അഴിമുഖം പ്രതിനിധി
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലിതെന്ന് കോടതി നിരീക്ഷിച്ചു. വിജിലന്‍സ് കോടതിയിലെ നടപടികള്‍ തുടരാനും കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതുപോലുള്ള ആയിരക്കണക്കിന് കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നും കോടതി പറഞ്ഞു. കോടതി വിധിയോട് പ്രതികരിക്കാന്‍ മാണി തയ്യാറായില്ല.
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് എസ് പി ആര്‍ സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിജിലന്‍സ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു മാണിയുടെ ആവശ്യം.
കേസില്‍ ആര്‍ സുകേശന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടോയെന്നും അതുണ്ടെങ്കില്‍ ഹാജരാക്കണമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു. തെളിവുണ്ടെങ്കില്‍ സുകേശനെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു.
സുകേശനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി ഇന്ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സുകേശന് എതിരായുള്ള സിഡിയുടെ ആധികാരികതയില്‍ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.