UPDATES

സാങ്കേതികമായി പ്രതിപക്ഷത്തെന്ന് പിള്ള, പുറത്താക്കിയേക്കാമെന്ന് യുഡിഎഫ്

അഴിമുഖം പ്രതിനിധി

ആര്‍ ബാലകൃഷ്ണ പിള്ളയെ യുഡിഎഫില്‍ നിന്നു പുറത്താക്കും. ഈയാഴ്ച്ച കൂടുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷ പോറ്റിക്ക് കേരള കോണ്‍ഗ്രസ്(ബി) വോട്ട് ചെയ്യുമെന്ന് ബാലകൃഷ്ണ പിള്ള വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പിള്ളയെ യുഡിഎഫില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിപ്പുണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസ്(ബി) യുഡിഎഫില്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞിരുന്നു.

ബാര്‍ കോഴ വിവാദത്തിലും ദേശീയഗെയിംസ് നടത്തിപ്പിലെ അഴിമതിയാരോപണത്തിലുമെല്ലാം പിള്ളയും മകന്‍ ഗണേശ് കുമാര്‍ എംഎല്‍എയും സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസം നടന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തും ഗണേശ് മന്ത്രിസഭയ്‌ക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു.

ഏറെക്കാലമായി യുഡിഎഫുമായി അകന്നു കഴിയുന്ന പിള്ളയ്ക്ക് താന്‍ സ്വയം മുന്നണി വിട്ട് പോകില്ലെന്ന നിലപാടായിരുന്നു. ഇതേ നിലപാട് തന്നെയാണ് മുന്നണിയുടെ സ്ഥാപകരില്‍ ഒരാളയ പിള്ളയുടെ കാര്യത്തില്‍ യുഡിഎഫും കൈക്കൊണ്ടിരുന്നത്. സ്വമേധയ പോവുകയാണെങ്കില്‍ പോകട്ടെ എന്നായിരുന്നു മുന്നണി നേതാക്കളുടെ നിലപാട്.

എന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണ പിള്ള വ്യക്തമായ തീരുമാനം പറഞ്ഞതോടെ അദ്ദേഹത്തെ പുറത്താക്കുക എന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളും മിത്രങ്ങളുമില്ലെന്നും എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നത് നിഷിദ്ധമല്ലെന്നും ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പിള്ള പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ ഇപ്പോള്‍ സാങ്കേതികമായി പ്രതിപക്ഷത്താണെന്നും വോട്ട് വേണ്ടെന്ന് യു ഡി എഫ് പറഞ്ഞതുകൊണ്ടാണ് പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നതെന്നും ഭാവിയിലും ഇത്തരം പിന്തുണ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പിള്ള പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍