UPDATES

പ്രവാസം

ഖത്തറില്‍ സണ്ണി ലിയോണിന് വിലക്ക്

അഴിമുഖം പ്രതിനിധി

മൂന്നു മണിക്കൂറില്‍ ഏറെ ദൈര്‍ഘ്യമുള്ള ഒരു ബോളിവുഡ് സംഗീത പരിപാടി ഖത്തര്‍ ഭരണകൂടം റദ്ദു ചെയ്തു. എരിവുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു സിനിമാതാരത്തിന്റെ സാനിദ്ധ്യമായിരുന്നു അതിനു കാരണം.  

ഇറോട്ടിക്കല്‍ ഹൊറര്‍ ചിത്രമായ  രാഗിണി എംഎംഎസ് 2, 2015 ലെ ഏക്‌ പഹേലി ലീല എന്നീ ചിത്രങ്ങളില്‍ ചൂടന്‍ റോളുകള്‍ കൈകാര്യം ചെയ്ത സണ്ണി ലിയോണ്‍ ആ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നതാണ് എന്നാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.  

പരിപാടി നടത്തുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടതിനാല്‍ മാര്‍ച്ച് 11ന് നടക്കേണ്ടിയിരുന്ന മെഗാ ബോളിവുഡ് നൈറ്റിന് അനുമതി ലഭിക്കില്ല എന്ന് സാംസ്കാരിക-കായിക മന്ത്രാലയത്തിനു കീഴിലുള്ള സാംസ്‌കാരിക വകുപ്പിന്റെ  തലവന്‍ ഫലെഹ് അല്‍ അജ്ലാന്‍ അല്‍ ഹാജിരി പറഞ്ഞു  

ഇസ്ലാം മത മൂല്യങ്ങള്‍, പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍ എന്നിവയെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികളോട് ഒതുതരത്തിലുമുള്ള സഹിഷ്ണുത കാണിക്കില്ല എന്ന് അല്‍ ഹാജിരി അഭിപ്രായപ്പെട്ടതായി ഖത്തര്‍ ദിനപ്പത്രം അല്‍ റായ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹാസ്യനടന്‍ സുനില്‍ പാല്‍, നര്‍ത്തകന്‍ നിര്‍മ്മല്‍ തമംഗ്, പോപ്പ് സ്റ്റാര്‍ ഹിമാല്‍ എന്നിവര്‍ പങ്കെടുക്കുന്ന മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള, ഏഷ്യന്‍ ടൌണിലെ ആംഭിതിയേറ്ററില്‍ നടക്കാനിരുന്ന ഈ മെഗാ ബോളിവുഡ് നൈറ്റിന്റെ 7000ല്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയതായി ദോഹ ന്യൂസ് വ്യക്തമാക്കുന്നു.

ഷോ സംബന്ധമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ സാംസ്കാരിക മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങിയിരുന്നു എന്നാണ് സംഘാടകരായ അരുണ്‍ വാലി എന്റര്‍ട്ടെയിന്‍മെന്റ് അവകാശപ്പെടുന്നത്.

എന്നാല്‍ അടുത്തിടെ ഇത് സംബന്ധിച്ച യോഗത്തില്‍ സണ്ണി ലിയോണിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുത് എന്ന ആവശ്യം മന്ത്രാലയം മുന്നോട്ടു വച്ചതായി അവര്‍ ദോഹ ന്യൂസിനോട് വ്യക്തമാക്കി.

ഖത്തറിന്റെ സാമൂഹിക മൂല്യങ്ങളെയോ നിയമവ്യവസ്ഥകളെയോ ലംഘിക്കുന്ന രീതിയില്‍ യാതൊന്നും പരിപാടിയിലില്ല എന്നും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം മുടക്കിയ പണം തിരികെ നല്‍കും എന്നും സംഘാടകര്‍ അറിയിച്ചു.

ഖത്തര്‍ സമൂഹത്തിന്റെ സാമൂഹിക മൂല്യങ്ങള്‍ക്കൊത്തുപോകുന്ന തരത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക കലാപരിപാടികള്‍ക്കു മാത്രമേ അനുമതി നല്‍കാറുള്ളൂ എന്ന് പറഞ്ഞ അല്‍ ഹാജിരി പരിപാടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതിനെക്കുറിച്ചു മൌനം പാലിച്ചു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍