UPDATES

പുറത്താക്കിയാല്‍ സന്തോഷം, കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാല്ലോ- ബാലകൃഷ്ണ പിള്ള

അഴിമുഖം പ്രതിനിധി

യുഡിഎഫില്‍ നിന്നും പുറത്താക്കിയാല്‍ കുറെ കാര്യങ്ങള്‍ കൂടി തുറന്ന് പറയാന്‍ സാധിക്കുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. മുന്നണിയില്‍ ഇരുന്നു കൊണ്ട് പുറത്ത് പറയാന്‍ സാധിക്കുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടെന്നും പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫുമായോ ബിജെപിയുമായോ യാതൊരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പിള്ള പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെ എം മാണി പണം വാങ്ങിയെന്ന ആരോപണം താനല്ല ആദ്യമായി ഉന്നയിച്ചത്. വി ശിവന്‍കുട്ടി എംഎല്‍എ ഇക്കാര്യം നിയമസഭയില്‍ എഴുതിക്കൊടുത്ത് ഉന്നയിച്ചിരുന്നു. അതിന്റെ ചില തെളിവുകള്‍ തനിക്കും ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ വേണമെങ്കില്‍ സംഘടപ്പിക്കാന്‍ സാധിക്കുന്നതേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്ത് വൃത്തികേട് കാണിച്ചും സര്‍ക്കാരിനെ നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. കഴിഞ്ഞ ആറേഴ് വര്‍ഷമായി തന്നോടും തന്റെ പാര്‍ട്ടിയോടും വിവേചനപരമായാണ് പെരുമാറുന്നത്. കെ ബി ഗണേഷ് കുമാറിനെ തന്നില്‍ നിന്നും അകറ്റിയതിലും സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സര്‍ക്കാരുകള്‍ മാറി മാറി വരും തോറും അഴിമതി വര്‍ദ്ധിക്കുകയാണ്. കോടതികളും ചില സ്വാധീനങ്ങള്‍ക്ക് വഴിപ്പെടുന്നുണ്ടെന്നുവേണം കരുതാന്നെനും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട തനിക്ക് അനര്‍ഹമായ ഒരു ആനുകൂല്യവും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇരണ്ടര വര്‍ഷം സുപ്രീം കോടതി ശിക്ഷിച്ച ആളെ ഒരു ദിവസം പോലും ജയിലില്‍ കിടത്താതെ ശിക്ഷ ഇളവ് ചെയ്ത് കൊടുത്തപ്പോള്‍ താന്‍ എട്ട് മാസവും പതിനേഴ് ദിവസവും ജയിലില്‍ കഴിഞ്ഞതായും ബാലകൃഷ്ണപിള്ള പറഞ്ഞു. 

രണ്ട് മന്ത്രിമാര്‍ക്കെതിരെ രേഖമൂലം മുഖ്യമന്ത്രിക്ക് ആരോപണം എഴുതി നല്‍കിയിട്ട് പതിനഞ്ച് മാസം കഴിഞ്ഞു. ഇതുവരെ പരാതി കൈപ്പറ്റിയതായുള്ള ഒരു രേഖപോലും തനിക്ക് ലഭിച്ചിട്ടില്ല. വി എം സുധീരനും അടുത്ത കാലത്ത് ആരോപണം എഴുതി നല്‍കിയെങ്കിലും സുധീരനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഒരു മന്ത്രിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം കൈകാര്യം ചെയ്യാനായി മാത്രം പ്രത്യേകം ഉദ്യോഗസ്ഥന്‍ ഉണ്ടെന്നും, നിശ്ചിത ഫീസ് നല്‍കിയാല്‍ സ്ഥലം മാറ്റം ശരിയാക്കി നല്‍കുമെന്നും അദ്ദേഹം ആരോപിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ആരോപണം ഉന്നയിച്ചതിനാണ് കെ ബി ഗണേഷ് കുമാറിനെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാനായിരുന്നു ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ നടപടി. അഴിമതിയുടെ പേരില്‍ താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും യുഡിഎഫില്‍ നിന്നും പുറത്താക്കിയാല്‍ പുതിയ അഴിമതി കഥകള്‍ ജനങ്ങളുടെ മുന്നില്‍ തുറന്ന് വെക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് തന്നോട് ശ്ത്രുതയുണ്ടെന്ന് കരുതുന്നില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍