15 ക്ഷേത്രഭാരവാഹികള്‍ക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്
കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടം അട്ടിമറിയാണെന്ന ആരോപണവുമായി ക്ഷേത്രം ഭാരവാഹികള്‍. വെടിക്കെട്ടപകടത്തില്‍ ക്രൈംബ്രാഞ്ച് കുറ്റവാളികളായി കണ്ടെത്തിയ ക്ഷേത്രം കമ്മിറ്റി ഭാരവാഹികളാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. സ്‌ഫോടനം നടത്തിയത് പുറത്തുനിന്നും എത്തിയവരാണെന്നാണ് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റും രണ്ടാം പ്രതിയുമായ പി എസ് ജയലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഈ കാര്യം കസ്റ്റഡിയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറയുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ഈ കാര്യം അവഗണിച്ചെന്നും ജയലാല്‍ പറഞ്ഞു. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ആയുധങ്ങളും മറ്റുമായി ഓടിക്കൂടുകയും കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചതുമൊക്കെ അട്ടിമറിയുടെ സാധ്യതയാണെന്ന തരത്തിലാണു ക്ഷേത്രഭാരവാഹികള്‍ പറയുന്നത്.
2016 ഏപ്രില്‍ 10 നു നടന്ന പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് ഒരു വര്‍ഷം തികയുമ്പോഴാണു ഇത്തരമൊരു വെളിപ്പെടുത്തലുമായി ക്ഷേത്രഭാരവാഹികള്‍ രംഗത്തു വരുന്നത്. 110 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ 15 ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ കൊലക്കുറ്റത്തിനാണു ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരേയുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വെളിപ്പെടുത്തല്‍.