UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ

Avatar

രാകേഷ് നായര്‍

പ്രായം ശരീരത്തെ തോല്‍പ്പിച്ചേക്കാം, പക്ഷേമനസിന്റെ ദൃഢതയെ തകര്‍ക്കാന്‍ അതിന് സാധിക്കില്ല. എണ്‍പത്തിരണ്ടാം വയസ്സിലും ശരീരത്തിന്റെ ആകുലതകള്‍ വകവയ്ക്കാതെ പത്തനംതിട്ടയിലെ കലഞ്ഞൂരിലെ നടരാജന്‍ പോരാടുന്നത് മനസ്സിന്റെ ഈ ദൃഢതയിലാണ്. സ്വന്തം ഭൂമി പന്ത്രണ്ട് ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കി ക്വാറി മാഫിയയുടെ പ്രലോഭനങ്ങളെയും ഭീഷണികളെയും  വെല്ലുവിളിച്ച് അതിജീവനത്തിനായി പോരാടുകയാണ് നടരാജന്‍. കൂറ്റന്‍ കരിങ്കല്‍മലകളെ പൊട്ടിച്ചിതറിപ്പിക്കുന്ന മുതലാളിമാര്‍ക്കും അവര്‍ക്ക് പ്രത്യക്ഷ പിന്തുണ നല്‍കുന്ന രാഷ്ട്രീയ-സാമുദായിക സംഘടന ശക്തികള്‍ക്കും ഈ വൃദ്ധന്‍ ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. തോല്‍ക്കാന്‍ തയ്യാറാകാത്തവന്റെ വെല്ലുവിളി.

പത്തനംതിട്ട പോത്തുപാറയില്‍ കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് നടരാജനും ഭാര്യ പൊന്നമ്മയും താമസിക്കുന്നത്. 2005 വരെ ഇവര്‍ക്ക് അയല്‍വാസികളുണ്ടായിരുന്നു. അടുത്ത ബന്ധുക്കളുടെ വീടുകളും. എന്നാല്‍ അവരൊന്നും ഇന്ന് അവിടെയില്ല. ജനിച്ചുവളര്‍ന്ന മണ്ണ് വിട്ട് എങ്ങോട്ടോപോയി. പോകാന്‍ പ്രേരിതരായി എന്നു പറയാം. പോത്തുപാറ പശ്ചിമഘട്ട വനമേഖലയില്‍പ്പെട്ട പ്രദേശമാണ്. കാടും നീരുറവകളും പാറക്കെട്ടുകളും കുന്നും മലയുമൊക്കെയുള്ള പ്രകൃതി. ഇന്ന് ആ പ്രകൃതി പൊട്ടിത്തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ദുരയുടെ ശേഷിപ്പുകളെന്നപോലെ. അവര്‍ കരിങ്കല്‍പ്പാറകളില്‍ വെടിമരുന്നു നിറച്ചു. പൊട്ടിച്ചിതറിയ പ്രകൃതിയുടെ സ്വപ്‌നങ്ങള്‍ അവര്‍ വിലപറഞ്ഞു വിറ്റു; സമ്പന്നരായി. മണ്ണിന്റെ മേലുള്ള അധിനിവേശം. ഇതിന്റെ ഇരകളായാണ് നടരാജന്റെ അയല്‍ക്കാരെല്ലാം കുടിയിറങ്ങിയത്. അവരുടെ മൗഢ്യത്തെ മുതലാളി മുതലെടുത്തു. കിട്ടിയതും വാങ്ങി അവര്‍ ‘രക്ഷപ്പെട്ടു.’എന്നാല്‍ ഈ വൃദ്ധന്‍; അയാള്‍ മാത്രം തനിക്കുനേരെ നീണ്ട വെള്ളിക്കാശിന് തന്റെ മണ്ണിനെ ഒറ്റുകൊടുക്കാന്‍ തയ്യാറായില്ല.

നാലഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് നടരാജന്റെ വീട് മാത്രമാണ്. വീട് എന്നു വിളിക്കാമോ? തകരഷീറ്റില്‍ ചുറ്റുമറയ്ക്കപ്പെട്ട ഒരു കൂര.വെള്ളമില്ല, വെളിച്ചമില്ല-ഒന്നുമില്ല.പക്ഷെ അതിനകത്ത് രണ്ട് ആത്മാക്കളുണ്ട്. നീരൊഴുക്കിന്റെയോ, കാടിളക്കത്തിന്റെയോ നിശ്വാസങ്ങള്‍ ഇന്നിവിടെ ഉയരുന്നില്ല. കരിങ്കല്‍ ക്വാറികളില്‍ നിന്നുയരുന്ന ഹുങ്കാരം മാത്രം. 

ഒരേക്കര്‍ അറുപത് സെന്റ് സ്ഥലമായിരുന്നു നടരാജന്. അറുപതേക്കര്‍ പതിച്ചെടുത്തത്. ഒരേക്കര്‍ വിലകൊടുത്ത് വാങ്ങിയതും. കൂലിപ്പണിയെടുത്താണ് നടരാജന്‍ കുടുംബം പോറ്റിയത്. പല ജോലികളും ചെയ്തു. മൂന്നു പെണ്‍മക്കളാണ് ഇവര്‍ക്ക്. മൂന്നുപേരെയും വിവാഹം ചെയ്തു കൊടുത്തു. അവര്‍ക്കായി ഒരേക്കര്‍ സ്ഥലം വീതിച്ചുകൊടുക്കുകയും ചെയ്തു. മിച്ചമുള്ള അറുപതു സെന്റില്‍ നടരാജനും പൊന്നമ്മയും താമസമാക്കി. അല്ലലിലും ആനന്ദം കണ്ടെത്തി ആ നാട്ടുകാര്‍ താമസിക്കുന്നിടത്തേക്കാണ് പുനലൂരുകാരന്‍ സുന്ദരേശന്‍ മുതലാളി എത്തുന്നത്. നടരാജന്റെ വീടിന് പുറകിലായി അരകിലോമീറ്റര്‍ അകലെയുള്ള ക്വാറിയുടെ ഉടമയായി. മനുഷ്യപ്പറ്റുള്ള ഒരു മനുഷ്യനായിരുന്നു വരുമ്പോള്‍ സുന്ദരേശന്‍. അങ്ങനൊരു ക്വാറി വന്നാല്‍ തദ്ദേശവാസികള്‍ക്കെല്ലാം ജോലി  വാഗ്ദാനം ചെയ്തു. ഒരു സ്ഥിരവരുമാനം. ആ പാവങ്ങള്‍ക്ക് മുന്നില്‍ അയാള്‍ വച്ച വിലയേറിയ വാഗ്ദാനം. ഒരു കരിങ്കല്‍ ക്വാറി നാളെ വിതയ്ക്കാനിരിക്കുന്ന ദുരിതങ്ങളെ കുറിച്ചൊന്നും അന്നവര്‍ ആലോചിച്ചിച്ചില്ല. നടരാജനും സുന്ദരേശന്‍ മുതലാളിയെ സഹായിച്ചു. നല്ലൊരു കാര്യമല്ലേ, കുറെ പാവങ്ങള്‍ക്ക് തൊഴില്‍ കിട്ടുമല്ലോ എന്ന ആലോചനയില്‍. എല്ലാ അധിനിവേശങ്ങളുടെയും തുടക്കം ഇത്തരമൊരു തന്ത്രപരമായ നീക്കത്തിലൂടെയായിരിക്കുമല്ലോ! ആ ക്വാറി മുതലാളിയും അതില്‍ വിജയിച്ചു. ക്രമേണ അയാളുടെ സംരംഭം അവിടെ ഉറച്ചു.  പിന്നീട് തന്റെ സാമ്രാജ്യം വിപുലമാക്കാനായി ആയാള്‍ ശ്രമിച്ചു. പിടിച്ചെടുക്കലിനുവേണ്ടിയുള്ള ആക്രമണം പലരീതിയില്‍ അയാള്‍ കെട്ടഴിച്ചുവിട്ടു. സ്ഥിരം ജോലി എന്ന വാഗ്ദാനം ഒരു കരിങ്കല്‍ച്ചീളു ചിതറിത്തെറിക്കുന്നപോലെ ഇല്ലാതായി. അന്നനാളത്തില്‍വരെ പാറപ്പൊടി അടിഞ്ഞുകൂടി ശ്വാസം നിലച്ചുകൊണ്ടിരുന്ന അവിടുത്തെ ജനങ്ങള്‍ ആ ചതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ തക്കശേഷിയില്ലാത്തവരായി മാറിയിരുന്നു. അവര്‍ക്ക് കീഴടങ്ങുകയെ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. ആ മാഫിയ അവരെയെല്ലാം വിലക്കു വാങ്ങി. പോത്തുപാറയില്‍ ഇന്ന് രണ്ടോളം ക്രഷര്‍ യൂണിറ്റുകളാണ്. അറുന്നൂറോളം കുടുംബങ്ങള്‍ തമാസിച്ചിരുന്നിടത്ത് ഇന്നുള്ളത് വിരലിലെണ്ണാവുന്നവര്‍മാത്രം. ജനങ്ങള്‍ ഭരണസംവിധാനം നിയന്ത്രിക്കുന്ന ഒരു രാജ്യത്തിലാണിതെന്നോര്‍ക്കണം. ഒന്നും ഒന്നരയും ഏക്കര്‍ സ്ഥലങ്ങള്‍ ഒരു ലക്ഷത്തിനും  ഒന്നരലക്ഷത്തിനും അവര്‍ ക്വാറി ഉടമകള്‍ക്ക് വിറ്റു. ഒരുകോടിക്കു മേല്‍ വിലമതിക്കുന്ന ഭൂമി എങ്ങിനെ കുത്തകകള്‍ ചുളുവിലയ്ക്ക് സ്വന്തമാക്കുന്നതെന്നതിന്റെ ഉദാഹരണം.

എതിര്‍പ്പുകളെ കീഴടക്കിയ തന്ത്രം
വിവിധ രാഷ്ട്രീയപാര്‍ട്ടികളും അവരുടെ യുവജന സംഘടനകളും സമുദായസംഘങ്ങളുമൊക്കെയുള്ള പ്രദേശമാണ് പോത്തുപാറ. എന്നിട്ടും ക്വാറി മാഫിയാകള്‍ എങ്ങിനെ ഇവിടെ ശക്തരായി നിലനില്‍ക്കുന്നു? എതിര്‍പ്പിന്റെ ശബ്ദം എവിടെ നിന്നെല്ലാം ഉയരുമെന്നു കണ്ടെത്തി അവരെയെല്ലാം ഭംഗിയായി പര്‍ച്ചേസ് ചെയ്യാന്‍  അവര്‍ക്കു കഴിഞ്ഞു. അതിരിങ്കല്‍ നിന്ന് നടരാജന്‍ താമസിക്കുന്നിടത്തേക്കുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മിനിട്ടുകള്‍ ഇടവിട്ട് ചീറിപ്പായുന്ന ടിപ്പര്‍ലോറികളെ കണ്ടു. ഈ ലോറികളെല്ലാം സുന്ദരേശന്‍ മുതലാളിയുടെ ക്വാറിയിലേക്കു പോകുന്നതും തിരിച്ചുവരുന്നതുമാണ്. ആശ്ചര്യജനകമായൊരു വസ്തുത അവിടെ നിന്ന് മനസ്സിലാക്കി. ആ ടിപ്പറുകളില്‍ ഭൂരിപക്ഷവും അവിടുത്തുകാരുടേതാണ്! ലക്ഷങ്ങള്‍ മുടക്കി ലോറികള്‍ വാങ്ങാന്‍മാത്രം സമ്പന്നരോ ഈ മലയോരജനത? അല്ലെന്ന് ഉത്തരം കിട്ടി. പിന്നെ ഈ ലോറികള്‍! പാതിയില്‍ മുറിഞ്ഞ സംശയത്തിന് മറുപടി കിട്ടി. എല്ലാ ലോറികളും മുതലാളി വാങ്ങി നല്‍കിയത്. വിപ്ലവകാരികള്‍ക്കും ഗാന്ധി ശിഷ്യര്‍ക്കും സമുദായപ്രമാണിമാര്‍ക്കുമെല്ലാം ലോറികളുണ്ട്. അവരെല്ലാം ചെറിയതോതിലെങ്കിലും മുതലാളിമാരായിരിക്കുന്നു. കര്‍ണ്ണനെ സാമന്തനാക്കി തന്റെ പക്ഷം ബലവത്താക്കിയ ദുര്യോധന ബുദ്ധി; അതെത്രഭംഗിയായി ഇവിടെയും ഫലവത്താക്കിയിരിക്കുന്നു! തങ്ങള്‍ക്കെതിരേ തിരിയുമെന്ന് അവര്‍ക്ക് തോന്നിയവരെയൊക്കെ കൂടെക്കൂട്ടിയാല്‍ പിന്നെ ആരെ പേടിക്കാന്‍?ബാക്കിയാവുന്നവരൊക്കെ ദുര്‍ബലര്‍. ദാനഭേദദണ്ഡങ്ങളിലൂടെ വരുതിയിലാക്കാവുന്നവര്‍മാത്രം.

അവര്‍ കൊണ്ടുവന്ന പുരോഗതി
ടിപ്പറുകള്‍ ചീറിപ്പായുന്ന റോഡിനെക്കുറിച്ചു പറഞ്ഞില്ലേ. ആ റോഡുകണ്ടപ്പോള്‍ വെറുതെ ഒന്നുമോഹിച്ചുപോയി-നമ്മുടെ നാട്ടിലെ എല്ലാ റോഡുകളും ഇങ്ങിനെ ആയിരുന്നെങ്കില്‍! അതുപോട്ടെ, നടക്കാത്ത സ്വപ്നം. വീതിയേറിയ, കുണ്ടുംകുഴിയുമില്ലാത്ത ഈ റോഡ് ഇവിടുത്തുകാര്‍ക്ക് സ്വന്തമായത് ക്വാറികള്‍ വന്നതുകൊണ്ടാണെന്ന് തദ്ദേശിയരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തത് അവിടുത്തെ ഇടതുവലതു പാര്‍ട്ടിക്കാര്‍ തന്നെയാണ്. വ്യവസായങ്ങള് വളരുമ്പോള്‍ നാടും വളരുന്നു എന്ന പൊളിറ്റിക്കല്‍ പ്രൊപഗന്‍റ. അപ്പോള്‍ ഇവിടെ ക്വാറികള്‍ വന്നില്ലായിരുന്നെങ്കില്‍ തങ്ങള്‍ക്ക് സഞ്ചാരയോഗ്യമായ റോഡുകള്‍ ലഭിക്കില്ലായിരുന്നോ എന്ന് ആരും അവരോട് തിരിച്ചു ചോദിച്ചില്ല. 

എന്തായാലും ഒരു കാര്യം വ്യക്തമായി ഇവിടെ ഇപ്പോള്‍ താമസിക്കുന്നവരില്‍ നല്ലൊരു ഭാഗവും മാഫിയാകള്‍ക്ക് ഓശാന പാടുന്നുണ്ട്. ക്വാറി മാഫിയാകളുടെ ഗുണഭോക്താക്കളില്‍ പ്രധാനികള്‍ പ്രാദേശിക രാഷ്ട്രീയക്കാരും ഭരണാധികാരികളും പിന്നെ സമുദായ നേതാക്കളും തന്നെ. റോഡരികില്‍ ഒന്നൊന്നൊര ഏക്കറില്‍ നിണ്ടുകിടക്കുന്ന റബര്‍ത്തോട്ടം കണ്ടു.എന്നാല്‍ കാര്യമായ പരിപാലനമോ, ആദായമെടുക്കലോ അവിടെ നടക്കുന്നതിന്റെ ലക്ഷണമൊന്നും കണ്ടില്ല. ആ റബര്‍തോട്ടത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലായത് തോട്ടത്തിന് പിന്നിലായി പൊങ്ങി നില്‍ക്കുന്ന കൂറ്റന്‍ കരിങ്കല്‍ മല കണ്ടപ്പോഴാണ്. നാളെ ഈ കരിങ്കല്‍ മല ഏതെങ്കിലും ഒരു ക്വാറി മുതലാളി വിലയ്‌ക്കെടുക്കും(എടുത്തു കഴിഞ്ഞോ എന്നറിയില്ല). അതോടെ താഴെ കിടക്കുന്ന റബര്‍ത്തോട്ടവും(ആ സ്ഥലം) അവര്‍ക്ക് ആവിശ്യമായി വരും. വിലയ്ക്ക് വാങ്ങാന്‍ അ്‌വര്‍ നിര്‍ബന്ധിതരാകും. സ്ഥലത്തിന്റെ അതായത് റബര്‍ത്തോട്ടത്തിന്റെ ഉടമ നല്ല ലാഭത്തിന് തന്നെ അതു വില്‍ക്കുകയും ചെയ്യും.  ഈപ്പറഞ്ഞ കരിങ്കല്‍മലയുടെ-നാളെ ക്വാറിയായിത്തീരാന്‍ പോകുന്ന- കീഴെയും കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അവര്‍ ഇത്തരമൊരു ക്വാറിക്ക് അനുമതി കൊടുക്കരുതെന്ന നിവേദനവുമായി പഞ്ചായത്തിനെ സമീപിച്ചെന്നിരിക്കട്ടെ. ആ നിവേദനം ചവറ്റുകുട്ടയില്‍പ്പോയി വീഴും. കാരണം, നേരത്തെ പറഞ്ഞ ആ റബര്‍ത്തോട്ടമുണ്ടല്ലോ, അത് ചുളുവിലയ്ക്ക് വാങ്ങിയിട്ട് വന്‍തുകയ്ക്ക് വില്‍ക്കാന്‍ കോപ്പുകൂട്ടിയിരിക്കുന്നത് ആ പഞ്ചായത്തിലെ ഒരു മെംബര്‍ ആണ്. ജനങ്ങള്‍ ജയിപ്പിച്ചുവിട്ട അവരിലൊരാള്‍.

നടരാജന്റെ പോരാട്ട കഥയിലേക്ക് തിരിച്ചുവരാം. സുന്ദരേശന്‍ മുതലാളിക്ക് നടരാജന്റെ അറുപത് സെന്റ് സ്ഥലം കൂടി വേണം. ആദ്യം മുതലേ നടരാജന്‍ ആ മോഹത്തിന് വിലങ്ങായിത്തന്നെ നിന്നു. പണത്തിന്റെ പ്രലോഭനത്തില്‍ അയാള്‍ വീണില്ല. പിന്നീട് അത് ഭീഷണിയായി. നാല്‍പ്പത്തിനാല് വര്‍ഷമായി താന്‍ താമസിച്ചുപോരുന്ന മണ്ണ് ഇന്നലെ വന്നവന് വിട്ടൊഴിഞ്ഞുകൊടുക്കാന്‍ നടരാജന്‍ തയ്യാറായില്ല. ഇതിനിടയില്‍ തനിക്കു ചുറ്റുമുണ്ടായിരുന്നവരൊക്കെ എന്നന്നേക്കുമായി അവിടെ നിന്ന് വിടപറഞ്ഞെന്നും കമ്പിവേലികള്‍ അതിരു തിരിക്കുന്ന വലിയൊരു ഭൂപ്രദേശത്ത് താന്‍ ഒറ്റപ്പെട്ടെന്നും ആ മനുഷ്യന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. വലിയൊരു കെണി തനിക്കായി ഒരുക്കി അതില്‍ ചാടിച്ചുവീഴ്ത്താന്‍ ശത്രു തക്കം പാര്‍ത്തിരിപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നെ പോരാടാന്‍ ഉറച്ചു. 

ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കലഞ്ഞൂരെ ഗ്രാമസേവകന്‍ നടടരാജന്റെ കൂരയിലെത്തി. വീടിന്‍റെ ദയനീയസ്ഥിതിയും അവിടെ താമസിക്കുന്ന രണ്ട് ജീവതങ്ങളെയും കണ്ട് അയാള്‍ ആ കൂരയുടെ ഫോട്ടോയും എടുത്ത് പോയി. പുതിയൊരു വീടിനുള്ള അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് ഉപദേശവും കൊടുത്തു. അതിന്‍പ്രകാരം നടരാജന്‍ ഭവന നിര്‍മാണത്തിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ ആ അപേക്ഷ നിഷ്‌കരുണം നിരാകരിക്കപ്പെട്ടു. ഭവനത്തിന് അപേക്ഷകന്‍ അര്‍ഹനാണോ അല്ലയോ എന്ന് എഴുതി കൊണ്ടുക്കേണ്ടത് മേല്‍പ്പറഞ്ഞ അപേക്ഷകന്‍ താമസിക്കുന്നിടം ഉള്‍പ്പെടുന്ന വാര്‍ഡിന്റെ മെംബര്‍ ആണല്ലോ. എന്നാല്‍ ആ മെംബര്‍ നടരാജന്‍ എന്ന ‘ഭൂപ്രഭു’ വീടിന് അര്‍ഹതയില്ലാത്ത ധനികനാണെന്നു വാദിച്ചതാണ് കാരണമെന്ന് നടരാജന്‍ പറയുന്നു. എന്തുകൊണ്ട് അവരെക്കൊണ്ട് അങ്ങിനെ ചെയ്യിപ്പിച്ചു എന്നു ചോദിച്ചപ്പോള്‍ നിസ്സംഗമായി ചിരിച്ചുകൊണ്ട് ആ വൃദ്ധന്‍ പറഞ്ഞു- ‘അവരും ആ മുതലാളിയുടെ ആളു തന്നെ. എന്നെ ഇവിടെ നിന്നും ഓടിക്കാനായിരിക്കും.’

മഴ ഇടയ്ക്കിടെ വന്നുപോയിക്കൊണ്ടിരിക്കുന്നു. ആ കൂരയുടെ മുന്‍വാതിലിനോട് ചേര്‍ന്ന് കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിലുടെ താഴെ വച്ചിരിക്കുന്ന ഒരു ചെറിയ കലം മഴവെള്ളം വീണു നിറയാറായി. ആ കലം നിറഞ്ഞാല്‍ അവര്‍ ഇരുവരും ചേര്‍ന്ന് അകത്തേക്കെടുക്കും. അവരുടെ കുടിവെള്ളമാണിത്. കുടിക്കാന്‍ വെള്ളം കിട്ടാന്‍ വേറെ വഴിയില്ല. വേനല്‍ക്കാലത്ത് കിലോമീറ്ററുകള്‍ കയറ്റവും ഇറക്കവും താണ്ടി പോണം കുറച്ച് ദാഹജലം കിട്ടാന്‍. നേരത്തെ ഈ കൂരയ്ക്ക് അല്‍പ്പം താഴെയായി ഒരു കിണര്‍ ഉണ്ടായിരുന്നു. കുറെ കുടുംബങ്ങള്‍ വെള്ളം എടുത്തുകൊണ്ടിരുന്ന കിണര്‍. ഇന്നത് മൂടിക്കളഞ്ഞു.വേറാരുമല്ല, അവര്‍ തന്നെ; നടരാജന്റെ ശത്രുക്കള്‍. വീട്, വെള്ളം ഇവ രണ്ടും ഈ വൃദ്ധദമ്പതികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇനി വെളിച്ചമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വൈദ്യുതി ഓഫീസില്‍ ചെന്നു. വയറിംഗ് ചെയ്‌തോളൂ എന്ന് അവിടുള്ള ഏമാന്‍മാര്‍ ഉതത്തരവിടുകയും ചെയ്തു. ഇല്ലാത്ത കാശുണ്ടാക്കി വയറിംഗ് ചെയ്തിട്ട് കണക്ഷന്‍ കിട്ടാന്‍ വേണ്ടി കുറെ കയറിയിറങ്ങി. ഒടുവില്‍ ഒരു ഓഫിസര്‍ നോക്കാന്‍ വന്നു. പക്ഷെ ഓഫീസര്‍ നിരാശനായി പറഞ്ഞു- നടരാജന് കണക്ഷന്‍ നല്‍കാന്‍ കഴിയില്ല. താഴെക്കൂടിപ്പോകുന്നത് 11 കെ വി ലൈനാണ്. അതില്‍ നിന്ന് എങ്ങിനെ സര്‍വീസ് വയര്‍ വലിച്ച് കണക്ഷന്‍ തരാന്‍? ഓഫീസര്‍ രണ്ടും കൈയും മലര്‍ത്തി. നാലഞ്ച് പോസ്റ്റിട്ടാല്‍ തീരുന്ന പ്രശ്‌നമല്ലെയുള്ളൂ എന്ന് നടരാജന്‍ ചോദിച്ചു നോക്കി. ഒരു വീടിനുവേണ്ടി അത്രയും പോസ്‌റ്റോ? ആ ചെലവിനെക്കുറിച്ച് തങ്ങള്‍ക്ക് ചിന്തിക്കാനെ പറ്റില്ലെന്നു പറഞ്ഞു ഓഫീസര്‍ തിരികെ പോയി. പിന്നെയാരും ഇങ്ങോട്ടു വന്നിട്ടുമില്ല.വെള്ളം വെളിച്ചം കേറിക്കിടക്കാന്‍ അടച്ചുറപ്പുള്ളൊരു വീട്- ഈ പ്രാഥമിക ആവിശ്യങ്ങള്‍, അങ്ങിനെ ആ വൃദ്ധന് മുന്നില്‍ അസ്തമിച്ച മോഹങ്ങളായി.

ഇപ്പോള്‍ നടരാജന് പ്രായത്തിന്റെ അവശതകളുണ്ട്.ജോലിക്കൊന്നും പോകാന്‍ വയ്യ. തന്നെ പതിയിരുന്നാക്രമിക്കാന്‍ വന്ന ക്വാറി മാഫിയയുടെ ഗുണ്ടകളെ കായികമായി നേരിട്ട ആ ശരീരം ഇന്ന് തളര്‍ന്നിരിക്കുന്നു. പോരാത്തതിന് അട്ട കടിച്ച് പഴുത്ത വലതു കാലിന്റെ പോരായ്മകളും. പൊന്നമ്മയാണ് ഇന്ന് കൂലിവേലയ്ക്ക് പോകുന്നത്. അവര്‍ക്കും ആവതുണ്ടായിട്ടല്ല. പ്രാണന്‍ പോകാതെ ആ രണ്ട് ശരീരങ്ങള്‍ക്ക് കഴിയണമല്ലോ. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വനംവകുപ്പ് പ്രാദേശിക ഗ്രൂപ്പുകളെ സംഘടിപ്പിച്ച് വനസംരക്ഷണത്തിനായി രൂപീകരിച്ച ക്ലബുകളുടെ നേതൃത്വത്തില്‍ നടരാജനും മരങ്ങള്‍ വച്ചുപിടിപ്പിക്കാനും ഔഷധത്തൈകള്‍ നടാനുമൊക്കെ വനത്തില്‍ പോകുമായിരുന്നു. അതില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനം പ്രതീക്ഷിച്ച്. ഈ ജോലിക്കിടയിലാണ് കുറച്ചുനാള്‍ മുമ്പ് വലുതുകാലില്‍ അട്ട കടിക്കുന്നതും വലിയ വൃണമായി അത് മാറുന്നതും. നടക്കാന്‍ വയ്യാതായതോടെ ആ വരുമാനം നിലച്ചു. ഒരിക്കല്‍ ഫോറസ്റ്റ് ഗാര്‍ഡന്‍മാരില്‍ ഒരാളാണ് ഡിഎഫ്ഒ വരുമ്പോള്‍ ചികിത്സാ സഹായത്തിനായി എന്തെങ്കിലും തുക അനുവദിക്കാനായി ഒരപേക്ഷ നല്‍കാന്‍ ഉപദേശിച്ചത്. അങ്ങിനെ വനസംരക്ഷണ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഡിഎഫ്ഓയ്ക്ക് നടരാജന്‍ അപേക്ഷ സമര്‍പ്പിച്ചു. സമതി സമക്ഷം ഈ അപേക്ഷ അവതരിപ്പിച്ച ഫോറസ്റ്റ് ഓഫീസര്‍ എതിരഭിപ്രായങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ നടരാജന് അയ്യായിരം രൂപ സഹായം അനുവദിക്കുകയും ആ തുക കൈമാറാന്‍ ക്ലബിന്റെ പ്രസിഡന്‍റുംഒരു ഇടതുപക്ഷ പാര്‍ട്ടിയുടെ നേതാവു കൂടിയായ വ്യക്തിയെ ചുമതലപ്പെടുത്തി. പിന്നീട് തുക ലഭിക്കാനായി ആ നേതാവിനെ നടരാജന് സമീപിച്ചപ്പോള്‍ കാതടപ്പിക്കുന്ന തെറിവിളിയോടെ തന്റെ മോണ ഞാന്‍ തല്ലിപ്പൊളിക്കുമെന്നാണ്  നേതാവ് കലിതുള്ളിപ്പറഞ്ഞത്. (പീന്നീട് ഡിഎഫ്ഒയെ ബന്ധപ്പെട്ടാണ് തുക  കിട്ടിയത്) നേതാവിന് നടരാജനോടുള്ള ചൊരുക്ക് ക്വാറി മാഫിയായോടുള്ള കൂറില്‍ നിന്നുണ്ടായത് തന്നെ. മുപ്പത്തിയാറ് വര്‍ഷം കമ്യൂണിസ്റ്റായി ജീവിച്ച നടരാജന്‍ ആ പ്രസ്ഥാനം പോലും തനിക്കെതിരായാണ് നില്‍ക്കുന്നതെന്നും വേദനയോടെ പറഞ്ഞു. 

നടരാജന്‍ (കൈചൂണ്ടി മറ്റൊരു കരിങ്കല്‍ മല കാണിച്ചു. കരള്‍പ്പൊട്ടി നില്‍ക്കുന്ന ആ മല മറ്റൊരു ക്വാറിയാണ്. ഇടതുപക്ഷത്തിന്റെ രാജ്യസഭ എം പി കെ എന്‍ ബാലഗോപാലിന്റെ അടുത്ത ബന്ധുവിന്റെതാണ് ആ ക്വാറി). പാര്‍ട്ടിക്കാര്‍ മാത്രമല്ല, സ്വസമുദായംപോലും നടരാജനെ ഒറ്റപ്പെടുത്തുകയാണ്. മനുഷ്യന്‍ ഒന്നാണെന്ന് തത്വത്തിനൊക്കെ പണത്തിനു മുമ്പില്‍ എന്തുവില?

ഇല്ലാത്തവന് കൊടുത്തു ഉള്ളവനെ വെല്ലുവിളിച്ചു
ഉറക്കം വരാത്തൊരു രാത്രിയിലാണ് നടരാജനില്‍ അങ്ങിനെയൊരു ബുദ്ധി തെളിഞ്ഞത്. തനിക്കുള്ളതിന്റെ ഒരു പങ്ക് സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് കൊടുക്കുക. ഈ ലക്ഷ്യവുമായാണ് പരിചയക്കാരന്‍ കൂടിയായ പശ്ചിമഘട്ടസംരക്ഷണസമിതിയിലെ സന്തോഷ് കുമാറിനെ കാണാന്‍ ചെല്ലുന്നത്. ഉള്ളതില്‍ പത്തുസെന്റ് സംരക്ഷണ സമിതിക്ക് നല്‍കനായിരുന്നു നടരാജന്റെ തീരുമാനം. എന്നാല്‍ അവര്‍ അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. പകരം നടരാജന്റെ ആഗ്രഹം പോലെ സ്വന്തമായി മണ്ണില്ലാത്തവരെ കണ്ടെത്തി അവര്‍ക്കായി ഭൂമി സൗജന്യമായി നല്‍കാനുള്ള തീരുമാനത്തിന് പിന്തുണ നല്‍കി. നടരാജന്റെ ഈ തീരുമാനത്തിന് ഭാര്യ പൊന്നമ്മയും മക്കളും സമ്മതം നല്‍കി. ഇവിടെ നിന്ന് ക്വാറിക്കാര്‍ ഒഴിപ്പിച്ചവര്‍ക്ക് പകരമായി മനുഷ്യരെ കൊണ്ടുവരിക. പന്ത്രണ്ട് പേര്‍ക്ക് ഭൂമി സൗജന്യമായി നല്‍കാനാണ് നടരാജന്റെ തീരുമാനം. അങ്ങിനെയാകുമ്പോള്‍ പതിമൂന്നു കുടുംബങ്ങള്‍ ഇവിടെയുണ്ടാകും. ഒരു വീട് മാത്രമെന്ന് പറഞ്ഞൊഴിഞ്ഞ് വെള്ളമോ വെളിച്ചമോ വികസനമോ ഇങ്ങോട്ട് കൊണ്ടുവരാത്ത അധികാരികള്‍ക്ക് ഇത്രയും കുടുംബങ്ങളെ കാണാതിരിക്കാന്‍ ആവുമോ? പശ്ചിമഘട്ടസംരക്ഷണസമിതയുടെ നേതൃത്വത്തില്‍ നടരാജന്‍ നടത്തുന്ന ഈ മഹനീയസേവനം പത്രപരസ്യത്തിലൂടെ അറിഞ്ഞ് അപേക്ഷ അയച്ചവരില്‍ നിന്ന് പത്തുപേരെ തിരഞ്ഞെടുത്തു കഴിഞ്ഞു. സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.ഭൂമി കിട്ടുന്നവര്‍ ഇരുപത് വര്‍ഷത്തേക്ക് മറ്റാര്‍ക്കും കൈമാറ്റം ചെയ്യാനും പാടില്ല. ഈ കുടുംബങ്ങള്‍ക്കെല്ലാം ഒരു തൊഴില്‍ സംരംഭം തുടങ്ങിക്കൊടുക്കാനും പശ്ചിമഘട്ടസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ആലോചനയുണ്ട്. അതിനൊപ്പം ജനകീയ പങ്കാളിത്തോടെ നടരാജന് ഒരു വീടും.

ബെസ്റ്റ് ഓഫ് അഴിമുഖം

അട്ടപ്പാടിയിലേത് വംശഹത്യ: അഴിമുഖം റിപ്പോര്‍ട്ട്

അട്ടപ്പാടി : സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍ – അഴിമുഖം അന്വേഷണം തുടരുന്നു

അദിതിയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍

കടുവകളുടെ കാടിറക്കം: വയനാട്ടിലെ പുതിയ യുദ്ധങ്ങള്‍

മന്ത്രിക്ക് അറിയുമോ ഈ നടരാജനെ?
ഭൂരഹിതരില്ലാത്ത കേരളം റവന്യൂ മന്ത്രി അടൂര്‍ പ്രാകാശ് തന്റെ പ്രസ്റ്റീജ് ഇഷ്യു ആക്കി മാറ്റിയിരിക്കുകയാണല്ലോ. എല്ലാവര്‍ക്കും മണ്ണ് ഉണ്ടാക്കി കൊടുക്കാന്‍ അശ്രാന്തം പരിശ്രമിക്കുന്ന ആ മന്ത്രിയുടെ മണ്ഡലമായ കോന്നിയില്‍ തന്നെയാണ് നടരാജനും താമസിക്കുന്നത്. സ്വന്തം മണ്ണ് കൈവിട്ടു പോകാതിരിക്കാന്‍ പ്രയത്‌നിക്കുകയും ഇല്ലാത്തവന് സ്വന്തം പങ്കില്‍ നിന്ന് കൊടുക്കാന്‍ തയ്യാറെടുത്തു നില്‍ക്കുകയും ചെയ്യുന്ന ഈ വൃദ്ധനെ അറിയുമോ അദ്ദേഹം?  മന്ത്രി ഈ കാര്യങ്ങളൊന്നും അറിഞ്ഞുപോലും കാണില്ലെന്നാണ് നടരാജന്‍ പറയുന്നത്. മാധ്യമങ്ങളെല്ലാം  വാര്‍ത്തയാക്കിയിട്ടും മന്ത്രിയുടെ ചെവിയില്‍മാത്രം ഇതൊന്നും എത്തിയിട്ടില്ലെന്നു പറഞ്ഞാല്‍! ഒരുപക്ഷേ അദ്ദേഹത്തിന്റെ തിരുമുമ്പിലേക്ക് ഈ വൃദ്ധന്‍ യാചനയുമായി എത്താത്തതുകൊണ്ടായിരിക്കുമോ? ഉറങ്ങുന്നവനെയല്ലോ വിളിച്ചുണര്‍ത്താന്‍ പറ്റൂ…

തിരികെ പോരാന്‍ തുടങ്ങുമ്പോള്‍ നിഷ്‌കളങ്കമായൊരു ചിരിയോടെ ആ വൃദ്ധന്‍ പറഞ്ഞു-   ‘ വാഴത്തടയുടെ മറവില്‍ നിന്ന് ആനക്കൂട്ടത്തെ കല്ലെറിയുന്നവനാണ് ഞാന്‍’.

അല്ല, ദാവീദിനെ കവണയില്‍ കല്ലുതെറ്റിച്ച് വീഴ്ത്തിയ ഗോലിയാത്ത് ആണ് താങ്കളെന്നു തിരുത്തിയപ്പോഴും ആ മനുഷ്യന്റെ മുഖത്ത് അതേ ചിരി…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍