UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവൈപ്പ് സമരക്കാര്‍ക്കെതിരേയുള്ള ക്രൂരത; യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് എംഎല്‍എ, പരിശോധിക്കാമെന്നു മുഖ്യമന്ത്രി

ജനകീയ പ്രതിഷേധ സാഹചര്യങ്ങളില്‍ പൊലീസ് സംയമനം പാലിക്കുകയാണ് വേണ്ടത്

പുതുവൈപ്പില്‍ പാചക വാതക സംഭരണശാലയ്‌ക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരേ ക്രൂരമായ ലാത്തി ചാര്‍ജ് നടത്തിയെന്നാരോപണം പേറുന്ന ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരേ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി എസ് ശര്‍മ എംഎല്‍എ. ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പേ പിടിച്ചപോലെ ഓടി നടന്ന് തല്ലുന്നതായാണ് ദൃശ്യമാധ്യമങ്ങളില്‍കാണാനായത്. ഇത് ഇടതുമുന്നണി സര്‍ക്കാരിന്റെ പൊലീസ് നയത്തിന് എതിരാണ്. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.സ്ത്രീകളും കുട്ടികളോടും സംരക്ഷണവും അനുഭാവവും പുലര്‍ത്തുന്നതാണ് ഇടതുസര്‍ക്കാര്‍ നയം; ശര്‍മ വ്യക്തമാക്കി.

എല്‍പിജി പ്ലാന്റിനെതിരായ ജനകീയ സമരത്തിനു നേരെ പൊലീസ് ക്രൂരമായ അടിച്ചമര്‍ത്തലാണ് നടത്തുന്നതെന്ന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇടിനിടയിലാണ് എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട് പ്രസ്താവനയിറക്കിയിരിക്കുന്നത്. ഇതിനു മുമ്പും ലാത്തിച്ചാര്‍ജ്ജിന്റെ പേരില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ളയാളാണ് യതീഷ് ചന്ദ്ര. എല്‍ഡിഎഫ് സമരത്തിനുനേരെ യതീഷ് ചന്ദ്ര നടത്തിയ ലാത്തിച്ചാര്‍ജ് അന്ന് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു. അതേയാള്‍ ഇടതുപക്ഷം ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒരു ജനകീയ സമരത്തിനുനേരെ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തിയത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നാണ് പൊതുവിലുള്ള വിമര്‍ശനം.

വെള്ളിയാഴ്ച ഹൈക്കോടതി ജംക്ഷനിലെ സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയവര്‍ക്കെതിരെയാണു പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെ അതിക്രൂരമായിട്ടാണ് പൊലീസ് പെരുമാറിയത്. ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്ര റോഡില്‍ ഇറങ്ങി പ്രതിഷേധക്കാരായ പുതുവൈപ്പ് നിവാസികളെ പിറകെ നടന്ന് ആക്രോശിക്കുകയും ക്രൂരമായി അടിക്കുകയുമായിരുന്നു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുംവരെ പുതുവൈപ്പിലെ ഐഒസിയുടെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം. ഇത്തരം ജനകീയ പ്രതിഷേധ സാഹചര്യങ്ങളില്‍ പൊലീസ് സംയമനം പാലിക്കുകയാണ് വേണ്ടത്. സംഭരണശാല ജനനിബിഡമല്ലാത്ത മറ്റൊരിടത്തേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നുമാണ് എസ് ശര്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍