UPDATES

കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്ന മാറ്റങ്ങള്‍

യുവാക്കളും പ്രൊഫഷണലുകളും പാര്‍ട്ടിക്കൊപ്പം വേണമെന്നാണ് രാഹുല്‍ പറയുന്നത്

കേള്‍ക്കുന്ന വാര്‍ത്തയില്‍ മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ വരുന്ന ഒക്ടോബര്‍ പകുതിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി രാഹുല്‍ ഗാന്ധി സ്ഥാനമേല്‍ക്കും. ചൊവ്വാഴ്ച സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കൂടിയ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍(സിഡബ്ല്യുസി)യില്‍ നിലവിലെ വൈസ് പ്രസിഡന്റായ രാഹുലിനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നു എന്നാണ് അറിയുന്നത്. കോണ്‍ഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പിനെ കുറിച്ചും സിഡബ്ല്യുസി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ പകുതിയോടെ പുതിയ വര്‍ക്കിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പുതിയ സിഡബ്ല്യുസിയില്‍വച്ച് രാഹുലിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിശ്ചയിക്കുകയും ചെയ്യും എന്നാണ് അറിയുന്നത്.

അതേസമയം പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി കയ്യേല്‍ക്കുന്ന രാഹുല്‍ കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം ലക്ഷ്യമിടുന്നതായും അതിനായുള്ള ബ്ലുപ്രിന്റ് തയ്യാറാക്കി വച്ചിട്ടുണ്ടെന്നുമാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടനതലത്തില്‍ കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ സമകാലീനരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഒന്നുമല്ലാതായി തീരുമെന്ന മുന്നറിയിപ്പ് രാഹുല്‍ തന്നെ പാര്‍ട്ടി നേതൃത്വസമിതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു.
പോഷകസംഘടനകളുടെ ശക്തിവര്‍ദ്ധിപ്പിക്കുക, വിവിധമേഖലകളില്‍ പാര്‍ട്ടിസംഘടനകള്‍ രൂപീകരിക്കുക, അതിനൊപ്പം പാര്‍ട്ടിയിലേക്ക് യുവാക്കളെയും പ്രൊഫഷണലുകളെയും ആകര്‍ഷിക്കുക എന്നതാണ് രാഹുല്‍ തയ്യാറാക്കിയിരിക്കുന്ന ബ്ലുപ്രിന്റിലെ പ്രധാനലക്ഷ്യങ്ങള്‍.
ഇതുമായി ബന്ധപ്പെട്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അവരുമായി സംസാരിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ രാഹുലിന്റെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

താഴെ തട്ടിലുള്ള ജനവിഭാഗങ്ങളുടെ വിശ്വാസവും പിന്തുണയും നേടിയെടുക്കുക, അവര്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കുക എന്നതാണ് രാഹുല്‍ പ്രധാനമായും പറയുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, എന്നിവര്‍ക്കൊപ്പം പ്രൊഫഷണലുകള്‍ക്കിടയിലും പാര്‍ട്ടിഘടകങ്ങള്‍ ഉണ്ടാക്കണം. നരേന്ദ്ര മോദി സര്‍ക്കാരില്‍ തുടക്കത്തില്‍ ഉണ്ടായ പ്രതീക്ഷകള്‍ രാജ്യത്തെ പ്രൊഫഷണലുകള്‍ക്ക് ഇപ്പോള്‍ ഇല്ലെന്നും ഇവര്‍ തീര്‍ത്തും നിരാശരാണെന്നും വ്യക്തമാണെന്നു രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഈ ഗണത്തില്‍പ്പെട്ടവരെയെല്ലാം കോണ്‍ഗ്രസിനോട് അടുപ്പിക്കണം. അതിനായി അവര്‍ക്കൊപ്പം ഉണ്ട് എന്ന തോന്നല്‍ ഉണ്ടാക്കുകയും വേണമെന്നു രാഹുല്‍ പറയുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവമോ ആര്‍എസ്എസിനുള്ളതുപോലെ ഒരു സംഘടനസംവിധാനമോ നിലവില്‍ കോണ്‍ഗ്രസിനില്ല എന്നത് വലിയൊരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ പോഷകസംഘടനകള്‍ പലമേഖലകളിലും ഇല്ല, ഉള്ളയിടങ്ങളിലെല്ലാം മരണാസന്നവുമാണ്. വിവിധ മേഖലകളില്‍ കോണ്‍ഗ്രസ് അതിന്റെ അസാന്നിധ്യം കൊണ്ട് തിരിച്ചടി നേരിടുന്നുമുണ്ട്.

ട്രേഡ് യൂണിയന്‍ രംഗത്തെ കാര്യം എടുത്താല്‍ തന്നെ പാര്‍ട്ടിയുടെ സാന്നിധ്യം വളരെ ദുര്‍ബലമാണ്. ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് അഥവ ഐഎന്‍ടിയുസിയെ ചൂണ്ടിക്കാണിച്ചാലും സംഘടിതമേഖലയില്‍ മാത്രമാണ് അതിന്റെ സാന്നിധ്യം കാണാവുന്നത്. ഇന്ത്യയില്‍ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ നിരവധിയാണ്. ഇവര്‍ക്കിടയില്‍ ഐഎന്‍ടിയുസിപോലും ഇല്ല. അസംഘടിത തൊഴില്‍ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുക എന്നത് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇപ്പോള്‍ ലക്ഷ്യമിടുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും ഈ മേഖലയില്‍ നിന്നും അകന്നു നില്‍ക്കുകയാണ്; രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.

കര്‍ഷകരായ നേതാക്കള്‍ പാര്‍ട്ടിക്കുണ്ട്. പക്ഷേ കര്‍ഷകര്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കേണ്ടതായുണ്ട്. ഊര്‍ജ്വസ്വലമായ ഒരു കാര്‍ഷക സെല്‍ പാര്‍ട്ടിക്ക് അത്യാവശ്യമായി രൂപീകരിക്കണം; രാഹുലിന്റെ മറ്റൊരാവശ്യമാണിത്.

ഐടി മേഖലയില്‍ ശ്രദ്ധിക്കണം. പിരിച്ചുവിടലുകളുടെ കടുത്ത ഭീഷണിയിലാണ് ഐടി മേഖലയില്‍ ജോലിയെടുക്കുന്നവര്‍. ഇവരെ സംഘടിപ്പിക്കാനും ഇവര്‍ക്കിടയില്‍ ശക്തമായ പിന്തുണയുമായി കൂടെനില്‍ക്കാനും പാര്‍ട്ടിക്ക് കഴിയണം. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബിജെപിക്കും പിന്തുണയുമായി നിരവധി ഐടി ഗ്രൂപ്പുകളാണ് ഉയര്‍ന്നുവന്നത്. പക്ഷേ ഇപ്പോള്‍ അവരെല്ലാം തന്നെ നിരാശരാണ്. വ്യാമോഹങ്ങളില്‍ നിന്നും അവര്‍ ഉണര്‍ന്നിരിക്കുകയാണ്. ജോലി നഷ്ടപ്പെടുന്നവരുടെയും ജോലി കിട്ടാത്തവരുടെയും എണ്ണം കൂടുകയാണ്. ഇത്തരം പ്രതികരണം കോണ്‍ഗ്രസിന് നേരിട്ട് ലഭിക്കുന്നുണ്ട്. അതുകൊണ്ട് സഹാചര്യം അനുസരിച്ച് ഐടി പ്രൊഷണലുകള്‍ക്കിടയിലേക്ക് പാര്‍ട്ടിയിറങ്ങണം. സംഘടനയുണ്ടാക്കണം. അവരെ കൂടെ നിര്‍ത്തണം; രാഹുല്‍ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നു.

ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ പ്രൊഫഷണലുകളെയും പാര്‍ട്ടി തേടിച്ചെല്ലണം. അവര്‍ കൊടിയും പിടിച്ച് നമുക്കൊപ്പം ഇറങ്ങിവരും എന്നാഗ്രഹിക്കരുത്. അവരെ പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കൊപ്പം നിര്‍ത്തണം, രാജ്യപുരോഗതിക്ക് കൂടെ നിര്‍ത്തണം. അവരവരുടെ മേഖലകളിലെ പോളിസി നിര്‍മണത്തിലും അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളിലും പാര്‍ട്ടിയിലൂടെ ഇടപെടല്‍ നടത്താന്‍ അവര്‍ക്ക് കഴിയണം.

അറിവും യുക്തിയുമുള്ളവര്‍ രാഷ്ട്രീയപ്പാര്‍ട്ടികളിലേക്ക് വരുന്നില്ല എന്നത് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരിടുന്ന പ്രതിസന്ധിയാണിത്. കോണ്‍ഗ്രസിനെയും ഇത് മോശമായ രീതിയില്‍ ബാധിക്കുന്നുണ്ട്. ഒരു കാലത്ത് നമ്മുടെ മുതിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗവും അഭിഭാഷകരായിരുന്നു, ഡോക്ടര്‍മാരും ഉണ്ടായിരുന്നു. ഈ കാലത്ത് നമുക്ക് വേണ്ടത് യുവതലമുറയുടെ പങ്കാളിത്തവും അവരിലെ പ്രൊഷണലുകളുടെ സേവനവുമാണ്; വിമര്‍ശനാത്മകമായി തന്നെ രാഹുല്‍ പറയുന്നു.

രാഹുലിന്റെ തീരുമാനങ്ങള്‍ നടപ്പിലാകുന്നതിനും മുന്നേ തന്നെ ചില മാറ്റങ്ങള്‍ കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തനതന്ത്രങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ ഭാഗമാണു മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ഒരു മത്സ്യത്തൊഴിലാളി വിഭാഗവും വിദേശഇന്ത്യക്കാര്‍ക്കിടയില്‍ വേരോട്ടം ഉണ്ടാക്കാന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വിഭാഗവും പാര്‍ട്ടി കഴിഞ്ഞാഴ്ച പ്രഖ്യപിച്ചത്. സാം പിത്രോഡയായിരിക്കും ഓവര്‍സീസ് വിഭാഗത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഹിന്ദു സ്വയം സേവക് സംഘിലൂടെ ആര്‍എസ്എസ് വിദേശ ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. ബിജെപിക്കും അവരുടെ ഓവര്‍സീസ് ഘടകങ്ങളില്‍ ശക്തരായ ഗ്രൂപ്പുകളുണ്ട്. പക്ഷേ വിദേശ ഇന്ത്യക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വളരെ ദുര്‍ബലമാണ്. ഇനി ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ഷകര്‍ക്കിടയില്‍ അവരുടെ പോഷക സംഘടനകളെ ശക്തമാക്കി നിര്‍ത്തുന്നതുപോലെ കോണ്‍ഗ്രസിനു കഴിയുന്നുണ്ടോയെന്നു ചോദിച്ചാല്‍ അതുമില്ല. ഇടതുപാര്‍ട്ടികള്‍ സംഘടിത, അസംഘടിത മേഖലകളില്‍ ഒരുപോലെ അവരുടെ പോഷകസംഘടനകളെ വളര്‍ത്തിയെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് വരുത്തുന്ന മാറ്റങ്ങളില്‍ പെട്ട മറ്റൊന്നാണ് അവരുടെ ഷെഡ്യൂള്‍ഡ് ട്രൈബ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേര് ആദിവാസി വിഭാഗം എന്നാക്കി മാറ്റിയത്. എസ്ടി ഡിപ്പാര്‍ട്ടമെന്റ് എന്നപേരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണ ആദിവാസികള്‍ക്ക് അതിനെ മനസിലാക്കാന്‍ കഴിയാതെ പോവുകയാണെന്നു പാര്‍ട്ടി തിരിച്ചറിഞ്ഞെന്നാണു നേതാക്കള്‍ തന്നെ സമ്മതിക്കുന്നത്. മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വേളയില്‍ ആ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസാണ്. പ്രതിപക്ഷ മുന്നേറ്റം നയിക്കുക, അതിനൊപ്പം പാര്‍ട്ടിയെ ശക്തമാക്കുക തുടങ്ങി വിവിധങ്ങളായ ഉത്തരവാദിത്വങ്ങളാണ് രാഹുലിന്റെ ചുമലില്‍ കയറാന്‍ പോകുന്നത്. പ്രവര്‍ത്തനത്തില്‍ തനിക്കെതിരേ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ പരാജയപ്പെടുത്താനും പുതിയ ചുമതലാനിര്‍വഹണങ്ങളിലൂടെ രാഹുലിന് കഴിയേണ്ടതുണ്ട്. രാഹുലും കോണ്‍ഗ്രസും ഒരുപോലെ അതിന്റെ ഏറ്റവും ദുര്‍ഘടമായ ദശാസന്ധിയിലൂടെ കടന്നുപോവുകയാണ്. മാറ്റങ്ങള്‍ കൊണ്ടുവന്ന് അതില്‍ നിന്നും രക്ഷനേടാന്‍ കഴിയുമോ പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിന്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍