UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

സ്വന്തം പേരില്‍ കോളേജ് തുടങ്ങിയ വെള്ളാപ്പള്ളി ആര്‍ ശങ്കറെ വെറും പ്രതിമയാക്കുമ്പോള്‍

ആര്‍. ശങ്കറിന് ഇപ്പോള്‍ അനേകം അവകാശികള്‍ ഉണ്ട്. സമുദായ നേതാക്കളും കോണ്‍ഗ്രസുകാരും ശങ്കറിന്റെ സേവനങ്ങളെ പ്രശംസിച്ച് അദ്ദേഹത്തിന്റെ അപദാനങ്ങളുടെ സ്വന്തക്കാരാകാന്‍ ശ്രമിക്കുന്നു. മന്നം – ശങ്കര്‍ സഖ്യശ്രമചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് വിശാലഹിന്ദുക്കളും ആര്‍. ശങ്കറെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതു കാണാം. ചരിത്രത്തോടുള്ള കൂറുകൊണ്ടോ ശങ്കറിനോടുള്ള അളവറ്റ സ്‌നേഹംകൊണ്ടോ ആണ് ഈ പ്രതിഭാസമെന്ന് കരുതാന്‍ വയ്യ. ശങ്കര്‍ സ്ഥാപിച്ച കൊല്ലം ശ്രീനാരായണ കോളേജ് മുറ്റത്ത് ഒരു നിശ്ചല പ്രതിമയാകാന്‍ മാത്രം വിധിക്കപ്പെട്ട ചരിത്രപുരുഷനാണോ ആര്‍. ശങ്കര്‍?

നാല്‍പ്പത്തിമൂന്ന് വര്‍ഷം മുമ്പ് ശങ്കറിന്റെ ഭൗതിക ശരീരം കൊല്ലം എസ്.എന്‍. കോളേജ് ഹാളില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വച്ചപ്പോള്‍ രാഷ്ട്രീയ സാംസ്‌കാരിക കേരളം പുഷ്പാലംകൃതമായ ആ മഞ്ചത്തിന് വലംവച്ചുപോകുന്നതു കണ്ടു. അര്‍ഹമായ അംഗീകാരമോ ആദരവോ നേടാതെ, കോണ്‍ഗ്രസ്സുകാരാല്‍ അവഗണിക്കപ്പെട്ട്, അപമാനിതനും അവഹേളിതനും ആയിട്ടാണ് അഭിമാനിയായിരുന്ന ശങ്കര്‍ അവസാനകാലത്ത് ജീവിച്ചത്. അടിക്കടി അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റു. ദേശീയ രാഷ്ട്രീയത്തിലേക്ക് കുതിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കോണ്‍ഗ്രസ്സിലെ വര്‍ഗ്ഗീയ ശക്തികള്‍ ശങ്കറിനെ കാലുവാരി. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന നിലയില്‍ മാതൃകാപരമായ തീരുമാനങ്ങളിലൂടെയും പരിഷ്‌കാരങ്ങളിലൂടെയും ശങ്കര്‍ മുന്നോട്ടുപോയപ്പോള്‍ കോണ്‍ഗ്രസ്സ് നിയമസഭാകക്ഷിയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി അദ്ദേഹത്തെ വീഴ്ത്തി. നിരാശനായി സമുദായ നേതൃത്വത്തിലേക്ക് മടങ്ങിയ ശങ്കറെ ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ ഗവര്‍ണറാക്കാന്‍ ഇന്ദിരാഗാന്ധി ഒരുങ്ങിയപ്പോള്‍ കേരളത്തില്‍ നിന്ന് അതിനെതിരെ പതിനായിരക്കണക്കിന് കമ്പിസന്ദേശങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ എത്തി. അങ്ങനെ ഇന്ദിരാഗാന്ധിയില്‍ ഒരു വീണ്ടുവിചാരം ഉണ്ടായി. ആറാം ധനകാര്യ കമ്മീഷന്റെ അദ്ധ്യക്ഷ പദവിയോടെ ശങ്കറെ ന്യൂഡല്‍ഹിയില്‍ എത്തിക്കാമെന്ന് ഇന്ദിര ആലോചിച്ചു. അതിനും കേരളത്തിലെ കോണ്‍ഗ്രസ് ഇടങ്കോലിട്ടു. എഴുപതു വയസ്സ് പിന്നിട്ട ശങ്കറുടെ ശൈലിയും കാഴ്ചപ്പാടും പഴകിപ്പോയെന്നാണ് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്ന വയലാര്‍ രവി, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവരുടെ സുനിശ്ചിതമായ നിലപാട്.

രാഷ്ട്രീയവേദികളോ രാഷ്ട്രീയ നേതൃപദവികളോ ഇല്ലാതെ എസ്.എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയെന്ന നിലയില്‍ സമുദായത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശങ്കര്‍ ഒതുങ്ങി. കുമാരനാശാന്റെ ജന്മശതാബ്ദി ആഘോഷപരിപാടിയിലെ പ്രസംഗകനായിട്ടാണ് അവസാനകാലത്ത് കേരളം ആര്‍. ശങ്കറെ കണ്ടത്. ശ്രീനാരായണ വനിതാ കോളേജില്‍ അത്തരമൊരു വേദിയില്‍ അദ്ധ്യക്ഷനായിരുന്നതിന്റെ പിറ്റേന്ന് രാത്രി അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

യഥാര്‍ത്ഥത്തില്‍ ആര്‍. ശങ്കര്‍ ആരായിരുന്നു? വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്നും, സംഘടനയിലൂടെ ശക്തരാകണമെന്നും ശ്രീനാരായണഗുരു സമൂഹത്തിന് നല്‍കിയ ഉപദേശം സ്വജീവിതത്തില്‍ പകര്‍ത്തിയ രാമന്‍ ശങ്കരന്‍ എന്ന മനുഷ്യന്‍ ആര്‍. ശങ്കര്‍ ആയത് ഒരു നിമിഷത്തെ മാജിക്ക് കൊണ്ടല്ല. കൊല്ലത്തെ പുത്തൂര്‍ ഗ്രാമത്തില്‍ നിന്ന് ഉപരിപഠനത്തിന് തിരുവനന്തപുരത്ത് പോയ ആദ്യത്തെ  യുവാവ്. സംസ്‌കൃത വ്യാകരണവും അമരകോശവും വായിച്ച് വീട്ടിലെ നെയ്ത്ത് ശാലയില്‍ അവസാനിക്കേണ്ടിയിരുന്ന ചെറുപ്പക്കാരനായ ശങ്കരനെ ഗുരുവിന്റെ സ്വാധീനമാണ് മുന്നോട്ടു നയിച്ചത്. ബിരുദ പഠനത്തിനു ശേഷം വര്‍ക്കല ശിവഗിരി ഹൈസ്‌കൂളില്‍ ശങ്കരന്‍ അദ്ധ്യാപകനായി. നാടകകൃത്തും സാഹിത്യ പണ്ഡിതനുമായ എന്‍. കൃഷ്ണപിള്ള തന്റെ അദ്ധ്യാപകനായ ശങ്കറിനെക്കുറിച്ച് ആദരപൂര്‍വ്വം രേഖപ്പെടുത്തിയിട്ടുണ്ട്. ”പാഠപുസ്തകം കൈയിലെടുക്കാതെ മില്‍ട്ടനെയും ഷെയ്ക്‌സ്പിയറെയും അനായാസം ഉദ്ധരിച്ച് ക്ലാസ് മുറിയെ ആനന്ദാനുഭവമാക്കിയ യുവ അദ്ധ്യാപകന്‍ (ശങ്കര്‍) ആകാരം കൊണ്ടും ശബ്ദം കൊണ്ടും പാണ്ഡിത്യം കൊണ്ടും ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ വശീകരിച്ചു” എന്ന് കൃഷ്ണപിള്ള എഴുതി.

നിയമപഠനത്തിനായി അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ശങ്കര്‍ രാഷ്ട്രീയ സാമുദായിക നേതൃത്വത്തിലേക്ക് കടന്നുവന്നു. തിരുവിതാംകൂറിലെ നിവര്‍ത്തന പ്രക്ഷോഭം സ്റ്റേറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തപ്പോള്‍ ശങ്കര്‍ അതില്‍ പങ്കാളിയായി. കോണ്‍ഗ്രസ്സിന്റെ ഗതി മാറ്റാന്‍ സോഷ്യലിസ്റ്റുകള്‍ ശ്രമിച്ചപ്പോള്‍ ഗാന്ധിജിയുടെ അക്രമരഹിത പാതയില്‍ ഉറച്ചുനിന്നു. പുന്നപ്ര-വയലാര്‍ സമരം ബുദ്ധിശൂന്യവും അനാവശ്യവുമാണെന്ന് വാദിച്ച ശങ്കര്‍, ആ സമരങ്ങള്‍ ഒഴിവാക്കി അനേകം പാവങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചു പിന്‍വാങ്ങേണ്ടിവന്നു. ഏകാധിപതിയായ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ ഏജന്റാണ് ശങ്കര്‍ എന്ന് ദുരാരോപണം ഉന്നയിച്ച് കമ്യൂണിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തെ അകറ്റി നിര്‍ത്തി. ശങ്കറുടെ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നെങ്കില്‍ 1946ല്‍ നടന്ന വയലാര്‍ വെടിവയ്പ് ഒഴിവാക്കാമായിരുന്നെന്ന് കമ്യൂണിസ്റ്റ് നേതാവ് എം.കെ. കുമാരന്‍ പില്‍ക്കാലത്ത് ശങ്കറെക്കുറിച്ച് എഴുതിയ ജീവചരിത്ര ഗ്രന്ഥത്തില്‍ ഏറ്റുപറയുന്നുണ്ട്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും പേരുകേട്ട അഭിഭാഷകനുമായിരുന്ന സി.പി. രാമസ്വാമി അയ്യരുമായി ആര്‍. ശങ്കര്‍ വളരെ ഗാഢമായ സൗഹൃദം പുലര്‍ത്തിയിരുന്നു. തിരുവിതാംകൂറിലെ സാധാരണക്കാരുടെ ഉയര്‍ച്ചയ്ക്ക് ഉപകരിക്കാന്‍ വേണ്ടി ആ സൗഹൃദം ശങ്കര്‍ ഉപയോഗിച്ചു. എന്നാല്‍ ദിവാന്റെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തെ കോണ്‍ഗ്രസ്സ് നേതാവായ ശങ്കര്‍ എതിര്‍ത്തു. തിരുക്കൊച്ചി സംയോജനവും ഐക്യകേരളവും ശങ്കറിന്‍റെ കൂടി പിന്‍ബലത്തോടെയാണ് യാഥാര്‍ത്ഥ്യമായത്. 1947 മുതല്‍ പത്തുകൊല്ലക്കാലം തിരുക്കൊച്ചി സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്സിന് നേതാക്കളുടെ തമ്മിലടി മൂലം സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പനമ്പിള്ളിയും സി. കേശവനും ഇക്കണ്ടവാര്യരും പറവൂര്‍ നാരായണപിള്ളയും എ.ജെ. ജോണും പട്ടവും മറ്റും നയിച്ച പത്ത് മന്ത്രിസഭകള്‍ പത്തുകൊല്ലം കൊണ്ട് വന്നുപോയി. കോണ്‍ഗ്രസ്സുകാര്‍ക്ക് വോട്ടു കൊടുത്താല്‍ അധികാരത്തിനുവേണ്ടി പരസ്പരം പൊരുതും. നേരെചൊവ്വേ നാടുഭരിക്കില്ല. അങ്ങനൊരു പൊതുധാരണ നിലനില്‍ക്കുമ്പോഴാണ് 1957ല്‍ കേരളത്തില്‍ ഒന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പുനടന്നത്. കോണ്‍ഗ്രസ്സ് ഭൂരിപക്ഷമുള്ള കന്യാകുമാരി ജില്ല തമിഴ്‌നാടിന്റെ ഭാഗമായി. കമ്യൂണിസ്റ്റ് സ്വാധീനം കൂടുതലുള്ള ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകള്‍ കേരളത്തില്‍ ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് വിപ്ലവ സമരങ്ങള്‍ നടന്നിട്ടുള്ള ഉത്തര മലബാര്‍ പ്രദേശങ്ങളും കേരളത്തില്‍ ഉള്‍പ്പെട്ടു. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ ജനാധിപത്യ ഭരണത്തില്‍ വിശ്വാസമില്ലാതിരുന്നിട്ടും 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ നേരിയ ഭൂരിപക്ഷം കിട്ടി. സായുധ വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വാധിപത്യം സ്ഥാപിക്കുമെന്ന് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ബന്ധിതരായി. സ്വതന്ത്രന്മാരുടെ പിന്തുണയോടെ ഒന്നാം ഇ.എം.എസ് സര്‍ക്കാര്‍ നിലവില്‍ വന്നു. 

സ്വകാര്യ ഉടമസ്ഥാവകാശങ്ങള്‍ക്കു മേല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൈകടത്തുമെന്ന സന്ദേഹം സമൂഹത്തില്‍ ഭയം വളര്‍ത്തി. ഭൂവുടമകളും വിദ്യാഭ്യാസ മാനേജ്‌മെന്റുകളും ഇ.എം.എസ് മന്ത്രിസഭയുടെ ഓരോ നീക്കത്തെയും സംശയത്തോടെ വീക്ഷിച്ചു. വിദ്യാഭ്യാസ ബില്ലിലെ പതിനൊന്നാം ഷെഡ്യൂളിനെതിരെ മാനേജ്‌മെന്റുകള്‍ പ്രതിഷേധിച്ചു. പക്ഷേ ആ പ്രതിഷേധം വലിയൊരു സമരമാക്കി വളര്‍ത്താന്‍ കമ്യൂണിസ്റ്റ് ഇതര സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയായി ആയിടെ രൂപംകൊണ്ട കെ.എസ്.യുവിനെ മുഹമ്മയിലെ പള്ളിക്കാര്‍ പ്രേരിപ്പിച്ചു. ബോട്ട് കൂലി ഒരണയായി ഇരട്ടിപ്പിച്ചത് സമരത്തിനുള്ള പ്രത്യക്ഷകാരണവുമാക്കി. അക്രമാസക്തമായ വിദ്യാര്‍ത്ഥിസമരം വിവിധ സാമുദായിക സംഘടനകളുടെ കൂടി ഒത്താശ നേടി വിമോചന സമരമായി കേരളമാകെ പടര്‍ന്നു. ആര്‍. ശങ്കര്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ സമരത്തെ പിന്തുണച്ചു. എ.ഐ.സി.സി അദ്ധ്യക്ഷയായിരുന്ന ഇന്ദിരാഗന്ധിയുടെ സമ്മര്‍ദ്ദത്താല്‍ കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ച കണക്കിലെടുത്ത് രാഷ്ട്രപതി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കി.

മലയാളി രാഷ്ട്രീയ സുസ്ഥിരതാ ബോധമില്ലാത്ത ജനസമൂഹമായി മാറുകയാണെന്ന് ശങ്കറെപ്പോലുള്ളവര്‍ ദീര്‍ഘദര്‍ശനം നടത്തി. തത്വാദര്‍ശങ്ങളുടെ കുറ്റിയില്‍ സദാ തളയ്ക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത ബൗദ്ധിക ന്യൂനപക്ഷം വളര്‍ന്നു വന്നു. അവര്‍ രാഷ്ട്രീയ പാര്‍ട്ടികളെ മാറി മാറി അധികാരത്തില്‍ കയറ്റിയും ഇറക്കിയും പരീക്ഷിക്കുന്നു. ഒരു പാര്‍ട്ടിയോടും കൂറില്ലാത്ത അരാജകവാദികളായ ഇവര്‍ കേരളത്തില്‍ എക്കാലവും ഒരു നിര്‍ണ്ണായക വിഭാഗമാണ്. പ്രധാന മുന്നണികള്‍ക്കിടയിലെ വോട്ട് വ്യത്യാസം നിശ്ചയിച്ചുകൊണ്ട് കൗശലപൂര്‍വ്വം കളിക്കുന്ന ഈ മധ്യവര്‍ഗ്ഗ സമൂഹം രണ്ടുലക്ഷത്തോളമേ വരൂ. എന്നാല്‍ എപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇവരാണ്. ഒരു പാര്‍ട്ടിയിലും അവര്‍ അലിഞ്ഞുകിടക്കില്ല. എന്നാല്‍ എല്ലാ പാര്‍ട്ടികളിലും അവരുണ്ട്.

ഏകകക്ഷി ഭരണം കേരളത്തില്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ച അരാജകവാദി സമൂഹത്തെ ആര്‍. ശങ്കര്‍ 1960ല്‍ സമര്‍ത്ഥമായി നേരിട്ടു. കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാനാവില്ലെന്നറിയാമായിരുന്നു. പി.എസ്.പി, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളെ ചേര്‍ത്ത് ഇന്ത്യയിലെ ഒന്നാമത്തെ മുന്നണി രാഷ്ട്രീയത്തിന് ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് തുടക്കം കുറിച്ചു. ആ കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ ജയിച്ചു. ചെറിയ കക്ഷിയായ പി.എസ്.പിയുടെ നേതാവ് പട്ടംതാണുപിള്ള മുഖ്യമന്ത്രിയും വലിയ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ നേതാവ് ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റു. പ്രധാനമന്ത്രി നെഹ്‌റുവിന്റെ കടുത്ത എതിര്‍പ്പു മൂലം മുസ്ലീം ലീഗിന് മന്ത്രിസഭയില്‍ പ്രവേശനം നല്‍കിയില്ല. ലീഗ് നേതാവ് മുഹമ്മദ് കോയ നിയമസഭാ സ്പീക്കര്‍ ആയി. വൈകാതെ മുഖ്യമന്ത്രി പദം ശങ്കറെ ഏല്‍പ്പിച്ചിട്ട് പട്ടം താണുപിള്ള ഗവര്‍ണറായി പോയി. വിദ്യാഭ്യാസം, സാമൂഹികക്ഷേമം, ക്രമസമാധാനപാലനം, ധനകാര്യമാനേജ്‌മെന്റ് എന്നീ കാര്യങ്ങളില്‍ മാതൃകാപരമായിരുന്നു ശങ്കര്‍ സര്‍ക്കാര്‍. ഇന്റര്‍ മീഡിയറ്റ് നിര്‍ത്തലാക്കി പ്രീഡിഗ്രി കോഴ്‌സും ജൂനിയര്‍ കോളേജുകള്‍ എന്ന ആശയവും പ്രാബല്യത്തില്‍ കൊണ്ടുവന്നത് ആ സര്‍ക്കാരായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ത്തെങ്കിലും ഇടതു പക്ഷ ബൗദ്ധിക വിഭാഗത്തെ ശങ്കര്‍ ആകര്‍ഷിച്ചു കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. ‘ഓടയില്‍ നിന്ന്’ എന്ന പി. കേശവദേവിന്റെ നോവല്‍ സ്‌കൂളില്‍ പാഠപുസ്തകമാക്കി. ഒ.എന്‍.വി, തിരുനല്ലൂര്‍ കരുണാകരന്‍, പുതുശ്ശേരി രാമചന്ദ്രന്‍ എന്നീ കമ്മ്യൂണിസ്റ്റ് കവികളെ കോളേജ് അദ്ധ്യാപകവൃത്തിയിലേക്ക് ആകര്‍ഷിച്ചു. നെഹ്‌റുവും ഇന്ദിരയും സോവിയറ്റ് ചേരിയോടും സോഷ്യലിസത്തോടും ചായ്‌വ് പുലര്‍ത്തുന്ന കാലമായിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കിടയിലെ ചൈനാപക്ഷക്കാരെ ഒറ്റപ്പെടുത്താനും കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു.

ഇങ്ങനെ അന്തര്‍ദ്ദേശീയവും ദേശീയവും പ്രാദേശികവുമായ ഒരു ആശയവ്യവസ്ഥയില്‍ ഭരണം തുടര്‍ന്ന ശങ്കര്‍ തന്റെ കാല്‍ചുവട്ടില്‍ വര്‍ഗ്ഗീയ വിഷസര്‍പ്പം ഇഴഞ്ഞുവന്നതുകണ്ടില്ല. അസൂസയും ജാതി സ്പര്‍ദ്ധയും എല്ലാ നല്ല മൂല്യങ്ങളെയും നശിപ്പിക്കും. കോണ്‍ഗ്രസ്സുകാര്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍  ശങ്കറിനെതിരെ തിരിഞ്ഞു. ഒരു അപവാദക്കേസ്സില്‍പ്പെട്ട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ച പി.ടി. ചാക്കോ കണ്ണൂരില്‍ വച്ച് ആകസ്മികമായി അന്തരിച്ചു. മുഖ്യമന്ത്രി ശങ്കറിന്റെ സമ്മര്‍ദ്ദമാണ് ചാക്കോയുടെ മരണത്തിന് കാരണമെന്ന് കത്തോലിക്കാ പള്ളികളില്‍ കൂട്ടമണിയടിച്ച് ഇടയലേഖനം വായിച്ചു. ഹിന്ദുമഹാ ഐക്യത്തിന് ശങ്കറിനോട് സഹകരിച്ചിരുന്ന മന്നത്തു പത്മനാഭന്‍ നിലപാട് മാറ്റിയ കാലമായിരുന്നു. കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷിയിലെ ശങ്കര്‍ വിരുദ്ധര്‍ക്ക് മന്നം ഒത്താശ ചെയ്തു. അന്ന് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയും വിമത വിഭാഗത്തോടു ചേര്‍ന്നു. അവിശ്വാസ പ്രമേയം വഴി ശങ്കര്‍ മന്ത്രിസഭ നിലംപൊത്തി. അന്നത്തെ കോണ്‍ഗ്രസ്സ് വിമതരാണ് കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്സ് ആയത്. 1965ല്‍ ശങ്കര്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സി.പി.എം നേതാവ് കെ. അനിരുദ്ധനോട് തോറ്റു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാത്രമല്ല, പിന്നെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ നിന്നുതന്നെ ഉന്നത ശീര്‍ഷനായ ശങ്കര്‍ തലവലിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനവും ആതുരസേവന പ്രവര്‍ത്തനവും പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാക്കി ശങ്കര്‍ കൊല്ലത്ത് സ്ഥിരമായി തങ്ങി.

എസ്.എന്‍. ട്രസ്റ്റിന്റെ കീഴില്‍ പതിമൂന്ന് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും ഒരു ട്രെയിനിംഗ് കോളേജും പോളിടെക്‌നിക്കും സ്ഥാപിച്ചത് ആര്‍. ശങ്കര്‍ ആയിരുന്നു. ലോകം പുതിയ സാങ്കേതിക വിദ്യ സ്വപ്നം കാണുന്നതിന് മുമ്പ് വിഭാവന ചെയ്ത വിദ്യാലയങ്ങളും ആശുപത്രിയും വലിയ മാറ്റങ്ങളില്ലാതെ അതുപോലെ നിലനില്‍ക്കുന്നു. എസ്.എന്‍. ട്രസ്റ്റും എസ്.എന്‍.ഡി.പി യോഗവും ഇപ്പോള്‍ നയിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ ഈ സ്ഥാപനങ്ങളുടെ വിളവെടുപ്പുകാരനാണ്. ആര്‍. ശങ്കറുടെ പേരില്‍ ഒരു മെഡിക്കല്‍ കോളേജോ എന്‍ജിനീയറിംഗ് കോളേജോ തുടങ്ങാന്‍ വെള്ളാപ്പള്ളി തുനിഞ്ഞിട്ടില്ല. മാവേലിക്കരയില്‍ സ്ഥാപിച്ച സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജിന് സ്വന്തം പേരിട്ട നിസ്വാര്‍ത്ഥനാണ് നടേശന്‍. ശങ്കര്‍ ഒരു വെറും പ്രതിമയായാല്‍ പിന്നെ പേടിക്കാനില്ല. ആശയങ്ങളുടെ ചുഴികളും മലരികളും വിരിഞ്ഞ ആ ശിരസില്‍ ഇനി പക്ഷികള്‍ പറന്നു പറ്റി നിര്‍മ്മലരായി മടങ്ങും. ഉജ്വലമായ വചനങ്ങള്‍ വിരിഞ്ഞ ചുണ്ടുകളില്‍ ഈച്ചകള്‍ ഇണചേരും. കാലത്തിന്റെ മുന്നില്‍ കേവലം ഒരു വെങ്കല രൂപമായി മാറിയ മഹാനുഭാവന് വേറെന്തു പ്രസക്തി?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍