UPDATES

വിദേശം

പുടിനും ട്രംപും പടിഞ്ഞാറിന്റെ പുതിയ പ്രത്യയശാസ്ത്ര സഖ്യവും

പടിഞ്ഞാറന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായകമായ പുതിയ യാഥാര്‍ത്ഥ്യം ഉരുത്തിരിയുകയാണ്.

വാഷിംഗ്ടണ്‍ പോസ്റ്റ്

വിഭ്രമാത്മകമായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഒരു വര്‍ഷത്തില്‍ വാഷിംഗ്ടണില്‍ തിരക്കഥയിലെ വലിയൊരു കലങ്ങി മറിച്ചില്‍ നടക്കുന്നു; അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ റഷ്യന്‍ ഇടപെടല്‍ എന്ന ആരോപണം ഉന്നയിക്കുന്ന ഡെമോക്രാറ്റുകള്‍ ക്രെംലിന്‍ ചതിയെക്കുറിച്ച് അലമുറയിടുന്നു; ശീതയുദ്ധത്തിന്റെ മുന്നണിപ്പോരാളികളായിരുന്ന യാഥാസ്ഥിതികര്‍ ഇപ്പോള്‍ മോസ്‌കോയോടുള്ള വിമര്‍ശനം ചുരുക്കിയിരിക്കുന്നു, ചിലപ്പോഴൊക്കെ പ്രതിരോധിക്കുകപോലും ചെയ്യുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടെന്ന സി ഐ എ ആരോപണം ഇനിയിപ്പോള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞാലും പടിഞ്ഞാറന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായകമായ പുതിയ യാഥാര്‍ത്ഥ്യം ഉരുത്തിരിയുകയാണ്.

അടുത്തുതന്നെ വാഷിംഗ്ടണിലും മോസ്‌കോയിലും ഒരേ തരം വലതുപക്ഷ ദേശീയവാദത്തിനെ, ദേശീയ പരമാധികാരത്തിന്റെ പ്രാമാണികതയെ ആധാരമാക്കിയ, ഭൂതകാല മഹിമയുടെ ഐതിഹ്യങ്ങളെ ആനയിക്കുന്ന, ക്രിസ്ത്യന്‍ മൂല്യങ്ങളെക്കുറിച്ച് വാചാലരാവുകയും ബഹുസാംസ്‌കാരികതയേയും സാര്‍വലൗകികതയെയും നിഷേധിക്കുകയും ചെയ്യുന്ന ഒന്നിനെ പുല്‍കിയ വ്യക്തികള്‍ സര്‍ക്കാരുകളെ നയിക്കും. അവരുടെ പ്രത്യയശാസ്ത്ര സഹോദരങ്ങള്‍ യൂറോപ്പിന്റെ പല ഭാഗങ്ങളിലും കാലുറപ്പിച്ച് ഭൂഖണ്ഡത്തിലെ പതിറ്റാണ്ടുകളുടെ ഉദാര ഉദ്ഗ്രഥനം പിറകോട്ടടിപ്പിക്കുമെന്ന ഭീഷണിയുയര്‍ത്തുന്നു.

സമഗ്രാധിപതിയായ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കീഴില്‍ റഷ്യ ഈ വലിയ വലതുപക്ഷ തിരിവില്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നില്ല. പക്ഷേ അയാളുടെ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പുനക്രമീകരണത്തിന് സജീവമായി ആക്കം കൂട്ടുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ മാധ്യമ ശാഖകളും രാഷ്ട്രീയ സഖ്യങ്ങളും വഴി അന്താരാഷ്ട്ര ക്രമത്തിലെ റഷ്യയുടെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കാനും രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറാനും നയങ്ങളെ സ്വാധീനിക്കാനും റഷ്യ  ശ്രമിക്കുന്നതെങ്ങിനെയെന്ന് Atlantic Council നവംബര്‍ മാസത്തിലെ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഉദാഹരണങ്ങള്‍ നിരവധിയാണ്. ഹംഗറി മുതല്‍ സ്വീഡന്‍ വരെയുള്ള അതിദേശീയതവാദ കക്ഷികളെയെല്ലാം മോസ്‌കോ സ്വീകരിച്ചിരിക്കുന്നു. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വലിയ സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിലെ തീവ്രവലതുപക്ഷ കക്ഷി നാഷണല്‍ ഫ്രണ്ടിന്റെ നേതാവ് മേരി ലീ പെന്നിന് റഷ്യന്‍ ബാങ്കുകള്‍ ഗണ്യമായ അളവില്‍ വായ്പ നല്‍കിയിരിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വിട്ടുപോരലിനായി ബ്രെക്‌സിറ്റ് നേതൃത്വം നല്‍കിയ ഒരു വ്യവസ്ഥാവിരുദ്ധ, ജനപ്രിയ നേതാവ്, സര്‍ക്കാര്‍ പണം നല്‍കുന്ന Russia Today എന്ന ടെലിവിഷന്‍ ചാനലില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു.

പല രീതികളില്‍ അവരെല്ലാം ആഗോളീകരണത്തേയും ഉദാര മൂല്യങ്ങളെയും തള്ളിക്കളയുകയും കൂടുതല്‍ ദൃഢമായ ഒരു ദേശീയതയെ പകരം വെക്കുകയും ചെയ്യുന്നവരാണ്. ഇത് മോസ്‌കോവിന്റെ നയത്തിനനുസൃതവുമാണ്. പുടിന്റെ ക്രിമിയന്‍ കൂട്ടിച്ചേര്‍ക്കലിനെ ന്യായീകരിച്ച ലീ പെണ്‍ റഷ്യയ്ക്ക് മേലുള്ള യൂറോപ്യന്‍ ഉപരോധങ്ങള്‍ എടുത്തുനീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ സര്‍ക്കാരുകളിലും വ്യവസ്ഥാപിത മാധ്യമങ്ങളിലും വിശ്വാസം കുറഞ്ഞുവരുന്ന ഒരു സമയത്താന് ഈ തീവ്രവലതുപക്ഷ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് പലപ്പോഴും ക്രെംലിനുമായി ബന്ധപ്പെട്ട സംഘങ്ങളും ചോര്‍ച്ചകളും ആക്കം കൂട്ടുന്ന  ഗൂഢാലോചന സിദ്ധാന്തങ്ങള്‍ തഴച്ചുവളരാന്‍ ഇടയാക്കുന്നുണ്ട്.
Atlantic Council-ലെ അലീന പോളിയാകോവ പറയുന്നത്, അന്തിമലക്ഷ്യം എന്നത്,’NATO-യേയും യൂറോപ്യന്‍ യൂണിയനേയും ദുര്‍ബലമാക്കുക എന്നതാണ്.’

ട്രംപ് പുടിനോടുള്ള അടുപ്പം പരസ്യമായി പറഞ്ഞിട്ടുണ്ട്. അയാളുടെ നിലവിലുള്ളവരും, വരാന്‍ പോകുന്നവരുമായ ഉപദേഷ്ടാക്കളില്‍ പലരും റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുള്ളവരും അതിന്റെ അജണ്ടയോട് അനുഭാവം പ്രകടിപ്പിച്ചവരുമാണ്. യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ പ്രതിസന്ധിയുടെ സൂചന നല്കിയ ബ്രെക്‌സിറ്റിനെ ആവേശത്തോടെ അനുകൂലിച്ച ട്രംപ്, അരനൂറ്റാണ്ടിലേറെ യൂറോപ്പിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയ സൈനിക സഖ്യമായ NATO യുടെ സാധ്യതയെയും പ്രാധാന്യത്തെയും സംശയത്തോടെയാണ് കാണുന്നത്.

റഷ്യയുമായി അടുത്ത ബന്ധമുള്ള എക്‌സോണ്‍ മോബില്‍ തലവന്‍ റെക്‌സ് ടില്ലെഴ്‌സനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത് ട്രംപിന്റെ വൈറ്റ് ഹൗസ് അമേരിക്കയുടെ വിദേശ നയത്തിന്റെ ചില ആദര്‍ശ കാഴ്ച്ചപ്പാടുകള്‍ എപ്പോഴും പ്രയോഗിച്ചിരുന്നില്ലെങ്കിലും കയ്യൊഴിയും എന്ന സൂചനയാണ് നല്‍കുന്നത്.

‘തത്വങ്ങള്‍, മൂല്യങ്ങള്‍, കൂടുതല്‍ ഇടപെടലുകലുള്ള സമീപനത്തോടെയുള്ള തന്ത്രപരമായ പങ്കാളിത്തം എന്നിവയില്‍ നിന്നും യു.എസ് വിദേശനയം അകലും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്, ‘ഒരു റഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയനേതാവായ വളാഡിമിര്‍ മിലോവ് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

putin-trump

പക്ഷേ ഈ മാറ്റത്തിന് ഒരു പ്രത്യയശാസ്ത്രവുമുണ്ട്. ട്രംപിന്റെ ഭാവി സര്‍ക്കാരിനെ യൂറോപ്പിലെ മറ്റ് തീവ്ര വലതുപക്ഷ ജനപ്രിയ കക്ഷികളുമായും പുടിന്റെ മോസ്‌കോവുമായും ചേര്‍ത്തുനിര്‍ത്തുന്ന ചില യഥാര്‍ത്ഥ മൂല്യങ്ങളുണ്ട്. അവ പ്രസിഡന്റ്് ഒബാമയുടെ രണ്ടു തവണക്കാലത്ത്  നിന്നുള്ള മടക്കവുമാണ്.

ചിരകാല ശത്രുവായ മോസ്‌കോവുമായുള്ള ട്രംപിന്റെ അടുപ്പം ചില റിപ്പബ്ലിക്കന്‍മാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ‘പക്ഷേ നിരീശ്വരവാദത്തിന്റെ പേരില്‍ സോവിയറ്റ് യോണിയനെ എതിര്‍ത്തിരുന്ന പല നാഗരികത യാഥാസ്ഥിതികരും ഇപ്പോള്‍ പുടിന്റെ റഷ്യയെ പുതിയ നാഗരികത ശത്രുവിനെതിരായ കൃത്യം പോര്‍മുഖമായാണ് കാണുന്നത്. ഇസ്ലാമിനെതിരേ,’ എന്നെഴുതുന്നു Atlantic ലെ പീറ്റര്‍ ബെയ്‌നാര്‍ട്.

ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളില്‍ ഒരാളാകാന്‍ പോകുന്ന വലതുപക്ഷ സൈദ്ധാന്തികന്‍ സ്റ്റീഫന്‍ കെ ബന്നന്‍ പുടിന്റെ ഗോത്ര ദേശീയതയെ 2014ലെ ഒരു പ്രസംഗത്തില്‍ പിന്തുണച്ചിരുന്നു.
പുടിന്റെ ‘kleptocracy’ യെ അനുകൂലിച്ചില്ലെങ്കിലും യൂറോപ്യന്‍ യാഥാസ്ഥിതികരുടെ ഒരു സദസ്സിനോട് ബന്നന്‍ പറഞ്ഞു, ‘നാം, ജൂതക്രിസ്ത്യന്‍ പടിഞ്ഞാറ്, പാമ്പര്യവാദത്തിന് ഏതുവരെ പോകാന്‍ കഴിയുമെന്ന് പുടിന്‍ പറയുന്നത് ശ്രദ്ധിക്കണം,പ്രത്യേകിച്ചും ദേശീയതാവാദത്തിന്റെ അടിസ്ഥാനങ്ങളെ അത് പിന്തുണയ്ക്കുന്ന രീതിയില്‍.’

കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗങ്ങളിലെല്ലാം ട്രംപ് നാഗരികതകളുടെ സംഘട്ടനത്തിന്റെ ഭാഷയാണ് ഉപയോഗിച്ചത്. ആഗോളീകരണത്തിന്റെ കപട ഗാനത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ജൂതക്രിസ്ത്യന്‍ മൂല്യങ്ങളെ തന്റെ വിദേശ നയത്തിന്റെ ഭാഗമാക്കുമെന്നും പറഞ്ഞു.
പുടിന്റെ പരമാര്‍ശങ്ങളുടെ പ്രതിധ്വനികള്‍ ഈ വാചകമടിയില്‍ കേള്‍ക്കാം. 2013 അവസാനത്തില്‍ നടത്തിയ ഒരു രൂക്ഷമായ പ്രസംഗത്തില്‍ പരമ്പരാഗത മൂല്യങ്ങളെ പ്രതിരോധിച്ച പുടിന്‍ പുരോഗമന പടിഞ്ഞാറന്‍ ലോകത്തിന്റെ സാംസ്‌കാരിക മേല്‍ക്കോയ്മയെ കടന്നാക്രമിച്ചു. ഉദാരതയുടെ ‘സഹിഷ്ണുതയെന്ന് വിളിക്കുന്നതിനെ”ആണും പെണ്ണും കെട്ടതും വന്ധ്യവും’ എന്നു വിശേഷിപ്പിച്ച പുടിന്‍ അത് നമ്മെ ‘ചോദ്യങ്ങളില്ലാതെ നല്ലതിന്റെയും ചീത്തയുടെയും തുല്യതയെ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നു’ എന്നും അവകാശപ്പെട്ടു.

ഇതേ സമയത്ത് തന്നെ ബഹുസാംസ്‌കാരികതയോടും പെണ്‍വാദത്തോടും സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളോടുമെല്ലാം ശത്രുത പുലര്‍ത്തുന്ന ദേശീയതാവാദ ശക്തികളെ ചൂണ്ടിക്കാണിച്ച് ക്രെംലിന്റെ പിന്തുണയുള്ള പഠനകേന്ദ്രം ഒരു റിപ്പോര്‍ട് പുറത്തിറക്കി. സാംസ്‌കാരിക ഇടതുപക്ഷത്തിന്റെ ഉയര്‍ച്ചയുടെ സമയത്തു അവയപ്പോള്‍ അരികിലേക്ക് തള്ളപ്പെട്ടിരിക്കുകയായിരുന്നു. ‘വൈഷമ്യമേറിയ ഒരു സാമ്പത്തിക സാഹചര്യത്തില്‍,’ ഈ വിഭാഗം ഒരു ശക്തമായ രാഷ്ട്രീയ ശക്തിയാകുമെന്ന് പഠനകേന്ദ്രത്തിലെ ഗവേഷകര്‍  പറഞ്ഞു.

റിപ്പോര്‍ടിന്റെ തലക്കെട്ട് ഇതായിരുന്നു;’പുടിന്‍: ലോക യാഥാസ്ഥിതികതയുടെ പുതിയ നേതാവ്.’
‘ശീതയുദ്ധത്തിന്റെ കാഴ്ച്ചപ്പാടുകളില്‍ ഇപ്പൊഴും കുരുങ്ങിക്കിടക്കുന്ന അമേരിക്കക്കാരെക്കാള്‍ വ്യക്തമായി ഭാവിയെ കാണാന്‍ പുടിന് കഴിയുന്നുണ്ടായിരിക്കാം എന്നാണ് അമേരിക്കന്‍ സാമ്പ്രദായികവാദി പാട്രിക് ബുക്കാനന്‍ 2013ല്‍ പറഞ്ഞത്. നമ്മുടെ കാലത്തെ സമരം ‘ ഓരോ രാജ്യത്തെയും യാഥാസ്ഥിതികരും സാമ്പ്രദായികതാവാദികളും, ബഹുസാംസ്‌കാരികതാവാദത്തിന്റെയും രാഷ്ട്രാന്തര വരേണ്യവര്‍ഗത്തിന്റെയും തീവ്രവാദ മതതരത്വവും തമ്മിലായിരിക്കും’ എന്നും ബുക്കാനന്‍ പറഞ്ഞു.

മൂന്നു കൊല്ലത്തിന് ശേഷം അവരവരുടെ രാജ്യങ്ങളിലെ തത്സ്ഥിതിയെ ഉന്നം വെക്കുന്ന ട്രംപിനും അയാളുടെ യൂറോപ്യന്‍ പകര്‍പ്പുകള്‍ക്കും പുടിന്‍ സൗകര്യപ്രദമായ ഒരിടമായി.

‘മോസ്‌കോ അനുകൂലിയോ അതോ മോസ്‌കോയോടുള്ള നിലപാടില്‍  നിലവിലെ നയത്തില്‍ നിന്നും വലിയ മാറ്റങ്ങളുള്ളതോ ആണെങ്കില്‍ അത് വലിയ കാര്യമായി അവതരിപ്പിക്കപ്പെട്ടു,’ സോവിയറ്റ് യൂണിയനില്‍ ജനിച്ച ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പീറ്റര്‍ പൊമാരന്റ്‌സേവ് പുടിന്‍ എങ്ങനെ പടിഞ്ഞാറിലെ വ്യവസ്ഥാവിരുദ്ധ വലതിന്റെ ചെ ഗവേരയായി മാറി എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ പറയുന്നു. മറ്റ് പലരും സോവിയറ്റ് കാല സമാനതകള്‍ ചൂണ്ടിക്കാണിക്കുന്നു.  ഇടതു കക്ഷികളെ ഉപയോഗിച്ച് ക്രെംലിന്‍ ആഗോള സ്വാധീനം വിപുലമാക്കിയിരുന്ന ‘കോമിന്റെണ്‍’ കാലത്തെപ്പോലെ.

‘ശീതയുദ്ധകാലം മുഴുവന്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ചെറിയ ഇടതുകക്ഷികളെ മോസ്‌കോ സഹായിച്ചുകൊണ്ടിരുന്നു,’ ഒരു മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സഹായി മൈക് ലോഫ്‌ഗ്രെന്‍ എഴുതുന്നു. ‘ഇപ്പോളത് അതുതന്നെ അവിടുത്തെ വലതുപക്ഷ കക്ഷികളെ വെച്ചു ചെയ്യുന്നു, അതേ തന്ത്രങ്ങള്‍, വ്യത്യസ്തമായ പ്രത്യയശാസ്ത്ര പങ്കാളികള്‍.’ ഇപ്പോളാകട്ടെ, ക്രെംലിന് വാഷിംഗ്ടണില്‍ ഒരു സുഹൃത്തുകൂടി ഉണ്ടെന്നുവരാം.

Avatar

ഇഷാന്‍ തരൂര്‍

വാഷിംഗ്ടണ്‍ പോസ്റ്റില്‍ റിപ്പോര്‍ട്ടര്‍, ശശി തരൂരിന്റെ മകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍