UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; പ്രയോജനമില്ലാതെ ഇങ്ങനെയെത്ര ജുഡീഷ്യല്‍ കമ്മിഷനുകള്‍

Avatar

അഴിമുഖം പ്രതിനിധി

കേരളത്തെ ഇന്നും വേട്ടയാടുന്നൊരു കൊലപാതകം വര്‍ഷങ്ങള്‍ക്കു മുമ്പ് പോലീസിലെ മര്‍ദ്ദകര്‍ ചേര്‍ന്നു നടത്തിയിരുന്നു. ആ കൊലപാതകത്തില്‍ നാട്ടിലെ ഭരണാധികരിക്ക് പങ്കുണ്ടോ എന്നന്വേഷിക്കാനായി ഒരു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ നിയോഗിച്ചു. എന്തോ, സിജെഎമ്മിന്റെ അന്വേഷണത്തില്‍ ഭരണാധികാരി യാതൊരു കുറ്റവും ചെയ്തതായി കണ്ടെത്താനായില്ല. (പിന്നീടൊരിക്കല്‍ മറ്റൊരു കേസിന്റെ അന്വേഷണ കമ്മിഷനായി പ്രവര്‍ത്തിക്കുന്ന സമയത്ത് ആ കേസുമായി ബന്ധപ്പെട്ട രണ്ടുപേരോട് ഈ ന്യായാധിപന്‍ പറഞ്ഞു; അങ്ങേരുടെ പേര് വന്നാല്‍ അതോടെ രാഷ്ട്രീയഭാവി തീരും. ഞാനായിട്ടെന്തിനാണ് ആ മനുഷ്യനെ ഇല്ലാതാക്കുന്നത്).  ശുഭാന്ത്യമായൊരു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന്റെ ഫലമായിട്ടാണോ എന്നറിയില്ല, പ്രസതുത ജഡ്ജി വിരമിച്ചശേഷം അതേ ഭരണാധികാരി (അന്നദ്ദേഹം മുമ്പത്തേക്കാള്‍ അധികം ശക്തനായി) സംസ്ഥാനത്തെ യോഗ്യമായൊരു ചെയര്‍മാന്‍ സ്ഥാനം കല്‍പിച്ചു കൊടുത്തു. പദവി ഏറ്റെടുക്കാന്‍ ജഡ്ജിയും തയ്യാറായിരുന്നു. പക്ഷേ ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന നിലയ്ക്കാണ് ഈ നിയമനമെന്ന് പത്രങ്ങള്‍ എഴുതിയപ്പോള്‍, നിവൃത്തിയില്ലാത്തുകൊണ്ട് മാത്രം പദവി നിരസിച്ച് ജഡ്ജി ഭാര്യയ്‌ക്കൊപ്പം മദ്രാസിലേക്ക് താമസത്തിനുപോയി. ഭരണാധികാരിയെ സഹായിച്ചതുമാത്രമല്ല, കേരളത്തിന്റെതെന്നു പറയാനായി ഉണ്ടായിരുന്ന ഒരു കപ്പലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലും ചേതമിലല്ലാത്ത ഉപകാരം ചെയ്തുകൊടുക്കാന്‍ മേല്‍പ്പറഞ്ഞ ജഡ്ജി തയ്യാറായിട്ടുണ്ട്.

ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം എന്നു പറഞ്ഞുകേള്‍ക്കുമ്പോള്‍ സാധാരണ ജനത്തിന് നിസംഗത തോന്നുന്നതിനുള്ള കാരണങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നു വ്യക്തമാക്കാനാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചത്. ഇന്ത്യയിലാകമാനവും കേരളത്തിലുമൊക്കെയായി നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ ജുഡീഷ്യല്‍ കമ്മിഷനുകളെയും ഒരേപോലെ കുറ്റപ്പെടുത്താന്‍ സാധ്യമല്ല. ബോംബെ കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമ്മിഷന്‍, മാറാട് കലാപം അന്വേഷിച്ച തോമസ് പി ജോസഫ് കമ്മിഷന്‍ എന്നിവയൊക്കെ അന്വേഷണ പ്രഹസനമായി മാറിയില്ല. (ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നെന്തു സംഭവിച്ചു എന്നതും ചരിത്രം) എന്നാല്‍ ഉണ്ടായവയില്‍ അധികവും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തി വയ്ക്കാന്‍ മാത്രം ഉതകിയവയാണ്. ഏതാണ്ട് 88-ഓളം ജുഡീഷ്യല്‍ കമ്മിഷനുകള്‍ കേരളത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. അവയില്‍ എത്രയെണ്ണത്തില്‍ ആശാവഹമായ നടപടി ഉണ്ടായിട്ടുണ്ടെന്നു ചോദിച്ചാല്‍ ഒരു കൈയിലെ വിരലുകള്‍ പോലും വേണ്ടി വരില്ല എണ്ണാന്‍.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍, കമ്മീഷന്‍ സ്ഥാനം രാജിവച്ചതാണ് ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മിഷനുകളെ കുറിച്ച് വെറുതെയെങ്കിലും ഒന്നോര്‍ത്തുപോകാന്‍ കാരണം.

വ്യക്തിപരമായ കാരണങ്ങളാണെന്നു പറയുമ്പോഴും കമ്മിഷന്റെ കാലാവധി നീട്ടി നല്‍കാത്തത്, പ്രവര്‍ത്തനം തുടങ്ങി ആറുമാസം പിന്നിട്ടിട്ടും ഓഫിസ് സൗകര്യങ്ങളോ സ്റ്റാഫുകളെയോ നല്‍കാത്തതാണ് രാജിവയ്ക്കാനുള്ള യഥാര്‍ത്ഥ കാരണങ്ങളെന്നാണ് അറിയുന്നത്.

എന്തായാലും കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ ഇല്ലാതാകുന്നതോടെ പകരം സംവിധാനം വരുമോ അതോ, എല്ലാം ഇവിടെ കൊണ്ട് അവസാനിക്കുമോ എന്നൊരു ചോദ്യം ബാക്കിയുണ്ട്. പക്ഷേ, രാജ്യം അടുത്ത കാലത്ത് കണ്ട് ഭീകരമായൊരു അപകടത്തെ കുറിച്ച് എന്നേ മറന്നു തുടങ്ങിയ സമൂഹം ഇത്തരം ചോദ്യങ്ങളുമായി രംഗത്തു വരുമോയെന്നറിയില്ല.

2015 ഏപ്രില്‍ 9 നു കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് വലിയ ദുരന്തത്തില്‍ കലാശിച്ചപ്പോള്‍ ജീവന്‍ നഷ്ടമായത് 109 പേര്‍ക്ക്. അതിലും ഇരട്ടിയിലേറെപ്പേര്‍ ജീവിതകാലം മുഴുവന്‍ പേറാനുള്ള വേദനയുമായി ജീവിച്ചിരിക്കുന്നു. വീടുകള്‍ തകര്‍ന്നതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങളുടെ കണക്കുകള്‍ വേറെ. വെടിക്കെട്ട് അപകടം എന്നു പറയുമ്പോഴും അതൊരിക്കലും സംഭവിച്ചുപോയൊരു ദുരന്തമല്ലായിരുന്നു. രാഷ്ട്രീയക്കാരുടെയും നിയമപാലകരുടെയും സഹായത്തോടെ നിയമത്തെയും നിയന്ത്രണങ്ങളെയും വെല്ലുവിളിച്ച് കുറച്ചു പേര്‍ ചേര്‍ന്ന് നടത്തിയ തന്നിഷ്ടത്തിന്റെ ഫലമാണ് പുറ്റിങ്ങലില്‍ ഉയര്‍ന്ന നിലവിളികള്‍. എന്നിട്ടും കുറ്റക്കാരായവര്‍ക്കെതിരേ ഏതെങ്കിലും നടപടി ഉണ്ടായോ? ക്ഷേത്രം കമ്മിറ്റിക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്തു എന്നു കരുതി അവരെല്ലം ഇപ്പോഴും ഇരുമ്പഴിക്കുള്ളില്‍ കഴിയുകയാണെന്നു വിചാരിക്കരുത്. കുറേ പാവങ്ങള്‍ക്കു മാത്രമെ ജീവനും ജീവിതവും നഷ്ടപ്പെട്ടുള്ളൂ. പ്രതികളായി കാണേണ്ടവര്‍ക്കൊന്നും യാതൊരു ഛേദവും ഉണ്ടായിട്ടില്ല.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിനു കുറ്റക്കാരായവര്‍ പലരുണ്ട്. മത്സരക്കമ്പത്തിനു വേദിയൊരുക്കി കൊടുത്ത ക്ഷേത്രം കമ്മിറ്റിക്കാര്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ, പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ തലത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം അവരില്‍ പെടും. ഇന്ത്യയുടെ പ്രധാനമന്ത്രി നേരിട്ട് സംഭവസ്ഥലത്തെത്തിയിരുന്നു. വിദേശമാധ്യമങ്ങള്‍ പോലും ഈ ദുരന്തത്തെ കുറിച്ച് വാര്‍ത്തയെഴുതിയിരുന്നു. അപകടത്തില്‍ പെട്ടവര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും ധനസഹായം ഉള്‍പ്പെടെ പല വാഗ്ദാനങ്ങളും പ്രഖ്യാപിക്കപ്പെട്ടു. ഇതെല്ലാം എത്രത്തോളം നടപ്പിലാക്കി, പ്രതിചേര്‍ക്കപ്പെടേണ്ടവര്‍ ആരൊക്കെ എന്നറിയാന്‍ സഹായിക്കുമായിരുന്ന ഒരു സംവിധാനമായിരുന്നു ജ. കൃഷ്ണന്‍ നായര്‍ കമ്മിഷന്‍. ആ സംവിധാനമാണ് ഇന്നിപ്പോള്‍ പാതിവഴിയില്‍ ജോലി അവസാനിപ്പിച്ചു പോകുന്നത്. കമ്മിഷന്‍ ജോലി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കില്‍ അതിനുമേല്‍ എന്തെങ്കിലും നടപടി ഉണ്ടാകുമായിരുന്നു എന്ന ഉറപ്പൊമൊന്നുമില്ല.

 

രജനി എസ് ആനന്ദ് എന്ന പേര് കേരളം അത്രവേഗം മറക്കുമെന്ന് തോന്നുന്നില്ല. സകാര്യ കോളേജ് മാനേജ്‌മെന്റുകളുടെ രക്തദാഹത്തിന് ഇരയായ ആ പെണ്‍കുട്ടിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജ. ഖാലിദ് കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ പോലും ഇതുവരെ എത്തിയിട്ടില്ല. അതുകൊണ്ടെല്ലാം തന്നെ ജ.കൃഷണന്‍ നായര്‍ തന്റെ അന്വേഷണമെല്ലാം പൂര്‍ത്തിയാക്കി ഫയല്‍ ചെയ്തു നല്‍കുന്ന റിപ്പോര്‍ട്ട് ഏതെങ്കിലും മേശപ്പുറത്ത് ദീര്‍ഘവിശ്രമം കൊള്ളുകയെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ചെറിയൊരു പ്രതീക്ഷ ബാക്കി വയ്ക്കാമായിരുന്നു.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിനു പിന്നാലെ തന്നെ സര്‍ക്കാര്‍ വിരമിച്ച ജഡ്ജിയെ കണ്ടെത്തി അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമല്ല, സിബിഐ അന്വേഷണം തന്നെ നടത്തണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ തന്നെ ഉറച്ചു നിന്നു. കൂട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചെന്നു മാത്രം. അതിപ്പോഴും ഇഴഞ്ഞു നീങ്ങുന്നുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കരിമരുന്ന് അപകടമായിരുന്നു പുറ്റിങ്ങലിലേത്. നിയമത്തെ വെല്ലുവിളിച്ചു നടത്തിയ മത്സരക്കമ്പമാണ് ഇത്രവലിയൊരു അപകടത്തിനു കാരണവും. കൃത്യമായ അന്വേഷണം നടന്നാല്‍ ക്ഷേത്ര കമ്മിറ്റിക്കാരില്‍ മാത്രമല്ല, രാഷ്ട്രീയ- പൊലീസ്- ഭരണ ഉദ്യോഗസ്ഥന്മാരില്‍ വരെ ചെന്നു നില്‍ക്കും. സ്‌ഫോടക വസ്തുക്കളുടെ ലഭ്യതയെക്കുറിച്ചുള്ള അന്വേഷണം ഒരുപക്ഷേ കേരളത്തിനു വെളിയിലേക്കും നീളും. ഇതിനെല്ലാം പറ്റിയ അന്വേഷണ ഏജന്‍സി സിബിഐ തന്നെയാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്.

ജുഡീഷ്യല്‍ അന്വേഷണമാകട്ടെ, കേള്‍ക്കുമ്പോള്‍ ഒരുതരം തമാശയായിട്ടാണ് അനുഭവപ്പെടുന്നത്. മാസങ്ങളോ വര്‍ഷങ്ങളോ എടുത്ത് തീര്‍ക്കുന്ന അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ മേശപ്പുറത്ത് അന്ത്യവിശ്രമം കൊള്ളും. സമൂഹത്തിനു ഗുണകരമായ തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കുന്ന കമ്മിഷന്‍ റിപ്പോര്‍ട്ടുകളില്‍ പലതും ഇപ്പോഴും വെളിച്ചത്തു കൊണ്ടുവരാതെ എവിടെയോ കിടപ്പുണ്ട്.

ഫലം ഇല്ലാതെ പോകുന്ന ഇത്തരം അന്വേഷണ കമ്മിഷനുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാകുന്നത് ലക്ഷങ്ങളാണ്. കാറ്, ഓഫിസ്, സ്റ്റാഫ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളുമൊരുക്കി ഓരോ കമ്മിഷനും സ്ഥാപിക്കുകയും അതേസമയം കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ആവിയായി പോവുകയും ചെയ്യുന്നതിനെ ജനങ്ങളുടെ പണമെടുത്ത് സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്ത് എന്നു തന്നെയാണു പറയേണ്ടത്. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍, അല്ലെങ്കില്‍ ജനങ്ങളെ സമാധാനപ്പെടുത്താന്‍ വേണ്ടിയാണ് സര്‍ക്കാരുകള്‍ പലപ്പോഴും ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഒരു കമ്മിഷനെ നിയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ അതില്‍ വലിയ താത്പര്യങ്ങളൊന്നും കാണിക്കില്ല. അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മിഷന്‍.

 

യുഡിഎഫ് സര്‍ക്കാരാണ് കമ്മിഷനെ നിയമിച്ചതെങ്കിലും ആദ്യത്തെ ആവേശമൊക്കെ ജനങ്ങള്‍ക്കു ശമിച്ചെന്നു മനസിലായതോടെ സര്‍ക്കാരിന്റെ താത്പര്യവും കുറഞ്ഞു. ആവശ്യമായ സൗകര്യങ്ങളൊന്നും തന്നെ പ്രമാദമായൊരു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന് ഒരുക്കി കൊടുക്കാന്‍ ആ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒട്ടും തന്നെ കമ്മിഷനെ ഗൗനിക്കാതെയായി. ഇടതുപക്ഷത്തിന് പണ്ടേ സ്വീകാര്യനല്ലാത്തയാളാണ് ജ. എന്‍. കൃഷ്ണന്‍ നായര്‍. ആ താത്പര്യമില്ലായ്മയാകാം കമ്മിഷനെ തീര്‍ത്തും അവഗണിക്കാന്‍ കാരണവും. പക്ഷേ അവഗണിച്ചു പുറത്താക്കുക എന്ന നയം ഒരു ജനാധിപത്യ ഭരണകൂടത്തിനു നല്ലതല്ല. ആവശ്യമെങ്കില്‍ നേരിട്ട് പറയണം. മാന്യമായി ഒഴിയാന്‍ അവസരം കൊടുക്കണം. ഇതിപ്പോള്‍ ജുഡീഷ്യല്‍ കമ്മിഷനുകള്‍ എന്നത് സര്‍ക്കാരിന്റെ താളത്തില്‍ മാത്രം പ്രവര്‍ത്തിക്കേണ്ടി വരുന്ന സംവിധാനമാണെന്ന ബോധം സാധാരക്കാരില്‍ ഉണ്ടാക്കില്ലേ?

പക്ഷേ ഇവിടെയും തോല്‍ക്കുന്നത് സര്‍ക്കാരോ റിട്ടയേര്‍ഡ് ജഡ്ജിയോ അല്ല. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലവും പെന്‍ഷനുമെല്ലാം ആവശ്യപ്പെട്ട് കൃഷ്ണന്‍ നായര്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ കോടതി അദ്ദേഹത്തിന് അനുകൂലമായി നിന്നേക്കും. ആ ചെലവ് മന്ത്രിയുടെയോ ഐഎഎസ് ഉദ്യോഗസ്ഥരുടെയോ ശമ്പളത്തില്‍ നിന്നല്ല പോകുന്നത്, പൊതു ഖജനാവില്‍ നിന്നാണ്. അതായത് പൊതുജനത്തിന്റെ പണം. എന്നാല്‍ ജനത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോയെന്നു ചോദിച്ചാല്‍ അതുമില്ല.

പിന്‍കുറിപ്പ്;കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ശ്രദ്ധിക്കുകയും ചെയ്ത ഒരു ജുഡീഷ്യല്‍ കമ്മിഷന്‍ സോളാര്‍ കമ്മിഷനാണ്. പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളെത്രയായി എന്നറിയില്ല. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര കോടി ചെലവായെന്നും അറിയില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ എന്തെങ്കിലും ഫലം ഉണ്ടാകുമോ എന്നതും അറിയില്ല. കമ്മിഷന്‍ സിറ്റിംഗ് എന്നു കേട്ടാല്‍ മാധ്യമങ്ങള്‍ മാത്രമാണ് ആവേശം തുടരുന്നത്. സാധാരണക്കാരന്‍ ഇപ്പോള്‍ അതിലൊന്നും ശ്രദ്ധ കാണിക്കുന്നില്ല. സ്വന്തം പണമാണ് ചെലവായി പോകുന്നതെന്ന ചിന്തപോലുമില്ലവര്‍ക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍