UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിമ വിവാദം വെള്ളാപ്പള്ളി- ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ടിന്റെ നാടകം; പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദം ഉമ്മന്‍ ചാണ്ടിയും വെള്ളാപ്പള്ളിയും ചേര്‍ന്നു നടത്തിയ നാടകമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നതായി സിപി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തനിക്കെതിരെ ഉയര്‍ന്ന ജനവികാരത്തിന്റെ ശ്രദ്ധ തിരിച്ചു വിടാന്‍ ഉമ്മന്‍ ചാണ്ടി ഉമ്മന്‍ ചാണ്ടി തന്നെയായിരിക്കണം ഈ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഇപ്പോള്‍ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹമെന്നും പിണറായി കുറ്റപ്പെടുത്തുന്നു. വല്ലഭായി പട്ടേലിനെ റാഞ്ചിയതുപോലെ ശങ്കറിനെയും സംഘപരിവാര്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തുമ്പോള്‍ കോണ്‍ഗ്രസ് മൗനം തുടരുകയാണെന്നും അവര്‍ എന്തിനാണ് ആര്‍ എസ് എസിനെ ഭയപ്പെടുന്നതെന്നും പിണറായി ചോദിക്കുന്നു. വര്‍ഗീയതയ്‌ക്കെതിരെയുള്ള നിലപാടില്‍ കോണ്‍ഗ്രസിന് എന്നും ചാഞ്ചാട്ടമാണെന്നും പിണറായി തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

പിണറായി വിജയന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ വായിക്കുന്നു.

ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം സംബന്ധിച്ച വിവാദത്തില്‍ നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചത് രണ്ടു പേരാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളി നടേശനും. ഈ രണ്ടു പേരും ഇക്കാര്യത്തില്‍ നടത്തുന്ന ഒളിച്ചു കളി ദുരൂഹത ഉള്ളതാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് വിളിച്ച ശേഷം മുഖ്യമന്ത്രിയെ അപമാനിച്ചു ഒഴിവാക്കിയതില്‍ ഒരു പ്രതിഷേധവും ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉയര്‍ന്നു കണ്ടില്ല. നരേന്ദ്ര മോദിയെ നേരില്‍ കണ്ടു പ്രതിഷേധം അറിയിക്കാനുള്ള അവസരമുണ്ടായപ്പോള്‍ ഉമ്മന്‍ചാണ്ടി കവാത്ത് മറന്നു. മോദി ആകട്ടെ, കേരളത്തിനു ന്യായമായി ലഭിക്കേണ്ടതുപോലും നല്‍കാതെയും അതെക്കുറിച്ച് മിണ്ടാതെയും സ്ഥലം വിടുകയും ചെയ്തു. 

പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ മനസ്സ് തനിക്ക് എതിരാണെന്ന് ബോധ്യമായ ഉമ്മന്‍ചാണ്ടി ശ്രദ്ധ തിരിച്ചുവിടാന്‍ ഉണ്ടാക്കിയതാണ് ഇത് എന്ന് കരുതണം.

ആര്‍ ശങ്കര്‍ എസ്എന്‍ഡിപി നേതാവ് മാത്രമല്ല, കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചത് വെള്ളാപ്പള്ളി നടേശനാണ്. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. എന്നാല്‍ തന്നെ വിലക്കിയതാണെന്നോ അതിലുള്ള പ്രതിഷേധമോ എന്തുകൊണ്ട് അറിയിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിക്കല്ലേ അറിയുക. ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട് എന്ന് വ്യക്തമാക്കിയത് വെള്ളാപ്പള്ളി നടേശനാണ്. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഉള്ളതെങ്കില്‍ അത് ലഭിക്കുക കേന്ദ്രസര്‍ക്കാരിനാണ്. കേന്ദ്രത്തില്‍നിന്ന് അത്തരമൊരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കേണ്ടത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ്. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് തുറന്നുപറയേണ്ടതും ഇരുവരുമാണ്. എന്നാല്‍ ഇവിടെ വെള്ളാപ്പള്ളി നടേശനാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പറയുന്നത്. അതെങ്ങനെയാണ് പൊരുത്തപ്പെടുക. ഇവിടെയാണ് വെള്ളാപ്പള്ളി-ഉമ്മന്‍ചാണ്ടി കൂട്ടുകെട്ടില്‍ പിറന്ന നാടകമാണ് പ്രതിമാവിവാദം എന്ന് സംശയിക്കേണ്ടത്. 

ആര്‍ ശങ്കര്‍ ആര്‍എസ്എസ് നേതാവാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നത്. നേരത്തെ ആര്‍എസ്എസ് നേതാക്കള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍പോലും കോണ്‍ഗ്രസിന് പ്രതിഷേധമുണ്ടായില്ല. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ആര്‍എസ്എസ് റാഞ്ചി അവരുടെ സ്വന്തമാക്കി. ഗാന്ധി വധത്തെ നിരന്തരം ന്യായീകരിച്ച സംഘപരിവാര്‍ നെഹ്‌റുവിനെയാണ് ആദ്യം വധിക്കേണ്ടിയിരുന്നതെന്നും പറഞ്ഞു. കോണ്‍ഗ്രസിന് ഇതിലും ഒരു പ്രതിഷേധവുമുണ്ടായില്ല. മാത്രമല്ല, സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുകയുംചെയ്യുന്നു. കോണ്‍ഗ്രസ് എന്തിനാണ് ആര്‍എസ്എസിനെ ഭയക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ കോണ്‍ഗ്രസിന് എന്നും ചാഞ്ചാട്ടമാണ്. 

ഇന്ന് ആര്‍ ശങ്കറിനെ കാവി അണിയിക്കുന്നവര്‍ക്ക് നാളെ ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ ഒരു വിഷമവും ഇല്ലാതെ അങ്ങനെ ചെയ്യാന്‍ കഴിയും. കാരണം കേരളത്തില്‍ സംഘപരിവാറിന്റെ ഏറ്റവും അടുത്ത സഹായിയും സംരക്ഷകനും ഉമ്മന്‍ചാണ്ടി ആണ്. ആര്‍ എസ് എസിനെതിരെ ഒരു വിഷയത്തിലും നിലപാടെടുക്കാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി.

അതേസമയം ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരാനാക്കാന്‍ പ്രധാനമന്ത്രി മോദി ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു. വൃത്തികെട്ട രാഷ്ട്രീയ കളിയാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റും അടിയുറച്ച കോണ്‍ഗ്രസുകാരനുമായിരുന്ന ആര്‍ ശങ്കറിനെ കുറിച്ച് അസത്യ പ്രചാരണം നടത്തി അദ്ദേഹത്തെ സ്വന്തമാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. ആര്‍ ശങ്കറിനെ അപകീര്‍ത്തിപ്പെടുത്തിയ മോദി മാപ്പുപറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍