UPDATES

ട്രെന്‍ഡിങ്ങ്

തോല്‍പ്പിക്കാന്‍ നോക്കണ്ട; 60 വിമാനങ്ങളിലായി ഖത്തറില്‍ പറന്നിറങ്ങുന്നത്‌ നാലായിരം പശുക്കള്‍

ഞങ്ങളാരും പട്ടിണി കിടന്നു മരിക്കില്ല

നാലായിരം പശുക്കളുമായി 60 വിമാനങ്ങള്‍ ഖത്തറില്‍ പറന്നിറങ്ങുമ്പോള്‍; ചരിത്രത്തില്‍ അങ്ങനെയൊന്ന് നടക്കുക ആദ്യമായിട്ടായിരിക്കും. സൗദിയടക്കമുള്ള അയല്‍ക്കാരുടെ ധാര്‍ഷ്ട്യം മറികടക്കാന്‍ ഒരു ഖത്തര്‍ വ്യവസായിയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. സൗദിയും യുഎഇയും അതിര്‍ത്തികള്‍ അടച്ചതോടെ രാജ്യത്തുണ്ടാകുന്ന പാല്‍ ക്ഷാമം പരിഹരിക്കാനാണ് പവര്‍ ഇന്റര്‍നഷണല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ മൗത്താസ് അല്‍ ഖയാത്ത് എന്ന വ്യവസായി യുഎസ്സില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ഇത്രയും പശുക്കളെ ഖത്തറില്‍ എത്തിക്കുന്നത്. ഇതാണ് ഖത്തറിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട സമയം; മൊത്തിയാസ് തന്റെ പ്രവര്‍ത്തിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണെന്ന് വിദേശ സിന്‍ഡിക്കേറ്റ് ഫീഡിനെ ഉദ്ധരിച്ച് നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ എന്‍ഡിടിവി പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതായി ആരോപിച്ച് സൗദി, യുഎഇ അടക്കം എഴുരാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും റദ്ദാക്കിയത്. ഖത്തറുമായി പങ്കിടുന്ന കര, കടല്‍, വ്യോമാതിര്‍ത്തികളെല്ലാം സൗദിയും യുഎഇയും അടച്ചിരുന്നു. ജൂണ്‍ അഞ്ചു മുതല്‍ ഖത്തര്‍ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. ഇതുമൂലം പുതിയ വ്യാപാര റൂട്ടുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് ഖത്തര്‍ നടത്തുന്നത്. ഭക്ഷണസാധനങ്ങള്‍, നിര്‍മാണസാമഗ്രികള്‍, വാതകവ്യാവസായ മേഖലകളിലേക്കാവശ്യമായ ഉപകരണങ്ങള്‍ എന്നിവയ്ക്ക് കൂടുതലായി അന്യരാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട് ഖത്തര്‍. ഇപ്പോഴത്തെ ഉപരോധം ഈ തരത്തില്‍ ഖത്തറിനെ സാരമായി ബാധിച്ചിട്ടുമുണ്ട്. എന്നാല്‍ തന്നെ സാമ്പത്തികശക്തിയായ ഖത്തറിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെ ഉപരോധം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഭരണകൂടം പറയുന്നത്.

ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കൊപ്പമില്ലാത്ത മറ്റുള്ളവര്‍ ഖത്തറിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും ഇറാനില്‍ നിന്നും തടസമില്ലാതെ ഖത്തറില്‍ എത്തുന്നുണ്ട്. അതുപോലെ പാല്‍ ഉത്പന്നങ്ങള്‍ തുര്‍ക്കിയില്‍ നിന്നും എത്തുന്നുണ്ട്. ഇതോടൊപ്പം സ്വദേശി ഉത്പന്നങ്ങള്‍ക്ക് കൂടുതലായി പ്രോത്സാഹനം നല്‍കാനുള്ള ആഹ്വാനമാണ് പൗരന്മാര്‍ക്ക് ഭരണകൂടം നല്‍കുന്നത്. പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കുക എന്ന മുദ്രാവാക്യമാണ് ഖത്തറില്‍ ഉയരുന്നത്.

ഞങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം വേണ്ട, ജനങ്ങള്‍ക്ക് ഒരു കുറവ് വരാതെ സര്‍ക്കാര്‍ നോക്കുന്നുണ്ട്, ഞങ്ങള്‍ ആ കാര്യത്തില്‍ ഭരണാധികാരികളോട് കൃതജ്ഞതയുള്ളവരാണ്. ഞങ്ങള്‍ക്ക് ഭയമില്ല, ഇവിടെയാരും പട്ടിണി കിടന്ന് മരിക്കാനും പോകുന്നില്ല; ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച ഉമ്മ് ഇസ എന്ന നാല്‍പ്പതുകാരനായ സര്‍ക്കാര്‍ ജീവനക്കാരന്‍ പറയുന്നു.

ദോഹയിലെ ഒരു മില്യണോളം ജനങ്ങള്‍ക്ക് ആവശ്യമായ പാല്‍, പാല്‍ ഇതര ഉത്പന്നങ്ങള്‍ വന്നുകൊണ്ടിരുന്നത് സൗദിയില്‍ നിന്നായിരുന്നു. എന്നാല്‍ ഉപരോധം വന്നതോടെ ഈ വരവ് നിലച്ചു. എന്നാല്‍ ഭാവിയില്‍ ആരെയും ആശ്രയിക്കാതെ തന്നെ തങ്ങള്‍ക്കാവശ്യമായ പാല്‍, പാല്‍ ഉത്പന്നങ്ങള്‍ സ്വയം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഖത്തര്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

പെട്രോഡോളര്‍ വരുമാനം ഉണ്ടാക്കി കൊണ്ടിരുന്ന ഖത്തര്‍ ഇനി മുതല്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എണ്ണ വരുമാനംകൊണ്ടു ഭക്ഷ്യസുരക്ഷയ്ക്ക ഉറപ്പാക്കുന്നതിനു പകരം കാര്‍ഷികരംഗം വിപുലപ്പെടുത്തി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം മുന്നോട്ടുപോകണം എന്നാണ് ഭരണകൂടം നിര്‍ദേശിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ നിര്‍മാണ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മിച്ചിട്ടുള്ളതുമായ അല്‍ ഖയാത്ത് ഇതിന്റെ ഭാഗമായാണു വിദേശത്തു നിന്നു പശുക്കളെ ഇറക്കു മതി ചെയ്യുന്നത്. കാര്‍ഷിക വ്യവസായം വിപുലപ്പെടുത്തുന്നതിനായി 50 കിലോമീറ്റര്‍ വലിപ്പത്തില്‍ ദക്ഷിണ ദോഹയിലായി ഫാം ആരംഭിക്കുന്നതും ഈ നിര്‍ദേശത്തിന്റെ ഭാഗമായാണ്. പാല്‍, പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദനം ഈ മാസം അവസാനത്തോടെയോ സെപ്തംബര്‍ മാസത്തോടെയും ആരംഭിക്കുമെന്നും ഖത്തറിന് ആവശ്യമായതിന്റെ മൂന്നിലൊന്നു ഉത്പന്നങ്ങള്‍ ജൂലൈ പകുതിയോടെ വിപണയില്‍ എത്തിക്കാന്‍ കഴിയുമെന്നുമാണ് അല്‍ ഖയാത്ത് പറയുന്നത്. ഇവിടെ ആര്‍ക്കും അവരുടെ ദൈനംദിന ജീവിതം ബുദ്ധിമുട്ടുള്ളതായി തോന്നുന്നില്ല, അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഭരണകൂടം കഠിനമായി പരിശ്രമിക്കുകയാണ്; ഈ വാര്‍ത്തയില്‍ അല്‍ ഖയാത്തിന്റെ വാക്കുകളായി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍