ചിട്ടുണ്ട്. ഏഴ് കോടിയാണ് ഇതിന് ചെലവ്.

എല്ലാവര്‍ക്കും വെള്ളം എന്ന ലക്ഷ്യവും വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ നേടും. തൃക്കരക്കൂര്‍, നെണിക്കര, വല്ലച്ചിറ സമഗ്ര കുടിവെള്ള പദ്ധതികള്‍ നിലവില്‍ വന്നു. പുതുക്കാട്, മറ്റത്തൂര്‍ സമഗ്രകുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. തോട്ടുംമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മണ്ഡലത്തിലൂടെ ഒഴുകുന്ന മണലി, കുറുമാലി പുഴകളുടെ ജലസമൃദ്ധിയെ അഞ്ച് റെഗുലേറ്റര്‍ കം ബ്രിഡ്ജുകളും ജലസേചന കുടിവെള്ള പദ്ധതികളും ഉപയോഗിച്ചാണ് 1000 ശതമാനം പേര്‍ക്കും ശുദ്ധജലം നല്‍കുന്ന സ്ഥിതിയിലേക്ക് നയിക്കുന്നത്. എല്ലാ സൗകര്യങ്ങളും 100 ശതമാനം ജനതയ്ക്കും ലഭിക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഒരു സ്വപ്നമാണ്. സമ്പൂര്‍ണ്ണ ജലസേചിത മണ്ഡലമായും പുതുക്കാട് മാറും. 100 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.

തൊഴില്‍ സാന്ദ്രമായ കാര്‍ഷിക മേഖലയെ പ്രത്യേകിച്ച് ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണവും തൊഴില്‍ സംരക്ഷണവും ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. ജൈവവൈവിദ്ധ്യ പാര്‍ക്ക് എന്ന പദ്ധതി ജൈവസംരക്ഷണത്തിലൂടെ മണ്ണ് സംരക്ഷണത്തിനാണ് ലക്ഷ്യമിടുത്. 79 സ്‌കൂള്‍ കാമ്പസ്സുകളും ജൈവ വൈവിധ്യ പാര്‍ക്കുകളാക്കി മാറ്റിക്കൊണ്ട് പുതിയ തലമുറയ്ക്ക് ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ സന്ദേശം നല്‍കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന ജൈവകൃഷിയിലൂടെ കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി 4000 നിവേദ്യ കദളിപഴങ്ങള്‍ എല്ലാ ദിവസവും ഗുരുവായൂര്‍ക്ക് നല്‍കുന്നു.

പശ്ചാത്തല വികസനത്തിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരണമില്ലാത്ത വികസനനേട്ടം മുതലാളിത്ത വികസനത്തിന്റെ അശാസ്ത്രിയതയെ തുറന്നു കാട്ടുന്നതോടൊപ്പം ബദല്‍ ബിംബമായി നില്‍ക്കുന്നു. ഉല്‍പ്പാദനത്തിന്റെ വര്‍ദ്ധനവും സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണവും പാരിസ്ഥിതിക സന്തുലനവും സാമൂഹികമായ സ്വസ്ഥതയുമാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍