UPDATES

വിദേശം

ഖത്തര്‍ ഏയര്‍വെയ്സില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് ഇനി ഗര്‍ഭിണികളാകാം

Avatar

ദീന കാമെല്‍ യൂസഫ്, മൊഹമ്മദ് അലി സെര്‍ജി
(ബ്ലൂംബര്‍ഗ്)

രാവിലെ പത്തുമണിക്ക് തന്നെ വിമാനത്താവളത്തിലുള്ള ഒരു ഹോട്ടലിലെ നൃത്തശാലയിലെ 200ല്‍ പരം വരുന്ന ഖത്തര്‍ എയര്‍വേസിന്റെ ഫൈറ്റ് അറ്റന്‍ഡന്റുമാര്‍ ഒത്തുകൂടി. യൂണിഫോമിലായിരിക്കെ പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും ക്യാബിന്‍ ക്രൂവിനെ വിലക്കിയതിനെ കുറിച്ചുള്ള ഒരു ചോദ്യം ഒരു സ്ത്രീ തൊടുത്തുവിട്ടു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള താമസസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പ്രഭാതത്തില്‍ നാല് മുതല്‍ ഏഴ് വരെ തങ്ങളുടെ മുറികളില്‍ ഉണ്ടായിരിക്കണം എന്ന നിബന്ധന എന്തിനാണ് എന്നായിരുന്നു മറ്റൊരു ചോദ്യം. ഈ ചോദ്യത്തിന് വമ്പിച്ച കൈയടി ലഭിച്ചു.

ഇന്ത്യ മുതല്‍ പെറു വരെ നീണ്ടുകിടക്കുന്ന വിദൂരപ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനിയിലെ 80 ശതമാനം വരുന്ന 9500 ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുടെ (ഇവരില്‍ 80 ശതമാനവും വനിത ജീവനക്കാരാണ്) മേല്‍നോട്ടം വഹിക്കുന്ന സീനിയര്‍ വൈസ് പ്രസിഡന്റ് റോസെന്‍ ഡിമിട്രോവ് ആണ് ഈ ചോദ്യങ്ങള്‍ നേരിടുന്നത്. ഇടയ്ക്കിടെ തമാശകള്‍ കലര്‍ത്തിയ ഉപചാരപൂര്‍വമായ ഭാഷയില്‍ വിവാഹവും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നയങ്ങളില്‍ അടുത്തിടെ വരുത്തിയ ഇളവുകളെ കുറിച്ച് ഡിമിട്രോവ് വിശദീകരിക്കുകയും നിയന്ത്രണങ്ങളും മറ്റ് ആശങ്കകളും പരിഹരിക്കാം എന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു.

ഒരു പ്രദേശിക സേവനം എന്ന നിലയില്‍ നിന്നും വിദൂരസ്ഥലങ്ങളിലേക്ക് പോകുന്ന ശക്തികേന്ദ്രമായുള്ള ഖത്തര്‍ എയര്‍വേസിന്റെ ദ്രുതവികാസം, അതിന്റെ ജന്മനാട്ടിലെ യാഥാസ്ഥിതിക മൂല്യങ്ങളും സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള പാശ്ചാത്യ കാഴ്ചപ്പാടുകളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചു. ആയിരക്കണക്കിന് ജീവനക്കാരെ ആവശ്യം വരുന്ന ഒരു വിമാന വ്യൂഹത്തിന്റെ ഉടമകളായ കമ്പനി, മാറുന്ന നയങ്ങള്‍ വിശദീകരിക്കുന്നതിനും ജീവനക്കാരുടെ ആവശ്യങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമായ മനസിലാക്കലുകള്‍ക്കും വേണ്ടി ഈ വര്‍ഷം രണ്ട് ഡസന്‍ യോഗങ്ങള്‍ വിളിക്കാനാണ് ഉദ്ദേശിക്കുന്നത്.

‘എയര്‍ലൈന്‍ പക്വത ആര്‍ജ്ജിക്കുന്നതിന് അനുസരിച്ച് തൊഴില്‍സേനയും പക്വത കൈവരിക്കുന്നു,’ എന്ന് പിന്നീട് ഡിമിട്രോവ് പറഞ്ഞു (അഭിപ്രായങ്ങള്‍ നേരിട്ട് കൊടുക്കില്ല എന്ന ഉപാധിയുടെ പുറത്ത് ആഭ്യന്തര യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തര്‍ എയര്‍ അനുവദിക്കുകയായിരുന്നു). ’35 വയസുള്ള ഒരാളോട് ‘പറ്റില്ല, നിങ്ങള്‍ക്ക് ഇപ്പോള്‍ കുടുംബജീവിതം ഉണ്ട്, കാത്തിരിക്കൂ’ എന്ന് പറയാനാവില്ല. ജീവനക്കാരെ നിലനിറുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’

ജീവനക്കാരുടെ ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്ന ചില നിയമങ്ങളില്‍ കമ്പനി ഇതിനകം തന്നെ ഇളവുകള്‍ വരുത്തിക്കഴിഞ്ഞു. ജോലിക്ക് ചേര്‍ന്ന് ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിക്കുകയോ ഗര്‍ഭിണിയാവുകയോ ചെയ്താല്‍ പിരിച്ചുവിടപ്പെടുമെന്ന ഭീതി ഇപ്പോള്‍ ജീവനക്കാര്‍ക്കില്ല. ഡിസംബറില്‍ നിലവില്‍ വന്ന പുതിയ കരാര്‍ പ്രകാരം ഗര്‍ഭിണികളാവുന്ന ജീവനക്കാര്‍ക്ക് താല്‍ക്കാലികമായി ഗ്രൗണ്ട് ജോലികള്‍ നല്‍കും. മാത്രമല്ല, കമ്പനിയെ മുന്‍കൂട്ടി അറിയിച്ച ശേഷം ഏത് നിമിഷവും ജീവനക്കാര്‍ക്ക് വിവാഹിതരാവുകയും ചെയ്യാം.

ക്രൂ അംഗങ്ങളുമായി നല്ല ബന്ധം നിലനിറുത്താന്‍ ശ്രമിക്കുന്ന ഗള്‍ഫിലെ ഏക കമ്പനിയല്ല ഖത്തര്‍ എയര്‍വൈസ്. പുതിയ യൂണിഫോം നടപ്പിലാക്കിയപ്പോള്‍ വനിതകള്‍ക്ക് നിക്കര്‍ ധരിക്കാനുള്ള അനുമതി നിഷേധിച്ചതിന്റെ പേരില്‍ അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയര്‍വൈസ് അടുത്തകാലത്ത് വിമര്‍ശനത്തിന് വിധേയമായിരുന്നു. എന്നാല്‍ തങ്ങളുടെ ജീവനക്കാര്‍ അത്തരത്തിലുള്ള ഒരു വേഷവിധാനം അഗ്രഹിക്കുന്നില്ല എന്നാണ് കമ്പനിയുടെ ന്യായീകരണം. ക്യാബിന്‍ ക്രൂവിലെ അംഗങ്ങള്‍ തമ്മില്‍ ഭിന്നത ഉടലെടുത്തതിനെ തുടര്‍ന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് ഇത്തരം യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ആവലാതികള്‍ പരിഹരിക്കാനുള്ള ഒരുക്കത്തിലാണ്.

എന്നാല്‍ ഖത്തര്‍ എയറിന് രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. അതിന്റെ ഔദ്ധ്യോഗിക വിമാന സര്‍വീസില്‍ ‘വിവേചനം സ്ഥാപനവല്‍ക്കരിക്കാനാണ്’ ഖത്തര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ജൂണില്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന ആരോപിച്ചിരുന്നു. കാര്യങ്ങള്‍ മെച്ചപ്പെട്ടുണ്ട് എന്ന് സമ്മതിച്ച യുഎന്‍ ഏജന്‍സി പക്ഷെ, വിവാഹവും ഗര്‍ഭവുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ബന്ധുക്കളല്ലാത്ത പുരുഷന്മാര്‍ വനിത ജീവനക്കാരെ ജോലി സ്ഥലത്ത് എത്തിക്കുന്നതിനെ തടയുന്നത് പോലെ നിലവിലുള്ള നിയന്ത്രണങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

പക്ഷെ ഇത്തരം നിയന്ത്രണങ്ങള്‍, ‘വിഷയത്തെ കുറിച്ചുള്ള ഞങ്ങളുടെ പരിഗണനയില്‍ ആവശ്യമായ ഘടകങ്ങള്‍ പരിശോധിക്കുമെങ്കിലും, അവ ഖത്തറിന്റെ സംസ്‌കാരിക മാനങ്ങളുടെ പ്രതിഫലനമായതിനാല്‍ സര്‍ക്കാരുമായി ഇതിനെ കുറിച്ച് ആലോചനകള്‍ നടത്താന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ എന്ന് ഐഎല്‍ഒ റിപ്പോര്‍ട്ടിനോടുള്ള ഇ-മെയില്‍ പ്രതികരണത്തില്‍ കമ്പനി അറിയിച്ചു. ഇതുവരെ സ്വീകരിച്ച നടപടികളുടെ പേരിലും ‘പരിശോധിക്കപ്പെടേണ്ടതായിട്ടുള്ള നിരവധി പ്രശ്‌നങ്ങള്‍ ഇനിയും നിലനില്‍ക്കുന്നുണ്ട് എന്ന് അംഗീകരിക്കുന്നതിന്റെ പേരിലും’ തങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് ഖത്തര്‍ എയര്‍ പറയുന്നു.

ഖത്തറില്‍ ഇത്തരം ഔദ്ധ്യോഗിക യോഗങ്ങള്‍ തന്നെ അസാധാരണമാണ്. യൂണിയനുകള്‍ നിയമവിരുദ്ധമായ ഖത്തറില്‍ ഫ്‌ളൈറ്റ് അറ്റന്‍റന്‍ഡുമാര്‍ക്കും യൂണിയന്‍ ഇല്ല. എന്ന് മാത്രമല്ല, സംഘടിത തൊഴിലാളികളോടുള്ള തന്റെ വിരോധം ഖത്തര്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബക്കര്‍ മറച്ചുവെയ്ക്കുന്നുമില്ല. കഴിഞ്ഞ വര്‍ഷം ഡ്യൂഷെ ലുഫ്താന്‍സയില്‍ നടന്ന പണിമുടക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍, ‘യൂണിയനുകളുടെ വിസര്‍ജ്ജം ഞമ്മള്‍ ചുമക്കേണ്ടി വരുന്നില്ല,’ എന്നതില്‍ താന്‍ സന്തോഷവാനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കമ്പനിയുടെ വികാസത്തിനനുസരിച്ച് ജീവനക്കാരെ നിലനിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍ നടപ്പില്‍വരുത്തുന്നതെന്ന് ഖത്തര്‍ എയറിന്റെ നിയമസംഹിത പരിഷ്‌കരിക്കുന്നതിന്റെ ഉത്തരവാദിത്വമുള്ള ഡിമിട്രോവ് പറയുന്നു. ഇപ്പോള്‍ ഓഡര്‍ നല്‍കിയിരിക്കുന്ന 70 ബില്യണ്‍ ഡോളര്‍ വിലവരുന്ന 320 പുതിയ വിമാനങ്ങളിലേക്കായി വരുന്ന രണ്ട് വര്‍ഷത്തിനുള്ള കുറഞ്ഞത് 6000 ഫ്‌ളൈറ്റ് അറ്റന്‍റന്‍ഡുമാരെ നിയമിക്കാനാണ് ഖത്തര്‍ എയര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ 130 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് ഖത്തര്‍ എയര്‍വേസില്‍ ജോലി ചെയ്യുന്നത്. ഇവരെ രാജ്യത്തെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിലവിലുള്ള ജീവനക്കാരെക്കൊണ്ട് കമ്പനിയുടെ ‘മേന്മ, ദോഷം, ബീഭത്സം’ എന്നീ വശങ്ങള്‍ വിശദീകരിപ്പിക്കുന്ന തരത്തിലുള്ള റിക്രൂട്ട്‌മെന്റ് മേളകള്‍ നടത്താനാണ് ഖത്തര്‍ ഉദ്ദേശിക്കുന്നതെന്ന്, കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് എയര്‍ കാനഡയില്‍ ഫ്‌ളൈറ്റ് അറ്റന്‍റന്‍ഡായി ജോലി ചെയ്തിരുന്ന കനേഡിയന്‍ പൗരനായ ഡിമിട്രോവ് പറയുന്നു.

‘ജോലി, രാജ്യം, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിച്ച ശേഷം ആളുകള്‍ ജോലിക്ക് ചേരുന്നതിനോടാണ് എനിക്ക് താല്‍പര്യം,’ എന്ന് അദ്ദേഹം പറയുന്നു. ‘ഇത് എനിക്ക് പറ്റുന്നതല്ല എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ പിന്നെ ഇത് നിങ്ങള്‍ക്ക് പറ്റുന്നതല്ല.’

കഴിഞ്ഞ മാര്‍ച്ചില്‍, വിവാദങ്ങളുടെ നടുവിലേക്ക് ഡിമിട്രോവ് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ജീന്‍സിട്ട ഒരു ജീവനക്കാരി വാതിലിനരികില്‍ മദ്യപിച്ച് ബോധരഹിതയായി കിടക്കുന്ന ഒരു ചിത്രം അടങ്ങുന്ന ഒരു ഇ-മെയില്‍ അദ്ദേഹം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് അയച്ചിരുന്നു. ‘ലജ്ജാകരവും അലോസരപ്പെടുത്തുന്നതും’ എന്ന് സംഭവത്തെ വിശേഷിപ്പിച്ച ഡിമിട്രോവ്, അപക്വമായി പെരുമാറുന്തിന് ജീവനക്കാരെ ശാസിക്കുകയും ചെയ്തിരുന്നു.

പരസ്യമായി മദ്യപിച്ച് നടക്കുന്നത് ‘വളരെ അധിഷേപകരമായി’ യഥാസ്ഥിതിക എമിറേറ്റ്‌സ് കരുതുന്നതിനാല്‍ തന്നെ, ആ സ്ത്രീ ഔചിത്യപൂര്‍വമല്ല പെരുമാറിയതെന്ന് ക്യാബിന്‍ അറ്റന്‍റന്‍ഡര്‍മാര്‍ തന്നെ സമ്മതിക്കുമെന്ന് ഖത്തര്‍ എയര്‍ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കമ്പനിയുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തി ഉറപ്പിക്കുന്ന ഡ്യൂട്ടിക്ക് മുമ്പുള്ള 12 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം എന്ന നിയമമാണ് ഏറെ ആശങ്ക ജനിപ്പിക്കുന്നത്. കമ്പനി ദോഹയില്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന 90 അപ്പാര്‍ട്ടുമെന്‍റുകളിലാണ് ഭൂരിപക്ഷം ജീവനക്കാരും താമസിക്കുന്നത്. ഇവരില്‍ നിന്നും വാടക ഈടാക്കുന്നില്ല. മറ്റ് എയര്‍ലൈന്‍ കമ്പനികളെ അപേക്ഷിച്ച് നല്ല ശമ്പളമാണ് ഖത്തര്‍ എയര്‍ നല്‍കുന്നതെങ്കിലും -തുടക്കത്തില്‍ പ്രതിവര്‍ഷം ഏകദേശം 33,000 ഡോളര്‍- സമാനമായ ഒരു താമസസ്ഥലത്തിന് മാസം 2000 ഡോളര്‍ വരെ ആകുമെന്നതിനാലാണ് മിക്കവരും കമ്പനിയുടെ താമസസൗകര്യം പ്രയോജനപ്പെടുത്തുന്നത്.

സന്ദര്‍ശകര്‍ക്ക് രാത്രികാല നിയന്ത്രണങ്ങളും നിരോധനങ്ങളുമുണ്ടെങ്കിലും കമ്പനി ജീവനക്കാരെ സംരക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് സൗജന്യ താമസ സൗകര്യമെന്ന് ഡിമിട്രോവ് ചൂണ്ടിക്കാണിക്കുന്നു. ക്രൂ സിറ്റി എന്ന് പേരുള്ള 914 കിടക്കകളുള്ള അപ്പാര്‍ട്ടുമെന്റ് ഒക്ടോബറില്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നാലു വര്‍ഷത്തില്‍ കൂടുതല്‍ ഖത്തര്‍ എയര്‍വൈസില്‍ ജോലി ചെയ്തിട്ടുള്ള വനിതാ ജീവനക്കാര്‍ക്കുള്ള ആനുകൂല്യം എന്ന നിലയില്‍ ആരംഭിക്കുന്ന ഈ ഒന്ന്-രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ടുമെന്റില്‍ നീന്തല്‍കുളം, ജിം, പലചരക്ക് കട, കാപ്പിക്കട, അലക്കുകട തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാവും.

‘ചില സമയത്ത് എനിക്ക് രാവിലെ അഞ്ചുമണിക്ക് ഓടാന്‍ പോകണമെന്ന് തോന്നും…,’ പക്ഷെ അങ്ങനെ ചെയ്താല്‍ കര്‍ഫ്യൂ ലംഘിക്കലാവും എന്നതിനാല്‍ പോകാറില്ലെന്ന് കമ്പനിയില്‍ ഫളൈറ്റ് അറ്റന്ഡന്‍റ് തസ്തികയില്‍ രണ്ട് വര്‍ഷമായി സേവനം അനുഷ്ടിക്കുന്ന കാനഡയില്‍ നിന്നുള്ള അഥീന യൂസെഫിപോര്‍ പറയുന്നു.

റിക്രൂട്ട്‌മെന്റ് സമയത്ത് സാംസ്‌കാരിക ചട്ടങ്ങളെ കുറിച്ച് കമ്പനി സുതാര്യമായ നിലപാടാണ് സ്വീകരിക്കാറുള്ളതെന്നും ക്രൂ അംഗങ്ങള്‍ അതനുസരിക്കാന്‍ ബാധ്യസ്ഥമാണെന്നും ഡിമിട്രോവ് ഉറപ്പിച്ച് പറയുന്നു. ഖത്തര്‍ ഒരു യാഥാസ്ഥിക സ്ഥലമാണ്. അതുകൊണ്ട് തന്നെ എയര്‍ലൈന്‍സിലോ മറ്റേതെങ്കിലും കമ്പനിയിലോ ജോലി ചെയ്യാനായി ഇവിടെ എത്തുന്നവര്‍ ഇവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ലോകത്തിന്റെ ഈ പ്രദേശങ്ങളില്‍ ഒരിക്കും സന്ദര്‍ശനം നടത്തിയിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം ചിലപ്പോള്‍ ഇത് മനസിലാക്കാന്‍ പ്രയാസമായിരിക്കും,’ എന്ന് അദ്ദേഹം സമ്മതിക്കുന്നു. ‘ഞാന്‍ നല്ലതാണെന്നോ ചീത്തയാണെന്നോ അല്ല പറയുന്നത്, പക്ഷെ വിശ്വാസങ്ങള്‍ വ്യത്യസ്ഥമായതിനാല്‍ ഇവിടുത്തെ കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.’

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍