UPDATES

ചൊറോട് കൊലപാതകം: അക്രമികള്‍ രാഷ്ട്രീയ ബിസിനസ് ക്വട്ടേഷന്‍ സംഘങ്ങളെന്ന് സംശയം

മര്‍ദ്ദിച്ചത് അമിത വേഗത ചോദ്യം ചെയ്തതിന്.

ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി വിനോദന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തിന് പിന്നില്‍ രാ്ഷ്ട്രീയ ബിസിനസ് സംഘങ്ങളുടെ ക്വട്ടേഷന്‍ ടീമുകളാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പിടിയിലായ ഒരാളുടെ കൈയില്‍ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയോടെ മാഹിയില്‍ വച്ചാണ് വിനോദന് മര്‍ദ്ദനമേറ്റത്. തൊട്ടരികിലൂടെ കടന്നുപോയ വാഹനത്തിന്റെ അമിത വേഗതയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് വിനോദന്റെ കൊലപാതകത്തില്‍ കലാശിച്ചത്. റോഡരികില്‍ നിന്നിരുന്ന വിനോദനും സുഹൃത്തും, അരികിലൂടെ അമിത വേഗതയിലെത്തിയ വാഹനത്തിലുണ്ടായിരുന്നവരോട് ‘മെല്ലെ പൊയ്ക്കൂടേ’ എന്നു ചോദിക്കുകയും, വാഹനത്തിലുണ്ടായിരുന്ന അഴിയൂര്‍ സ്വദേശികളായ ഫസല്‍, ഷിനാഫ് എന്നിവര്‍ പുറത്തിറങ്ങി തര്‍ക്കിക്കുകയുമായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു.

തര്‍ക്കം കൈയാങ്കളിയായി മാറിയതോടെ ഇവര്‍ വിനോദന്റെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും, തുടര്‍ന്ന് സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മര്‍ദ്ദനം തുടരുകയമായിരുന്നെന്നാണ് പരാതി. ഗുരുതരമായ പരിക്കുകളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിനോദന്‍ ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. പ്രതികളെ ഉടനടി കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. പൊതുവെ ശാന്തശീലനും സൗമ്യമനോഭാവമുള്ളയാളുമായ വിനോദനെ ചെറിയ തര്‍ക്കത്തിന്റെ പുറത്ത് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരിക്കുന്നതിനു പിന്നില്‍ മാഹിയും അഴിയൂരും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തില്‍പ്പെട്ടയാളുകളാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പ്രതിഷേധം. പ്രദേശവാസികള്‍ക്കെല്ലാം സുപരിചിതനായ വിനോദന്റെ സംസ്‌കാരച്ചടങ്ങുകളില്‍ നൂറു കണക്കിനു പേരാണ് പങ്കെടുത്തത്.

യാതൊരു പ്രശ്നത്തിനും സ്വമേധയാ മുന്നിട്ടിറങ്ങാത്തയാളായ വിനോദനെപ്പോലും ആക്രമിച്ചു കൊലപ്പെടുത്താന്‍ മനസ്സുള്ള പ്രതികള്‍ ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണെന്നാണ് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റിയുടെ ഭാരവാഹിയായ ബാലനും പറയാനുള്ളത്. ‘ഒരു പ്രശ്നത്തിനും പോകാത്തയാളാണ് വിനോദന്‍. പ്രത്യേകിച്ച് രാഷ്ട്രീയ ചായ്വുകളും ഇല്ലാത്തയാളാണ്. കോണ്‍ക്രീറ്റ് വര്‍ക്കു ചെയ്ത് കിട്ടുന്ന പൈസയ്ക്ക് അന്നന്നത്തെ ജീവിതം കഴിക്കുന്ന ശീലമാണ്. മാഹിയില്‍ കുടുംബവുമായി ബന്ധപ്പെട്ട ഒരു പരിപാടിയ്ക്കു പോയി തിരിച്ചുവരുന്ന വഴിയ്ക്കാണ് ഈ പ്രശ്നം. ഗുണ്ടകള്‍ ചേര്‍ന്ന് വിനോദനെ അടിച്ചു വീഴ്ത്തി ഗുരുതരാവസ്ഥയിലാക്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കാര്യമായ നടപടിയൊന്നും എടുത്തിരുന്നില്ല. ആ സാഹചര്യത്തിലാണ് കര്‍മസമിതി രൂപീകരിച്ചത്.

ഒരാളെ മാത്രമാണ് അന്ന് അറസ്റ്റു ചെയ്തിരുന്നത്. ഇപ്പോള്‍ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. അവരുടെ പശ്ചാത്തലത്തെക്കുറിച്ചൊന്നും അറിയില്ലെങ്കിലും ഗുണ്ടാ സംഘത്തിലുള്ളവരാണെന്ന് ഉറപ്പാണ്. രണ്ടാമത്തെയാളെ അറസ്റ്റു ചെയ്തപ്പോള്‍ കൈയില്‍ കഞ്ചാവുമുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. വാഹനത്തിന്റെ അമിത വേഗത ചോദ്യം ചെയ്തതിന്റെ പേരിലാണ് വിനോദനെ മര്‍ദ്ദിച്ചത് എന്നത് ജനങ്ങളുടെയിടയില്‍ വല്ലാത്തൊരു വികാരമുണ്ടാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്. കമ്മറ്റി രൂപീകരിച്ച് തൊട്ടടുത്ത ദിവസം വിനോദന്‍ മരിക്കുകയും ചെയ്തു.’

മൂന്നു പേര്‍ ചേര്‍ന്നാണ് വിനോദനെ മര്‍ദ്ദിച്ചതെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. എന്നാല്‍ കേസെടുത്തിരിക്കുന്നതും നിലവില്‍ അറസ്റ്റു ചെയ്തിരിക്കുന്നതും രണ്ടു പേരെയാണ്. മൂന്നാമത്തെയാളെ എത്രയും പെട്ടന്ന് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പ്രതികളെ വെളിച്ചത്തു കൊണ്ടു വന്ന് ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതിനൊപ്പം, വിനോദന്റെ ഭാര്യയ്ക്ക് ആവശ്യമായ ജീവിതസാഹചര്യം ഒരുക്കുക എന്ന ഉത്തരവാദിത്തവും ആക്ഷന്‍ കമ്മറ്റിയും നാട്ടുകാരും ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും, കൊലക്കുറ്റം ചുമത്തി രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മാഹി പൊലീസും പ്രതികരിക്കുന്നു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും പൊലീസ് അന്വേഷണം ശക്തമാക്കുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.

ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ് വിനോദന്റെ കൊലപാതകത്തിനു പിന്നിലെന്ന ആരോപണം ശക്തമായതോടെ, പ്രതിസ്ഥാനത്താകുന്നത് മാഹി-അഴിയൂര്‍ ഭാഗങ്ങളില്‍ ശക്തമായ വേരുകളുള്ള രാഷ്ട്രീയ-ബിസിനസ് ക്വട്ടേഷന്‍ സംഘങ്ങളാണ്. അറസ്റ്റിലായ ഷിനാഫിന്റെ കൈയില്‍ നിന്നും കഞ്ചാവു പിടിച്ചെടുത്തതോടെ നാട്ടുകാര്‍ ഉന്നയിക്കുന്നത് ഈ പ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍