UPDATES

വിദേശം

ബന്ധമുപേക്ഷിച്ച് കൂടുതല്‍ രാജ്യങ്ങള്‍; ഖത്തര്‍ പരിഭ്രാന്തിയില്‍

ഭക്ഷണസാധനങ്ങളും വെള്ളവും സംഭരിച്ചുവയ്ക്കാന്‍ ജനങ്ങള്‍ തിരക്കു കൂട്ടുകയാണെന്നു വാര്‍ത്തകള്‍

ഖത്തര്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. മാലദ്വീപും അവരുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ആറു രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചു കഴിഞ്ഞു. ഇതോടെ ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷപൂരിതമായിരിക്കുകയാണ്.

മുസ്ലിംബ്രദര്‍ഹുഡ്, ഐഎസ്, അല്‍ ഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകള്‍ക്കും ഇറാന്റെ ഭീകരവാദനിലപാടുകള്‍ക്കും പിന്തുണ കൊടുക്കുന്നുവെന്നാരോപിച്ചാണ് ജിസിസി അംഗങ്ങളായ സൗദിയും ബഹറിനും ഈജിപ്തും യുഎഇയും ഇന്ന് ഖത്തറുമായുള്ള നയതന്ത്രങ്ങള്‍ അവസാനിപ്പിക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തത്. കര-കടല്‍-വ്യോമാര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്. ഇവര്‍ക്കു പിന്നാലെ യമനും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചു. ആറാമത്തെ രാജ്യമായി മാലിദ്വീപും. ജിസിസിയില്‍ നായകത്വം വഹിക്കുന്ന സൗദിയുടെ നിലപാടിന് കൂടുതല്‍ അംഗരാജ്യങ്ങള്‍ പിന്തുണകൊടുക്കുമെന്നാണ് വിവരം. ഖത്തറിനെ ജിസിസിയില്‍ നിന്നും പുറത്താക്കാനും സൗദി ലക്ഷ്യമിടുണ്ടെന്ന് കേള്‍ക്കുന്നു. തങ്ങള്‍ക്കെതിരേയുള്ള ഉപരോധത്തെ ഖത്തര്‍ ശക്തമായി അപലപിച്ചിട്ടുണ്ട്.

അതേസമയം സൗദി, യുഎഇ, ബഹറിന്‍ അതിര്‍ത്തികള്‍ അടച്ചതോടെ ഖത്തറിലുള്ളവര്‍ ആകെ പരിഭ്രാന്തരായിരിക്കുകയാണ്. അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരക്കു കൂട്ടുകയാണ്. ഭക്ഷണസാധനങ്ങളും വെള്ളവും വാങ്ങിക്കൂട്ടുകയാണ്. പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷണസാധനങ്ങള്‍ തീര്‍ന്നതായും വാര്‍ത്തയില്‍ പറയുന്നു. സൗദിയും യുഎഇയും ബഹറിനും അതിര്‍ത്തികള്‍ അടച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമായി തീരുകയാണെന്നാണ് ഇതു കാണിക്കുന്നത്. ഖത്തറിന്റെ എയര്‍ലൈന്‍സിനോട് സൗദിയില്‍ ഇറങ്ങരുതെന്നു ജിഎസിഎ(ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍) നിര്‍ദേശം നല്‍കിയതോടെ ഖത്തറിന്റെ വ്യോമഗതാഗതവും തകരാറിലായി. സ്വകാര്യവിമാനസര്‍വീസുകള്‍ പോലും നിലച്ചമട്ടാണ്. തങ്ങളുടെ വ്യോമമേഖലയില്‍ കൂടി പറക്കുന്നതിനും ഖത്തര്‍ വിമാനങ്ങള്‍ക്ക് സൗദിയടക്കമുള്ള രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ കൂടുതല്‍ ഒറ്റപ്പെടാന്‍ ഇടയാകുന്ന ഉപരോധങ്ങള്‍ ഏറിവരികയാണെങ്കില്‍ മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരും ഇതിന്റെ ദുരിതം പേറേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍