UPDATES

ഖത്തറില്‍ വേതന സംരക്ഷണ സംവിധാനം നടപ്പിലാക്കുന്നത് വൈകും

കുടിയേറ്റത്തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്ത വേതനം കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഖത്തര്‍ പ്രഖ്യാപിച്ച വേതന സംരക്ഷണ സംവിധാനം നടപ്പിലാക്കുന്നത് ഇനിയും വൈകും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ച പരിഷ്‌കരണം ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നാണ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും പല കമ്പനികളും ഇത് നടപ്പിലാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അവസാന തീയതി നവംബര്‍ രണ്ട് വരെ നീട്ടിയതായി ദോഹ ആസ്ഥാനമായുള്ള ഒരു പ്രദേശിക പത്രം റിപ്പാര്‍ട്ട് ചെയ്യുന്നു.

ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശത്തൊഴിലാളികള്‍ വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കുന്നില്ലെന്നും ശമ്പളം വൈകുന്നുവെന്നുമുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് വിഷയത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ഇടപെട്ടിരുന്നു. തുടര്‍ന്നാണ് പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് അമീര്‍ പ്രഖ്യാപിച്ചത്. പുതിയ സംവിധാന പ്രകാരം ശമ്പളം ഇലക്ട്രോണിക് ബാങ്ക് അക്കൗണ്ടുകളിലൂടെ തൊഴിലാളികള്‍ക്ക് നല്‍കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതുവഴി വാഗ്ദാനം ചെയ്ത മുഴുവന്‍ ശമ്പളവും തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മിക്ക കമ്പനികളും പുതിയ സംവിധാനം നടപ്പിലാക്കാന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

2022 ലെ ലോകകപ്പിന്റെ ഒരുക്കമെന്ന നിലയില്‍ പുതിയ സ്റ്റേഡിയങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ്യത്തെത്തിയ തൊഴിലാളികളാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. ഇവരെ രാജ്യം വിട്ടു പോകാന്‍ ‘ഖഫല’ സംവിധാനത്തിലൂടെ കമ്പനികള്‍ അനുവദിക്കാതിരിക്കുന്നതായും ആരോപണം ഉണ്ട്.

എന്നാല്‍ പുതിയ സംവിധാനം നടപ്പിലായാലും ഇത് താല്‍ക്കാലിക തൊഴിലാളികള്‍ക്കും ചെറുകിട കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും വേതനം ഉറപ്പാക്കില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാണിക്കുന്നു. ഖഫല സംവിധാനം എളുപ്പത്തില്‍ ചൂഷണം ചെയ്യാനും ശമ്പളം കൃ്ത്യസമയത്ത് നല്‍കാതിരിക്കുന്നതിനും കമ്പനികള്‍ക്ക് അവസരം നല്‍കുന്നതായി ഗള്‍ഫ് കുടിയേറ്റ അവകാശ ഗവേഷകനായ മുസ്തഫ ഖദ്രി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 441 തൊഴിലാളികള്‍ 2014ല്‍ നടന്ന വിവിധ അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളതായും ഇവരുടെ അവകാശങ്ങള്‍ മിക്കപ്പോഴും നിഷേധിക്കപ്പെടുകയാണുണ്ടായതെന്നും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍