UPDATES

പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ അന്തരിച്ചു. 94 വയസായിരുന്നു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പൂനൈയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു. ദി കോമണ്‍മാന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ലക്ഷ്മണെ ഏറെ പ്രശസ്തനാക്കിയത്. 

ഇന്ത്യന്‍-ഇംഗ്ലീഷ് നോവലിസ്റ്റുകളില്‍ പ്രമുഖനായിരുന്ന ആര്‍ കെ നാരായണന്റെ സഹോദരനാണ്. 1921 ഒക്ടോബര്‍ 24 ന് മൈസൂരിലായിരുന്നു ആര്‍ കെ ലക്ഷ്മണ്‍ ജനിച്ചത്.

ഏഷ്യന്‍ പെയിന്റ്‌സിന്റെ ഗാട്ടു ലക്ഷ്മണന്റെ ശ്രദ്ധേയമായ രചനകളില്‍ ഒന്നാണ്. മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് 55, കാമരാജ് എന്നീ സിനിമകളിലും ലക്ഷ്മണിന്റെ കാര്‍ട്ടൂണുകള്‍ ഇടം പിടിച്ചിട്ടുണ്ട്. സഹോദരനായ ആര്‍ കെ നാരായണന്റെ രചനകള്‍ക്കും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

2005 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ പത്മഭൂഷണ്‍, ദുര്‍ഗാരത്തന്‍ ഗോള്‍ഡ് മെഡല്‍, ബി ഡി ഗോയങ്കെ അവാര്‍ഡ്, പത്രപ്രവര്‍ത്തനം, സാഹിത്യം, സര്‍ഗ്ഗസംവാദ കലകള്‍ എന്നിവയ്ക്കുള്ള റാമോണ്‍ മാഗ്‌സസെ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ലക്ഷ്മണെ തേടിയെത്തിയിട്ടുണ്ട്.

ദി ടണല്‍ ഓഫ് ടൈം ആര്‍ കെ ലക്ഷ്മണിന്റെ ആത്മകഥയാണ്. ഭരതനാട്യം നര്‍ത്തകിയും ചലച്ചിത്രതാരവുമായിരുന്ന കുമാരി കമല ലക്ഷ്മണായിരുന്നു ഇദ്ദേഹത്തത്തിന്റെ ആദ്യഭാര്യ. രണ്ടാംഭാര്യയുടെ പേരും കമലയെന്നു തന്നെയായിരുന്നു. കാര്‍ട്ടൂണുകള്‍ കൂടാതെ ലക്ഷ്മണിന്റെ ചില നോവലുകളും പുറത്തിറങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍