UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിന്ധു, സാക്ഷി… അതേ, ഈ പെണ്‍കുട്ടികള്‍ നമ്മെ പഠിപ്പിക്കുകയാണ്

Avatar

ജിഷ ജോര്‍ജ്

ചിലപ്പോള്‍ അങ്ങനെയാണ്; പരിഹാസങ്ങളും അവജ്ഞയും മറികടന്നെത്തുന്ന വിജയങ്ങള്‍ മെഡലുകളും റെക്കോര്‍ഡുകളും മാത്രമല്ല സമ്മാനിക്കുക; ചില പാഠങ്ങള്‍ കൂടിയാണ്. അതു തന്നെയാണ് റിയോയിലും സംഭവിച്ചത്. മെഡല്‍ നേട്ടങ്ങളൊന്നും ഇല്ലാതെ കായിക മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ ഒളിമ്പിക് അസ്സോസിയേഷന്റെയും നാണം കെടുത്തുന്ന ഇടപെടലുകള്‍ കൊണ്ട് രാജ്യത്തിന് ഔദ്യോഗിക ശാസന വരെ നേടി തന്ന പന്ത്രണ്ട് രാപകലുകള്‍ ആയിരുന്നു റിയോയില്‍ കടന്നു പോയത്. മെഡല്‍ പ്രതീക്ഷയുമായി ചേര്‍ത്തു വായിക്കപ്പെട്ടിരുന്ന പേരുകളെല്ലാം നിരാശ പടര്‍ന്നിറങ്ങിയ ദിവസങ്ങള്‍ക്കൊടുവില്‍, പന്ത്രണ്ടാം ദിനം, സാക്ഷി മാലിക്ക് സമ്മാനിച്ച ആദ്യ വിജയം. തൊട്ടു പിറ്റേന്ന് അടുത്ത പെണ്‍കുട്ടി; 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ സൈന നെഹ്‌വാളിന്റെ നേട്ടങ്ങള്‍ കണ്ടു കൊതിച്ച പുസരല വെങ്കിട സിന്ധുഎന്ന പി വി സിന്ധു, ഇന്ന് സൈനയ്ക്കും അപ്പുറം എത്തിയിരിക്കുന്നു.

2016-ലെ റിയോ ഒളിമ്പിക്‌സിനു മുന്‍പായി സിന്ധു പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്; ‘ഇപ്പോള്‍ ഞാന്‍ പിന്തുടരുന്ന ഏറ്റവും വലിയ സ്വപ്നം ഒളിമ്പിക് മെഡലാണ്. ലണ്ടന്‍ ഒളിമ്പിക്‌സിലെ സൈന നെഹ്‌വാളിന്റെ നേട്ടങ്ങള്‍ ലോക ഇരുപത്തഞ്ചാം റാങ്കുകാരിയായിരുന്ന് കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. ഇവിടെ എത്തിചേരാനാണ് ഞാന്‍ കാത്തിരുന്നത്. ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍’.

കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് സിന്ധുവിന്റെ വരവ്. പക്ഷെ അര്‍ജുന അവാര്‍ഡ് ജേതാവായ അച്ഛന്‍ പി വി രമണയുടെയും അമ്മ പി വിജയയുടെയും മേഖലയായ വോളിബോള്‍ വിട്ട് എട്ടാം വയസ്സുമുതല്‍ സിന്ധു ബാഡ്മിന്റണ്‍ റാക്കറ്റ് കൈയിലേന്തിയത് കോച്ചും സന്ധ്യയുടെ റോള്‍ മോഡലുമായ പുല്ലേല ഗോപീചന്ദിന്റെ നിര്‍ദ്ദേശത്തിലായിരുന്നു. ഗോപിചന്ദിനു പിഴച്ചില്ല. തന്റെ 1.79 മീറ്റര്‍ ഉയരവും ബാഡ്മിന്റണ് ഇണങ്ങിയ ശരീര പ്രകൃതിയും എറ്റവും ഫലപ്രദമായി കോര്‍ട്ടില്‍ ഉപയോഗിക്കാന്‍ സിന്ധുവിനു കഴിഞ്ഞു. 

കീഴടങ്ങാന്‍ കൂട്ടാകാതെ നിരന്തരം പൊരുതുന്ന മനസ്സാണ് സിന്ധുവിന്റെ വിജയങ്ങള്‍ക്ക് അടിസ്ഥാനമെന്നാണ് കോച്ച് ഗോപീചന്ദിന്റെ അഭിപ്രായം. അതേ നിശ്ചയദാര്‍ഢ്യമായിരുന്നു ദിവസവും 56 കിലോമേറ്ററുകള്‍ക്കപ്പുറമുള്ള പരിശീലന കേന്ദ്രത്തില്‍ ആ പെണ്‍കുട്ടിയെ എത്തിച്ചിരുന്നത്.

ഗോപിചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ എത്തിയ ശേഷം ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ സിന്ധു കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. 2014 ലെ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്തിലെയും ഡെന്മാര്‍ക്കില്‍ നടന്ന ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിലേയും സെമി ഫൈനല്‍ വരെ എത്തിയ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ നേടിയ വെങ്കല മെഡലുകള്‍ സിന്ധുവിന്റെ അന്തര്‍ദേശീയ മത്സരങ്ങളിലെ പ്രധാന നേട്ടങ്ങളാണ്. ഇവയ്ക്കുള്ള ബഹുമതിയായി 2015-ല്‍ തന്റെ പത്തൊമ്പതാം വയസില്‍ പത്മശ്രീ ബഹുമതിയോടെ രാജ്യം പി വി സിന്ധുവിനെ ആദരിച്ചു. പത്മശ്രീ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവും സിന്ധുവിനു സ്വന്തം.

റിയോ ഓളിമ്പിക്‌സില്‍ ഇത്തവണ സൈന നെഹ്‌വാളിലായിരുന്നു ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. അമിത പ്രതീക്ഷകളുടെ സമ്മര്‍ദ്ദത്തില്‍ നിന്നൊഴിവായി കളിക്കാന്‍ സിന്ധുവിനെ സഹായിച്ചതും അതേ കാരണമാണ്. സെമി ഫൈനലില്‍ ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ട സിന്ധു കൃത്യതയും ആസൂത്രിതവുമായ നീക്കങ്ങളിലൂടെ 21-19, 21-10 എന്ന സ്‌കോറില്‍ വിജയം നേടി ഇന്ത്യ യുടെ മെഡല്‍ പ്രതീക്ഷകളെ ഉറപ്പിച്ചു. സെമി ഫൈനലിനേക്കാള്‍ വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവുമായ ചൈനയുടെ വാങ് യിഹാനെ 22-20, 21-19 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയ സിന്ധുവിനു ഫൈനലില്‍ സ്‌പെയിന്റെ കരോലിന മാരിനു എതിരെയും വിജയം ആവര്‍ത്തിക്കാനാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

സാക്ഷി മാലിക്ക്, പി വി സിന്ധു; റിയോയില്‍ ഈ പെണ്‍കുട്ടികള്‍ കഴുത്തിലണിയുന്നത് ഏത് ലോഹം കൊണ്ട് നിര്‍മ്മിച്ച മെഡല്‍ ആണെങ്കിലും അവഗണനകളുടെയും പരിമിതികളുടെയും ഇടയില്‍ നിന്ന് പോരാടിവന്ന അവരുടെ നേട്ടങ്ങള്‍ക്കു വജ്രത്തിളക്കമാണ്. കായിക രംഗത്തെ ഇന്ത്യയുടെ പ്രകടനങ്ങളെ പരിഹസിക്കുന്ന അന്തര്‍ദ്ദേശീയ സമൂഹത്തോടും പെണ്‍കുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു പോലും വില കല്‍പ്പിക്കാതെ അവളുടെ ജീവിതം വിവാഹത്തിനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനും മാത്രമാണെന്ന് വിശ്വസിക്കുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളോടും ത്രിവര്‍ണ്ണ പതാക പുതച്ച് നില്‍ക്കുന്ന ഈ പെണ്‍കുട്ടികള്‍ പറയാതെ പറയുന്ന ചില മറുപടികള്‍ ഉണ്ട്; ‘ലിംഗ സമത്വത്തിനു വേണ്ടി വാദിച്ചുകൊണ്ട് പെണ്‍കുട്ടികളെ വീടിനു പുറത്ത് ഇറങ്ങാന്‍ സമ്മതിക്കാത്തവരെ, ഇഷ്ടമുള്ള വസ്ത്രം ധരിച്ചാല്‍ എന്തൊക്കെ മറയ്ക്കപെട്ടു, എന്തൊക്കെ മറയ്ക്കപ്പെട്ടില്ല എന്നു ചിന്തിച്ച ഉറക്കം കളയുന്നവരെ, ഇത് നിങ്ങള്‍ സൃഷ്ടിച്ച വ്യവസ്ഥകളുടെമേല്‍ നേടിയ വിജയമാണ്’.

ലോക സമൂഹമേ, കായിക മത്സര വേദിയികളിലേക്ക് സുരക്ഷിതമായി എത്തിച്ചേരാനുള്ള യാത്രാ ടിക്കറ്റുകള്‍ പോലും ഭാഗ്യം ഉള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന ആസൂത്രണ സംവിധാനങ്ങളുള്ള കായിക മേഖലയോട് പൊരുതിയാണ് ഈ പെണ്‍കുട്ടികള്‍ ഇവിടെ വരെ എത്തിയത്. ജീവനുള്ള പെണ്ണിന്റെ തുണി ഉരിയുന്നത് ചോദ്യം ചെയ്യാതെ, ചത്ത പശുവിന്റെ തോലുരിഞ്ഞതിനു ശിക്ഷ നടപ്പാക്കുന്നവരുടെ ഇടയില്‍ നിന്ന് വന്നു ഇവര്‍ നേടിയത് അതിജീവനത്തിന്റെ മെഡലുകളാണ്.

സാക്ഷി മാലിക്കിന്റെ വിജയത്തെകുറിച്ച് വീരേന്ദ്ര സെവാഗ് തന്റെ ട്വിറ്റില്‍ കുറിച്ചത് ഇങ്ങനെയാണ്; ‘ഒരു പെണ്‍കുഞ്ഞിനെ കൊല്ലാതിരുന്നാല്‍ എന്തൊക്കെ സംഭവിക്കാമെന്ന് നീ കാട്ടിത്തന്നു, മാര്‍ഗ്ഗങ്ങള്‍ കഠിനമാവുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ അതിലൂടെ മുന്നേറി നമ്മുടെ അഭിമാനം സംരക്ഷിക്കുന്നു.’

അതെ, അത് തന്നെയാണ്, ഇത് പെണ്‍കുട്ടികള്‍ പഠിപ്പിക്കുന്ന പാഠങ്ങളാണ്…

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ജിഷ ജോര്‍ജ്) 

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍