UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാവരിഞ്ഞ് മുന്നേറുന്ന ഫാസിസ്റ്റ് ഒളിപ്പോര്

Avatar

വിശാഖ് ശങ്കര്‍

ഖത്തറിലെ എം ഇ എസ്  ഇന്ത്യൻ സ്കൂളിൽ വർഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന ഒരു മലയാളി അദ്ധ്യാപിക ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആ സ്ഥാപനത്തിൽ നിന്ന് രാജിവച്ച് പിരിഞ്ഞുപോയി.

ഇതിലെന്താണ് പ്രത്യേകിച്ച് ഒരു വാർത്താ പ്രാധാന്യമെന്ന് വായനക്കാർക്ക് തോന്നാം. ഇതിനെ അധികരിച്ച്   ഒരു ലേഖനമെഴുതുക എന്നത് വെറും ധൂർത്തായി അനുഭവപ്പെടാം. എന്നാൽ ഈ രാജി നിർബന്ധിതവും  ഫലത്തിൽ പിരിച്ചുവിടൽ തന്നെയും  ആയിരുന്നു എന്നതാണ് വാർത്തയ്ക്കുള്ളിലെ വാർത്ത. കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് പകരം ഒരു അദ്ധ്യാപികയെ കണ്ടെത്തുന്നത് ദുഷ്കരമായിരിക്കും എന്ന വസ്തുത പോലും പരിഗണിക്കാതെ അത്തരം ഒരു നടപടിക്ക് ഒരു സ്കൂൾ മാനേജ്മെന്റ് തയ്യാറാകണമെങ്കിൽ അതിനുപിന്നിൽ ഗുരുതരമായ കാരണങ്ങൾ ഉണ്ടാകും എന്നത് ഉറപ്പ്. അതെന്തായിരുന്നു എന്ന് കൂടി മനസിലാക്കുമ്പോൾ  ഒരു ലേഖനത്തിന്   വിഷയീഭവിക്കാൻ മാത്രം ഈ സംഭവത്തിൽ  എന്താണുള്ളത് എന്ന സംശയം മാറുകതന്നെ ചെയ്യും.

നിർബന്ധിത രാജിയുടെ കാരണം
അദ്ധ്യാപനവൃത്തി കൂടാതെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ  സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തനങ്ങളിലും സൈബർ മീഡിയയിലും ഒക്കെ സജീവപങ്കാളിത്തം വഹിച്ച വ്യക്തിത്വം കൂടിയായിരുന്നു പ്രസ്തുത അദ്ധ്യാപിക. സംഘി ഫാസിസത്തിന്റെയും, അതിന്റെ രാഷ്ട്രീയ പ്രതിനിധാനം ആരോപിക്കപ്പെടുന്ന  ബി ജെ പിയുടെയും, നരേന്ദ്ര മോദിയുടെയും വിമർശക എന്ന നിലയിൽ സംഘപരിവാരത്തിന്റെ സൈബർ, സാംസ്കാരിക വിഭാഗങ്ങളുടെ പ്രതിനിധികളെ, പ്രത്യേകിച്ച് അതിന്റെ  ഖത്തർ പ്രതിനിധികളെ അവരുടെ ഇടപെടലുകളും നിലപാടും ചൊടിപ്പിച്ചിരുന്നു എന്നത് സ്വാഭാവികം.

അങ്ങനെ ഇതിനോടകം തന്നെ  ഒരു നോട്ടപ്പുള്ളി ആയിരിക്കെയാണ് ഇടക്കാലത്ത് ഫേസ്ബുക്കിൽ പ്രചരിച്ച നരേന്ദ്ര മോദിയുടെ പടത്തിൽ നായ പെടുക്കുന്ന ചിത്രത്തെ അവർ തന്റെ താളിൽ പങ്കുവയ്ക്കുന്നത്. അവസരം മണത്ത സംഘികൾ അധികാരം ഉപയോഗിച്ച് ചെലുത്തിയ സമ്മർദ്ദം വർഷങ്ങളായി അവർ തുടർന്നുവന്ന അതിജീവനവൃത്തിയുടെ നഷ്ടത്തിൽ കലാശിച്ചു എന്നതാണ് ചുരുക്കം. അവരുടെ  മാത്രമല്ല, അവരുടെ ഭർത്താവിന്റെ തൊഴിൽ കൂടി നഷ്ടമാക്കി ഇരുവരെയും നാട്ടിലേയ്ക്ക് കെട്ടുകെട്ടിക്കുക എന്നതായിരുന്നു മേല്പറഞ്ഞ സ്വാധീനശക്തികളുടെ  ലക്ഷ്യമെന്നും, അത് മുൻനിർത്തി അദ്ധ്യാപികയുടെ ഭർത്താവ് ജോലിചെയ്തിരുന്ന സ്വകാര്യ കമ്പനിയുടെ മാനേജ്മെന്റിനെയും അവർ സമീപിച്ചിരുന്നു എന്നും ആണ് പിന്നാമ്പുറ വാർത്തകൾ. പതിമൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ബ്രഹദ് സ്ഥാപനമെന്ന നിലയിൽ ഇന്ത്യൻ സ്കൂളിന് ഈ അധികാര ശക്തികളുമായി കലഹിച്ചുകൊണ്ട് ഒരു അദ്ധ്യാപികയെ നിലനിർത്തുന്നത് നഷ്ടക്കച്ചവടമായിരുന്നു. അവർ സ്വാഭാവികമായും ആ വ്യക്തിയെ ഒഴിവാക്കി. എന്നാൽ ഒരു ചെറുകിട സ്വകാര്യ സ്ഥാപനം എന്ന നിലയിൽ അവരുടെ ഭർത്താവിന്റെ കമ്പനിയ്ക്ക് അദ്ദേഹത്തിന്റെ സേവനം പൊടുന്നനെ വേണ്ടെന്ന് വയ്ക്കാവുന്ന അവസ്ഥ ആയിരുന്നില്ല. അതുകൊണ്ട് അവർ വഴങ്ങിയില്ല.

ഇതൊക്കെ പറയുമ്പോഴും,  ചിത്രം ഫേസ്ബുക്ക് വഴി പങ്കുവച്ചു എന്നതും, ആ കാരണത്താൽ അവർ ജോലിചെയ്തിരുന്ന എം ഇ എസ് ഇന്ത്യൻ സ്കൂളിന്റെ മാനേജ്മെന്റ് അദ്ധ്യാപികയെ പിരിച്ചുവിട്ടു എന്നതും ഒഴിച്ച് ഈ സംഭവത്തിൽ  ബാക്കിയുള്ള ഒന്നും ആധികാരികമല്ല, ഒന്നിനും തെളിവുകളുമില്ല!

നാവരിയുന്ന ഫാസിസ്റ്റ് വാളുകൾ
ജനാധിപത്യത്തിൽ ജനമാണ് ഭരണകൂടമെന്നും, ജനപ്രതിനിധികൾ അവർക്ക് മുകളിലല്ല, താഴെയാണ് എന്നതുമൊക്കെ നിരന്തരം പറഞ്ഞും കേട്ടും തേഞ്ഞ ക്ലീഷേകളാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രധാനമന്ത്രിയോ, മന്ത്രിയോ, പാർലമെന്റ അംഗമോ ഒന്നും വിമർശനത്തിനതീതരല്ല. ആ വിമർശനത്തിന്റെ വിവിധ ആവിഷ്കാരങ്ങളിൽ ഒന്നാണ് കാർട്ടൂൺ. അതിന് തന്നെയും ഇന്ന് നിരവധി വകഭേദങ്ങളുണ്ട്. വിമർശനങ്ങളെ കേവലാർത്ഥത്തിൽ അപകീർത്തിപ്പെടുത്തലായി പരിഗണിക്കുകയാണെങ്കിൽ രാഷ്ട്രീയത്തെയും, നയങ്ങളെയും വിമർശിച്ചെഴുതുന്ന ലേഖനങ്ങൾ തൊട്ട് നിത്യേനെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കാർട്ടൂണുകളെയും, കാരിക്കേച്ചറുകളെയും ഒക്കെ ആ നിലയ്ക്കെടുക്കാം. പക്ഷേ മനസിലാക്കപ്പെടെണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങോ ഒക്കെ വിമർശിക്കപ്പെടുന്നത് വിമർശകർക്ക് അവരോട് എന്തെങ്കിലും തരം വ്യക്തിവിരോധം ഉണ്ടായതുകൊണ്ടല്ല എന്നതാണ്.

മോദി മാത്രമല്ല, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു തൊട്ട് ഇന്ദിരയും,വാജ്പേയിയും, മൻമോഹൻ സിങ്ങും ഒക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. അവർക്കെതിരേ ലേഖനങ്ങളും, കാർട്ടൂണുകളും, കാരിക്കേച്ചറുകളും ഉണ്ടായിട്ടുണ്ട്. വിവിധ സാഹിത്യ, ദൃശ്യ കലാരൂപങ്ങൾ വഴി വിമർശനങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവയൊക്കെയും വിശാലവും സംവാദാത്മകവുമായ ഒരു ജനാധിപത്യ രാഷ്ട്രീയ ഇടത്തിൽ നിന്നാണ് വായിക്കപ്പെട്ടതും, പെടേണ്ടതും. ഇതിന് നാളിതുവരെ ഉണ്ടായ അപവാദങ്ങളും, ഇപ്പോൾ ഉണ്ടാകുന്നവയും ജനാധിപത്യത്തിൽ നിന്ന് തന്നെ ഉയർന്നുവരുന്ന ജനാധിപത്യ വിരുദ്ധ പ്രവണതകളായാണ് എണ്ണപ്പെടേണ്ടത്. ആ നിലയ്ക്കാണ് പ്രസ്തുത ചിത്രം ഉണ്ടാക്കുന്ന പ്രകോപനങ്ങളെയും കാണേണ്ടത്.

അധികാരത്തെയും, ഭരണകൂട ഉപകരണങ്ങളെയും പരോക്ഷമായും, ആൾക്കൂട്ടത്തെ പ്രത്യക്ഷമായും ഉപയൊഗിച്ചുകൊണ്ട് ഘട്ടം ഘട്ടമായി  സാംസ്കാരിക വിമർശനങ്ങളുടെ നാവടപ്പിക്കുക എന്നതാവും സംഘി രാഷ്ട്രീയത്തിന്റെ   ഫാസിസ്റ്റ് അജണ്ടകളുടെ ആദ്യപടി   എന്ന്  ഈ സർക്കാർ നിലവിൽ വന്ന നാളുകളിൽ തന്നെ ഫെയ്സ് ബുക്ക് പോലുള്ള മാധ്യമങ്ങളിലൂടെ  സൈബർ ബുദ്ധിജീവികൾ അടക്കം  പ്രവചിച്ചിരുന്നു. ആ  ക്രാന്തദർശിത്വത്തിന് വർത്തമാനകാലം മുന്നോട്ട് വയ്ക്കുന്ന നിരവധി സാക്ഷ്യങ്ങളിൽ ഒന്നുകൂടിയാണിത് ഈ സംഭവം. അത് തന്നെയാണ് ഒരു പ്രവാസി മലയാളിയ്ക്ക് തന്റെ  പ്രവർത്തി മേഖലയിൽ നേരിടേണ്ടിവന്ന തിരിച്ചടിയുടെ വ്യക്തിതലത്തിൽനിന്ന്  ഈ പ്രശ്നത്തെ  ഭൂരിപക്ഷ ഫാസിസത്തിന് മുമ്പിൽ  നിശബ്ദമാകാൻ വിസമ്മതിക്കുന്ന സാംസ്കാരിക യുക്തികളെയും, നീതിബോധത്തെയും മുഴുവൻ ബാധിക്കുന്ന ഒരു ഭരണകൂട ആക്രമണമാക്കി സാമാന്യവൽക്കരിക്കുന്നതും.

എന്താണീ അപകീർത്തിപ്പെടുത്തൽ?
മേല്പറഞ്ഞ ചിത്രം എങ്ങനെയാണ് അപകീർത്തിപ്പെടുത്തലാകുന്നത്?  പക്ഷി കാഷ്ടിച്ച നിലയിലുള്ള ഗാന്ധി പ്രതിമയുടെ ചിത്രങ്ങൾ പലകുറി കണ്ടിട്ടുണ്ട്. അവയൊന്നും പക്ഷേ ആരും ഗാന്ധിയെ അപകീർത്തിപ്പെടുത്തലായി വ്യാഖ്യാനിച്ച് കണ്ടിട്ടില്ല. ഇലക്ട്രിക്ക് പോസ്റ്റിൽ വച്ചുകെട്ടിയ മാർക്സിന്റെ ചിത്രത്തിൽ കാലുപൊക്കി പെടുക്കുന്ന നായയുടെ ചിത്രം ആരെങ്കിലും എടുത്താൽ അത് മാർക്സിസത്തെ അപകീർത്തിപ്പെടുത്തലായി വ്യാഖ്യാനിക്കുമോ? ഇല്ല എന്ന് തന്നെയാണ് മറുപടി. കാരണം അങ്ങനെ തകർക്കാവുന്നതല്ല അവരുടെ കീർത്തി എന്നത് തന്നെ. പിന്നെ പറയാവുന്നത് അവരൊക്കെ ചരിത്ര പുരുഷന്മാരാണ്, ജീവിച്ചിരിക്കുന്നവരെ അത്തരത്തിൽ ചിത്രീകരിക്കുന്നത് അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരും എന്ന വാദമാണ്. അതിനെ മുഖവിലയ്ക്കെടുത്താൽ കോലം കത്തിയ്ക്കൽ പോലെയുള്ള പ്രതീകാത്മക പ്രതിഷേധ രൂപങ്ങളെ വധാഹ്വാനമായും വ്യാഖ്യാനിക്കാൻ പറ്റും. കാരണം അവിടെ നടക്കുന്നത് മോദിയുടെയോ, ഉമ്മൻ ചാണ്ടിയുടെയോ, പിണറായി വിജയന്റെയോ ഫ്ലക്സ് കത്തുന്നതിന്റെ പടം എടുത്ത് ഫേസ്ബുക്കിൽ ഇടലല്ല, മറിച്ച് വൈക്കോലുകൊണ്ട്  കോലം ഉണ്ടാക്കി അതിന് ആർക്കെതിരേ പ്രതിഷേധിക്കുന്നുവോ അയാളുടെ മുഖം നല്കി   കൂട്ടമായി കത്തിക്കുക എന്ന കൃത്യം തന്നെയാണ്.

അപകീർത്തിപ്പെടുത്തൽ എന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്, വ്യക്തിഗത  അധിക്ഷേപങ്ങൾ നടത്തിക്കൊണ്ട് ചെയ്യുന്ന സ്വഭാവഹത്യയാണ്. അത്തരം ഒന്നല്ല മേല്പറഞ്ഞ ദൃശ്യം. അത് അപകീർത്തിപ്പെടുത്തലായി മോദി ആരാധകർക്ക് തോന്നിയാൽ അതിനർത്ഥം അത്രയ്ക്ക് ആഴമേ ഉള്ളൂ അവർക്ക് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുള്ള വിശ്വാസം എന്നാണ്. മറ്റൊരർത്ഥത്തിൽ അത് ആവിഷ്കരിക്കുന്നത് മോദി ആരാധകർക്കുള്ള ആന്തരിക അപകർഷതയെ ആണ്. ഇല്ലെങ്കിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഴവും അവകാശപ്പെടാനില്ലാത്ത, കേവല പ്രകോപനം എന്ന ലക്ഷ്യം മാത്രം ആവിഷ്കരിക്കുന്ന ആ ചിത്രത്തെ അവർക്ക് സാംസ്കാരികമായും, കലാപരമായും തന്നെ പ്രതിരോധിക്കാനാകുമായിരുന്നു.

ഒരു ചിത്രം, അത് ഫോട്ടോ ഷോപ്പ് വഴി ഉണ്ടാക്കിയെടുത്തതായാലും വിമർശനമാണ് ലക്ഷ്യം എങ്കിൽ അത് സാധിച്ചേക്കാം. വരയ്ക്കുന്നത് മാത്രമാണ് കാർട്ടൂൺ എന്നൊ, ആക്ഷേപ ഹാസ്യമെന്നതിന് ഇന്നതിന്നതൊക്കെയാണ് ലക്ഷണമെന്നോ നിർവചിക്കുന്നത് ചലനാത്മകമായ കലയുടെ ആവിഷ്കാരമണ്ഡലത്തിൽ സംവാദാത്മകമായും, കാലികമായും മാത്രം തീർപ്പ് കൽപ്പിക്കപ്പെടേണ്ടവയാണ്. അതായത്  ഉല്പാദിപ്പിക്കുന്ന വിമർശനത്തിന്റെ ആഴം അത് ദൃശ്യവല്ക്കരിക്കുന്ന രാഷ്ട്രീയധ്വനികളെ അവലംബിച്ച് കാലികമായും, സംവാദാത്മകമായും മാത്രം  അളക്കപ്പെടേണ്ട ഒന്നാണ്. പ്രകോപനം പോലും ഒരു കാർട്ടൂണിന്റെ ലക്ഷ്യമാകാമെങ്കിലും കേവലം പ്രത്യക്ഷവും, ഏകമാനവും മാത്രമായ പ്രകോപനം ഒരു മികച്ച കാർട്ടൂണിന്റെ ലക്ഷണമാകില്ല എന്നുപറയുന്നതും ആ പരിധിയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ. എന്നാൽ സംവാദങ്ങളെയൊക്കെ അസാധുവാക്കിക്കൊണ്ട് ഭരണകൂട അധികാരം ഉപയോഗിച്ച് നടത്തപ്പെടുന്ന നിശബ്ദമാക്കൽ യഥാർഥത്തിൽ അപകീർത്തിപ്പെടുത്തുന്നത് വ്യക്തികളെയല്ല, ജനാധിപത്യത്തെ തന്നെയാണ്. 

ഇവിടെ പ്രശ്നം അതുമല്ല. മോദി ആരാധകരായ സംഘികൾ അവരുടെ സ്വന്തം  സാംസ്കാരിക യുക്തിദാരിദ്ര്യത്തിന് പ്രതികാരം ചെയ്യുന്നത് മറ്റൊരാളുടെ ജീവിതവൃത്തി തങ്ങളുടെ അധികാരം ഉപയോഗിച്ച് ഇല്ലാതെയാക്കിക്കൊണ്ടാണ് എന്നതിലെ അനീതിയാണ്.

നിസ്സഹായമായ നിശബ്ദത
ഇവിടെ ഏറ്റവും അപകടകരമാകുന്നത് ഇത്തരം വ്യക്തിഗത നാവടപ്പിക്കലുകളുടെ രണ്ടറ്റത്തിനും ഇടയ്ക്കുള്ള നിസ്സഹായമായ നിശബ്ദതയാണ്. ഈ സംഭവത്തിൽ പ്രസ്തുത   അദ്ധ്യാപികയ്ക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നതിനും എം ഇ എസ് ഇന്ത്യൻ സ്കൂൾ അവരുടെ ഒരു അദ്ധ്യാപികയെ നിർബന്ധമായി രാജിവയ്പിച്ചു  എന്നതിനും ഇടയ്ക്ക് വിങ്ങുന്നത് മേല്പറഞ്ഞ പേരോ വിലാസമോ ഇല്ലാത്ത, ഒളിഞ്ഞിരിക്കുന്ന വേട്ടക്കാരനൊപ്പം ഇരയെയും തമസ്കരിക്കുന്ന  നിശബ്ദതയാണ്. ഇവിടെ ആ അദ്ധ്യാപികയെ പിരിച്ചുവിടാൻ സ്കൂൾ മാനേജ്മെന്റിനെയും, അവരുടെ ഭർത്താവിനെ പിരിച്ചുവിടാൻ അദ്ദേഹം പ്രവർത്തിയ്ക്കുന്ന കമ്പനിയെയും സമ്മർദ്ദത്തിലാക്കിയ ശക്തികൾ ആരെന്ന് എല്ലാവർക്കും വ്യക്തമാണ്. എന്നാലും ആർക്കും അത് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവില്ല. എന്തിന് ഇരയായ ദമ്പതികൾക്ക് പോലും തങ്ങളുടെ പേരും വിലാസവും പരസ്യപ്പെടുത്തി നീതിയ്ക്ക് വേണ്ടി ഒരു പ്രത്യക്ഷ സമരത്തിന് ഇറങ്ങാനാവില്ല. കാരണം ഇവിടെ വേട്ട ഇരയ്ക്കൊരു  പ്രത്യക്ഷ അനുഭവമാകുമ്പോഴും വേട്ടക്കാരൻ അദൃശ്യനായി തുടരുന്നു എന്നതാണ്.

എം ഇ എസ് എന്ന പേര്‌ പെട്ടെന്ന് ധരിപ്പിക്കാവുന്നതുപോലെ കേരളത്തിലെ മുസ്ലീം എജ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന ഒരു സ്ഥാപനമല്ല ഖത്തറിലെ എം ഇ എസ് ഇന്ത്യൻ സ്കൂൾ. അത് മറ്റൊരു ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങൾ നീണ്ട അദ്ധ്യാപന ജീവിതത്തിലൂടെ രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും, തദ്വാര മാനേജ്മെന്റിന്റെയും  ഇഷ്ടവും, വിശ്വാസവും ആർജ്ജിച്ച ഒരു അദ്ധ്യാപികയെന്ന നിലയിൽ അവരെ പിരിച്ചുവിടുന്നതിൽ സ്കൂൾ നടത്തിപ്പിന്  പ്രത്യേക താല്പര്യങ്ങൾ ഒന്നുമില്ല എന്ന്  ആ സ്കൂളിലെ വിദ്യാർത്ഥി രക്ഷാകർതൃ സമൂഹം ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. പിന്നെ അവർ എന്തിന് പിരിച്ചുവിടപ്പെട്ടു? രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ അതിന് കാരണമായ കൃത്യത്തെ  സംവാദ സാധ്യതകൾ ഒക്കെ അടച്ചിട്ടുകൊണ്ട് ഏകപക്ഷീയമായി അപകീർത്തിപരം എന്ന് തീരുമാനിക്കാൻ അത് സംഘി നടത്തിപ്പിൻ കീഴിലുള്ള ഒരു സ്ഥാപനവുമല്ല. പിന്നെ എന്തിന് ?

അധികാരത്തിന്റെ ഗോറില്ലാ യുദ്ധമുറകൾ
വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും, മാനേജ്മെന്റിനും ഒരുപോലെ പ്രിയങ്കരിയായ ഒരു അദ്ധ്യാപികയെ കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ, അതും അവരുടെ സ്വന്തം പോസ്റ്റല്ല, പങ്കുവച്ച പോസ്റ്റിന്റെ പേരിൽ പിരിച്ചുവിടുക എന്നത് അവർ സ്വന്തം താല്പര്യം മുൻനിർത്തി ചെയ്തതല്ല എന്ന് വ്യക്തം. ഇന്ത്യൻ എംബസി തൊട്ട് അംബാസഡർ വരെ സമ്മർദ്ദശക്തികളിൽ പെടുന്നു എന്ന് അനൗദ്യോഗികമായി പലരും പറയുന്നുണ്ട്. പക്ഷേ മാനേജ്മെന്റിന്റെ ഔദ്യോഗിക നിലപാട് ബാഹ്യസമ്മർദ്ദങ്ങൾ ഒന്നുമില്ല എന്നതും. സംഭവം മെല്ലെ മെല്ലെ വാർത്തകളായി പുറത്ത് വരാൻ തുടങ്ങിയതോടെ എംബസി ഒരു വാർത്താ കുറിപ്പിലൂടെ തങ്ങളുടെ ഇടപെടൽ എന്ന ആരോപണം നിഷേധിച്ചിട്ടുമുണ്ട്. മോദിചിന്ത തലയ്ക്കുപിടിച്ച ഏതെങ്കിലും ചില സംഘികൾ വിചാരിച്ചാൽ ഇന്ത്യൻ സ്കൂൾ പോലൊരു സ്ഥാപനത്തിന്റെ മാനേജ്മെന്റിനെ സ്വാധീനിക്കാനാവില്ല എന്ന് ഉറപ്പ്‌. പിന്നെ ആര് ?

ഇതൊരു ഗോറില്ല യുദ്ധമുറയാണ്. പ്രതികാരം നടന്നുകഴിഞ്ഞു. പക്ഷെ കുറ്റം ഇനിയും നിർവചിക്കപ്പെട്ടിട്ടില്ല. ആരാണ് പ്രതികാരം ചെയതത് എന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. തീവ്രവാദ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ പോലെ ഒന്നാണിത്. ആക്രമണം നടന്നു എന്നതിന് മുറിവുകളും വേദനയും സാക്ഷി, പക്ഷേ ആരായിരുന്നു ആക്രമണകാരികൾ? എന്തായിരുന്നു ഉദ്ദേശം?

സംഗതി വാർത്താപ്രാധാന്യം നേടിയാൽ, വിവാദമായാൽ സ്കൂൾ മാനെജ്മെന്റ് പിരിച്ചുവിടലിന് കാരണമായി പറയുന്നത് ഇത് മാത്രമാകുമോ എന്നും ഉറപ്പില്ല. പ്രബലനായ ശത്രുവിനെതിരേ ദുർബലന്റെ ചെറുത്ത്നില്പ്പ് എന്ന നിലയ്ക്ക് ഒളിപ്പോരിന്റെ ചരിത്രം ആവേശമാകുന്നത് അതിന്റെ അധികാരവിരുദ്ധ  നീതിപക്ഷ നിലപാടുകളിലൂടെയാണ്. പക്ഷെ ഇവിടെ ഒളിയമ്പെയ്യുന്നത് അധികാരം തന്നെയാണ്. മുറിവേൽക്കുന്നത് വ്യക്തികളുടെ ഒറ്റപ്പെട്ട  അതിജീവന ബന്ധിയായ സമരങ്ങൾക്കും!

പ്രവാസി അനുഭവങ്ങളിലെ ഇന്ത്യൻ എംബസി
അടിസ്ഥാനവർഗ്ഗത്തിന് മേൽക്കൈ ഉള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം കുപ്രസിദ്ധമായ ഒരു വാക്കാണ് “ഇന്ത്യൻ എംബസി” എന്നത്. അവരുടെ ദൈനംദിന ജീവിത പ്രശ്നങ്ങളിലും, നീതിനിഷേധങ്ങളിലും ഒരു ചെറുവിരൽ കൊണ്ട് പോലും ഭാഗഭാക്കാവാത്ത വെള്ളാനകളുടെ ഒരു കൂട്ടമായാണ് ലേബർ ക്യാമ്പുകളിലും തെരുവിലും, മാർക്കറ്റിലും കണ്ടുമുട്ടുന്ന സാധാരണ ഇന്ത്യാക്കാർ അവരുടെ എംബസിയെ കാണുന്നത് എന്നത് ദുഖകരമായ ഒരു സത്യമാണ്. എന്നാലും ചില പ്രശ്നങ്ങളിൽ അവർ സജീവമായി ഇടപെടും. ഈ അദ്ധ്യാപികയുടെ തൊഴിൽ നഷ്ടത്തിൽ സജീവ സമ്മർദ്ദശക്തിയായത് വിദേശരാജ്യങ്ങളിൽ ഇന്ത്യാക്കാരുടെ സാമൂഹ്യവും തൊഴിൽ പരവുമായ പ്രശ്നങ്ങളിൽ ധനാത്മകമായ ഇടപെടലുകൾ നടത്താൻ നിയോഗിക്കപ്പെട്ട ‘ഇന്ത്യൻ എംബസി’തന്നെ ആയിരുന്നു എന്ന് സംഭവത്തെക്കുറിച്ച് നേരിട്ടറിയാവുന്ന എല്ലാവരും ഉറപ്പിച്ചുപറയും . എന്നാൽ ഔദ്യോഗികമായി ആർക്കും അതിനെ സ്ഥിതീകരിക്കാനുമാവില്ല. കാരണം വയറ്റിപ്പിഴപ്പ് തന്നെ!

ഇന്ത്യൻ എംബസിയുടെ സമ്മർദ്ദം മൂലമാണ് ഇത്തരം ഒരു നടപടി എന്ന് അനൗദ്യോഗികമായി കുമ്പസരിക്കുമ്പൊഴും ഔദ്യോഗികമായി സ്കൂൾ മാനെജ്മെന്റ് അതിനെ തമസ്കരിക്കും. ഇന്ത്യൻ എംബസി എന്ന് പറഞ്ഞാൽ ഇവിടെ സമ്മർദ്ദശക്തിയായി ആരോപിക്കപ്പെടുന്നത് അവിടത്തെ ഏതെങ്കിലും ജീവനക്കാരല്ല, ഇന്ത്യൻ അംബാസഡർ തന്നെയാണ്. ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന സാധാരണ ഇന്ത്യൻ പൗരന്മാരുടെ ജീവിതത്തിൽ, അവർ അനുഭവിക്കുന്ന ദൈനംദിന പ്രശ്നങ്ങളിൽ തങ്ങൾക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് കൈമലർത്താറാണ് പതിവ് എങ്കിലും (ഇതിന് തീർച്ചയായും ഒറ്റപ്പെട്ട അപവാദങ്ങൾ ഉണ്ട്) ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ ക്ലബ്ബ് തുടങ്ങിയ കുബേര കൂട്ടായ്മകളിൽ അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ഇരുപക്ഷത്തിനും അറിയാം.

ഒരു അദ്ധ്യാപികയ്ക്ക് വേണ്ടി ഇന്ത്യൻ എംബസി, അംബാസഡർ തുടങ്ങിയ അധികാര സ്ഥാപനങ്ങളുമായി കോർക്കുന്നത് സ്കൂളിന്റെ നടത്തിപ്പിന് ഗുണകരമാവില്ല എന്നത് സാമാന്യ യുക്തിയാണ്. അത് തന്നെയേ ഖത്തറിലെ എം ഇ എസ്  ഇന്ത്യൻ സ്കൂളിന്റെ മനേജ്മെന്റ് കമ്മിറ്റിയിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാനാവു. ബൃഹത്തായ ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പിനുവേണ്ടി ഒരു വ്യക്തിയെ ബലി നല്കുക. അതുമാത്രമേ അവർ ചെയ്തിട്ടുമുള്ളു. പക്ഷെ ഇന്ത്യൻ ഭരണഘടനയിലും, അതിൽനിന്ന് അനൗദ്യോഗികമായാണെങ്കിലും ഇന്ന് റദ്ദ് ചെയ്യപ്പെട്ട മതേതരത്വം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളിലും വിശ്വാസമുള്ളവർക്ക് ഇതൊരു വ്യക്തിഗതപ്രശ്നമായി, ഒരു കോഴിക്കോട്ടുകാരി പ്രവാസി സ്ത്രീയുടെ  തൊഴിൽ പ്രശ്നം മാത്രമായി എടുക്കാനാവില്ല. ഇതിൽ ഒരു സന്ദേശമുണ്ട്. കാഹളം മുഴക്കിയല്ല ഒളിപ്പോരാളികൾ യുദ്ധം തുടങ്ങുന്നത് എങ്കിലും ഇത്തരം വാർത്തകളെ  നമ്മൾ തിരഞ്ഞെടുത്ത ജനാധിപത്യ ഭരണകൂടം നമുക്കെതിരേ നടത്താൻ തുടങ്ങിക്കഴിഞ്ഞ ഒളിപ്പോരിന്റെ കാഹളമായി തന്നെ പരിഗണിക്കേണ്ടതുണ്ട് . അത് കേട്ടിട്ടും ഉണർന്നില്ലെങ്കിൽ നാളെ നമ്മൾ തിരിച്ചറിയുക മിണ്ടാൻ നമുക്ക് നാവുകളില്ല എന്നതല്ല, നമുക്ക് വേണ്ടി സംസാരിക്കാൻ നാം അഭിമാനത്തോടെ നെഞ്ചോട് ചേർക്കുന്ന ജനാധിപത്യത്തിനും നാവില്ലാതായി എന്നതാവും.

*Views are Personal

(വിശാഖ് ശങ്കര്‍- എഴുത്തുകാരന്‍)

അഴിമുഖം പ്രസിദ്ധീകരിച്ച വിശാഖിന്റെ മറ്റു ലേഖനങ്ങൾ:

വിമർശനങ്ങളാൽ വ്രണപ്പെടുന്ന ‘വിപ്ലവത്തിരുവാതിര’
ഒന്നൊന്നരയല്ല, ഒരറുപത്താറു കരിനിയമം
എവിടംവരെ പിന്‍വലിക്കും നിഷേധങ്ങളെ നമ്മള്‍?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍