UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോത്തുപാറയിലെ ടിപ്പര്‍ മുതലാളിമാര്‍ അഥവാ നിശബ്ദതയുടെ രാഷ്ട്രീയം

Avatar

രാകേഷ് നായര്‍

ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ പത്തനംതിട്ടയിലെ മുന്‍ എസ്. പി ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണ്. അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടും ഗവണ്‍മെന്റ് ആകെ ചെയ്തത് തല്‍സ്ഥാനത്ത് നിന്ന്  മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുക മാത്രം. എന്തുകൊണ്ട് ഈ ഉദ്യോഗസ്ഥന്‍ തന്റെ പദവിക്കു ചേരാത്തവിധം പ്രവര്‍ത്തിച്ചുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്താന്‍  നമ്മുടെ ഭരണകൂടം ശ്രമിക്കുന്നില്ല? വലിയൊരു ജനകീയ പ്രശ്‌നമായി ഉയര്‍ന്നു നില്‍ക്കുന്ന ക്വാറി മാഫിയയോടും അവരോട് വിധേയത്വം കാണിക്കുന്ന ഉദ്യോഗസ്ഥരോടും രാഷ്ട്രീയ-ഭരണ നേതൃത്വം കാണിക്കുന്ന വിട്ടുവീഴ്ച്ചാ മനോഭാവം ന്യായീകരണമില്ലാത്ത അപരാധമാണ്. തീര്‍ച്ചയായും അതിനവര്‍ വിലയീടാക്കുന്നുമുണ്ടാകാം. 

ഇത്തരം ക്വാറി ഉടമകളോട് ബന്ധം പുലര്‍ത്തുന്നത് ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയക്കാരുമുണ്ട്. പത്തനംതിട്ടയിലെ ഒരു ക്വാറി സിപിഎം രാജ്യസഭ എം പി ബാലഗോപാലിന്റെ അടുത്ത ബന്ധുവിന്റേതാണ് എന്നത് ഒരു ഉദാഹരണം മാത്രം. രാഷ്ട്രീയ-പോലീസ് ബന്ധങ്ങള്‍ ക്വാറി മാഫിയയ്ക്ക് തങ്ങളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാകുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തിക്തഫലത്തില്‍ നിന്ന് പ്രകൃതിയേയും മനുഷ്യനേയും രക്ഷപ്പെടുത്താന്‍ നിലവില്‍ ശക്തമായ ജനകീയ മുന്നേറ്റങ്ങള്‍ക്കേ കഴിയൂവെന്നിരിക്കലും നിര്‍ഭാഗ്യമെന്നു പറയട്ടെ, ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങളില്‍ ഒടുങ്ങിപ്പോവുകയാണ് പല ജനകീയ പോരാട്ടങ്ങളും.

വിഭജിച്ചു ഭരിക്കല്‍ തന്ത്രം കൊളോണിയല്‍ അധിനിവേശത്തിന്റെ സംഭാവനയാണ്. ശക്തരായ ഒരു സംഘത്തെ പരസ്പരം ഭിന്നിപ്പിച്ചാല്‍ അവര്‍ അശക്തരാകുമെന്നും പിന്നെ നിലനില്‍പ്പിനായി ഇവര്‍ സ്വയം കീഴടങ്ങുമെന്നതുമാണ് ഈ തന്ത്രത്തിന്റെ വിജയം. പത്തനംതിട്ടയിലെ പോത്തുപാറയില്‍ പിടിമുറുക്കിയ ക്വാറികള്‍ക്ക് ആ പ്രദേശത്ത് നേരിടേണ്ടി വരിക ജനകീയ സമ്മര്‍ദ്ദമായിരിക്കുമെന്ന് അറിയാമായിരുന്നു. ത്രിതല പഞ്ചായത്തുകള്‍ തൊട്ട് സെക്രട്ടേറിയേറ്റ് വരെയുള്ള ഭരണകേന്ദ്രങ്ങളേയും സിവില്‍ പോലീസുകാരന്‍ തൊട്ട് ഐപിസുകാരനെവരേയും എംപിയേയും എംഎല്‍എയേയും മന്ത്രിയേയുമൊക്കെ കൂടെ നിര്‍ത്താന്‍ പ്രയാസമില്ലാത്ത ബിസിനസ്സുകളില്‍, സംഘശക്തിയാകുന്ന ജനങ്ങളെ മുതലാളിമാര്‍ ഭയന്നു.

എവിടെ ജനം നിശബ്ദമാകുന്നുവോ അവിടെ ബാഹ്യശക്തികളുടെ അധീശത്വം പൂര്‍ണമാകുന്നു. ആറന്‍മുളയിലും വിളപ്പില്‍ശാലയിലും കാതികൂടത്തുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങള്‍ സമ്മര്‍ദ്ദശക്തിയായി വര്‍ത്തിക്കുന്നതാണ് തല്‍സ്ഥലങ്ങളിലെ ജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ ഒരു പരിധി വരയെങ്കിലും തടഞ്ഞു നിര്‍ത്തുന്നത്. ചൂഷകരുടെ അജണ്ടകള്‍ നടപ്പിലാകുമ്പോള്‍ സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ നേടുന്ന തിരിച്ചറിവാണ് പ്രതിരോധത്തിന് അവരെ സജ്ജരാക്കുന്നത്. ഈ ജാഗ്രതയാണ് മുതലാളിത്ത-ഭരണകൂട സംഘത്തിന്റെ മര്‍ദ്ദന മുറകളെപ്പോലും ചെറുത്തുനില്‍ക്കാന്‍ ഇരകളെ ശക്തിപ്പെടുത്തുന്നത്. പലപ്പോഴും ഈ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഏതെങ്കിലും രാഷ്ട്രീയ-സാമൂഹിക-ബുദ്ധിജീവി നേതൃത്വം ഉണ്ടാകണമെന്നില്ല;അവരിലാരുടേയെങ്കിലും പിന്തുണ കിട്ടുമെന്നതില്‍ കവിഞ്ഞ്. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഇത്തരം ജനകീയ സമരങ്ങള്‍ക്കുള്ള സ്‌പേസ് നിലനില്‍ക്കുകയാണ്. 

എന്നാല്‍ ചോദ്യമിതാണ്- എന്തുകൊണ്ട് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ എല്ലായിടത്തും ചെറുത്ത് നില്‍പ്പ് സംഭവിക്കുന്നില്ല? ജനകീയ സമരങ്ങള്‍ ഇല്ലാതാവുന്നതിന് പ്രത്യക്ഷമായൊരു ഉദാഹരണമാണ് പോത്തുപാറയിലെ ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരെ നിലനില്‍ക്കുന്ന നിശബ്ദത. ജനങ്ങള്‍ നിശബ്ദരാകുന്നതിന്റെ പ്രത്യാഘാതം വലുതാണെന്ന് കലഞ്ഞൂര്‍ പഞ്ചായത്തിലെ പോത്തുപാറയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റുകള്‍ കാണിച്ചുതരുന്നു. അവിടെ ജനങ്ങള്‍ വന്‍തോതില്‍ കുടിയിറക്കപ്പെടുന്നു. ജനിച്ചുവളര്‍ന്ന മണ്ണും വീടും വിട്ട് അവര്‍ പലായനത്തിന് നിര്‍ബന്ധിതരാകുന്നു. കൊള്ളലാഭത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ ഇവിടെ ജനങ്ങള്‍ക്ക് മേല്‍ അധികാരം നേടിയിരിക്കുന്നു. ഒരു ജനാധിപത്യസംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് തന്നെ ജനങ്ങള്‍ നീതിനിഷേധിക്കപ്പെട്ടവരാകുന്നു. അധികാരവര്‍ഗ്ഗം നിലപാടുകളെടുക്കാതെ നിസ്സംഗത പുലര്‍ത്തുമെന്നറിഞ്ഞിട്ടും ഇവിടെ എന്തുകൊണ്ട് ജനങ്ങള്‍ സംഘടിക്കാതെ പോകുന്നു?

സ്വന്തം ഭൂമി പന്ത്രണ്ട് ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കി ക്വാറി മാഫിയയുടെ പ്രലോഭനങ്ങളെയും ഭീഷണികളെയും  വെല്ലുവിളിച്ച് അതിജീവനത്തിനായി പോരാടുകയാണ് പോത്തുപാറയിലെ നടരാജന്‍. 

പത്തനംതിട്ട മുറിഞ്ഞകല്‍ ബസ് ഇറങ്ങി, ഓട്ടോയോ, ജീപ്പോ പിടിച്ച് അതിരങ്കല്‍ എത്തി അവിടെ നിന്ന് കലഞ്ഞൂരിലേക്കു പോകുമ്പോള്‍ റോഡ് കൈയ്യടിക്കിയിരിക്കുന്ന ടിപ്പര്‍ ലോറികളെ കാണാം. സാധാരണ ഹൈറേഞ്ച് മേഖലയില്‍ സഞ്ചാരവാഹനമായി ഉപയോഗിക്കുന്ന ജീപ്പുകളെക്കാള്‍ കൂടുതല്‍ ടിപ്പര്‍ ലോറികളാണ് അവിടെ ഓടുന്നത്. ഈ ടിപ്പര്‍ ലോറികളെല്ലാം ക്രഷര്‍ യൂണിറ്റുകളിലേക്ക് വന്നുപോകുന്നവയാണ്. അതില്‍ അസാധാരണത്തം ഒന്നും കാണാനാവില്ല. കരിങ്കല്‍ ക്വാറികളിലേക്ക് ലോഡെടുക്കാന്‍ വരുന്ന ലോറികള്‍ എന്നതിനപ്പുറം വേറെന്ത്? എന്നാല്‍ ആ ലോറികള്‍ നിശബ്ദരാക്കപ്പെടുന്ന മനുഷ്യരുടെ പ്രതീകങ്ങളാണ്.

പോത്തുപാറയില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം വേരുകളും അനുയായികളും നേതാക്കളുമുണ്ട്. സമുദായസംഘടനകളും അവിടെ ശക്തം. എന്നിട്ടും അവിടെ കരിങ്കല്‍ മലകള്‍ പൊട്ടിത്തകരുന്നു.പ്രകൃതിയുടെ അടിത്തറ ഇളകുന്നു. അവരൊന്നും അതിനെതിരേ പ്രതികരിക്കുന്നില്ല. പണത്തിന്റെ മേല്‍ പറക്കാത്ത പരുന്തുകളുടെ കഥ ഇവിടെ നമുക്ക് ഓര്‍ക്കാം. അതില്‍ ഞെട്ടാനൊന്നുമില്ല. എന്നാല്‍ ആശ്ചര്യപ്പെടേണ്ട മറ്റൊന്നുണ്ട്. നേരത്തെ പറഞ്ഞ ടിപ്പര്‍ ലോറികളുടെ ഉടമസ്ഥര്‍ അവിടുത്തെ സാധാരണക്കാരാണെന്നത്.പോത്തുപാറയിലെ നല്ലൊരു ശതമാനം ലക്ഷങ്ങള്‍ വിലയുള്ള ടിപ്പര്‍ ലോറികളുടെ ഉടമകളാകുന്നത് എങ്ങിനെ? അതിന്റെ ഉത്തരം എന്തുകൊണ്ട് ഇവിടെ ജനകീയപോരാട്ടം ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിന്റെ കൂടെ ഉത്തരമാണ്. മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളെ കെണിയില്‍ വീഴ്ത്തുന്ന മുതലാളിമാരുടെ തന്ത്രം തന്നെയാണ് പോത്തുപാറയിലും വിജയം കണ്ടത്. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ തന്നെ തങ്ങളുടെ ശബ്ദദമാക്കുക! ഈ ശബ്ദമാണ് കലഞ്ഞൂരിലേയും പോത്തുപാറയിലേയും റോഡുകളിലൂടെ കൂതിച്ചു പാഞ്ഞ് കേരളത്തിലാകമാനം റൂട്ടുകള്‍ കണ്ടെത്തുന്ന ടിപ്പര്‍ലോറികളുടെ ശബ്ദമായി നാം കേള്‍ക്കുന്നത്.   മാത്രമല്ല, അവര്‍ക്ക് ക്വാറികളില്‍ നിന്ന് നല്ല ശതമാനം ഡിസ്‌കൗണ്ടോടു കൂടി ഉത്പന്നങ്ങള്‍ ശേഖരിക്കാനുള്ള അവസരവും കൊടുക്കുകയും ചെയ്യുന്നു. ക്വാറി മാഫിയായ്‌ക്കെതിരെ പോരാടി തങ്ങളുടെ ഊര്‍ജ്ജവും ജീവിതവും വ്യയം ചെയ്യുന്നതിലും ലാഭം അവരുടെ കൂടെ നിന്നുകൊണ്ട് നേടിയെടുക്കുന്ന സൗഭാഗ്യങ്ങളാണെന്ന ചിന്തയിലേക്ക് ആ നാട്ടിലെ ഭൂരിഭാഗം എത്തുന്നതിന്റെ പൊരുളാണ് പറഞ്ഞു വരുന്നത്.

പോത്തുപാറ ഒരു പ്രതീകമായി കാണണം. ഇവിടെ ഇന്നു നടക്കുന്നത് നാളെ മറ്റൊരിടത്ത് നടക്കാം; നടക്കുന്നുണ്ടായിരിക്കാം. ടിപ്പര്‍ലോറികള്‍ക്ക് പകരം മറ്റെന്തെങ്കിലുമാകാം ചൂണ്ടയില്‍ കൊരുക്കുന്നത്. എന്തായാലും അവയില്‍ കൊത്തേണ്ടവര്‍ കൊത്തുമെന്ന് എറിയുന്നവര്‍ക്ക് അറിയാം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ നിര്‍ജ്ജീവമാവുകയാണെങ്കില്‍, നാളെ ഇത്തരം പോരാട്ടങ്ങള്‍ ഉണ്ടാകാതെ ഇരിക്കുകയാണെങ്കില്‍ നമുക്ക് പോത്തുപാറ ഓര്‍മ്മിക്കാം
.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍