UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലത്ത് അനാച്ഛാദനം, തിരുവനന്തപുരത്ത് പ്രാര്‍ത്ഥന

അഴിമുഖം പ്രതിനിധി

മുന്‍ കേരള മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായി ആര്‍ ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി കൊല്ലത്ത് അനാച്ഛാദനം ചെയ്തു. അതേസമയം ശങ്കറിനെ ആര്‍എസ്എസ് ഏറ്റെടുക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ശങ്കറിന്റെ പ്രതിമയ്ക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രാര്‍ത്ഥനാ സംഗമം നടത്തി.

ഗുരുദേവന്‍ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച വ്യക്തിയാണ് ആര്‍ ശങ്കറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ട് അനുസ്മരിച്ചു. ജീവിച്ചിരുന്നപ്പോള്‍ ചെയത മഹത്തായ കാര്യങ്ങളുടെ പേരില്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന വ്യക്തിയാണ് ശങ്കറെന്നും മോദി പറഞ്ഞു. ശങ്കര്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാകാതെ ഗുരുദേവന്റെ ആദര്‍ശത്തിനുവേണ്ടി ജീവിച്ചു. പിന്നാക്ക വിഭാഗങ്ങളുടേയും പാവപ്പെട്ടവരുടേയും വിദ്യാഭ്യാസപരവും സാമൂഹിക പരമായ ജീവിത ഉന്നമനത്തിനുവേണ്ടി ജീവിച്ച ശങ്കര്‍ ഗുരുവിനും ദൈവത്തിനും തുല്യനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തിലെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച ആര്‍ ശങ്കറിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രാര്‍ത്ഥന സംഗമത്തില്‍ അഭിപ്രായപ്പെട്ടു. ആര്‍ ശങ്കറിനെ ആര്‍എസ് എസുകാരനാക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ മഹാത്മാഗാന്ധിയേയും ആര്‍എസ് എസുകാരനാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വെള്ളാപ്പള്ളി നടേശനും സംഘപരിവാറും ചേര്‍ന്ന് ആര്‍ ശങ്കറിനെ അവഹേളിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനവും ആര്‍ ശങ്കറും ജനങ്ങളുടെ പൊതുസ്വത്താണെന്ന് അഭിപ്രായപ്പെട്ട സുധീരന്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തേയും എസ്എന്‍ ട്രസ്റ്റിനേയും സ്വകാര്യ കമ്പനിയാക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് മുഖ്യന്ത്രിയെ ക്ഷണിച്ചശേഷം ബിജെപിയുടെ നിര്‍ബന്ധപ്രകാരം വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഈ വിലക്കിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ സംഗമം നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍