UPDATES

വിദേശം

‘പേപ്പട്ടികളും’ മുസ്ലീങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകളും: അമേരിക്കയില്‍ ഇസ്ലാം വിരുദ്ധത തിളക്കുന്നു

Avatar

ഡേവിഡ് എ ഫാരെന്തോള്‍ഡ് , ജോസ് എ ഡെല്‍റിയല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമേരിക്കയിലെ മുസ്ലീങ്ങളുടെ പേരുവിവരങ്ങളടങ്ങിയ പ്രത്യേക കണക്ക് സൂക്ഷിക്കാനും അവരുടെ മതം രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുമുള്ള സാധ്യത തള്ളിക്കളയാന്‍ റിപ്പബ്ലിക്കന്‍ കക്ഷിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ ഒരു മുന്‍നിരക്കാരന്‍ വിസമ്മതിച്ചു.

മറ്റൊരു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വ മോഹി-ഏറെയും മുസ്ലീങ്ങള്‍ നിറഞ്ഞ- സിറിയന്‍ അഭയാര്‍ത്ഥികളെ നായ്ക്കളോടാണ് ഉപമിച്ചത്. അതില്‍ ചിലര്‍ പേപ്പട്ടികളാണ് എന്നാണ് അവരെ എല്ലാവരെയും പുറത്തുനിര്‍ത്താന്‍ അയാള്‍ പറഞ്ഞ ന്യായം.

മൂന്നാമതൊരാള്‍ സെനറ്റില്‍ ആവശ്യപ്പെട്ടത് അഞ്ചു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ നിരോധിക്കണമെന്നാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളെ നിരോധിക്കാനും ക്രിസ്ത്യാനികളെ അനുവദിക്കണമെന്നുമുള്ള ആവശ്യം വളരെ തെളിച്ചുതന്നെ അയാള്‍ പറഞ്ഞു. പാരീസില്‍ 129 പേര്‍ കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണത്തെ തുടര്‍ന്ന് പല റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരും, 2001,സെപ്റ്റംബര്‍ 11-ലെ അല്‍-ക്വെയ്ദ ആക്രമണത്തിന് ശേഷം അവരുടെ മുന്‍ഗാമി ജോര്‍ജ് ബുഷ് പരസ്യമായി പറയുന്നത് ഒഴിവാക്കിയ തരത്തിലുള്ള വാചകമടിയുമായി രംഗത്തെത്തി. അന്നത്തെ ആക്രമണത്തിന് ശേഷമുള്ള പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍,“ഇസ്ലാം സമാധാനമാണെന്നും,” ചില തീവ്രവാദികളുടെ ചെയ്തികള്‍ വെച്ച് എല്ലാ മുസ്ലീങ്ങളെയും വിധിക്കരുതെന്നുമാണ്.

പക്ഷേ സര്‍ക്കാരിനോടുള്ള സംശയവും കുടിയേറ്റത്തോടുള്ള എതിര്‍പ്പും പ്രധാന വിഷയങ്ങളായി മാറിയ ഈ തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളെക്കുറിച്ചുള്ള ഇത്തരം പ്രസ്താവനകള്‍ തീവ്രവാദി ആക്രമണത്തോടുള്ള റിപ്പബ്ലിക്കന്‍ പ്രതികരണത്തിന്റെ പ്രധാന ഘടകമായിരിക്കുന്നു. പതിനായിരം സിറിയന്‍ അഭയാര്‍ത്ഥികളെ-ഭൂരിപക്ഷവും മുസ്ലീങ്ങള്‍-രാജ്യത്തേക്ക് അനുവദിക്കാനുള്ള പ്രസിഡണ്ട് ഒബാമയുടെ തീരുമാനത്തിനുമേല്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ വെക്കാന്‍ ഒരു ബില്‍ അംഗീകരിക്കുന്നതിനായി 242 റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പം 47 ഡെമോക്രാറ്റുകളും ചേര്‍ന്നിരിക്കുന്നു.

ആരാണ് തീവ്രവാദി എന്നു തിരിച്ചറിയുക എളുപ്പമല്ലാത്തതിനാല്‍ എല്ലാ മുസ്ലീങ്ങളെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ചില റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മോഹികള്‍ പറയുന്നു.

“അയല്‍പക്കത്ത് ഒരു പേപ്പട്ടി ഓടിനടക്കുന്നുണ്ടെങ്കില്‍ നിങ്ങളാ പട്ടിയെക്കുറിച്ച്  നല്ലത് കരുതുകയില്ല, നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ആ വഴിക്ക് വിടാനും പോകുന്നില്ല,“ സിറിയന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് ന്യൂറോസര്‍ജന്‍ കൂടിയായിരുന്ന ബെന്‍ കാര്‍സന്‍ അലബാമയില്‍ നിന്നും പറഞ്ഞു. “അതിനര്‍ത്ഥം നിങ്ങള്‍ എല്ലാ പട്ടികളെയും വെറുക്കുന്നു എന്നല്ല, നിങ്ങളുടെ ബുദ്ധി പ്രവര്‍ത്തിപ്പിക്കുന്നു എന്നു മാത്രമാണ്.”

റിപ്പബ്ലിക്കന്‍ കക്ഷിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരില്‍ നിന്നും ഉയര്‍ന്ന ഇത്തരം പരാമര്‍ശങ്ങള്‍ മുസ്ലീം സംഘടനകളില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തി.

“ഇത് അംഗീകരിക്കാനാകില്ല. പ്രസിഡണ്ടാകാന്‍ മത്സരിക്കുന്നവര്‍ എല്ലാവരുടെയും പ്രസിഡണ്ടാകണം” കോണ്‍ഗ്രസിലെ രണ്ടു മുസ്ലീം അംഗങ്ങളില്‍ ഒരാളായ ആന്ദ്രി കാര്‍സന്‍ പറഞ്ഞു. “ഒരു വിഭാഗം ആളുകളെ മുഴുവനും ഒരേതരത്തില്‍ ചിത്രീകരിക്കുന്നവരെ നമുക്ക് സ്ഥാനാര്‍ത്ഥികളാക്കാനാകില്ല, അതാണവര്‍ ചെയ്യുന്നത്.”

മുസ്ലീങ്ങളെക്കുറിച്ചുള്ള സംശയം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒതുങ്ങുന്നതല്ല. കഴിഞ്ഞയാഴ്ച്ച വിര്‍ജീനിയയിലെ റൊവാനോക്കയിലെ ഡെമോക്രാറ്റിക് മേയര്‍ പറഞ്ഞത്, രണ്ടാം ലോക മഹായുദ്ധകാലത്ത് വംശീയമായ സംശയങ്ങളാല്‍ ജപ്പാന്‍ വംശജരായ അമേരിക്കക്കാരെ തടവില്‍ വെച്ചതിനെ സിറിയന്‍ അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതില്‍ ഒരു നല്ല പാഠമാണ് എന്നാണ്.

ഹിലാരി ക്ലിന്‍റന്റെ രാഷ്ട്രീയ സംരക്ഷകരില്‍ ഒരാളായ വിനോദവ്യവസായ ഭീമന്‍ ഹെയിം സബാന്‍ പറയുന്നത് ഭീകരവാദവുമായി ബന്ധപ്പെട്ടു മുസ്ലീങ്ങളെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കണം എന്നാണ്. 

ഇപ്പോള്‍ അവതരിപ്പിക്കുന്ന ബില്ലിനെക്കാളും കര്‍ശനമായ രീതിയില്‍, മിക്കവാറും എല്ലാ കുടിയേറ്റക്കാരെയും തടയുന്ന തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനെയാണ് സിറിയന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ അനുകൂലിക്കുന്നത്. പാരീസ് ആക്രമണത്തില്‍ ഉള്‍പ്പെട്ടവരില്‍ മിക്കവരും യൂറോപ്പുകാരാണ് എന്ന യാഥാര്‍ത്ഥ്യം നില്‍നില്‍ക്കെയാണിത്.

“ഒരു കൊല്ലം മുമ്പ് ചിന്തിക്കാന്‍ പോലും ആകാതിരുന്ന ചില കാര്യങ്ങള്‍ ഞങ്ങളിപ്പോള്‍ ചെയ്യാന്‍ പോവുകയാണ്,” എന്നാണ് പള്ളികള്‍ അടച്ചുപൂട്ടണമെന്നും, മുസ്ലീങ്ങളെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അമേരിക്കന്‍ മുസ്ലീങ്ങളുടെ മതസ്വത്വം കാണിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടക്കം അവരുടെ ഒരു വിവരങ്ങളടങ്ങിയ വിവരശേഖരം ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് “നിരവധി കാര്യങ്ങള്‍ നമുക്ക് വളരെ സൂക്ഷ്മമായി നോക്കേണ്ടതുണ്ട്. പാളികളെ നിരീക്ഷിക്കേണ്ടതുണ്ട്. വളരെ, വളരെ ശ്രദ്ധാപൂര്‍വം നാം നോക്കേണ്ടതുണ്ട്.” എന്നു ട്രംപ് മറുപടി പറഞ്ഞു.

അമേരിക്ക ഇസ്ലാമുമായിത്തന്നെ സംഘര്‍ഷത്തിലാണ് എന്നാണ് മറ്റ് റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മോഹികള്‍ അഭിപ്രായപ്പെട്ടത്.

ഉദാഹരണമായി, പ്രസിഡണ്ട് സ്ഥാനത്തേക്ക് താനൊരിക്കലും ഒരു മുസ്ലീമിനെ പിന്തുണക്കില്ലെന്നും, കാരണം ആ വിശ്വാസം യു.എസ് ഭരണഘടനയുമായി ഒത്തുപോകുന്നതല്ലെന്നും കാര്‍സന്‍ പറഞ്ഞു. പാരീസ് ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ജൂത-ക്രിസ്ത്യന്‍ പടിഞ്ഞാറന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സി വേണമെന്ന് ഓഹിയോ ഗവര്‍ണര്‍ ജോണ്‍ കാസിച്ച് നിര്‍ദ്ദേശിച്ചു.

ഈ ആക്രമണങ്ങള്‍ സംസ്കാരങ്ങളുടെ സംഘട്ടനത്തിന്റെ ഭാഗമാണെന്ന് ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍കോ റൂബിയോ പറഞ്ഞു. പാരീസിലെ അക്രമികളെ ഒരു തീവ്രവാദി സംഘത്തിന്റെ ഭാഗമായി കാണാതെ മുസ്ലീം സമുദായത്തിന്റെ ഉത്പ്പന്നങ്ങളായാണ് അവതരിപ്പിച്ചത്.

മുസ്ലീങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ക്ലിന്‍റന്‍, ഭീകരവാദികളുടെ ആശയത്തെ തീവ്രവാദ ഇസ്ളാമിക സിദ്ധാന്തം എന്നു വിശേഷിപ്പിക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ച് “എനിക്കത് മനസിലാകുന്നില്ല’ എന്നാണ് റൂബിയോ പറഞ്ഞത്. “ഇത് നാസീ കക്ഷിയില്‍ അംഗങ്ങളാണെങ്കിലും അക്രമികളല്ലാത്ത ചില ജര്‍മ്മന്‍കാരെ വേദനിപ്പിക്കാതിരിക്കാന്‍ നമ്മള്‍ നാസികളുമായി യുദ്ധത്തിലായിരുന്നില്ല എന്ന് പറയുന്ന പോലെയാണ്.”

സിറിയയില്‍ നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ യു.എസ് സ്വീകരിക്കണമെന്നും പക്ഷേ മുസ്ലീങ്ങളെ ഒഴിവാക്കണമെന്നുമാണ് മറ്റ് രണ്ടു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മോഹികള്‍ ടെഡ് ക്രൂസും (ടെക്സാസ്), ഫ്ലോറിഡ ഗവര്‍ണര്‍ ജെബ് ബുഷും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ മതപരിഗണനകള്‍ വേണ്ടെന്നാണ് പുതിയ റിപ്പബ്ലിക്കന്‍ ഹൌസ് സ്പീക്കര്‍ പോള്‍ ഡി റിയാന്‍ പറയുന്നത്.

ഒരു ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കൂടുതല്‍ അര്‍ഹതയുള്ളവനും അപകടസാധ്യത കുറവുള്ളതുമാണ് എന്ന് രണ്ടു സ്ഥാനാര്‍ത്ഥികളും പറയുന്നു.

“ക്രിസ്ത്യാനികള്‍ ഭീകരവാദ പ്രവര്‍ത്തനം നടത്തുമെന്ന ഭീഷണിയില്ല,” ക്രൂസ് പറഞ്ഞു. വംശഹത്യയുടെ ഇരകളെ ഒഴിച്ചാല്‍ സിറിയയടക്കം 5 രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയാനുള്ള ഒരു പുതിയ ബില്‍ ക്രൂസ് അവതരിപ്പിച്ചു. ഡെമോക്രാറ്റുകള്‍ ബില്ലിനെ തടഞ്ഞിരിക്കുന്നു.

എന്നാലിത് 2001-ല്‍ ജോര്‍ജ് ബുഷ് എടുത്ത നിലപാടില്‍ നിന്നും വിരുദ്ധമാണ്. 9/11 ആക്രമണത്തിന് 6 ദിവസങ്ങള്‍ക്കുശേഷം ബുഷ് വാഷിംഗ്ടണിലെ ഒരു മുസ്ലീം പള്ളിയില്‍ സന്ദര്‍ശനം നടത്തി. പിന്നീട് കോണ്‍ഗ്രസില്‍ മുസ്ലീങ്ങളോടുള്ള സഹിഷ്ണുതയെക്കുറിച്ച് ഒരു പ്രസംഗവും നടത്തി: “ഭീകരവാദികള്‍ സ്വന്തം വിശ്വാസത്തെ വഞ്ചിക്കുന്നവരാണ്. ഫലത്തില്‍ ഇസ്ലാമിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണവര്‍. അമേരിക്കയുടെ ശത്രു നമ്മുടെ മുസ്ലീം സഹോദരങ്ങളല്ല. നമ്മുടെ ശത്രു ഭീകരവാദികളുടെ ശൃംഖലയും അവരെ പിന്തുണയ്ക്കുന്ന എല്ലാ സര്‍ക്കാരുകളുമാണ്.”

ബുഷും അദ്ദേഹത്തിന്റെ ഉപദേശകരും യു.എസില്‍ ഒരു മുസ്ലീം വിരുദ്ധത വീശാനുള്ള സാധ്യതകള്‍ തടയുകയും ഭീകരവാദികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഇസ്ലാമും പടിഞ്ഞാറും തമ്മിലുള്ള എന്ന ആഖ്യാനത്തിന് ഒരു ബദല്‍ നല്കാന്‍ ശ്രമിക്കുകയുമായിരുന്നു. യു.എസിനെയും ലോകത്തെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളെയും നാഗരികതയെ പ്രതിരോധിക്കാന്‍ അല്‍-ക്വെയ്ദയുടെ ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ഒരേ വശത്ത് നിര്‍ത്താനായിരുന്നു ബുഷിന്റെ വ്യാഖ്യാനം ശ്രമിച്ചത്. ആ സന്ദേശം സ്വാധീനിച്ചിട്ടുണ്ട്. ഈയിടെ നടന്ന ഒരു ബ്ലൂംബര്‍ഗ് അഭിപ്രായ കണക്കെടുപ്പ് കാണിക്കുന്നത് 61% റിപ്പബ്ലിക്കന്‍മാരും 76% ഡെമോക്രാറ്റുകളും ഇസ്ലാമിനെ യഥാര്‍ത്ഥത്തില്‍ സമാധാനത്തിന്റെ മതമായാണ് കാണുന്നത്. അതേ സമയം അക്രമത്തെ ന്യായീകരിക്കാന്‍ ചിലര്‍ ഈ ആശയങ്ങളെ വളച്ചൊടിക്കുകയാണെന്ന് അവര്‍ കരുതുന്നു.

“ഭീകരവാദികളുടെ ആഖ്യാനത്തെ അംഗീകരിച്ചാല്‍ എങ്ങനെയാണ് നിങ്ങള്‍ വിജയിക്കുക,” ബുഷിന്റെ പ്രസംഗമെഴുത്തുകാരനായിരുന്ന, വാഷിംഗ്ടണ്‍ പോസ്റ്റിലെ പംക്തിയെഴുത്തുകാരന്‍ മിഷേല്‍ ഗെര്‍സന്‍ ചോദിക്കുന്നു. “അതുകൊണ്ട് ഞങ്ങള്‍ പറയുന്ന പ്രധാന കാര്യം, അല്‍-ക്വെയ്ദയെ ഇസ്ലാമില്‍ നിന്നുള്ള ഒരു വ്യതിയാനമായാണ് ഞങ്ങള്‍ കാണുന്നത് എന്നാണ്.”

ഡെമോക്രാറ്റ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറെ സാധ്യതയുള്ള ഹിലാരി ക്ലിന്‍റന്‍ ഒരു വിദേശനയ പ്രസംഗത്തില്‍ പറഞ്ഞത് “നമ്മുടെ മൂല്യങ്ങളും മനുഷ്യ കാരുണ്യ കടമകളും കയ്യൊഴിയാന്‍ തക്കവണം ഏതാനും ഭീകരവാദികള്‍ക്ക് നമ്മെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കാനാവില്ല” എന്നാണ്.

“അനാഥരെ തിരിച്ചയക്കുക, മതപരിശോധന നടത്തുക, മുസ്ലീങ്ങള്‍ക്കെതിരെ വിവേചനം കാണിക്കുക,എല്ലാ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും എതിരെ വാതില്‍ കൊട്ടിയടക്കുക-അതല്ല നമ്മള്‍.”

പക്ഷേ പൊതുജനാഭിപ്രായം അവര്‍ക്കൊപ്പമല്ല. കഴിഞ്ഞയാഴ്ച്ചത്തെ ഒരു കണക്കെടുപ്പ് കാണിക്കുന്നത് 53% അമേരിക്കക്കാരും 69% റിപ്പബ്ലിക്കാന്‍മാരും സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് എതിരാണെന്നാണ്. റിപ്പബ്ലിക്കന്‍മാരില്‍ 24% പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ ട്രംപിനെ പിന്തുണയ്ക്കുന്നു.

“നമ്മുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കൂ,” ട്രംപിന്റെ ജാഥയില്‍ എഴുതിയുയര്‍ത്തിയ ഒരു മുദ്രാവാക്യത്തില്‍ പറയുന്നു. “അല്ലാതെ 10,000 അഭയാര്‍ത്ഥികള്‍ക്കല്ല.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍