UPDATES

പ്രവാസം

തൊഴില്‍ നഷ്ടപ്പെടുന്നു, ഭക്ഷണവില കുതിച്ചുയരുന്നു: ആശങ്കയുമായി ഖത്തര്‍ പ്രവാസികള്‍

തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് പ്രതിസന്ധി പൊട്ടിപ്പുറപ്പെടാന്‍ ഇതിലും മോശം സമയമില്ല

ഇന്ത്യക്കാരനായ അജിത് ഇലക്ട്രീഷ്യനായി ജോലിയില്‍ പ്രവേശിച്ചിട്ട് ഏഴ് മാസം പിന്നിടുന്നതേയുള്ളു. എന്നാര്‍ ഖത്തറിലെ ബൃഹത്തായ പ്രവാസി തൊഴില്‍സേനയിലെ മറ്റംഗങ്ങളെ പോലെ തന്നെ അജിത്തും ഇപ്പോള്‍ ആശങ്കയിലാണ്. തൊഴില്‍ നഷ്ടപ്പെടുമോ എന്നും ഈ രാജ്യത്ത് തന്റെ ഭാവിയെന്തായിരിക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാത്രമല്ല അദ്ദേഹം വേവലാതിപ്പെടുന്നത്. ഭക്ഷണത്തിന്റെ വില പോലും അജിത്തിനെ സമ്മര്‍ദത്തിലാക്കുന്നു.

‘ഈ നില തുടരുകയാണെങ്കില്‍ ഞങ്ങളെ പോലുള്ള തൊഴിലാളികള്‍ക്ക് അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും അതോടൊപ്പം തന്നെ ഭക്ഷണത്തിന്റെ വില ഉയരുകയും ചെയ്യുന്നു,’ എന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. പ്രദേശത്തെ വമ്പന്മാരായ സൗദി അറേബ്യയും നിരവധി സഖ്യ രാജ്യങ്ങളും ദോഹയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചത് മൂലം ഖത്തര്‍ ഒറ്റപ്പെട്ടതോടെ ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. പ്രതിമാസം ആയിരം റിയാല്‍ (275 ഡോളര്‍, 240 യൂറോ) വേതനം ലഭിക്കുന്ന അജിത്ത് അതില്‍ 600 റിയാല്‍ വീട്ടിലേക്ക് അയയ്ക്കുമെന്ന് വാര്‍ത്ത ഏജന്‍സി പറയുന്നു. എന്നാല്‍ അധികകാലം ഇത് തുടരാനവില്ലെന്ന ആശങ്കയിലാണ് അദ്ദേഹം.

കുറച്ചകലയായി ബംഗ്ലാദേശില്‍ നിന്നുള്ള 32 കാരനായ മരപ്പണിക്കാരന്‍ അനില്‍ നില്‍ക്കുന്നു. നീലക്കുപ്പായവും തീക്ഷണമായ വേനല്‍ സൂര്യനില്‍ നിന്നും രക്ഷ നേടുന്നതിനുള്ള കടുംചുവപ്പ് മുഖാവരണവും അദ്ദേഹം ധരിച്ചിട്ടുണ്ട്. 2022ല്‍ നടക്കുന്ന ഫുഡ്‌ബോള്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ദോഹയുടെ പ്രാന്തപ്രദേശത്തുള്ള മ്‌ഷേറെയ്ബ് ഒരു ഹോട്ടല്‍, വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി രാവിലെ 48 ഡിഗ്രി സെല്‍ഷ്യസില്‍ (118 ഫാരന്‍ഹീറ്റ്) കഠിനജോലി ചെയ്ത് തളര്‍ന്നിരിക്കുകയാണ് അനില്‍.

‘എല്ലാവരും ഈ പ്രശ്‌നത്തെ (പ്രതിസന്ധിയെ) കുറിച്ചാണ് പറയുന്നത്. ഞങ്ങളെ അവര്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് ചിലര്‍ പറയുന്നു,’ എന്ന് അനില്‍ വാര്‍ത്ത ഏജന്‍സിയോട് പറയുന്നു. ഖത്തര്‍ ഒറ്റപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍, താന്‍ സ്ഥിരമായി വാങ്ങുന്ന ആപ്പിളിന്റെ വില കിലോയ്ക്ക് ഏഴ് റിയാലില്‍ നിന്നും 18 റിയാലായി വര്‍ദ്ധിച്ചുവെന്ന് അനില്‍ ചൂണ്ടിക്കാട്ടുന്നു.

മോശം സമയം
‘ഖത്തര്‍ ഭീകരവാദികളെ സഹായിക്കുന്നുണ്ടെന്നും അതിനാലാണ് അവരെ ഉപരോധിക്കുന്നതെന്നുമാണ് ഞാന്‍ കേട്ടത്,‘ എന്ന് 38 കാരനായ ഇലക്ട്രീഷ്യന്‍ അബ്ദുള്‍ബാരിഖ് പറയുന്നു. ഈ ബംഗ്ലാദേശി മാസം സമ്പാദിക്കുന്ന 820 റിയാലുകള്‍ കൊണ്ടാണ് അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ ഇന്ത്യയില്‍ പഠിക്കുന്നത്. ‘ഇത് അവരെ ബാധിക്കും,’ അദ്ദേഹം ഭയപ്പെടുന്നു.

തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് പ്രതിസന്ധി പൊട്ടിപ്പുറപ്പെടാന്‍ ഇതിലും മോശം സമയമില്ല. റംസാന്‍ മാസമായതിനാല്‍ മുസ്ലീങ്ങള്‍ നോമ്പിലാണ്. ഇപ്പോള്‍ തന്നെ തൊഴില്‍ സമയം വെട്ടിച്ചുരുക്കിയിരിക്കുന്നു. അധികസമയം ജോലി ചെയ്ത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകളും അടഞ്ഞിരിക്കുന്നത് അവരുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍