UPDATES

ട്രെന്‍ഡിങ്ങ്

ഒഡീഷ രാഷ്ട്രീയത്തിലെ ചാണക്യന്‍ വിടവാങ്ങുമ്പോള്‍

ശ്വാസകോശാര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.

സാഹസികനായിരുന്ന ബിജു പട്‌നായിക്കിന്റെയും അദ്ദേഹത്തിന്റെ പുത്രനും ഇപ്പോഴത്തെ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായിക്കിന്റെയും ഇടയിലുള്ള ഒഡീഷയുടെ രാഷ്ട്രീയ ആഖ്യാനത്തില്‍ നിഴല്‍രൂപങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയക്കാരനായി മാറിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്യാരിമോഹന്‍ മൊഹാപത്രയാണ് നവീന്‍ പട്‌നായിക്കിന്റെ രാഷ്ട്രീയത്തിന് പിന്നിലുള്ള യഥാര്‍ത്ഥ ശക്തിയെന്ന് പലരും വിശ്വസിച്ചിരുന്നു.

ഞായറാഴ്ച മുംബെയില്‍ വച്ച് തന്റെ അവസാന ശ്വാസം വലിക്കുമ്പോള്‍ മൊഹാപത്ര ഏകാകിയായിരുന്നു. പൊതുസമ്മതിയുള്ള ഒരു നേതാവിന് പകരക്കാരനാവാന്‍ ഉപശാല തന്ത്രജ്ഞര്‍ ശ്രമിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നുള്ളതിനുള്ള ഒരു ഉത്തമ ഉദാഹരണം കൂടിയായി ഇത് മാറുന്നു.

ഐതിഹാസിക സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബിജു പട്‌നായിക്ക് 1990 മുതല്‍ 1995 വരെ ഒറീസ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്നു കാര്യക്ഷമതയുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്നറിയപ്പെട്ടിരുന്ന മൊഹാപത്ര.

എന്നാല്‍ മര്യാദക്കാരനും തണുപ്പനുമായ നവീന്‍ പട്‌നായിക് ഒഡീഷ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെയാണ് മൊഹാപത്രയുടെ യഥാര്‍ത്ഥ സമയം ആരംഭിക്കുന്നത്. ഈ കിഴക്കന്‍ സംസ്ഥാനത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി ബിജു ജനതാദളിനെ നിര്‍മ്മിച്ചെടുത്തതിന് പിന്നിലെ തന്ത്രജ്ഞനായി ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ മാറി. 2000നും 2009നും ഇടയില്‍ തുടര്‍ച്ചയായി നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ജയിച്ചുകൊണ്ട് ഒഡീഷ രാഷ്ട്രീയത്തിലെ അപ്രമാദശക്തിയായി ബിജെഡിയെ മാറ്റുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

എന്നാല്‍ ബിജെഡിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ബിജോയ് മഹാപാത്ര ഒരു എതിര്‍ ശക്തി കേന്ദ്രമായി വളര്‍ന്നതോടെ, നിയമസഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന ഒരു നിശബ്ദ അട്ടിമറിയിലൂടെ ബിജോയ് മഹാപാത്രയെ, പ്യാരി മോഹന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

സിഎം (മുഖ്യമന്ത്രി) പ്യാരിമോഹന്റെ (പിഎം) നിയന്ത്രണത്തിലാണെന്ന കിംവന്തി ഒഡീഷ രാഷ്ട്രീയത്തില്‍ പറന്നു നടന്നു. സിഎം എന്ത് ചെയ്യണം, എന്ത് പറയണം, എപ്പോള്‍ പറയണം എന്നത് സംബന്ധിച്ച വിശദമായ ഫാക്‌സ് സന്ദേശങ്ങള്‍ പിഎം അയച്ചു കൊടുക്കും.

രാജ്യസഭയിലെത്തിയ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍, ബിജെഡിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി. എന്നാല്‍ 2012 ജൂണില്‍, നവീന്‍ പട്‌നായിക് ലണ്ടനിലായിരുന്നപ്പോള്‍ വികസിച്ച ഒരു നാടകീയ സംഭവവികാസം മൊഹാപത്രയുടെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിച്ചു. പട്‌നായിക്കിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ അദ്ദേഹം ബിജു ജനതാദളില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടു. ‘നന്ദിയില്ലാത്തവന്‍,’ ‘വഞ്ചകന്‍’ എന്നീ വാക്കുകളാണ് മൊഹാപത്രയെ വിശേഷിപ്പിക്കാന്‍ പട്‌നായിക് ഉപയോഗിച്ചത്.

രാജ്യസഭയിലെ പാര്‍ട്ടി നേതാവ് എന്ന സ്ഥാനം 2012 ഓഗസ്റ്റ് നാലിന് മൊഹാപത്ര രാജിവെച്ചു. പട്‌നായികും താനും തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവമാണ് രാജിക്ക് കാരണം എന്ന് അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം പിന്നീട് ഒഡീഷ ജന്‍ മോര്‍ച്ച (ഒജെഎം) എന്ന വിമത പാര്‍ട്ടി രൂപീകരിക്കുകയും 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്‌തെങ്കിലും വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.

ശ്വാസകോശാര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യയും രണ്ട് പുത്രന്മാരും രണ്ടു പുത്രിമാരുമാണ് അദ്ദേഹത്തിനുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍